എത്രയോ ആളുകൾ വന്നു കണ്ടു. ഒന്നും നടന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ മാറ്റ കല്യാണത്തിൻ്റെ ആലോചന വന്നത്. അത് സാരമില്ല. ഏട്ടനോട് ഞാൻ വിനുവിൻ്റെ അനിയത്തിയെ മാറ്റക്കല്യാണം കൂടാതെ കെട്ടുവാൻ പറയാം…….

മാറ്റക്കല്യാണം

Story written by Suja anup

മുന്നിൽ വന്നു നിന്ന രൂപത്തോടു എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നൂ. ആദ്യത്തെ പെണ്ണുകാണൽ. അതും വീട്ടുകാരുടെ നിർബന്ധത്തിനു മാത്രം വഴങ്ങി ഉള്ളത്. കെട്ടുവാൻ പ്രായം ആയിട്ടില്ല എന്നെനിക്കറിയാം. PSC ലിസ്റ്റിൽ പേരുണ്ട്. ഒരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പായിരുന്നൂ. എന്നിട്ടും….ആലോചിക്കുന്തോറും അവളെ ക ടിച്ചുകീiറുവാൻ ആണ് തോന്നിയത്.

അവൾ ആണെങ്കിൽ ഒരു നല്ല സാരി പോലും ഉടുത്തിട്ടില്ല. പെണ്ണ് കാണുവാൻ വരുന്നവൻ്റെ മുന്നിൽ കുറച്ചൊക്കെ മെനയായി നിന്നൂടെ. അതെങ്ങനെ മുഖത്തു നോക്കി ചോദിക്കും.

എനിക്ക് അവളെ കണ്ടപ്പോൾ ദേഷ്യമാണ് വന്നത്. പക്ഷേ, അവളുടെ കണ്ണുകളിലെ ദൈന്യത എന്നെ തളർത്തി. ദേഷ്യപ്പെട്ടു ഒന്നും പറയുവാൻ തോന്നിയില്ല.

ഒറ്റ നോട്ടത്തിൽ തന്നെ ‘നോ’ എന്ന് മനസ്സുകൊണ്ട് ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നൂ.. പെട്ടെന്ന് ആരോ പറഞ്ഞു.

“നമുക്ക് അങ്ങു മാറി നിൽക്കാം. പഴയ കാലം ഒന്നും അല്ലല്ലോ. അവർക്കു എന്തെങ്കിലും പറയുവാൻ ഉണ്ടെങ്കിലോ.” അവളുടെ ചേട്ടൻ പറഞ്ഞു.

“നിലീന, നീ അവനെയും കൂട്ടി തൊടിയിലൂടെ ഒന്ന് നടക്കൂ. അതാകുമ്പോൾ നിങ്ങൾക്ക് മനസ്സ് തുറന്നു സംസാരിക്കാമല്ലോ.” അവളുടെ പേര് പോലും അപ്പോഴാണ് എനിക്ക് മനസ്സിലായത്. മനസില്ലാ മനസ്സോടെ ഞാൻ അവൾക്കൊപ്പം തൊടിയിലേക്കു നടന്നു.

കെട്ടുന്ന പെണ്ണിനെ കുറിച്ച് മനസ്സിൽ ഒരുപാടു സ്വപ്നങ്ങൾ ഉണ്ടായിരുന്നൂ. അവളുടെ വസ്ത്രങ്ങൾ മോഡേൺ ആവണം, എനിക്കൊരു ജോലി കിട്ടി കഴിയുമ്പോൾ, കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആവണം വധു. ഒരുമിച്ചു ഓഫീസിൽ പോകണം. അങ്ങനെ ഒരുപാടു..

ഇതിപ്പോൾ…

“വിനു എന്താ ചിന്തിക്കുന്നത് എന്ന് എനിക്കറിയാം.” ഞാൻ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നൂ.

“എന്നെ വിനു വിവാഹം കഴിക്കേണ്ട കേട്ടോ. എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞു ഒഴിഞ്ഞാൽ മതി. വിനുവിന് ചേർന്ന പെണ്ണല്ല ഞാൻ എന്നെനിക്കറിയാം. വിനുവിനെക്കാളും മൂന്ന് വയസ്സ് മൂപ്പുണ്ടെനിക്ക്. മാറ്റക്കല്യാണം ആയതുകൊണ്ട് ഈ ചതി വിനു പ്രതീക്ഷിച്ചു കാണില്ല അല്ലെ..”

ഞാൻ ഒന്നും മിണ്ടിയില്ല. അവൾക്കു എന്നെക്കാളും പ്രായം ഉണ്ടെന്നു ആരും പറയാതെ തന്നെ മനസ്സിലാക്കുവാൻ കഴിയും.

” എനിക്ക് ഇതൊക്കെ ശീലമാണ്. എത്ര പേരുടെ മുൻപിൽ വേഷം കെട്ടി നിന്നു ഇതുവരെ എന്നോർമ്മയില്ല. എല്ലാം ഒരു പ്രഹസനം ആണ്. എല്ലാം എൻ്റെ തെറ്റാണ്‌. രണ്ടുപേരെ ഒരുമിച്ചു പഠിപ്പിക്കുവാൻ അച്ഛന് ആവുമായിരുന്നില്ല. അതുകൊണ്ടു പ്ലസ് ടു കഴിഞ്ഞതും എൻ്റെ പഠനം മുടങ്ങി. അമ്മയ്ക്കു സുഖമില്ലാതിരുന്നത് കൊണ്ട് വീട്ടുപണി മുഴുവൻ പിന്നെ ഞാൻ ഏറ്റെടുത്തു. ഈ വീട്ടിലെ ചുവരുകൾക്കുള്ളിൽ എൻ്റെ ജീവിതം മുരടിച്ചു തുടങ്ങിയിരിക്കുന്നൂ.” .പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞു..

“വിനുവിൻ്റെ അനിയത്തിക്ക് എന്ത് പ്രായം കാണും..?”

“ഇരുപത്തിയൊന്ന്..”

“പിന്നെ എന്തിനാണ്, ധൃതി വച്ച് ഈ കല്യാണം നടത്തുന്നത്. സമയം ധാരാളം ഉണ്ടല്ലോ.”

“ഇരുപത്തിയൊന്നിൽ നടന്നില്ലെങ്കിൽ പിന്നെ നടക്കില്ലത്രേ. അച്ഛന് ജാതകത്തിൽ നല്ല വിശ്വാസം ആണ്. പിന്നെ സ്ത്രീധനം കൊടുക്കുവാൻ ഒന്നുമില്ല. ഇതാവുമ്പോൾ..”

“മനസ്സിലായി. എൻ്റെ കാര്യം ഓർത്തു വിഷമിക്കേണ്ട. വയസ്സ് ഇരുപത്തെട്ടായി. ഇനിയൊരു വിവാഹം ഒന്നും ഞാൻ സ്വപ്നം കാണുന്നില്ല. ആർക്കും ഒരു ഭാരം ആവാതെ മുന്നോട്ടു പോകണം അത്രേ ഉളളൂ മനസ്സിൽ. കാണുവാൻ വരുന്നവർക്ക് കൊടുക്കുവാൻ പൊന്നൊന്നും ഇവിടെ ഇല്ല. എത്രയോ ആളുകൾ വന്നു കണ്ടു. ഒന്നും നടന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ മാറ്റ കല്യാണത്തിൻ്റെ ആലോചന വന്നത്. അത് സാരമില്ല. ഏട്ടനോട് ഞാൻ വിനുവിൻ്റെ അനിയത്തിയെ മാറ്റക്കല്യാണം കൂടാതെ കെട്ടുവാൻ പറയാം കേട്ടൊ. ” പിന്നെ ഒന്നും പറയാതെ അവൾ തിരികെ നടന്നൂ.

അവളുടെ സ്ഥാനത്തു എൻ്റെ അനിയത്തിയെ ഞാൻ സങ്കൽപ്പിച്ചു നോക്കി. മനസ്സ് പറഞ്ഞു.

“പാവം..” വീട്ടിൽ എത്തിയതും ഞാൻ ഒറ്റക്കാലിൽ നിന്നൂ.

“എനിക്ക് ഈ വിവാഹം വേണ്ട.” ഉടനെ അച്ഛൻ ബാധ്യതകളുടെ കണക്കുകൾ നിരത്തി.

“നിന്നെ പഠിപ്പിക്കുവാൻ എത്ര പണം ചെലവായി. എല്ലാം കൂലി വേല ചെയ്തു ഞാൻ ഉണ്ടാക്കിയതാണ്. ഇപ്പോൾ എനിക്ക് വയ്യ. നിനക്കൊരു ജോലി കിട്ടും എന്ന് കരുതി ഇത്ര നാൾ ഞാൻ കാത്തു. ഇനി വയ്യ. ഞാൻ ഈ വീട് വിറ്റു അവളുടെ കല്യാണം നടത്തും. നീയായി നിൻ്റെ പാടായി. ഞാനും നിൻ്റെ അമ്മയും പിച്ച തെണ്ടി ജീവിച്ചോളാ൦.” പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.

ഏതായാലും എൻ്റെ സമ്മതം കൂടാതെ തന്നെ അച്ഛൻ ആ കല്യാണം ഉറപ്പിച്ചു. ആദ്യം സ്വന്തം മകളുടെ കല്യാണം നടത്തണം എന്ന് അവർ വാശി പിടിച്ചു. ഒരു പക്ഷേ ഞാൻ വിവാഹത്തിൽ നിന്നും പിന്മാറും എന്നവർക്ക് തോന്നിക്കാണും.

സത്യത്തിൽ അങ്ങനെ ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നൂ.

എൻ്റെ കല്യാണം കഴിഞ്ഞു ഒരു ആഴ്ചക്കുള്ളിൽ തന്നെ അനിയത്തിയുടെ വിവാഹവും നടന്നു. അവൾ സന്തോഷത്തോടെ അവനൊപ്പം ഇറങ്ങി.

അനിയത്തിയുടെ വിവാഹത്തിരക്കിനിടയിൽ എന്തോ എൻ്റെ ഭാര്യയെ ശ്രദ്ധിക്കുവാൻ എനിക്ക് സമയം കിട്ടിയില്ല. അല്ലെങ്കിൽ തന്നെ വീട് നിറച്ചു ബന്ധുക്കൾ ആയിരുന്നൂ.

ആദ്യരാത്രിക്ക് അവളുടെ വീട്ടിൽ സ്ഥലം കിട്ടിയത് തന്നെ തട്ടിൻപുറത്തായിരുന്നൂ. ആ ചെറിയ വീട്ടിൽ അത് തന്നെ കിട്ടിയത് ഭാഗ്യം. കൂടെ വേറെ ആളുകളും ഉണ്ടായിരുന്നൂ. എല്ലാവരും കൂടെ നിരത്തി പിടിച്ചു പായിട്ടു കിടന്നൂ. തിരിച്ചു ഇവിടെ എത്തിയപ്പോൾ ഇവിടേയും അവസ്ഥ അതുതന്നെ ആയിരുന്നു. ഒരർത്ഥത്തിൽ അതെനിക്ക് ആശ്വാസം ആയിരുന്നൂ. മനസ്സുകൊണ്ട് അവളെ ഞാൻ സ്വീകരിച്ചിരുന്നില്ല. പിന്നെ എന്തോ, താലി കെട്ടിപ്പോയി എന്നുള്ള ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നൂ. അനിയത്തിയുടെ കൊണ്ടുപോക്കും കൂടെ കഴിഞ്ഞതോടെ എനിക്ക് ഒരു മുറി ഒഴിഞ്ഞു കിട്ടി.

ആകെ ഉള്ളത് രണ്ടുമുറികളും, ഒരു അടുക്കളയും, പിന്നെ മച്ചും ആണ്. അനിയത്തി കയ്യടക്കി വച്ചിരുന്ന മുറി അങ്ങനെ എൻ്റെ സ്വന്തമായി. ഭാര്യ വന്നതുകൊണ്ടുള്ള നേട്ടം. പെട്ടെന്ന് അവൾ മുറിയിലേക്ക് കടന്നു വന്നൂ. ഉള്ള കട്ടിലിൽ അവൾക്കും ഞാൻ മനസ്സില്ലാ മനസ്സോടെ സ്ഥലം നൽകി. ഞാൻ ഒന്നും മിണ്ടിയില്ല.

“വിനുവിന് എന്നെ മനസ്സുകൊണ്ട് സ്വീകരിക്കുവാൻ പ്രയാസം ആണെന്നറിയാം. സാരമില്ല കേട്ടോ. എനിക്ക് പരാതിയൊന്നും ഇല്ല..” അവൾ ആരോടെന്നില്ലാതെ പറഞ്ഞു. ദിവസ്സങ്ങൾ കടന്നു പോയികൊണ്ടിരുന്നൂ.

അവൾ എത്ര പെട്ടെന്നാണ് വീടിനോടു ഇഴുകി ചേർന്നത്. എൻ്റെ ഇല്ലായ്‌മകൾ അറിഞ്ഞവൾ പെരുമാറി. കിട്ടുന്ന പണം എങ്ങനെ ചെലവാക്കണം എന്നവൾക്കു അറിയാമായിരുന്നൂ. മനസ്സുകൊണ്ട് അവൾ വലിയവൾ ആണെന്ന് പതിയെ എനിക്ക് മനസ്സിലായി. പ്രതീക്ഷിച്ച പോലെ തന്നെ എനിക്ക് ജോലി കിട്ടി. ജോലി സ്ഥലത്തേക്ക് പോകുവാൻ അവൾ എല്ലാം ഒരുക്കി തന്നു.

“നാളെ നേരത്തെ എഴുന്നേൽക്കണം. മോൻ വേഗം പോയി കിടന്നോ.” അത്താഴം കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു.

ഞാൻ തലയാട്ടി. കട്ടിലിൽ കിടന്നതും ഉറങ്ങിപ്പോയി. രാത്രിയിൽ എപ്പോഴോ ഉണർന്നപ്പോൾ ആണ് ജനലിൽ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുന്ന അവളെ കണ്ടത്. ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നൂ. ആ തോളിൽ കൈ വച്ചു. അവൾ തിരിഞ്ഞു നോക്കി.

“എന്തേ ഉറങ്ങിയില്ലേ..” അവളുടെ കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർത്തുള്ളികൾ ഞാൻ തുടച്ചു.

“എന്തോ ഉറക്കം വന്നില്ല. ഇനി ആരുമില്ല എന്നൊരു തോന്നൽ മനസ്സിൽ കയറിയിരിക്കുന്നൂ. ഞാൻ ഇവിടെ ഒരധികപ്പറ്റല്ലേ വിനു.” പെട്ടെന്ന് ഞാൻ അവളുടെ വാ പൊത്തി.

“ഞാൻ അവിടെ എത്തിയതും ഒരു വീട് നോക്കും. അടുത്ത വരവിൽ താൻ ഉണ്ടാകും എനിക്കൊപ്പം. തന്നെ മനസ്സു കൊണ്ട് സ്വീകരിക്കുവാൻ കുറച്ചു സമയമെടുത്തു. ഇത്രയും ദിവസ്സം താൻ ഈ മുറിയിൽ ഉണ്ടായിരുന്നപ്പോൾ അത് ഞാൻ മനസ്സിലാക്കിയില്ല. പക്ഷേ, നാളെ തന്നെ തനിച്ചാക്കി പോകുവാൻ എനിക്കും വിഷമം ഉണ്ട്.” പ്രായമോ, സൗന്ദര്യമോ അല്ല മനസ്സുകൾ തമ്മിൽ ചേരുന്നതാണ് ദാമ്പത്യം എന്ന് ഞാൻ അപ്പോൾ തിരിച്ചറിഞ്ഞിരുന്നൂ.. മനസ്സിൽ ഒന്ന് ഞാൻ ഉറപ്പിച്ചിരുന്നൂ..

“മുടങ്ങിപ്പോയ അവളുടെ പഠനം തുടരണം. PSC ടെസ്റ്റുകൾ അവളെക്കൊണ്ട് എഴുതിക്കണം. ചേർത്ത് പിടിച്ചു അവളെ കൈപിടിച്ചുയർത്തണം. ഇന്നെനിക്കു അതിനു സാധിക്കും. പരസ്പ്പരം താങ്ങാകുന്നതല്ലേ ദാമ്പത്യം.”

Leave a Reply

Your email address will not be published. Required fields are marked *