കാലം സാക്ഷി
Story written by Suja Anup
“മോനെ നീ എന്നോട് ക്ഷമിക്കൂ. ഞാൻ കാരണം നീ ഇങ്ങനെ വിഷമിക്കരുത്.”
“എന്താ അമ്മേ ഇങ്ങനെ പറയുന്നേ. എനിക്ക് ഒരു വിഷമവും ഇല്ല.”
അത് പറയുമ്പോൾ തൊണ്ട ഇടറിയിരുന്നൂ. അമ്മയുടെ കണ്ണുനീർ കാണുവാൻ വയ്യ. അത്രയേറെ അവർ ഈ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. ഇനി ഞാൻ മൂലം അമ്മ വിഷമിക്കരുത്. അതൊന്നു മാത്രമേ എനിക്ക് ഈ ജീവിതത്തിൽ വേണ്ടൂ..
അമ്മ നേരെ പൂജാമുറിയിൽ കയറി.
എനിക്കറിയാം ആ മനസ്സ് തണുക്കുവോളം ഇനി കരഞ്ഞു പ്രാർത്ഥിക്കും.
എനിക്ക് വയസ്സ് മുപ്പത്തിരണ്ടായി. കല്യാണം എല്ലാം കുത്തിപോകുന്നൂ. അതിലുള്ള വിഷമം ആണ് അമ്മയ്ക്ക്.
അൻപതാമത്തെ വിവാഹ ആലോചനയാണ് ഇന്നലെ മുടങ്ങിയത്. അതും നിശ്ചയത്തിന് രണ്ടു ദിവസ്സം മുന്നെ. കുത്തുന്നവർക്കു അറിയില്ലല്ലോ നമ്മൾ അനുഭവിക്കുന്ന മാനസീക വേദന.
എൻ്റെ എല്ലാ കല്യാണവും കുത്തുന്നത് അയല്പക്കത്തെ കല്യാണി ചേച്ചിയാണ്. അമ്മയുടെ കൂട്ടുകാരി. എന്നിട്ടും ഞാൻ പ്രതികരിച്ചില്ല.
എല്ലാം തികഞ്ഞ സന്തോഷമുള്ള കുടുംബം ആയിരുന്നൂ ഞങ്ങളുടേത്. ഞാനും അനിയൻ കുട്ടനും അമ്മയും അച്ഛനും. ആർക്കും അസൂയ തോന്നും ഞങ്ങളുടെ ജീവിതം കണ്ടാൽ. അമ്മയും അച്ഛനും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ. ഞാൻ മെഡിസിന് പഠിക്കുന്നു. അനിയൻ പത്താം ക്ലാസ്സിലും.
എല്ലാം തകർന്നത് അണിയൻകുട്ടൻ്റെ പിറന്നാൾ ദിവസ്സമാണ്. അന്ന് സദ്യക്ക് അവൻ്റെ കൂട്ടുകാരൊക്കെ ഉണ്ടായിരുന്നൂ. സദ്യ കഴിഞ്ഞു അവർ അവനേയും കൂട്ടി പുഴയുടെ അടുത്തേക്ക് പോയി. അമ്മ കൂട്ടുകാരോട് പ്രത്യേകം പറഞ്ഞിരുന്നൂ അവനെ വെള്ളത്തിൽ ഇറക്കരുതെന്ന്. അവനു നീന്താൻ അറിയില്ല. വെള്ളം കണ്ടാൽ പേടിയും. അച്ഛനും ഞാനും കൂടെ ചെല്ലാം എന്ന് പറഞ്ഞിട്ടും കൂട്ടുകാർ സമ്മതിച്ചില്ല.
പുഴയിൽ പോയ അവർ കുറേ നേരമായിട്ടും തിരിച്ചു വന്നില്ല. ഞാനും അച്ഛനും അവനെ തിരക്കി അവിടേക്കു ചെന്നൂ. അവിടെ കണ്ട കാഴ്ച, നാട്ടുകാർ മൊത്തം കൂടി നിൽക്കുന്നൂ. ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നൂ.
“ഉണ്ണി, വെള്ളത്തിൽ പോയി.”
അത് കേട്ടതും അച്ഛൻ തളർന്നു വീണൂ. നീന്തൽ അറിയാവുന്ന ഞാൻ അച്ഛനെ ഉണ്ണിയുടെ കൂട്ടുകാരെ ഏൽപ്പിച്ചു വെള്ളത്തിൽ ചാടി. നല്ല ഒഴുക്കുള്ള സമയം. എത്ര ശ്രമിച്ചിട്ടും അവനെ കിട്ടിയില്ല. മൂന്നാം നാൾ അവൻ്റെ ശരീരം കിട്ടി. അതുവരെ അമ്മ പൂജാമുറിയിൽ നിന്ന് ഇറങ്ങിയിരുന്നില്ല. ഉണ്ണിയുടെ ചടങ്ങുകൾ നടക്കുന്ന ദിവസ്സം അച്ഛൻ ഒത്തിരി കരഞ്ഞു. ഉണ്ണി അച്ഛന് അത്രയ്ക്ക് പ്രീയപെട്ടവൻ ആയിരുന്നൂ.
അന്ന് വൈകീട്ട് അച്ഛൻ എന്നെ അടുത്തേക്ക് വിളിച്ചൂ
“മോനെ കണ്ണാ, അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത്. ആ കണ്ണുകൾ നിറയരുത്. ഇനി അവൾക്കു നീയേ ഉള്ളൂ. നന്നായി പഠിക്കണം. മോന് ജോലി കിട്ടി കഴിയുമ്പോൾ എല്ലാ മാസവും ഒരു തുക മാറ്റി വയ്ക്കണം. ഉണ്ണിയുടെ സ്ഥാനത്തു ഒരു കുട്ടിയെ അനാഥാലയത്തിൽ കണ്ടെത്തണം. അവനെ പഠിപ്പിച്ചു നീ നല്ല നിലയിൽ എത്തിക്കണം. മോന് പറയുന്നത് മനസിലാകുന്നുണ്ടോ..”
എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്തിനാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്. ആ ചിന്ത എന്നെ അലട്ടി. എന്നിട്ടും ഞാൻ പറഞ്ഞു.
“അച്ഛാ, പെട്ടെന്നെന്താ ഇങ്ങനെ പറയുന്നേ. അച്ഛൻ വിഷമിക്കല്ലേ. ഞാൻ എല്ലാം നോക്കിക്കോളാം.”
“മോനെ നീ എനിക്ക് ഒരു വാക്ക് തരണം, ഞങ്ങളെ തനിച്ചാക്കി എങ്ങും പോകില്ലെന്ന്”
ഞാൻ അച്ഛന് വാക്ക് കൊടുത്തൂ.
പിറ്റേന്ന് രാവിലെ അച്ഛൻ എഴുന്നേറ്റില്ല. ഉണ്ണിയുടെ അടുത്തേക്ക് അച്ഛൻ പോയി, അമ്മയെ എന്നെ ഏല്പിച്ചിട്ടു.
അച്ഛൻ മരിച്ചതിനു ശേഷം അമ്മ ഒരു മാസം ജോലിക്കു പോയില്ല. ഒരേ കരച്ചിൽ ആയിരുന്നൂ. പിന്നെ പതിയെ അവർ എനിക്ക് വേണ്ടി മാറി. പഴയ ചിരിച്ചു കളിച്ചു എല്ലാവരോടും സംസാരിക്കുന്ന അമ്മയുടെ സ്ഥാനത്തു ദുഃഖം സ്ഥായിഭാവം ഉള്ള ഒരമ്മയെ എനിക്ക് പകരം കിട്ടി.
പലപ്പോഴും ദേവിയുടെ നടയിൽ നിന്ന് അമ്മ പൊട്ടിക്കരഞ്ഞു. ആ കരച്ചിലുകൾ അമ്മയ്ക്ക് ഭ്രാന്തി എന്ന പേര് നൽകി.
ഒളിച്ചും പാത്തും അമ്മയെ ഭ്രാന്തി എന്ന് പറഞ്ഞു പരത്തിയത് കല്യാണി ചേച്ചി ആയിരുന്നൂ.
അമ്മയുടെ മനസ്സിൻ്റെ നീറ്റൽ, അച്ഛൻ പോയതിനു ശേഷം അമ്മ ആരോട് പറയും. എല്ലാം മകനോട് പറയുവാൻ പറ്റുമോ..
ആ നടയിൽ നിന്ന് അമ്മ തൻ്റെ ദുഃഖങ്ങൾ പറഞ്ഞു തീർക്കുകയാവും ആ കണ്ണീരിലൂടെ. അത് പക്ഷേ ആർക്കും മനസ്സിലാകില്ല. സ്വയം ആ അനുഭവത്തിലൂടെ കടന്നു പോകുമ്പോഴേ ചിലർക്കെല്ലാം മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാകൂ.
………………………….
ജീവിതം പിന്നെയും മുന്നോട്ടു പോയി. ഞാൻ പഠിച്ചു ഡോക്ടർ ആയി. സർക്കാർ സർവീസിൽ കയറി.
ഒരു തുണ എനിക്ക് വേണം എന്ന് അമ്മയ്ക്ക് തോന്നി തുടങ്ങി. അമ്മ ആലോചനകൾ തുടങ്ങി. ആദ്യത്തെ ആലോചനകൾ കുറെ മുടങ്ങിയപ്പോൾ അമ്മയ്ക്ക് വിഷമം ആയി. അതൊന്നും പക്ഷേ അമ്മ അത്ര കാര്യമായി എടുത്തില്ല. കല്യാണത്തിന് ഒരാഴ്ച മുൻപേ ഒരു കല്യാണം മുടങ്ങിയപ്പോൾ അതെന്തേ എന്ന് അന്വേഷിക്കണം എന്ന് എനിക്ക് തോന്നി.
അപ്പോഴാണ് ആ സത്യം മനസ്സിലായത്
“അമ്മയ്ക്ക് ഭ്രാന്താണ്. ഇപ്പോഴും മരുന്ന് കഴിച്ചാണ് നടക്കുന്നത്.”
അങ്ങനെ ആരോ പെൺവീട്ടിൽ പറഞ്ഞിരിക്കുന്നൂ.
ഒരു ഭ്രാന്തിയെ നോക്കുവാൻ ആര് പെണ്ണിനെ കൊടുക്കും?
അത് അറിഞ്ഞതോടെ അമ്മ ഒത്തിരി വിഷമിച്ചൂ.
പിന്നീട് വരുന്ന ആലോചനകൾ ഓരോന്നും അങ്ങനെ തന്നെ മുടങ്ങി.
…………………
“അമ്മ, വാ ഭക്ഷണം കഴിക്കൂ. എത്ര നേരമാണ് ഇങ്ങനെ കരയുന്നതു.”
അമ്മയെ നിർബന്ധിച്ചു കൊണ്ട് പോയി ഞാൻ ഭക്ഷണം വാരി കൊടുത്തൂ. ആ കണ്ണുകൾ നിറഞ്ഞാൽ അച്ഛനും ഉണ്ണിക്കും വിഷമം ആകും.
പെട്ടെന്ന് ആരോ ബെല്ലടിച്ചൂ. വാതിൽ തുറന്നു നോക്കുമ്പോൾ ഉഷ മാഡം ആണ്. കൂടെ ഭർത്താവും മകളും. എൻ്റെ ആശുപത്രിയിൽ സീനിയർ ആണ് അവർ. എൻ്റെ ദുഃഖങ്ങൾ മനസ്സിലാക്കുന്ന ഒരാൾ.
“ആഹാ രണ്ടുപേരും കൂടെ ഒരു പാത്രത്തിൽ നിന്നാണല്ലോ ഉണ്ണുന്നത്.”
അത് കേട്ടപ്പോൾ അമ്മയ്ക്കു ആകെ നാണമായി.
ഞാൻ കൈ കഴുകി വേഗം വന്നൂ, അവരോടു ഇരിക്കുവാൻ പറഞ്ഞു.
ഉഷാ മാഡത്തിൻ്റെ മകളെ ഞാൻ ആദ്യമായി കാണുകയായിരുന്നൂ. അമേരിക്കയിൽ MD ചെയ്യുന്നൂ എന്നും, തിരിച്ചു ഉടനെ വരുമെന്നും മാഡം പറഞ്ഞിരുന്നൂ.
അമ്മ അവർക്കു വേണ്ട പലഹാരങ്ങൾ എടുത്തു വച്ചൂ.
ഉഷാ മാഡം പറഞ്ഞു തുടങ്ങി.
“കണ്ണനെയും അമ്മയെയും എനിക്ക് പണ്ടേ ഇഷ്ടമാണ്. അവനെ എനിക്ക് തന്നാൽ എൻ്റെ മകളെ തരാം എന്ന് പറയുവാനാണ് ഞാൻ വന്നത്.
എനിക്ക് ഒന്നും മനസ്സിലായില്ല. അമ്മ എന്നെ നോക്കി.
“അവനെ എനിക്ക് മരുമകനായി വേണം. അവനെ എന്നും ഞാൻ മകനായി മാത്രമേ കണ്ടിട്ടുള്ളൂ. ഇതു പറയുവാൻ ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴാണ് അവൻ്റെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞത്. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. മകളാണെങ്കിൽ പഠിക്കുവാരുന്നല്ലോ.”
“അവളോട് ഞാൻ എല്ലാം പറയാറുണ്ട് കണ്ണനെ പറ്റി. ഇന്ന് രാവിലെ നിശ്ചയം മുടങ്ങിയ കാര്യം കണ്ണൻ എന്നെ വിളിച്ചു പറഞ്ഞു. അപ്പോഴേ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നൂ നിശ്ചയിച്ച തീയതിയിൽ തന്നെ ചെറിയ രീതിയിൽ ഒരു ചടങ്ങു നടത്തണമെന്നു. പലരുടേയും വായ അടപ്പിക്കുവാൻ അത് ആവശ്യമാണ്. പക്ഷേ എനിക്ക് അമ്മയുടെ സമ്മതം വേണം.”
അത് കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“കണ്ണൻ്റെ അമ്മ എന്നെ പറ്റി കൂടുതൽ അറിയണം അറിയണം, എനിക്ക് കണ്ണനെ പോലെ ഒരു മകൻ ഉണ്ടായിരുന്നൂ. ക്യാൻസർ വന്നു അവൻ പോയപ്പോൾ അത്രമേൽ ഞാൻ തളർന്നു പോയി. അവൻ പോകുമ്പോൾ അവനു ഇരുപതു വയസ്സുണ്ടായിരുന്നൂ. ഒരമ്മയുടെ ദുഃഖം അത് എനിക്ക് മനസ്സിലാകും. ഇന്ന് അവൻ ഉണ്ടായിരുന്നെങ്കിൽ കണ്ണൻ്റെ പ്രായം കണ്ടേനെ. ആദ്യമായി ഇവിടത്തെ ആശുപത്രിയിൽ കണ്ണൻ ജോലിക്കു വന്നപ്പോൾ എൻ്റെ മകനെ തിരിച്ചു കിട്ടിയത് പോലെയാണ് എനിക്ക് തോന്നിയത്.”
ആ കഥകൾ ഒന്നും മാഡം എന്നോട് പറഞ്ഞിരുന്നില്ല.
“കണ്ണൻ ഇനി എന്നെ അമ്മ എന്ന് വിളിച്ചാൽ മതി.”
ഉഷ മാഡം അത് പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നൂ.
അങ്ങനെ അടുത്ത ശുഭമുഹൂർത്തത്തിൽ ആ കല്യാണം നടന്നൂ.
കല്യാണം നടക്കുമ്പോൾ ദുഖത്തോടെ ഒരാൾ ഉണ്ടായിരുന്നൂ കല്യാണ പന്തലിൽ. അവർ കാരണം അത്രയും നല്ല ഒരു കുടുംബവുമായുള്ള ബന്ധം എനിക്ക് കിട്ടി. എൻ്റെ പ്രീയപ്പെട്ട കല്യാണി ചേച്ചിക്ക് ഒരു സാരി കല്യാണത്തിന് വാങ്ങി കൊടുക്കുവാൻ ഞാൻ മറന്നില്ല. അത് ഉഷ മാഡത്തിന് നിർബന്ധം ആയിരുന്നൂ. വിലയുള്ള നല്ലൊരു സമ്മാനം. പ്രതികാരം അങ്ങനെ മതി എന്നും, നമ്മൾ അവരെ പോലെ ചിന്തിക്കരുതെന്നും ഉഷ മാഡം പറഞ്ഞു. കാലം എനിക്കായി കരുതി വച്ചതു എന്നിൽ നിന്നകറ്റുവാൻ ആർക്കും കഴിയില്ലല്ലോ. ഞാൻ വിതയ്ക്കുന്നത് ഞാൻ തന്നെ കൊയ്യും.
പക്ഷേ കുറച്ചു നാളുകൾക്കു ശേഷം ഞാൻ കേട്ടൂ ആരോ പറയുന്നത്
“കല്യാണിയുടെ മകൻ കെട്ടിയ പെണ്ണിന് ഭ്രാന്താണ്”
അത് കേട്ടപ്പോൾ ഞാൻ സന്തോഷിച്ചില്ല. പക്ഷേ എന്തിനെന്നു അറിയാതെ ഒരു തുള്ളി കണ്ണീർ എൻ്റെ കണ്ണിൽ നിന്നും അടർന്നു വീണു. ദേവിയുടെ നടയിൽ വീണ അമ്മയുടെ കണ്ണുനീർ അതിനുള്ള മറുപടി ആണോ, അറിയില്ല. കാലം സാക്ഷി…
…………………..സുജ അനൂപ്