Story written by Ammu Santhosh
സ്ഥലം
കോളേജ് ഗ്രൗണ്ട്
ദിവസം സ്പോർട്സ് ഡേ
ഞാനും എന്റെ കൂട്ടുകാരി ലതികയും സ്ഥലത്തുണ്ട്. പ്രത്യേകിച്ച് ഒരു പ്രവർത്തനങ്ങളിലും പങ്കെടുക്കാനല്ല. വോളന്റിയർ പോലുമല്ല. വെറുതെ ഒരു വായിനോട്ടം. ഒരു രസം. ഇങ്ങനെ ഓരോന്ന് കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ ലതികയോട് പറഞ്ഞു
“എടീ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ സ്പോർട്സിൽ ഭയങ്കര ആക്റ്റീവ് ആയിരുന്നു. മിക്സഡ് കോളേജ് ആയതു കൊണ്ടാ ചമ്മൽ “
അവൾ എന്നെ നോക്കിയ നോട്ടത്തിൽ ഒരു വിശ്വാസക്കുറവ്.
“സത്യം. ഞാൻ വോളിബോൾ ടീമിലുണ്ടായിരുന്നു “
ബോൾ ഒക്കെ പിടിക്കാനറിയുമോ എന്ന ആക്കിയ നോട്ടം വീണ്ടും.
കാരണം പണ്ടേ അവൾക്കെന്നെ വിശ്വാസം ഇല്ല ചില ഭർത്താക്കന്മാരെപ്പോലെയാ.. എപ്പോളും തമാശ പറയ്യുന്നതു കൊണ്ട് ഞാൻ കാര്യം പറയുകയാണോ ഇനി തമാശ ആണോ എന്നവൾക്ക് തീർച്ചയില്ല. ഒരു പാട് തവണ ഞാൻ പറ്റിച്ചിട്ടുണ്ട്.
ഇടക്ക് അവൾ എങ്ങോട്ടോ പോയി കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും വന്ന് അടുത്ത് നിന്നു
കുറച്ചു കഴിഞ്ഞപ്പോൾ ഷോർട് പുട് മത്സരത്തിന്റെ പേര് വിളിക്കുന്നു.
എന്റെ പേര് പോലൊരു പേര്
“എടീ എന്റെ പേരുള്ള വേറെ കൊച്ചു ഉണ്ട്.. കേട്ട “
“അത് നീ ആണ് ചെല്ല്. സ്പോർട്സിൽ മിടുക്കിയല്ലേ ?”
“എടീ സാമദ്രോഹി ഷോർട് പുട് എടുക്കാനുള്ള ആരോഗ്യം പോലുമെനിക്കില്ല. ഞാൻ അത് കണ്ടിട്ടു കൂടിയില്ല “
“നീ ചെല്ല് സാർ വിളിക്കുന്നു “
സത്യത്തിൽ ഒരു തോ ക്ക് ഉണ്ടായിരുന്നു എങ്കിൽ ഞാൻ അവളെ അവിടെ വെ ടി വെച്ചിട്ടേനെ. അവൾ പോയി എന്റെ പേര് കൊടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
ഷോർട്പുട്ട് കൈയിൽ കിട്ടിയതും ഞാൻ ഒന്ന് വേച്ചു.മുടിഞ്ഞ ഭാരം
“ആഞ്ജനേയാ “
ഇതൊക്കെ എടുക്കുന്നവനെ സമ്മതിക്കണം ഇതു എറിയുക കൂടി ചെയ്യുന്നവൻ രാജാവ് ആണ് രാജാവ്
ഞാൻ മുന്നോട്ടാഞ്ഞു
“മൂന്നു തവണ കറങ്ങിയാൽ കൂടുതൽ ഫോഴ്സ് കിട്ടും. നമ്മൾ ഫിസിക്സ് പഠിച്ചിട്ടില്ലേ. Centripetal force “അടുത്ത് നിന്ന ആരോ പറയുന്നു
ഫിസിക്സ് ഒലക്ക… കറങ്ങാൻ പോയിട്ടു നിൽക്കാൻ മേല. കുന്തത്തിനു ഒടുക്കത്തെ ഭാരം.
ഞാൻ അവളെ ഒന്ന് നോക്കി. അവളുടെ മുഖത്ത് ഒരു ഉണങ്ങിയ ചിരി.
ദൈവമേ ഈ ഷോട്പുട് അവളുടെ മുഖത്ത് കൊള്ളണേ
അവളോടുള്ള സർവ ദേഷ്യം കൈയിൽ സമാഹരിച്ചു ഒറ്റ ഏറായിരുന്നു
പിന്നേ ഓടി അവളുടെ അടുത്ത് ചെന്നു കുനിച്ചു നിർത്തി നാല് ഇടി. അല്ല പിന്നെ
ഫലം പ്രഖ്യാപിച്ചു
മൂന്നാം സ്ഥാനം ഈയുള്ളവൾക്ക്
സാറിന് തെറ്റിപോയതായിരിക്കുമോ?
“എടീ നിനക്കാടീ “
അവൾ എന്നെ കെട്ടിപ്പിടിച്ചു
ഞാൻ കണ്ണും മിഴിച്ചു നിൽപ്പാണ്
“നീ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല സോറി “അവൾ
“എന്ത് ?”
“നിനക്ക് സ്പോർട്സ് അറിയാംന്ന് “
“അത് വോളിബാൾ ആണ്. ഈ ഉണ്ട എറിയലല്ല… ഇനി മേലിൽ ഇങ്ങനെ വല്ലോം കാണിച്ചിട്ടുണ്ടെങ്കിൽ ഓർത്തോ പതിനാറു ദിവസം കഴിഞ്ഞാൽ നിന്റെ അടിയന്തിരമാ”ഭദ്രകാളിയായ ഞാൻ
അവൾ പൊട്ടിചിരിച്ചു
“കിണിക്കല്ലേ വന്ന് എന്റെ കൈയിൽ ബാം ഇട്ടു താടീ “
ഞാൻ ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു. ലെഫ്റ്റ് റൈറ്റ്
അവൾ പിന്നാലെ

