മിഥുനം
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
അത്താഴം കഴിഞ്ഞ ശേഷമായിരുന്നു നടുത്തളത്തിലെ ചർച്ചയ്ക്കു തുടക്കമായത്. നെടുനീളത്തിൽ കിടന്ന, ആഢംബരങ്ങൾ പലതു നിറഞ്ഞ വിശാലതയുടെ മർമ്മഭാഗത്തായി, പഴയ ചാരുകസേരയിൽ അച്ഛനിരുന്നു.?നേരെ എതിർവശത്തുള്ള സെറ്റിയുടെ പതുപതുപ്പിൽ മൂത്തമകൻ ചന്ദ്രശേഖരനും, അരികിലായി ഭാര്യ പത്മജയും. മുകൾനിലയിലേക്കുള്ള ഗോവണിയുടെ അവസാന പടവിൽ ഇളയ സഹോദരി വസുന്ധരയും,?വസുന്ധരയുടെ ഭർത്താവ് ജയകൃഷ്ണൻ, ഗോവണിക്കു സമാന്തരമായി ഉയർന്നുപൊങ്ങിയ കൈവരിയിൽ ചാരിയും നിന്നു. ചാരുദത്തൻ, ചുമരും ചാരി ഗ്രാനൈറ്റ് തറയിലും സ്ഥാനം പിടിച്ചു.
സൗമ്യം ചലിച്ച പങ്ക പങ്കിട്ട കാറ്റ്, ജനലുകളിലെ നീലവിരികളിൽ നേർത്ത ചലനങ്ങളുണ്ടാക്കി ക്കൊണ്ടിരുന്നു. ഇടവത്തിൻ്റെ മഴശേഷിപ്പുകൾ പുറത്തു പെയ്തിറങ്ങുന്നുണ്ടായിരുന്നു. ജാലകങ്ങൾ അടഞ്ഞുകിടന്നിട്ടും സുഖദമായൊരു മഴത്തണുപ്പിനെ കാറ്റ് കൈപിടിച്ചു കൊണ്ടുവരുന്നു. കുറച്ചിട മുമ്പേവരെ പ്രവർത്തിച്ചിരുന്ന വലിയ ടെലിവിഷനെ നിശബ്ദമാക്കിയപ്പോൾ, ചിവീടുകളുടെ ശബ്ദം വിളിക്കാതെയെത്തുന്നുണ്ട്.
അടഞ്ഞ പൂമുഖവാതിലിനു മുകളിലെ ചുവരിൽ അമ്മയുടെ സചേതനമായൊരു വലിയ ചിത്രം ഫ്രെയിമിട്ടു വച്ചിട്ടുണ്ട്. പുതുക്കം മാറാത്ത, ഘനമുള്ള പ്ലാസ്റ്റിക് മുല്ലമാല ഫോട്ടോയിൽ ചാർത്തിയിരുന്നു. അമ്മച്ചിത്രത്തിനു താഴെയായി,?സദാ മിന്നിവിളങ്ങുന്ന വൈദ്യുതവെട്ടം. അമ്മ, അകമുറിയിലുള്ളവരെ ആർദ്രമായി വീക്ഷിക്കുകയാവാം. അമ്മയുടെ നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ടിന് പ്രദോഷസൂര്യൻ്റെ ശോണ ഭംഗി.
അച്ഛനാണ് ആദ്യം സംസാരിച്ചത്.
‘ചാരൂൻ്റെ കല്യാണത്തിന് ഇനി പത്തുനാൾ ബാക്കിയാകുന്നു. ക്ഷണമെല്ലാം പൂർത്തിയായെന്നു തീർച്ചപ്പെടുത്തിയതല്ലെ??നിങ്ങളോരുരുത്തരും അവരവർക്കു വേണ്ടപ്പെട്ടവരെ ഒരാളെപോലും വിസ്മരിക്കാതെ ക്ഷണിച്ചിട്ടുണ്ടാവുംന്നറിയാം. എങ്കിലും, ഒന്നൂടെ നോക്കണം. ഇനി മ്മടെ തറവാട്ടില് അടുത്തകാലത്തൊന്നും ഒരു കല്യാണല്ല്യ. ഹാളും സദ്യയും വാഹനങ്ങളും താലീം, ഫോട്ടം പിടുത്തോം എല്ലാം ശരിയായിട്ടുണ്ട്. എന്നാലും ഒരു ശ്രദ്ധ വേണം. എല്ലാ സംഗതികളും ഒരുവട്ടം കൂടി അവലോകനം ചെയ്യണം. എത്ര നോക്ക്യാലും പിഴവുകളുണ്ടാവും. നിശ്ചയം. പക്ഷേ, പിശകുകളുടെ ഭാരം കുറയ്ക്കാലോ.?നാളെ ഞായറാഴ്ച്ചയല്ലേ.?എല്ലാർക്കും അവധിയാണ്.?നാളെ നിങ്ങള് ഒന്നൂടൊന്നു നോക്ക്. സമയമുണ്ടിനിയും. ഓരോരുത്തരും ഏറ്റെടുത്ത കാര്യങ്ങള് മുഴുവനായോന്നു പരിശോധിച്ചാൽ മതി. എല്ലാം ഭംഗിയാവും’
‘ഹാളും വാഹനങ്ങളും ബുക്ക് ചെയ്തത് ഞാനാണച്ഛാ. എല്ലാം കൃത്യമാണ്. വസ്ത്രങ്ങളെല്ലാം നമ്മളെല്ലാരും കൂടിയാണു തെരഞ്ഞെടുത്തത്. താലീം മോതിരോം തടവളേം എല്ലാം അങ്ങനെത്തന്നെ.?കാറ്ററിംഗ്, ചാരൂൻ്റെ ഉറ്റചങ്ങാതിയാണ് ചെയ്യുന്നത്. ഫോട്ടോയും വീഡിയോയും ജയൻ്റെ സുഹൃത്തുക്കളാണ് ചെയ്യണത്. അതിലൊന്നും ടെൻഷനില്ല.ഞങ്ങള്, നാളെ ഒന്നൂടെ നോക്കാം’
ചന്ദ്രശേഖരനാണു മറുപടി പറഞ്ഞത്. സംഭാഷണങ്ങൾ പിന്നെയും തുടർന്നു. മുകൾനിലയിൽ നിന്നും തറവാട്ടിലെ പേരക്കുട്ടികളുടെ കളിചിരികളുടെ അലയിളക്കങ്ങൾ കേൾക്കാമായിരുന്നു. ഏതോ പുത്തൻ സിനിമയിലെ പാട്ടിൻ്റെ ദ്രുതതാളങ്ങൾക്കൊപ്പം അവരുടെ ചുവടുകളും ചലിക്കുന്നു. കലമ്പലുകൾ തുടരുന്നു.
‘ഞാൻ കിടക്കാൻ പോവുകയാണ്’?എന്നും പറഞ്ഞ് അച്ഛൻ സ്വന്തം മുറിയകത്തേക്കു നടന്നുനീങ്ങി. കൂടപ്പിറപ്പുകൾ ഓരോരുത്തരും അവരുടെ ഇടങ്ങളിലേക്കു പോകാനൊരുങ്ങി. മുകൾനിലയിലെ കലപിലകളും ആർപ്പുകളും ഒരു കുഞ്ഞൊഴുക്കെന്നപോലെ താഴെക്കു വന്നു. പരസ്പരം ശുഭരാത്രി നേർന്നുകൊണ്ട് അവർ കിടപ്പറകളിലേക്കു നീങ്ങി. ചാരുദത്തൻ ഗോവണി കയറാൻ തുടങ്ങുമ്പോഴാണ്, താഴെ നിന്നും വസുന്ധരയുടെ പറച്ചിലെത്തിയത്.
“കുഞ്ഞേട്ടാ, നന്ദേട്ടത്തിയെ വിളിക്കാൻ മറക്കരുത് ട്ടാ. വിളിക്കാതെ ഉറങ്ങില്ലെന്നറിയാം. എന്നാലും നാത്തൂനൊരു കടമയില്ലേ, അതോണ്ടു പറഞ്ഞതാ”
ചാരു ചിരിച്ചു. ‘ഇന്നിനി വിളിക്കില്ലെടി നാത്തൂനെ, നന്ദയിന്ന് അവളുടെ അമ്മായിയുടെ വീട്ടിൽ വിരുന്നിലാണ്. അവളും കസിൻസും അവരുടെ തിരക്കുകളിലായിരിക്കും. വിളി നാളെയാകാം’
ചാരു, മുകളിലേക്കു നടന്നുകയറി.
അകമുറിയിലെ മേശയിൽ നിന്നും ഒരു സിiഗരറ്റെടുത്തു തീ പിടിപ്പിച്ച്, പതിയെ ബാൽക്കണിയിലേക്കു വന്നു. മഴ പെയ്യുന്നുണ്ടായിരുന്നു.?ബാൽക്കണിയുടെ മഴക്കുളിരുള്ള കൈവരിയിൽ പിടിച്ച് മിഴികൾ അകലേക്കു പായിച്ചു.?ഒരു കവിൾ പുകവിഴുങ്ങി പുറത്തേക്കൂതി. മുറിയകത്തെ ജനലിലൂടെ വന്ന ഇത്തിരിവെട്ടത്തിൽ പുകച്ചുരുളു പടരുന്നതറിയാൻ കഴിയുന്നു. മഴച്ചാറ്റലിൻ്റെ ശബ്ദമങ്ങനെ ഏറിയും കുറഞ്ഞും വന്നു. വീടിനു മുന്നിലൂടെ കടന്നുപോകുന്ന പഞ്ചായത്തുവഴിയുടെ ഓരത്തെ വൈദ്യുതക്കാലിലെ ബൾബ് വെളുത്ത പ്രകാശം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.?വെട്ടത്തിലൂടെ കടന്നുവന്ന മഴബിന്ദുക്കളിൽ മഴവില്ലഴകു കാണാം. അയൽവീടുകളെയെല്ലാം ഇരുട്ടു മൂടിയിരുന്നു. അപ്പുറത്തെ വീടിൻ്റെ വിശാലമായ ഉദ്യാനത്തിൽ തിളങ്ങുന്ന മിന്നാമിനുങ്ങുകളെ കണ്ടു.?ഒന്നല്ല രണ്ടല്ല അനേകം.
ഇരുട്ടിനു ഹരിതനിറമുള്ള മിഴികൾ കണക്കേ അവയങ്ങനെ വിളങ്ങി. ഒരു കാറ്റടിച്ചു. തൊടിയിലെ മൂവാണ്ടൻ മാവിൻ്റെ ചില്ലകളുലഞ്ഞു. ഒരു കുളക്കോഴിയുടെ കരച്ചിൽ കേട്ടുവോ? പാടവും ജലസമൃദ്ധികളും പോയ്മറഞ്ഞ കാലത്ത് അതൊരു തോന്നലാവാനെ തരമുള്ളു. പക്ഷേ, ആ തോന്നലിന് എത്ര വേഗമാണ് കഴിഞ്ഞകാലത്തെ മനസ്സിലേക്കെത്തിക്കാൻ കഴിഞ്ഞത്.
ബാല്യത്തെ, അമ്മയെ ഓർമ്മകളിലേക്കാനയിച്ചത്. അമ്മ. ഓർമ്മയുറച്ച കാലം മുതൽക്കെ അമ്മയുടെ പതിവു വാചകങ്ങൾ മനസ്സിലുണ്ട്.
“കുട്ടമശ്ശേരിന്ന് ഈ പാലക്കടവിലേക്ക് പതിനഞ്ച് മിനുറ്റ് വേഗം നടക്കേണ്ട വഴിയേയുള്ളു. നടപ്പ് അത്ര ദൂരം ഒരിക്കലും വിഷയായിരുന്നില്ല. കുട്ടമശ്ശേരീന്ന് ഓട്ടുകമ്പനിയിലേക്ക് പതിമൂന്നു വയസ്സു മുതല് നടക്കണതാ. കല്യാണത്തിന്, അന്നുകാലത്ത് വണ്ടിയും വാഹനവുമൊക്കെ ആവണേയുള്ളു. അച്ഛൻ്റെയും ബന്ധുക്കളുടെയും കൂടെ, അമ്മ നടന്നാ കല്യാണം കഴിഞ്ഞു വന്നത്. തിരികെ അങ്ങോട്ടും അങ്ങനെത്തന്നെ. പാലക്കടവീന്ന് ഓട്ടുകമ്പനിയിലേക്ക് രാവിലെ ഒരോട്ടമുണ്ട്. റെയിൽപ്പാളങ്ങൾ മുറിച്ചുകടന്ന്. തീവണ്ടി വരോന്നൊന്നും നോക്കാൻ നേരല്യ. വൈക്യാ പണി പോവും. അച്ഛന്, ചുമട്ടുപണിക്കിടയിൽ വീണു നടൂന്ന് പരിക്കേറ്റേപ്പിന്നെ അമ്മക്ക് സ്വസ്ഥതയുണ്ടായിട്ടില്ല.”
അമ്മ പറഞ്ഞത് സത്യമാണ്. അമ്മയുടെ ബാല്യത്തിലേക്കാൾ അമ്മ വീണു കാൽമുട്ടു പൊട്ടിയത്, ഈ ഓട്ടുകമ്പനിയിലേക്കുള്ള നെട്ടോട്ടത്തിലാണ്.പഴയ തറവാടിൻ്റെ ജീർണ്ണതയിലെ ഇരുട്ടിൽ നിന്നായിരുന്നു അമ്മയുടെ പാച്ചിലുകളുടെ തുടക്കം. അന്നത്തെ കാട്ടുപറമ്പിൻ്റെ നടുവിലൂടെ അമ്മ സഞ്ചരിച്ച വഴിത്താര കാണാമായിരുന്നു.?കഴിയുന്ന ജോലികൾ ചെയ്ത് അച്ഛനും ജീവിതത്തോടു പൊരുതിയ കാലം.
അമ്മേടെ ആങ്ങളമാരിലൊരാളുടെ മോൻ്റെ കല്യാണത്തലേദിവസം. അഞ്ഞൂറു രൂപയെങ്കിലും കൊടുക്കണം. അവരും ഇല്ലാത്തേരാണ്. ആ കാശിന് വേണ്ടി അമ്മ എന്തോരം ഓടിയെന്നോ. അച്ഛന് അത്രയും ഒപ്പിക്കാനുള്ള പ്രാപ്തിയില്ലായിരുന്നു. പലരോടും ചോദിച്ച്, ഒടുവിൽ ഏതോ വട്ടിപ്പലിശക്കാരൻ്റെ കയ്യിൽ നിന്നും അമ്മയതു സംഘടിപ്പിച്ചു. അപ്പോഴേക്കും സമയം രാത്രിയായിരുന്നു. ഒരു മിഥുനത്തിൽ തന്നെയായിരുന്നു കല്യാണം. വണ്ടിയും വാഹനങ്ങളുമില്ലാത്ത, കൂരിരുളു ബാക്കിയായ രാത്രിയിൽ അമ്മയൊത്തിരി വിഷമിച്ചു. ആങ്ങളയുടെ വീട്ടിൽ തലേദിവസം എത്താൻ കഴിയാത്തതിൻ്റെ പേരിൽ. മാമൻ്റെ വീട്ടിൽ നിന്നും ആരും അന്വേഷിച്ചു വന്നുമില്ല എത്തു മെന്നു കരുതിക്കാണും. ഉറക്കം പോയ ആ രാത്രിയിലും ഇതുപോലെ മഴ പെയ്തിരുന്നു.
പാടം നിറയെ മിന്നാമിനുങ്ങുകൾ. ഉലഞ്ഞ മരച്ചില്ലകളിൽ നിന്നുയർന്ന കുളക്കോഴികളുടെ കരച്ചിൽ. ഇത്തിരിച്ചിവീടുകളുടെ പെരിയ ശബ്ദങ്ങൾ.?തവളക്കരച്ചിലുകൾ. തെളിഞ്ഞുമാഞ്ഞ മിന്നൽപ്പിണരുകൾ.
കാലം, അച്ഛൻ്റെ ദീനങ്ങൾക്കു സൗഖ്യം നൽകി. പക്ഷേ, അമിത അദ്ധ്വാനവും അലച്ചിലും സമ്മർദ്ധങ്ങളും അമ്മയെ രോഗിയാക്കി. അമ്മ മരിക്കുമ്പോൾ, ചന്ദ്രേട്ടനു പ്രായപൂർത്തി യായിട്ടുണ്ടായില്ല. പാടത്തിൻ കരയിലെ ചെറുവീടിൻ്റെ തെക്കേപ്പുറത്ത് പച്ചമാവിൻ വിറകു കത്തുന്ന പുകയുയർന്നു. തെക്കേപ്പുറത്ത് കുറച്ചുകാലം മണ്ണു തടിച്ചുകിടന്നു. പിന്നെയതു ഭൂമിക്കു സമമായി.
വല്ല്യേട്ടനും അനുജത്തിയും പഠിച്ച് ഉദ്യോഗസ്ഥരായി. നല്ല കുടുംബങ്ങളിൽ നിന്നും ബന്ധുത വന്നു. കുട്ടികളും കുടുംബവുമായി. പഠിക്കാൻ മടിയനായ നടുവിലെ മകനായിരുന്നു കൂടുതൽ ധനയോഗം. ഭൂമിയുടെയും വാഹനങ്ങളുടെയും ക്രയവിക്രയങ്ങളും, വട്ടിപ്പലിശയും, ചിട്ടിയുമെല്ലാം തന്ന സാമ്പത്തിക ഭദ്രത ചെറുതായിരുന്നില്ല. അങ്ങാടിയിലിപ്പോൾ പലചരക്കു കച്ചവടമുണ്ട്. നാട്ടിൽ, ഏറ്റവും മികച്ചൊരിടത്ത് മണ്ണുവാങ്ങി അതിലൊരു വലിയ വീടും പണിത്, കല്യാണത്തിനൊരുങ്ങുകയാണ്. അതിൻ്റെ തിരക്കുകളിലാണ്.
എരിഞ്ഞു തീരാറായ സിiഗരറ്റുകുറ്റി വലിച്ചെറിഞ്ഞ്, ചാരുദത്തൻ തെല്ലുനേരം കൂടി ബാൽക്കണിയിൽ നിന്നു. മഴ, പെരുമഴയാവുകയാണ്. അമ്മയെല്ലാം കാണുന്നുണ്ടാവും. അറിയുന്നുണ്ടാവും. അമ്മയുണ്ടായിരുന്നുവെങ്കിൽ എത്ര സന്തോഷമായേനെ. എല്ലാ ഭാഗ്യങ്ങളും ഒന്നിച്ചു വന്നുചേരില്ല.
ചാരുദത്തൻ, സ്വന്തം മുറിയിലേക്കു നടന്നു. നന്ദയെ ഒന്നു വിളിച്ചാലൊ.വേണ്ട, സമയം ഏറെയായി. നാളെയാകാം. പൊടുന്നനെ ഫോൺ ശബ്ദിച്ചു. ഡിസ്പ്ലേയിൽ നന്ദയുടെ സുന്ദരമുഖം തെളിഞ്ഞു.അമ്മ തോന്നിപ്പിച്ചതാകുമോ മോനെ വിളിക്കാൻ. ഫോൺ കാതോടു ചേർത്ത്, കട്ടിലിലേക്കു ചാഞ്ഞു.
മുറിയകത്തെ അരണ്ട വെട്ടത്തിലും വ്യക്തമാകുന്നു; അമ്മയുടെ ശ്രീത്വം തുളുമ്പുന്ന ചിത്രം ചുവരിലിരുന്നു പുഞ്ചിരിയുതിർക്കുന്നു.
മഴ തിമിർത്തു പെയ്യാൻ തുടങ്ങിയിരുന്നു.