അവൾ പോയി എന്ന് ഉറപ്പായതും ഞാൻ അയാളുടെ കരണം നോക്കി ഒന്ന് കൊടുത്തൂ……

എൻ്റെ കുഞ്ഞു മാലാഖ

Story written by Suja Anup

“അമ്മേ, ഞാൻ പോയി മുല്ലമൊട്ടു പറിച്ചോട്ടെ….”

“വേണ്ട മീനു മോളെ, ഇന്ന് ആൻറ്റി അവിടെ ഇല്ല. അതോണ്ട് മോള് പോവേണ്ട. അമ്മയ്ക്ക് ഒത്തിരി ജോലി ഉണ്ട്. നാളെ നമുക്ക് പോയി പറിക്കാം. ഇന്ന് ശനിയാഴ്‌ച അല്ലേ. നാളെ മോൾക്ക് പൂവ് എന്തിനാണ്.” അവളുടെ കരച്ചിൽ ഞാൻ കണ്ടില്ല എന്ന് നടിച്ചു…

വയസ്സ് എട്ടേ ഉള്ളു. അവൾക്കു ഒന്നും തിരിച്ചറിയുവാൻ പ്രായം ആയിട്ടില്ല.പക്ഷെ ഓരോ ദിവസ്സവും പത്രം വായിക്കുമ്പോൾ ഉള്ളിൽ ഒരാന്തൽ ആണ്. എത്ര പെൺകുട്ടികൾ ആണ് ചുറ്റിലും പീ ഡിപ്പിക്കപ്പെടുന്നത്. ആരെയും വിശ്വസിക്കുവാൻ വയ്യ. കൈ വളരുന്നോ, കാലു വളരുന്നോ എന്ന് നോക്കി വളർത്തി കൊണ്ട് വരുന്നതാണ്, പെറ്റവയറിനു അത് താങ്ങുവാൻ ആകില്ല. അവളെ ഒരു സുരക്ഷിത കൈകളിൽ ഏല്പിക്കും വരെ ഈ നെഞ്ചിൽ തീയാണ്.

എൻ്റെ കുഞ്ഞു മാലാഖ എന്നും നന്നായി ഇരിക്കണം എന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.. അത് പക്ഷേ അവളെ പറഞ്ഞു മനസ്സിലാക്കുവാൻ എനിക്ക് ആവില്ല. എട്ടും പൊട്ടും തിരിയാത്ത കുട്ടി.

കാ മം എന്ന വാക്ക് അവൾക്കു മനസ്സിലാകുമോ. എൻ്റെ കുഞ്ഞു മാലാഖയുടെ ലോകത്തിൽ സ്നേഹം മാത്രമല്ലെ ഉള്ളൂ.

നിർമ്മല ആൻറ്റി അയല്പക്കകാരിയാണ്. അവിടെ അവരും ഭർത്താവും മാത്രമേ ഉള്ളൂ. ഒരു മകൾ ഉള്ളത് വിവാഹം കഴിച്ചു വിദേശത്താണ്. ആൻറ്റിക്കും അങ്കിളിനും അവളെ ഒത്തിരി ഇഷ്ടമാണ്….

അവിടെ നിറയെ ചെടികൾ ഉണ്ട്. എന്നും സ്കൂളിൽ പോകുവാൻ നേരത്തു അവൾക്കു ആൻറ്റി റോസപ്പൂവ് കൊടുക്കും. അവൾക്കു പൂവുകൾ ഒത്തിരി ഇഷ്ടം ആണ്.

അങ്കിൾ ഒരു പക്ഷേ നല്ലവൻ ആയിരിക്കും. പക്ഷേ…എനിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കുവാനേ കഴിയൂ..

*****************

“മീനു മോളെ…”

എത്ര നേരമായി ഈ കുഞ്ഞിനെ നോക്കുന്നൂ. അകത്തെങ്ങും അവൾ ഇല്ല. ഇനി എൻ്റെ വാക്ക് തെറ്റിച്ചു അവൾ എങ്ങാനും നിർമ്മല ആൻറ്റിയുടെ വീട്ടിൽ പോയിരിക്കുമോ..

“എൻ്റെ ദൈവമേ..” പേടിച്ചു ഞാൻ അങ്ങോട്ടോടി..

നിർമ്മല ആൻറ്റി അവിടെ ഇല്ല. അവർ രണ്ടു ദിവസത്തേയ്ക്ക് അമ്മ വീട്ടിൽ പോയിരിക്കുന്നൂ. അങ്കിൾ മാത്രമേ അവിടെ ഉള്ളൂ.

ആ വീട്ടിൽ പുറത്തു ആരെയും കണ്ടില്ല. ബെല്ല് അടിച്ചൂ. കുറച്ചു നേരം കഴിഞ്ഞാണ് വാതിൽ തുറന്നതു.

“എന്താ, വിദ്യ..?”

“അല്ല അങ്കിൾ, മോൾ എങ്ങാനും ഇവിടേയ്ക്ക് വന്നോ..?”

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അങ്കിൾ പറഞ്ഞു.

“ഇല്ലല്ലോ..”

വേഗം ഞാൻ തിരിച്ചു നടന്നൂ. അയാൾ വാതിൽ അടച്ചൂ.

പക്ഷേ ഞാൻ അമ്മയാണ്…. “അവൾ അവിടെ ഉണ്ട്” എന്ന് എൻ്റെ മനസ്സു എന്തോ എന്നോട് അങ്ങനെ പറയുന്നൂ.

ഞാൻ പെട്ടെന്ന് തിരിച്ചു നടന്നൂ. വീടിൻ്റെ പുറകിലെ വാതിൽ അവർ സാധാരണ അടക്കാറില്ല. അതിലൂടെ അകത്തു കയറിയതും മോളുടെ ശബ്ദം ഞാൻ കേട്ടൂ, മുകളിലത്തെ ബെഡ്‌റൂമിൽ നിന്നും.

എൻ്റെ മകൾ, അവൾ അയാളുടെ മടിയിൽ ഇരിക്കുന്നൂ. അവളുടെ കൈയ്യിൽ നിറയെ ചോക്ലേറ്റ്സ്.

“മോളെ.. അമ്മ വിളിച്ചിട്ടു മോൾ എന്തേ വന്നില്ല.”

“അങ്കിൾ പറഞ്ഞല്ലോ, അമ്മയെ പറ്റിക്കുവാൻ നമുക്ക് ഒളിച്ചിരിക്കാമെന്നു..”

ഞാൻ ഒന്നും പറഞ്ഞില്ല, മോളോട് പുറത്തിറങ്ങി മുല്ല ചെടി നോക്കുവാൻ പറഞ്ഞു.

“അപ്പോഴേക്കും അമ്മ അങ്കിളിനു കളിയുടെ നിയമങ്ങൾ പഠിപ്പിച്ചു കൊടുക്കട്ടെ, അല്ലെങ്കിൽ അങ്കിൾ തെറ്റിക്കും..”

അവൾ പോയി എന്ന് ഉറപ്പായതും ഞാൻ അയാളുടെ കരണം നോക്കി ഒന്ന് കൊടുത്തൂ. അയാളെ ആ സ്റ്റെപ്പിൽ നിന്നും തള്ളി താഴെ ഇട്ടൂ. ജീവിതകാലം മുഴുവൻ അയാൾ അനുഭവിക്കണം. കോവണിയിലൂടെ അയാൾ ഉരുണ്ടു താഴത്തു വീണു.. പിന്നെ പതിയെ ഫോൺ എടുത്തു നിർമ്മല ആൻറ്റിയെ വിളിച്ചൂ..

“ആൻറ്റി വേഗം വാ.. അയ്യോ, അങ്കിൾ കോവണിയിൽ നിന്നും വീണു, മുല്ലപ്പൂവ് പറിക്കുവാൻ വന്നപ്പോൾ ആണ് ഞങ്ങൾ കരച്ചിൽ കേട്ടത്. ഞാൻ ആംബുലൻസ് പറഞ്ഞിട്ടുണ്ട്..”

ആംബുലൻസിൽ അയാളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ എനിക്ക് അറിയാമായിരുന്നൂ ഇനി അയാൾ കുറെ നാൾ ആ കിടപ്പു കിടക്കുമെന്നു.

അയാളോട് ഞാൻ പറഞ്ഞു

“എൻ്റെ മകൾ ജീവിതം തുടങ്ങുന്നേ ഉള്ളൂ. അവളെ ഒരു കേസിൽ ഉൾപ്പെടുത്തി അവളുടെ ജീവിതം ഞാൻ വഴിയാധാരം ആക്കില്ല. പിന്നെ പാവം നിർമ്മല ആൻറ്റിയെയും നിങ്ങളുടെ മകളെയും ഞാൻ ഈ സമൂഹത്തിനു മുന്നിൽ അപഹാസ്യപ്പെടുത്തില്ല.

ഇനി എൻ്റെ മോളെ തൊട്ടാൽ ആ കൈ ഞാൻ വെട്ടും. നിന്നെയൊക്കെ നേരെയാക്കുവാൻ ഞാൻ മതി. എനിക്ക് നിന്നെ കൊ ല്ലുവാൻ അറിയാം, പക്ഷേ, എൻ്റെ കുഞ്ഞു മാലാഖ ഈ ലോകത്തിൽ തനിച്ചായി പോകും. അതുകൊണ്ടു മാത്രം ഞാൻ നിന്നെ വെറുതെ വിടുന്നൂ. അവളെ മനസ്സിലാക്കുവാൻ അവൾക്കു കൂട്ടുകാരിയായി ഞാൻ എന്നും വേണം..”

*****************

അപ്പോൾ ദൈവത്തിൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി (അനുഗ്രഹത്തുള്ളി) അടർന്നു ഭൂമിയിൽ വീണു. അത് ആ അമ്മയുടെ തലയിൽ വീണൂ. തൻ്റെ ചുറ്റിലും ഇരുന്നു കളിക്കുന്ന കുഞ്ഞു മാലാഖമാരെ നോക്കി അദ്ദേഹം നെടുവീർപ്പിട്ടു..

“എൻ്റെ കുഞ്ഞു മാലാഖമാരെ എത്ര പേരെ ഞാൻ ഭൂമിയിലേയ്ക്ക് അയച്ചു, അവിടെ അമ്മമാരുടെ കൈയ്യിൽ അവർ സുരക്ഷിതർ ആണെന്ന് കരുതി മാത്രം. എന്നിട്ടും എന്തേ അവർ വീണ്ടും വീണ്ടും പീ ഢിപ്പിക്കപ്പെടുന്നൂ. എൻ്റെ കുഞ്ഞു മാലാഖമാരുടെ ചിറകുകൾ പിഴുതെടുത്തു അവരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി കഴുകൻമ്മാർ അവരെ എനിക്ക് തിരിച്ചു തന്നൂ…”

“തെറ്റുകാരി മറ്റൊരമ്മയാണ് സ്വന്തം മകനെ നേർവഴിക്കു വളർത്താതെ അവൻ്റെ തെറ്റുകൾ തിരുത്താതെ അവനെ വളർത്തുന്ന മറ്റൊരമ്മ…”

“ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിൽ കാ മം കാണുന്നവനെ എന്ത് ചെയ്യണമെന്ന് ഈ ജനത്തിനു അറിയില്ലേ. ഇല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങളിലൂടെ ഞാൻ അത് പഠിപ്പിക്കും. എൻ്റെ ചിറകൊടിഞ്ഞ മാലാഖമാരുടെ കണ്ണുനീർ അത് ഞാൻ കാണുന്നുണ്ട്. ആ ഓരോ തുള്ളിക്കും ഞാൻ പ്രതികാരം ചെയ്യും..”

Related Posts

Leave a Reply

Your email address will not be published. Required fields are marked *