ആരുടേയും മുന്നിൽ കൈനീട്ടാതെ അന്തസ്സായി ജോലി ചെയ്ത് മക്കളെ വളർത്തണം. പക്ഷേ ഒറ്റയ്ക്ക് ജീവിതത്തിലേയ്ക്ക് ഇറങ്ങിയപ്പോഴാണ് ശരിക്കും അതൊരു വലിയ കടമ്പയാണെന്ന് മനസ്സിലായത്…….

_upscale

Story written by Sumi

പൊളിഞ്ഞു വീഴാറായ പഴയ വീട്ടിലെ പൊട്ടിയ ഓടിൻ്റെ വിടവുകളിലൂടെ മഴ വെള്ളം അകത്തേയ്ക്ക് ഒലിച്ചിറങ്ങി കൊണ്ടിരുന്നു. നനയാതെ ഒന്നിരിക്കാൻ ഇടമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി നടക്കുന്ന മക്കളെ കണ്ടപ്പോൾ മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു. എന്തുചെയ്യാൻ ആരും തുണയില്ലാതെ ജീവിക്കേണ്ടി വരുന്ന ഒരമ്മയുടേയും രണ്ടു മക്കളുടേയും അവസ്ഥ. പുറത്ത് കുറ്റം പറഞ്ഞു നടക്കാൻ ഒരുപാട് പേരുണ്ട്. പക്ഷെ ഒരു നേരത്തെ ആഹാരമോ സുരക്ഷിതമായി കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടോ തരാൻ ആരുമില്ല ഒരു നെടുവീർപ്പോടെ അവൾ ഓർത്തു.

” അമ്മേ…… നനയാതെ എവിടെയാ ഒന്നു കിടക്കുക. ഉറക്കം വരുന്നു. ” ഇളയ മകൾ ചിന്നുവിൻ്റെ ചോദ്യം മീനാക്ഷിയെ കൂടുതൽ സങ്കടത്തിലാക്കി. പന്ത്രണ്ട് വയസ്സുള ശ്രീഹരിയും പത്തു വയസ്സുള്ള ചിന്നുവും, രണ്ടുമക്കളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയിട്ട് ഏട്ടു വർഷമായിരിക്കുന്നു. ജനിച്ച വീട്ടിൽ നിന്നും തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നപ്പോൾ ആരും സഹായിക്കാനില്ലായിരുന്നു. ജന്മം തന്ന അച്ഛനും അമ്മയ്ക്കും കൂടെപ്പിറന്ന സഹോദരനും അന്യയായിത്തീർന്ന ഒരു പെണ്ണിനെ സഹായിക്കാൻ ഒരാളും ഉണ്ടാകില്ല. അന്ന് വീട്ടിൽ നിന്നിറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്ന പത്തു പവൻ . വിറ്റ് കിട്ടിയ പൈസയ്ക്ക് കൂട്ടുകാരി വഴി മൂന്ന് സെൻ്റ് സ്ഥലവും ഒരു കൊച്ചുവീടും വാങ്ങി ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങുമ്പോൾ മനസ്സിന് വല്ലാത്തൊരു ധൈര്യമായിരുന്നു.

ആരുടേയും മുന്നിൽ കൈനീട്ടാതെ അന്തസ്സായി ജോലി ചെയ്ത് മക്കളെ വളർത്തണം. പക്ഷേ ഒറ്റയ്ക്ക് ജീവിതത്തിലേയ്ക്ക് ഇറങ്ങിയപ്പോഴാണ് ശരിക്കും അതൊരു വലിയ കടമ്പയാണെന്ന് മനസ്സിലായത്. എന്നിട്ടും തോറ്റു പിന്മാറാതെ മുന്നോട്ട് നടന്നു. ഒരു ദിവസം രണ്ടും മൂന്നും വീടുകളിൽ ജോലിയ്ക്ക് പോയി കിട്ടുന്ന പൈസ കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പലരുടേയും ആട്ടും തുപ്പും സഹിച്ച് ജോലി ചെയ്താൽ കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മിച്ചം പിടിക്കാൻ ശ്രമിച്ച് പലപ്പോഴും പരാജയപ്പെട്ടു. രാവന്തിയോളം പണിയെടുക്കുമ്പോൾ കിട്ടുന്ന ഒരു നേരത്തെ ആഹാരത്തിന് പോലും പലതും കേൾക്കേണ്ടി വന്നിട്ടുണ്ട്. നിറ കണ്ണുകളോടെ വാരി കഴിക്കുന്ന ഭക്ഷണം പലപ്പോഴും തൊണ്ടയിൽ നിന്നിറങ്ങാതിരുന്നിട്ടുണ്ട്. മക്കളെ ഓർക്കുമ്പോൾ എല്ലാം സഹിക്കും ക്ഷമിക്കും……. പട്ടിണിക്കാരൻ്റെ വിശപ്പിൻ്റെ വിലയറിയാത്തവർക്ക് മുന്നിൽ അവനെന്നും ഒരു കോമാളിയായിരുന്നു.

അപ്പോഴൊക്കെയും നേരെ പഠിക്കാത്തതിൻ്റെ ബുദ്ധിമുട്ട് മീനാക്ഷി മനസ്സിലാക്കി….. ഒരു പക്ഷെ പഠിക്കേണ്ട സമയത്ത് നന്നായി പഠിച്ചിരുന്നെങ്കിൽ…. ഒരു നല്ല ജോലി കിട്ടുമായിരുന്നു എന്നവൾ ചിന്തിച്ചു.
ഒരുപാട് യാതനകൾ സഹിച്ചുള്ള ജീവിതം പലപ്പോഴും മടുപ്പുളവാക്കിയിരുന്നു. മക്കൾക്കു വേണ്ടി ജീവിക്കാൻ നിർബന്ധിതയാക്കപ്പെട്ട ഒരമ്മയുടെ നിസ്സഹായവസ്ഥ ഒരാളും മനസ്സിലാക്കിയില്ല.

വീടൊന്നു വൃത്തിയാക്കി കിട്ടാൻ വേണ്ടി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയും നേതാക്കൻമാരുടെ കാലുപിടിച്ചും മടുത്തപ്പോൾ പിന്നീടത് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു.

” അമ്മയെന്താ ആലോചിക്കുന്നത്….. കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ”….. മൂത്തമകൻ ശ്രീഹരിയുടെ ചോദ്യം മീനാക്ഷിയെ ചിന്തയിൽ നിന്നുണർത്തി.

” ഒന്നുമില്ല മോനേ…. നീ ചിന്നുക്കുട്ടിയെ കൂട്ടി അകത്തെ മുറിയിൽ പോയിരിക്ക്.

” അവിടെയും വല്ലാതെ ചോരുന്നുണ്ടമ്മേ….. എൻ്റെയും ചിന്നൂൻ്റെയും ബുക്കും തുണികളും ഒക്കെ നനഞ്ഞു. നാളെ എങ്ങനെയാ സ്കൂളിൽ പോവുക”.

” ആ….. ഇനി മഴ തോർന്നിട്ട് സ്കൂളിൽ പോകാം. ഇപ്പോൾ നമ്മക്ക് അവിടെ ഒരു മൂലയിൽ പോയിരിക്കാം. ചിന്നൂട്ടിയും വാ….” മക്കളെ രണ്ടു പേരേയും ചേർത്തു പിടിച്ച് മീനാക്ഷി അകത്തെ മുറിയിലേയ്ക്ക് കയറി. നനയാത്ത ഒരു മൂലയിൽ പായും വിരിച്ച് അവളിരുന്നു. രണ്ടു മക്കളും അമ്മയുടെ മടിയിൽ തലചായ്ച്ചു കിടന്നു.

” അമ്മേ….. നമ്മക്കെന്താമ്മേ ആരുമില്ലാത്തെ…..” ചിന്നൂട്ടിയുടെ ചോദ്യത്തിനുമുന്നിൽ മീനാക്ഷി ഒന്ന് പതറി.

” അത്…… നമ്മുടെ കൈയ്യിൽ പൈസയില്ലാത്തതുകൊണ്ടാ മോളേ.”

” അപ്പോ പൈസയുണ്ടെങ്കിൽ നമ്മക്കും എല്ലാരും ഉണ്ടാവും അല്ലെ അമ്മേ…..”

” അതെ ….. മോളേ…..” നിറഞ്ഞു വന്ന കണ്ണുകൾ മക്കൾ കാണാതെ തുടച്ചു കൊണ്ട് മീനാക്ഷി പറഞ്ഞു.

” ഞാനും…. ചേട്ടനും….. പഠിച്ച് വല്യ ഡോക്ടർമാരാകും….. അപ്പോൾ ഇഷ്ടംപോലെ പൈസ കിട്ടും. എന്നിട്ട് നമ്മക്ക് നല്ല വീടു വയ്ക്കാം….. ഇഷ്ടം പോലെ ആഹാരം കഴിക്കാം….. അങ്ങനെ ഒത്തൊരി….. ഒത്തൊരി…. കാര്യങ്ങൾ ചെയ്യാം അല്ലേ അമ്മേ…..” ചിന്നൂട്ടി ചിരിച്ചു കൊണ്ട് പറഞ്ഞത് മീനാക്ഷിയെന്ന അമ്മയുടെ ഹൃദയത്തിൽകൊണ്ടു. അറിയാതെ ഒരേങ്ങൽ അവളിൽ നിന്നും പുറത്തേക്ക് തെറിച്ചു.

” എന്താ ചിന്നൂട്ടി ഇത്….. നീ അമ്മയെ കരയിപ്പിക്കോ….. നമ്മുടെ അമ്മ പാവല്ലേ….. ഇനി ഒന്നും പറയല്ലേ….. കിടന്ന് ഉറങ്ങിക്കോ…..” ശ്രീഹരി കുഞ്ഞനുജത്തിയെ ചെറുതായി ഒന്നു ശാസിച്ചു. അപ്പോഴും പുറത്ത് മഴ ശക്തിയായി തുടരുന്നുണ്ടായിരുന്നു. കൂരിരുട്ടിൻ്റെ മാറുപിളർത്തി മഴത്തുള്ളികൾ മണ്ണിൽ വീണു ചിതറിക്കൊണ്ടിരുന്നു. ഒപ്പം അവളുടെ കണ്ണുനീരും.

താമസിയാതെ അവർ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. ഏത് പ്രതികൂല സാഹചര്യത്തിലും മക്കൾക്ക് സുരക്ഷിതമായ ഒരിടം അത് അമ്മയുടെ സാമിപ്യം മാത്രമാണ്.

മീനാക്ഷിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മക്കളുടെ മുടിയിഴകൾ തലോടി അവളിരുന്നു. പത്താം ക്ലാസ്സിൽ തോറ്റതോടെ വീട്ടിലിരിക്കേണ്ടി വന്ന ഒരു പെണ്ണ്. തോറ്റുപോയാൽ പിന്നീട് അവളെ വിവാഹം കഴിപ്പിച്ചുവിടാനാണ് വീട്ടുകാർ നോക്കുന്നതും. അന്നുമുതൽ വിവാഹാലോചനകൾ വന്നു തുടങ്ങി. പലരും വന്നു പെണ്ണിനെ കണ്ടുപോയി. പക്ഷേ ഒരിക്കൽ വരുന്നവരാരും പിന്നീട് ആ വഴിക്ക് വരുകയുമില്ല. കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി. കാണാൻ ഒരു ഭംഗിയും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസവുമില്ല…… അത്യാവശ്യം ചുറ്റുപാട് ഉണ്ടായിരുന്നതുകൊണ്ടു മാത്രം വിവാഹാലോചനകൾ പടികടന്നു വന്നുകൊണ്ടിരുന്നു.

പത്തൻപത് പേരോളം പെണ്ണുകണ്ടു പോയിട്ടും ഒന്നും നടന്നില്ല. അച്ഛനും അമ്മയ്ക്കും വല്ലാത്ത ദേഷ്യമായി. എങ്ങനെയും ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് ഭാരം ഒഴിപ്പിക്കണം എന്നു മാത്രമായിരുന്നു പിന്നീട് അവരുടെ ചിന്ത. അങ്ങനെയിരിക്കുമ്പോഴാണ് അരവിന്ദൻ്റെ ആലോചന വരുന്നത്. ഒരു ദല്ലാൾ വഴി അയാളും കൂട്ടുകാരനും കൂടി പെണ്ണുകാണാൻ വന്നു. വെളുത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരൻ. മീനാക്ഷിയുടെ മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്യാതെ വിവാഹം ഉറപ്പിച്ചു പോയി. ഒരാഴ്ചത്തെ ഇടവേളയിൽ നടന്നു. അടുത്തൊരു ക്ഷേത്രത്തിൽ വച്ച് അയാളുടേയും അവളുടേയും ബന്ധുക്കൾ മാത്രമുള്ള ചെറിയൊരു ചടങ്ങ്. അങ്ങനെ പതിനേഴാം വയസ്സിൽ മറ്റൊരു കുടുംബത്തിലേയ്ക്ക് ചെന്നുകയറേണ്ടി വന്നു.

പെൺകുട്ടികൾ അവരുടെ ജീവിതം ആസ്വദിക്കേണ്ട പ്രായം. ബാധ്യതകളും പ്രാരാബ്ദങ്ങളുമില്ലാതെ പറന്നുനടക്കേണ്ട കാലം. സ്വപ്നങ്ങൾ കണ്ടുറങ്ങേണ്ട പ്രായത്തിൽ കഴുത്തിൽ വീണ കുരുക്കിൽ മീനാക്ഷിയുടെ ജീവിതം വലിയൊരു ചോദ്യമായി മാറുകയായിരുന്നു.

സൗന്ദര്യമില്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ഒന്നും ആലോചിക്കാതെ വീട്ടുകാരെടുത്ത തീരുമാനം വലിയൊരു തെറ്റായിരുന്നു എന്ന് പിന്നീടുള്ള ദിവസങ്ങളിൽ അവൾക്ക് മനസ്സിലാവുകയായിരുന്നു.

രണ്ട് ലക്ഷം രൂപയും പതിനഞ്ച് പവനും സ്വന്തമാക്കാൻവേണ്ടിമാത്രം ഒരു പെണ്ണിനെ ഭാര്യയാക്കിയ മനുഷ്യൻ. ഇതൊന്നുമറിയാതെ എല്ലാ പെൺകുട്ടികളെയും പോലെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ആദ്യരാത്രിയിലേയ്ക്ക് അവൾ കടന്നു ചെന്നു …….. പക്ഷേ അവിടെ അവളെ കാത്തിരുന്നത് വലിയൊരു ദുരന്തമായിരുന്നു.

മുറിയിലേയ്ക്ക് കടന്നു ചെന്നപ്പോൾ തന്നെ അയാൾ വാതിലടച്ച് കുറ്റിയിട്ടു. എന്നിട്ട് അവളുടെ മുഖത്തുനോക്കാതെ തിരിഞ്ഞു നിന്നു.

” ഒരുപാട്…… പ്രതീക്ഷയൊന്നും വേണ്ട…… നിന്നെപ്പോലൊരു പെണ്ണിനെ ഭാര്യയാക്കേണ്ടി വന്നത് എൻ്റെ ഗതികേട് കൊണ്ടാണ്. കുറച്ച് പൈസയ്ക്ക് ആവശ്യം വന്നു. അതിന് എൻ്റെ മുന്നിൽ വന്ന ഒരു കാര്യമാണ് ഈ വിവാഹം……” അരവിന്ദൻ്റെ വാക്കുകൾ മീനാക്ഷിയുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. നിൽക്കുന്നിടം പിളർന്നു അതിൻ്റെ ആഴങ്ങളിലേയ്ക്ക് തലകുത്തി വീണു പോകുന്ന പോലെ അവൾക്ക് തോന്നി.

” ഞാൻ പറയുന്നത് നി കേൾക്കുന്നുണ്ടല്ലോ. അല്ലെങ്കിൽ തന്നെ നിനക്ക് മനസ്സിലാക്കിക്കൂടെ എന്നെപ്പോലൊരാൾ നിന്നെ എന്തു കണ്ടിട്ടാ കെട്ടാൻ തയ്യാറാകുന്നത് എന്ന്. വിiരൂപയായ ഒരു പെണ്ണ്….. വിദ്യാഭ്യാസവും ഇല്ല….. അങ്ങനെയുള്ള നിന്നെ കാണാൻ കൊള്ളാവുന്ന ഏതെങ്കിലും ഒരാണ് വിവാഹം കഴിക്കുമോ…..?”

മീനാക്ഷി സ്വയം നിയന്ത്രിച്ചു. അയാൾ പറയുന്നത് ശരിയാണ്. വിiരൂപയായ ഒരു പെണ്ണിനെ ഒരിക്കലും സുന്ദരനായ ഒരു ചെറുപ്പ ക്കാരൻ വിവാഹം കഴിക്കില്ല. പക്ഷേ സുന്ദരിയായ ഒരു പെണ്ണിനെ വിരൂപനായ ഒരാണിന് കെട്ടാം. അങ്ങനെ സംഭവിക്കുന്നുമുണ്ട്. ഒന്നും പറയാൻ കഴിയാതെ അവൾ ഭിത്തിയിൽ ചാരി നിന്നു. ആ കണ്ണുകളിൽ നിന്നും നീർച്ചാലുകൾ പൊട്ടിയൊഴുകാൻ തുടങ്ങി.

” നിന്നെ ഒരിക്കലും എൻ്റെ ഭാര്യയായി ഞാൻ അംഗീകരിക്കില്ല. അങ്ങനെയൊരു മോഹവുമായി എൻ്റടുത്തേയ്ക്ക് വരരുത്. അതിനുള്ള യോഗ്യത നിനക്കില്ല. സംശയമുണ്ടെങ്കിൽ ആ കണ്ണാടിയിലേയ്ക്ക് ഒന്ന് നോക്കിയാൽ മതി” അടുത്തുകണ്ട കണ്ണാടി പതിപ്പിച്ച അലമാരയിലേയ്ക്ക് വിരൽചൂണ്ടി അയാൾ പറഞ്ഞു. എന്നിട്ട് വാതിൽ തുറന്ന് മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങിപ്പോയി.

മുകളിൽ ശക്തിയായി കറങ്ങുന്ന ഫാനിൻ്റെ കാറ്റിലും മീനാക്ഷി വിയർത്തുകുളിച്ചു. ഭൂമിമൊത്തം കറങ്ങുന്നപോലെ അവൾക്ക് തോന്നി. തറയിലേയ്ക്ക് വീണുപോകാതിരിക്കാൻ കട്ടിലിൽ പിടിച്ച് അവൾ ഇരുന്നു.
ഏങ്ങലടക്കാൻ പാടുപെട്ട് അവൾ കട്ടിലിലേയ്ക്ക് വീണുകിടന്ന് കരഞ്ഞു. ആരോടും ഒന്നും പറയാൻ കഴിയാതെ പിന്നീടുള്ള ദിവസങ്ങളിൽ ആ വീട്ടിൽ അവൾ ഒറ്റപ്പെട്ടു.

അരവിന്ദൻ്റെ അച്ഛനും അമ്മയും പെങ്ങളും മീനാക്ഷിയോട് ഒന്നും മിണ്ടാറില്ല. എല്ലാത്തിൽ നിന്നും അവളെ ഒഴിവാക്കി നിർത്തി. കുടുംബത്തിലെ ചടങ്ങുകൾക്കോ ബന്ധുവീടുകളിലേയ്ക്കോ അവളെ കൊണ്ടു പോകില്ല. കുiത്തുവാക്കുകളും ശകാരങ്ങളും മീനാക്ഷിയെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു. പട്ടിണിക്കിട്ടും അസഭ്യങ്ങൾ പറഞ്ഞും അമ്മായിയമ്മ അവളെ കൊല്ലാക്കൊല ചെയ്തു. തിരിച്ചു വീട്ടിലേയ്ക്ക് പോകാൻ കഴിയാതെ ഒരു മുറിയ്ക്കുള്ളിൽ ഒതുങ്ങിയ ജീവിതം.

അയൽക്കാരൊക്കെ ഇടയ്ക്ക് വീട്ടിലേയ്ക്ക് വരും. ചിലരുടെ സംസാരം കേൾക്കുമ്പോൾ കരയാനല്ലാതെ മറ്റൊന്നിനും മീനാക്ഷിക്ക് കഴിയില്ലായിരുന്നു.

” അല്ല ജാനമ്മേ….. എന്തു കണ്ടിട്ടാ നിങ്ങടെ മോൻ ഈ കരിവണ്ടിനെ കെട്ടിക്കോണ്ട് വന്നത്. ഇവനെന്താ ഈ പെണ്ണിൻ്റെ മുഖത്ത് നോക്കാതെ യാണോ കല്യാണം ഉറപ്പിച്ചത്……”

” ആ ചെറുക്കനോ കണ്ണില്ല. നിങ്ങൾക്കെങ്കിലും ഒന്നു പറഞ്ഞൂടാ യിരുന്നോ….?”

” ഓ….. സൗന്ദര്യമില്ലെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിൽ അത് മതിയായിരുന്നു…..”

” ഒരു യോഗ്യതയുമില്ലാത്ത ഒരു കരിക്കട്ടയെ എന്തിനാ അരവിന്ദൻ ചുമക്കുന്നത്” ഈ വന്നിരുന്നു പറയുന്നവരിൽ പലരും മീനാക്ഷിയെ ക്കാൾ കറുത്തിട്ടായിരുന്നു എന്നതൊരു സത്യം.

പല വിമർശനങ്ങൾക്കും ചെവി കൊടുക്കാതെ ഒഴിഞ്ഞുമാറി മീനാക്ഷി നിന്നു. എങ്കിലും പലപ്പോഴും അവൾ സ്വയം ശപിച്ചു. തന്നെപ്പോലൊരു പെണ്ണിന് എന്തിനു ഇങ്ങനെ ഒരു ജന്മം തന്നു എന്ന് ആരോടെന്നില്ലാതെ ചോദിച്ചു. ആർക്കും വേണ്ടാതെ ജീവിക്കാൻ വിധിക്കപ്പെട്ടൊരു ജന്മം.

ഏകദേശം ഒരു വർഷം കഴിഞ്ഞു. ഒരു വീട്ടിൽ താമസിച്ചിട്ടും പരസ്പരം കാണാനുള്ള സന്ദർഭങ്ങൾ പോലും അരവിന്ദൻ മനപ്പൂർവം ഒഴിവാക്കി.
പിന്നീട് ഒരിക്കൽ പോലും അയാൾ അവളോട് സംസാരിച്ചിട്ടില്ല.

മീനാക്ഷിയ്ക്ക് ആ വീട്ടിൽ വല്ലാത്തൊരു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും തിരികെപ്പോകാനിടമില്ലാതെ അവൾ എല്ലാം സഹിച്ചു. പക്ഷേ അധികം താമസിയാതെ അരവിന്ദൻ മറ്റൊരു പെണ്ണുമായി അടുപ്പത്തിലായി. മീനാക്ഷി അത് മനസ്സിലാക്കുകയും ചെയ്തു. സിനിമയിലൊക്കെ കാണുന്ന പോലെ എന്നെങ്കിലുമൊരിക്കൽ അവളുടെ സ്നേഹം മനസ്സിലാക്കി അയാൾ തിരിച്ചു സ്നേഹിക്കുമെന്നും നല്ലൊരു കുടുംബജീവിതം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയും അവസാനിച്ചു. ഇനി അതിനായി കാത്തിരിക്കേണ്ട കാര്യമില്ലെന്നും മനസ്സിലാക്കി.

പിന്നീട് ഒന്നും ചെയ്യാനില്ലാതെ പരസ്പരധാരണയിൽ പിരിയാം എന്നൊരു തീരുമാനമെടുക്കേണ്ടിവന്നു. അങ്ങനെ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം divorce വാങ്ങി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ മീനാക്ഷിയുടെ കൈയ്യിൽ ബാക്കിയുണ്ടായിരുന്നത് പത്തുപവൻ സ്വർണ്ണം മാത്രമായിരുന്നു.

അരവിന്ദനോട് ഒന്ന് സംസാരിക്കാനോ ഒത്തുതീർപ്പിനോ ആരും ശ്രമിച്ചില്ല. എല്ലാത്തിനും മീനാക്ഷി ഒറ്റയ്ക്കായിരുന്നു. പിന്നീടുള്ള ജീവിതയാത്രയിൽ ഒരു മുതൽകൂട്ടായി ഒരാൾക്കും കൊടുക്കാതെ സ്വർണ്ണം ഭദ്രമായവൾ സൂക്ഷിച്ചു.

വിവാഹബന്ധം വേർപെടുത്തി തിരികെ ചെല്ലുമ്പോൾ രണ്ടുകൈയ്യുംനീട്ടി വീട്ടുകാർ സ്വീകരിക്കില്ല എന്നറിയാമായിരുന്നു. എങ്കിലും തൽക്കാലം പോകാനൊരിടമില്ലാത്തതിനാൽ എല്ലാം സഹിക്കാനുള്ള മനസ്സുമായി എന്തും നേരിടാനുള്ള കരുത്തുമായി അവൾ സ്വന്തം വീട്ടിലേയ്ക്ക് ചെന്നു

മകൾ വീട്ടിൽ തിരിച്ചെത്തിയതോടെ അച്ഛനും അമ്മയും ആകെ അസ്വസ്ഥരായി. മൂത്തമകൻ വിഷ്ണുവിൻ്റെ വിവാഹം നടക്കാൻ പോവുകയാണ്. ഈ സമയത്ത് മകൾ ഒരു ശല്യമായി അവർക്ക് തോന്നി. ഒരു മകൻ മാത്രമേയുള്ളു എന്ന് പെണ്ണു വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് ഉറപ്പിച്ച കല്യാണം. സർക്കാർ ഉദ്യോഗസ്ഥനായ മകന് കിട്ടാൻ പോകുന്ന വലിയ വീട്ടിലെ ബന്ധം തകരുമോ എന്ന ഭയം. മീനാക്ഷി സ്വന്തം വീട്ടിലും ജയിലിനുള്ളിൽ അടയ്ക്കപ്പെട്ടതുപോലെയായി.
ആരും അവളോട് മിണ്ടാറുപോലുമില്ലായിരുന്നു. പരാതികളും പരിഭവങ്ങളുമില്ലാതെ സ്വന്തം വീട്ടിൽ ഒരു ഭിക്ഷക്കാരിയെപ്പോലെ അവൾ കഴിഞ്ഞു.

ഓരോ പ്രാവശ്യം ആഹാരം കഴിക്കാനെടുക്കുമ്പോഴും അമ്മയുടെ കുiത്തുവാക്കുകൾ അവളെ തളർത്തും. പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്.

” ഒരു മഹാറാണി…… കെട്ട്യോനേം കളഞ്ഞിട്ട് വന്നേക്കുവാ…. നമ്മളെ ശല്യം ചെയ്യാൻ. ഒരുത്തനും വഴിതിരിയാതെ ഇരുന്നതാ….. എങ്ങനെ യെങ്കിലും ഒരുത്തൻ്റെ തലയിൽ കെട്ടിവച്ച് ഭാരം ഒഴിപ്പിച്ചു വിട്ടിട്ടും അവനേം കളഞ്ഞിട്ട് വലിഞ്ഞു കേറി വന്നേക്കുവാ….. നാiശം”…… അമ്മയുടെ സംസാരം പലപ്പോഴും അച്ഛൻ കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ എതിർത്തൊന്നും പറയാതെ അതിന് മൗനാനുവാദം കൊടുക്കുക യായിരുന്നു അച്ഛനെന്ന് അവൾക്ക് തോന്നി.

” പഠിക്കാൻ വിട്ടപ്പോൾ പഠിച്ചതുമില്ല….. എൻ്റെ ചെറുക്കൻ്റെ ഭാവികൂടി തകർക്കും ഈ നാiശംപിടിച്ചവൾ…..”

” അമ്മയെന്തിനാ എന്നെയിങ്ങനെയൊക്കെ പറയുന്നത്. ഞാനും അമ്മയുടെ മോള് തന്നെയല്ലേ”….. ഒരിക്കൽ സഹികെട്ട് തിരിച്ചു ചോദിച്ചതിന് അവർ മീനാക്ഷിയെ പൊതിരെ തiല്ലുകയും ചെയ്തു.

മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ചേർത്തുപിടിക്കേണ്ട അമ്മതന്നെ അവളുടെ ഏറ്റവും വലിയ ശത്രുവായി. അതിനൊരു കാരണവുമു ണ്ടായിരുന്നു. അമ്മ നല്ല വെളുത്തുസുന്ദരിയായിരുന്നു. അമ്മയെ പോലെയാണ് മീനാക്ഷിയുടെ ഏട്ടനും. അവൾക്ക് അച്ഛൻ്റെ നിറമാണ്.. ആ ഒരു അവഗണന അറിവായകാലം മുതൽ മീനാക്ഷി അനുഭവിക്കുന്നുണ്ടായിരുന്നു.

ആഹാരം വാരിക്കൊടുക്കുമ്പോൾ മകനെമാത്രം ചേർത്തുനിർത്തി സ്നേഹത്തോടെ വായിൽവച്ചു കൊടുക്കുന്നതും…… നിനക്ക് വേണമെങ്കിൽ തിന്നാൽമതി എന്നു പറഞ്ഞ് മുന്നിലേയ്ക്ക് ചോറ് പാത്രം നീക്കിയെറിഞ്ഞു കൊടുക്കുന്നതും.

മകന് ഒരു പനിയോ ജലദോഷമോ വന്നാൽ അടുത്തുനിന്ന് മാറാതെ ശുശ്രൂഷിക്കുന്ന അമ്മയ്ക്ക് മകളുടെ കാര്യം ശ്രദ്ധിക്കാനേ നേരമുണ്ടായിരുന്നില്ല.

നന്നായി പഠിക്കുന്ന മകനെ സ്കൂളിൽ ചേർക്കാനും കൊണ്ടു പോകാനു മൊക്കെ ഉത്സാഹം കാണിക്കുന്ന അമ്മയ്ക്ക് മകളെ ഒന്നൊരുക്കി സ്കൂളിൽ വിടാനുള്ള മനസ്സുപോലും ഉണ്ടായിരുന്നില്ല.

മകളുടെ ചെറിയ കുറ്റങ്ങൾ പോലും ചികഞ്ഞെടുത്ത് പൊതിരെ തiല്ലുമായിരുന്ന ആ അമ്മ മകൻ്റെ വലിയ കുറ്റങ്ങൾ കണ്ടില്ലെന്നു നടിച്ചതും പിന്നെ ചേർത്തു പിടിച്ചതും….. അങ്ങനെ ഒരുപാട് കാര്യങ്ങൾ…… മീനാക്ഷിയുടെ മനസ്സിലൂടെ കടന്നുപോയി. ഒരു പെൺകുട്ടിക്ക് അമ്മയിൽ നിന്നും കിട്ടാത്ത സ്നേഹം മറ്റൊരാളിൽ നിന്നും ഒരിക്കലും കിട്ടില്ല എന്നത് ഒരു സത്യമാണ്.

ഏട്ടൻ്റെ വിവാഹം ആർഭാടപൂർവ്വം നടക്കുമ്പോഴും അടുക്കളത്തളത്തിൽ അന്യയെപ്പോലെ അവളിരുന്നു. അപ്പോൾ ആ കണ്ണുകളിൽ സങ്കട മില്ലായിരുന്നു. കറുത്തവൾ, കാണാൻ ഭംഗിയില്ലാത്തവൾ ഒരു പാടൊന്നും ആഗ്രഹിക്കാൻ പാടില്ല എന്ന ജീവിതം പഠിപ്പിച്ച പാഠവുമായി നിശ്ബ്ദയായി അവളിരുന്നു.

വിവാഹം കഴിഞ്ഞെത്തിയ പുതുപ്പെണ്ണിന് മുന്നിൽ വേലക്കാരിയുടെ വേഷം കെട്ടിച്ച വീട്ടുകാരോട് തെല്ലും പരിഭവമില്ലാതെ അവൾ നിന്നു. സുരക്ഷിതമായി കിടക്കാനൊരിടവും കഴിക്കാൻ ഭക്ഷണവും വേണമായിരുന്നു അവൾക്ക്. പക്ഷേ മുന്നോട്ട് പോകുംതോറും പ്രശ്നങ്ങൾ കൂടിക്കൂടി വന്നു. ആ പ്രശ്നങ്ങൾ മീനാക്ഷിയെ വീണ്ടുമൊരു വിവാഹത്തി ലേയ്ക്ക് എത്തിച്ചു.

രണ്ടാം കെട്ടുകാരനായ സുരേഷ് എന്ന നാൽപ്പത്തൊമ്പതു കാരനെക്കൊണ്ട് ഇരുപതുകാരിയായ മകളെ കെട്ടിക്കാൻ മുന്നിട്ടു നിന്നത് സ്വന്തം അമ്മയായിരുന്നു.

” അമ്മേ…… എനിക്ക് ഇനിയൊരു വിവാഹം വേണ്ട….. അതും അച്ഛനൊപ്പം പ്രായമുള്ള ഒരാളല്ലേ. ഞാൻ ഇവിടെ ഒരു വേലക്കാരിയെ പ്പോലെ കഴിഞ്ഞോളാം. കഴിക്കാൻ ആഹാരവും കിടക്കാനൊരിടവും മാത്രം തന്നാൽ മതി” മീനാക്ഷിയുടെ വാക്കുകൾ ആ സ്ത്രീയെ രോക്ഷാകുലയാക്കി.

” ഓ…… തമ്പുരാട്ടി ഇനി കാത്തിരുന്നോ….. രാജകുമാരൻ വരും. കാണാൻ കാക്കയെപ്പോലെയാണ്….. ആണായിപ്പിറന്ന ഒരുത്തനും തിരിഞ്ഞു നോക്കില്ല….. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല.”

” അമ്മേ…… എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്. എനിക്ക് ആരുമായും ഇനിയൊരു കല്യാണം വേണ്ട”

” മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചോണം. എൻ്റെ മോനും മരുമോൾക്കും ശല്യമുണ്ടാക്കാൻ ഇനി ഈ വീട്ടിൽ നീ നിൽക്കരുത്. ഈ കല്യാണം നടക്കും.” പറഞ്ഞു തീർന്നതും ആ സ്ത്രീ മീനാക്ഷിയുടെ കവിളിൽ ആഞ്ഞടിക്കുകയും ചെയ്തു.

എതിർക്കാൻ ശക്തിയില്ലാതെ വിവാഹത്തിന് തലകുനിച്ച് അവൾ നിന്നു. ആകെ ഒരാശ്വാസം അയാൾക്ക് നിറവും സൗന്ദര്യവും പ്രശ്നമല്ല എന്നതായിരുന്നു. ആദ്യഭാര്യ നഷ്ടപ്പെട്ടുപോയ ആൾക്ക് ബാധ്യതകൾ ഒന്നുമുണ്ടായിരുന്നില്ല.

പിന്നീട് ജീവിതത്തിൽ നടന്നതൊക്കെയും ഭiയം നിറഞ്ഞ ഓർമ്മകളായിരുന്നു. അച്ഛൻ്റെ പ്രായമുള്ള ഒരാൾക്ക് മുന്നിൽ സ്ത്രീiത്വം പിച്ചിച്ചീiന്തപ്പെടുമ്പോഴും നിശബ്ദയായി എല്ലാം സഹിച്ചു. അങ്ങനെ രണ്ടു മക്കളെ സമ്മാനിച്ച ആ ബന്ധവും വളരെപ്പെട്ടെന്നു തന്നെ അവസാനിച്ചു. ഒരാക്സിഡൻ്റിൽപ്പെട്ട് സുരേഷ് ജീവിതത്തിൽ നിന്ന് വിട പറയുമ്പോൾ മീനാക്ഷിക്ക് ഇരുപത്താറ് വയസ്സ് പ്രായം. വിവാഹം കഴിക്കേണ്ട പ്രായത്തിൽ രണ്ടു വിവാഹവും കഴിഞ്ഞ് വിധവയായി…… രണ്ടു കൈക്കുഞ്ഞുങ്ങളേയുംകൊണ്ട് വീട്ടിലെത്തിയ മകളെ സ്വീകരിക്കാൻ അച്ഛനും അമ്മയും തയ്യാറായില്ല.

കുഞ്ഞുങ്ങൾക്ക് നേരെ ഭക്ഷണം കൊടുക്കാൻപോലും കഴിയാതെ, അടുക്കളയുടെ ഒരു മൂലയിലേയ്ക്ക് തഴയപ്പെട്ട ജീവിതം. ആ വീട്ടിൽ തുടർന്നാൽ തന്നെപ്പോലെ മക്കളുടെ ജീവിതവും കരിപുരണ്ടു പോകുമെന്നുള്ള തിരിച്ചറിവിൽ മീനാക്ഷി അവിടെ നിന്നിറങ്ങാൻ തീരുമാനിച്ചു.

സ്വന്തം വീട്ടിൽ നിന്നിറങ്ങേണ്ടി വന്നപ്പോൾ കൈയ്യിൽ കരുതി വച്ചിരുന്ന സ്വർണ്ണം ഒരു ആശ്വാസമായിരുന്നു. അതിൽ നിന്നു തുടങ്ങിയ ജീവിതം മീനാക്ഷിയെ ഇതുവരെ എത്തിച്ചു. കോരിച്ചൊരിയുന്ന മഴയും പൊള്ളുന്ന വെയിലും ഒന്നും അവളെ നിരാശപ്പെടുത്തില്ല……. കാരണം അതിനെ ക്കാളൊക്കെ നൂറിരട്ടി വേദനകൾ സഹിച്ചു ജീവിതം തുടങ്ങിയ പെണ്ണാണവൾ. അതു കൊണ്ടുതന്നെ ഇനി ഒന്നിനും അവളെ ഭയപ്പെടുത്താനാകില്ല. ഒന്നിലും പതറാത്ത മനസ്സുമായി മുന്നോട്ട് നടക്കും അവൾ….. സ്വന്തം മക്കൾക്ക് വേണ്ടി…….

ഓരോ ചിന്തകൾക്കിടയിലൂടെ മയങ്ങിപ്പോയത് അവളും അറിഞ്ഞില്ല.

ഒന്നുറങ്ങി എണീക്കുന്ന പോലെ വർഷങ്ങൾ പിന്നെയും കടന്നുപോയി. കാലത്തിനൊപ്പം മീനാക്ഷി വാർദ്ധക്യത്തിലേയ്ക്കും മക്കൾ യൗവ്വനത്തിലേയ്ക്കും സഞ്ചരിക്കാൻ തുടങ്ങി. ഡോക്ടർ ആകാൻ കഴിഞ്ഞില്ലെങ്കിലും മകൻ ശ്രീഹരി ഇന്നൊരു കോളേജ് അധ്യാപക നാണ്. ചിന്നു വിദേശത്ത് ഒരു ഹോസ്പിറ്റലിൽ നേഴ്സായി ജോലി നോക്കുന്നു. രണ്ടു പേരും രണ്ടു കുടുംബമായി സ്വസ്ഥമായി ജീവിക്കുന്നു. ഇന്ന് മീനാക്ഷി മകനോടും കുടുംബത്തോടുമൊപ്പം സന്തോഷമായി വിശ്രമജീവിതം നയിക്കുന്നു. അമ്മയുടെ കഷ്ടപ്പാ ടിൻ്റെയും വിയർപ്പിൻ്റെയും വിലയറിഞ്ഞു വളർന്ന മക്കൾ വാർദ്ധക്യ ത്തിൽ അമ്മയെ നെഞ്ചോട് ചേർത്തു പിടിച്ചു.

വിവാഹക്കമ്പോളത്തിൽ പെണ്ണിൻ്റെ നിറത്തിനും സ്വത്തിനും വില പറയുന്നവർക്കിടയിൽ മനസ്സിൽ നന്മയുള്ളവരായി അവർ ജീവിക്കട്ടെ. മാറിവരുന്ന ജീവിതസാഹചര്യങ്ങളിൽ പെണ്ണിൻ്റെ നിറത്തിനെക്കാളും സ്വത്തിനെക്കാളും സൗന്ദര്യം അവളുടെ സ്വഭാവത്തിനുണ്ടെന്ന് പുതുതലമുറ മനസ്സിലാക്കട്ടെ. മുന്നോട്ടുള്ള ജീവിതത്തിൽ വിവാഹ ത്തെക്കാൾ ആവശ്യം വിദ്യാഭ്യാസവും സ്വന്തമായൊരു തൊഴിലു മാണെന്ന ബോധത്തോടെ ഓരോ പെൺകുട്ടിയും വളരട്ടെ.

ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയപ്പെടേണ്ടവരല്ല മാതാപിതാക്ക ളെന്നും….. അവരുടെ ദാനമാണ് തങ്ങളുടെ ജീവിതമെന്നും….. വാർദ്ധക്യത്തിൽ അവർക്ക് തുണയായി കൂടെയുണ്ടാകണമെന്നുമുള്ള തിരിച്ചറിവോടെ ഓരോ മക്കളും വളരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *