അവിടെ ആരുമില്ല…. പക്ഷേ ആ ശബ്ദം അടുക്കള ഭാഗത്തുനിന്നും കേൾക്കാൻ തുടങ്ങി ഞങ്ങൾ അങ്ങോട്ട് നടന്നു. അപ്പോൾ ആ ശബ്ദം വീടിന്റെ മുൻഭാഗത്തായി മാറി ശരിക്കും ആ ശബ്ദം ഞങ്ങളെ വീടിന് അകത്തിട്ടു വട്ടം കറക്കി…..

രാത്രിയിലെ കുളി

എഴുത്ത്:-സാജു പി കോട്ടയം

കുറെ മുമ്പാണ് ചില കാര്യങ്ങൾ നമുക്ക് വിശ്വാസ മില്ലെങ്കിലും വിശ്വസിച്ചു പോകാൻ തക്ക കാരണങ്ങൾ നമ്മുടെ മുന്നിലേക്ക് കടന്നു വരും അങ്ങനെ ഒരു അനുഭവമാണ് എനിക്കും എന്റെ സുഹൃത്തുക്കൾക്കും സംഭവിച്ചത്.

“ഉഴവൂർ ” എന്ന സ്ഥലത്ത് നമ്മുടെ പഴയ ഇന്ത്യൻ പ്രസിഡണ്ട് “കെ ആർ നാരായണൻ ” ന്റെ വീടിന്റെ അടുത്തുള്ള ഒരു സ്ഥലത്താണ് ഞങ്ങൾക്ക് ഒരു വർക്ക് കിട്ടിയത് . കോട്ടയത്തുനിന്ന് ഏകദേശം 29 കിലോ മീറ്റർ വരും കുരിശുപള്ളി കഴിഞ്ഞ് വലത്തോട്ട് കേറി പോണം .

ഞങ്ങളുടെ പണിസ്ഥലത്തേക്ക് പെട്ടെന്ന് ചെല്ലാൻ ഒരു കുറുക്കുഴി ഉണ്ട് അതിലെ വാഹനങ്ങൾ ഒന്നും പോകില്ല ഒന്നോ രണ്ടോ കിലോമീറ്റർ എങ്കിലും ചെറിയ വഴികളിൽ കൂടെയും ഇടയ്ക്ക് ചെറിയ കൈത്തോടുകളും ചാടിക്കടന്ന് നടക്കണം തോളിൽ ആണെങ്കിൽ അരിയും പച്ചക്കറിയും പാചകം ചെയ്യാനുള്ള പാത്രങ്ങളും ഞങ്ങളുടെ തുണിയും ഒക്കെയുണ്ട് നല്ല ഭാരവും ചുറ്റിനും റബ്ബർ തോട്ടമാണ് വീടുകൾ ഒന്നുമില്ല നടന്നുനടന്ന് ഞങ്ങൾ അവശരായി പണിതീരാത്ത ഒരു വീടിനു മുന്നിലെത്തി അതൊരു കുന്നുംപുറത്താണ്

സന്ധ്യത്തോടുകൂടിയാണ് ഞങ്ങൾ അവിടെ ചെന്നത് ചുറ്റിലും നോക്കിയിട്ട് കുറേ ദൂരെ മാറി ഒരു ചെറിയ കുടിൽ കണ്ടു അതിനപ്പുറം ഒന്നും കാണാൻ പറ്റില്ല ഏക്കർ കണക്കിന് കിടക്കുന്ന റബ്ബർ തോട്ടമാണ് അവിടെ ഇരുൾ വന്നു മൂടിയിരുന്നു. ചീവീടുകളുടെ കൂട്ടത്തോടെയുള്ള അസഹ്യമായ ശബ്ദം ചെവികളെ തുളച്ചു കൊണ്ടിരുന്നു കൂടെ തണുത്ത കാറ്റും

മഴപെയ്യാൻ സാധ്യത ഉണ്ടെന്നു തോന്നുന്നു…?

കൂട്ടുകാരിൽ ആരോ പറഞ്ഞു. ആകാശം ഇരുണ്ടും മൂടിക്കിടപ്പുണ്ട്

ഞാനും മുകളിലേക്ക് നോക്കി “നേരാണ്” ആകാശത്ത് ഒരു കുഞ്ഞു നക്ഷത്രം പോലുമില്ല.

അങ്ങ് അകലെ കാണുന്ന വീട്ടിൽ വിളക്ക് തെളിയിച്ചിരിക്കുന്നു.

അതാരാ അവിടെ താമസിക്കുന്നത്? ഞങ്ങളെ കൂട്ടിക്കൊണ്ടു വന്ന ആളോട് ഞാൻ ചോദിച്ചു.

അതൊരു പ്രായമുള്ള സ്ത്രീയാണ് തനിച്ചാണ് താമസിക്കുന്നത് കുറെ ആടുകളും മൂന്നാല് പട്ടിയും ഉണ്ടവർക്ക്.

പട്ടികൾ കുരക്കുന്ന ശബ്ദം ഇവിടെ കേൾക്കാം.

കൂടെ വന്നയാൾ താൽക്കാലികമായി പട്ടിക ഉപയോഗിച്ച് ഉണ്ടാക്കിയ വാതിൽ തുറന്നു ഞങ്ങൾ അകത്തേക്ക് കയറി

വീടിന്റെ മറ്റു വാതിലുകളോ ജനൽ പാളികളോ ഫിറ്റ് ചെയ്തിട്ടില്ല. അത് പോളിഷ് ചെയ്യാനാണ് ഞങ്ങളവിടെ എത്തിയിരിക്കുന്നത് . അതെല്ലാം തറയിൽ അടുക്കി വെച്ചിട്ടുണ്ട്.

കൂടെ വന്നയാൾ കുറച്ചു വയാറുകൾ എടുത്ത് സ്വിച്ച് ബോർഡിൽ കുത്തി

“ഭാഗ്യം കരണ്ട് ഉണ്ട് ” ലൈറ്റുകൾ തെളിഞ്ഞു ആ വീട് മുഴുവൻ ഞങ്ങളെ കാണിച്ചു തന്നു

അപ്പോഴേക്കും കാറ്റ് നല്ല ശക്തമായി വീശാൻ തുടങ്ങി ജനൽ പാളി ഇല്ലാത്തതിനാൽ വീടിനുള്ളിൽ കൂടിയാണ് കാറ്റ് കയറിയിറങ്ങി കടന്നുപോകുന്നത്അ പ്പോൾ തന്നെ കറണ്ടും പോയി

കൂടെ വന്നയാൾ എവിടുന്നോ കുറച്ചു മെഴുകുതിരിയും തീപ്പെട്ടിയും എടുത്തു തന്നു.

എന്നിട്ട് അയാളുടെ മടിയിലിരുന്ന ടോർച്ച് എടുത്ത് കത്തിച്ചു.

“എന്നാൽ ഞാൻ പോവുകയാണ് രാവിലെ വരാം ” അയാൾ പോകാൻ തിടുക്കം കൂട്ടിക്കൊണ്ട് പറഞ്ഞു. പറഞ്ഞുതീരും മുമ്പ് അയാൾ ഇറങ്ങുകയും ചെയ്തു

ഞങ്ങൾ മൂന്നുപേരും ഇരുട്ടത്ത് നിന്നു

ഒരാൾ മെഴുകുതിരി കത്തിക്കാൻ ആവുന്നത് പരിശ്രമിക്കുന്നുണ്ട്. കാറ്റു കാരണം അത് അണഞ്ഞു പോവുകയാണ് . ഒടുവിൽ അവിടെ കിടന്ന ഒരു പഴയ ബക്കറ്റ് എടുത്ത് അതിനുള്ളിൽ തിരി ഇറക്കി വെച്ച് കത്തിച്ചു.

ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ചു. ഒരു മുറിയിലേക്ക് ഞങ്ങളുടെ ബാഗുകൾ ഒക്കെ വെച്ച് ഡ്രസ്സ് മാറി.

വൈകിട്ടത്തേക്കുള്ള പൊറോട്ടയും ഇറച്ചിയും പിന്നെ ബീവറേജിൽ നിന്ന് വാങ്ങിച്ച ഒരു കുപ്പിയും ഉള്ളതുകൊണ്ട് ഇന്ന് ഇതുകൊണ്ടൊക്കെ അഡ്ജസ്റ്റ് ചെയ്യാം എന്ന് മനസ്സുകൊണ്ട് തീരുമാനമെടുത്തു.

എന്നാൽ പിന്നെ കുളിച്ചിട്ട് അടിക്കാം എന്ന് കരുതി ബാത്റൂമിൽ കയറിയപ്പോൾ വെള്ളമില്ല. യാത്ര ക്ഷീണമൊക്കെ ഉള്ളതല്ലേ കുളിക്കാതെ എങ്ങനെ കിടക്കുന്നത് ഞങ്ങൾ നേരെ കിണറ്റിന്റെ കരയിലേക്ക് ചെന്നു. അവിടെ മോട്ടറോ തൊട്ടിയോ കയറോ ഒന്നുമില്ല. കുളിയുടെ കാര്യത്തിൽ തീരുമാനമായി.

ഫോണെടുത്ത് അയാളെ വിളിക്കാൻ ശ്രെമിച്ചപ്പോ ആരുടെ മൊബൈലിലും ഒരു തുള്ളി പോലും റേഞ്ച് ഇല്ല

ഇനി ആകെ കയ്യിലുള്ളത് രണ്ടു ലിറ്റർ വെള്ളമാണ്. ഒരു വിധത്തിൽ ആ ഒരു ഫുള്ളും പൊറോട്ടയും ഇറചിയുമോക്കെ കൊണ്ടുവന്ന ആളെയും തെറിവിളിച്ച് ഞങ്ങൾ കഴിച്ചു.

ഹോളോബ്രിക്സിന്റെ മുകളിൽ പലകനിരത്തി ഞങ്ങൾക്കു മുമ്പേ വന്ന ആരോ കട്ടിൽ ഉണ്ടാക്കിയിട്ടിരുന്നു. അത്യാവശ്യം മiദ്യം തലയ്ക്കു പിടിച്ചത് കൊണ്ട് ഞങ്ങൾ അതിൽ കിടന്നു.

അപരിചിതമായ സ്ഥലം ആയതുകൊണ്ടാവാം എനിക്ക് ഉറക്കം വരുന്നില്ല . അതുമല്ല വീടിനു ചുറ്റും പട്ടികൾ അണച്ചുകൊണ്ട് ഓടുന്ന ശബ്ദം അങ്ങ് അകലെന്ന് ആ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ നിന്നാണെന്ന് തോന്നുന്നു പട്ടികൾ ഓരിയിടുന്ന ശബ്ദവും കേൾക്കുന്നുണ്ട്

അടുത്തു കിടന്ന കൂട്ടുകാരനെ ഞാൻ ശബ്ദമുണ്ടാക്കാതെ തോണ്ടി വിളിച്ചു… പെട്ടെന്ന് അവൻ എന്റെ കയ്യിൽ കയറി പിടിച്ചു അവൻ വിറക്കുന്നുണ്ടാ യിരുന്നു. എനിക്ക് മനസ്സിലായി അവനും ഇതൊക്കെ കേട്ട് ഭയന്ന് കിടക്കുകയാണ്.

മiദ്യം ഭയം മാറ്റുമെന്നാണ്… എന്നാൽ മiദ്യപിച്ച് കിടക്കുന്ന ഒരാളെ ഭയം ബാധിച്ചാൽ എങ്ങനെയിരിക്കും…

ഇതൊന്നുമറിയാതെ മൂന്നാമത്തെയാൾ ജനലിന്റെ സൈഡിലാണ് ബോധമില്ലാതെ കിടന്നുറങ്ങുന്നത്

മുറിയിലേക്ക് ശക്തമായ കാറ്റും തണുപ്പും അടിച്ചു കയറുന്നുണ്ട്. ഞങ്ങൾ ഒരു മുണ്ടെടുത്ത് ജനൽ കമ്പിയിൽ മറയായിട്ട് വലിച്ചു കെട്ടി കാറ്റിന്റെ ശക്തികുറച്ചു.

അപ്പോഴേക്കും പുറത്ത് വെള്ളം വീഴുന്ന ശബ്ദം കേട്ട് തുടങ്ങി. പട്ടികളുടെ കുരക്കുന്ന ശബ്ദം മാറി ഭയന്ന് നിലവിളിക്കുന്നത് പോലെ തോന്നി

വെള്ളം വീഴുന്ന ശബ്ദം കേട്ടിട്ടാണോ ജനലിന്റെ സൈഡിൽ കിടന്നവനും എഴുനേറ്റ് ഞങ്ങളെ നോക്കി

നീയൊക്കെ എന്താണ് കുത്തിയിരിക്കുന്നത് എന്ന് ചോദിച്ചു?

പുറത്ത് മഴ പെയ്യുന്നത് നീ കേട്ടില്ലേ?

മഴയോ…? അവൻ അത്ഭുതത്തോടെ ഞങ്ങളെ നോക്കി അല്പസമയം ശ്രദ്ധിച്ചതിനുശേഷം.

എടാ അത് ആരോ കുളിക്കുന്ന ശബ്ദം ആണ്! അവൻ പറഞ്ഞു

അപ്പോഴാണ് ഞങ്ങളും ശ്രദ്ധിച്ചത്. ആരോ കോരി കുളിക്കുന്ന പോലെയുള്ള ശബ്ദമാണ് കേൾക്കുന്നത്.

ഈ വീടിന്റെ സൈഡിൽ നിന്ന് ആരാണ് ഇത്ര ശക്തമായി വെള്ളം കോരിയൊഴിച്ച് കുളിക്കുന്നത്??

കിണറ്റിൽ തൊട്ടിയോ കയറോ ഇല്ല ടാങ്കിലും വെള്ളമില്ല പിന്നെങ്ങനെ?

ഞങ്ങൾ മൂന്നുപേരും ധൈര്യം സംഭരിച്ച് ആരാണത് കുളിക്കുന്നത് എന്നറിയാൻ പുറത്തേക്ക് ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്ന് നോക്കി

അവിടെ ആരുമില്ല…. പക്ഷേ ആ ശബ്ദം അടുക്കള ഭാഗത്തുനിന്നും കേൾക്കാൻ തുടങ്ങി ഞങ്ങൾ അങ്ങോട്ട് നടന്നു. അപ്പോൾ ആ ശബ്ദം വീടിന്റെ മുൻഭാഗത്തായി മാറി ശരിക്കും ആ ശബ്ദം ഞങ്ങളെ വീടിന് അകത്തിട്ടു വട്ടം കറക്കി.

ഭയംകൊണ്ട് ഞങ്ങൾ പരസ്പരം മുറുകെപ്പിടിച്ചു മുറിയുടെ നടുഭാഗത്ത് കുറച്ച് കൂടെ നിന്നു. കുറച്ചു സമയം കൂടെ ആ ശക്തമായി വെള്ളം വീഴുന്ന ശബ്ദം കേട്ടു. അതിനുശേഷം ആരോ കനത്ത കാൽപാദം നിലത്ത് ചവിട്ടി നടന്നുപോകുന്ന ശബ്ദവും.

ഭയന്ന് വിറച്ചു ഒരു വിധത്തിൽ ഉറങ്ങാതെ ഞങ്ങൾ നേരം വെളുപ്പിച്ചു.

രാവിലെ മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ഒരു തുള്ളി വെള്ളം വീണതിന്റെയോ മഴപെയ്തതിന്റെയോ അടയാളങ്ങൾ പോലും അവിടെ ഇല്ലായിരുന്നു.

പക്ഷേ ഒന്നുറപ്പുണ്ട് അവിടെ എന്തോ ദുരൂഹതയുണ്ട്. അല്ലെങ്കിൽ ഞങ്ങളെ കൂട്ടിക്കൊണ്ടുവന്ന അയാൾ പെട്ടെന്ന് തിരിച്ചു പോകില്ലാ യിരുന്നു. അതുമല്ല ഞങ്ങൾ മൂന്നു പേരും ഒരുപോലെ ആ അനുഭവങ്ങൾ ഉണ്ടാവുകയില്ലായിരുന്നു.

(പേടിക്കണ്ട )

Leave a Reply

Your email address will not be published. Required fields are marked *