അളിയൻ്റെലീലകൾ
എഴുത്ത്:-ഷെർബിൻ ആന്റണി
അത്യന്തം വേദനയോടെയാണ് സംഭവ ബാഹുബലിയായ അളിയൻ്റെ കഥ ഞാൻ നിങ്ങളിലേക്ക് എത്തിക്കുന്നത്.
ആദ്യമായ് ഗൾഫിലെത്തിയ അളിയന് സംഭവിച്ച ക്രൂiരമായ പീiഠനങ്ങളുടെ കഥ!
അറബിയുടെ വീട്ടിലെ വേലക്കാരിക്ക് നെഞ്ച് വേദന വന്നപ്പോൾ രാത്രിയാണോ പകലാണോന്ന് നോക്കാതേ കിച്ചണിൽ കയറി ചൂട് വെള്ളം തിളപ്പിക്കുകയും, ആ പാവം ഫിലീപ്പിനിയുടെ മുതുക് തടവി കൊടുക്കാനും അളിയൻ കാണിച്ച വലിയ മനസ്സ് അറബിക്ക് മനസ്സിലാക്കാൻ പറ്റിയില്ല.
പാതിരാത്രി ആയിട്ടും ഉറക്കം വരാതിരുന്നപ്പോൾ, സ്ലീപ്പിംഗ് പിൽസ് കഴിക്കാനായ് ഗേറ്റിനരുകിലുള്ള ക്യാബിനിലിരുന്ന കുപ്പി വെള്ളം കമഴ്ത്തി കളഞ്ഞിട്ട്, ഫ്രഷ് വെള്ളം എടുക്കാൻ കിച്ചണിൽ വന്നതാണെന്ന് പറഞ്ഞപ്പോഴാണ് ക്രൂiരനായ ആ കാട്ടറബി അളിയനെ എടുത്തിട്ട് അറഞ്ചം പുറഞ്ചം തiല്ലിയത്.
ബിരുദധാരിയായ അളിയൻ പ്രവാസത്തിലേക്ക് വന്നത് ഫ്രീ വിസയ്ക്കാണ്. എഞ്ചിനീയറായ് ജോലി തേടി അലഞ്ഞ അളിയന് വേറേ ഗത്യന്തരമില്ലാതേ വന്നപ്പോൾ അറബി വീട്ടിൽ നൈറ്റ് സെക്യൂരിറ്റി പണി ചെയ്യേണ്ടി വന്നു. പക്ഷേ ജോലി തന്ന അറബി തന്നെ ഇടയ്ക്കിടെ ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ച് മർiദ്ദിച്ച് അവiശനാക്കുന്നത് എന്തിനാണെന്ന് ആ പാവത്തിന് ഇത് വരെ മനസ്സിലായിരുന്നില്ല താനും.
മനസ്സിൽ കളങ്കം ഇല്ലാത്ത അളിയന് ഉള്ളിൽ ഒന്നും ഒളിപ്പിച്ച് വെക്കാൻ അറിയില്ലായിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങുന്നുണ്ടോന്ന് ചെക്ക് ചെയ്യാൻ അറബി, ഇടയ്ക്കിടെ അളിയൻ ഇരിക്കുന്ന ക്യാബിനിൽ വന്നിരുന്നു.
പിശുക്കിൻ്റെ അപ്പിച്ചി ആയിരുന്ന അറബി എന്തേലും കുറ്റം കണ്ട് പിടിച്ച് തല്ലാനും, ശമ്പളം കുറക്കാനും മിടുക്കനായിരുന്നു.സ്വന്തം തന്തയ്ക്ക് വയ്യാതായപ്പോൾ ഒക്സിജൻ സിലിണ്ടറ് അത്യാവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചതിന് OLX ല് വരുമ്പോൾ എടുക്കാന്ന് പറഞ്ഞവനാണ് നമ്മുടെ അറബി.
ഒരിക്കൽ തലയിൽ പുതപ്പുമിട്ട് ഡാഡി ഗിരിജയെ പോലേ വന്ന അറബീനോട് അളിയൻ ചോദിച്ചു അല്ലപ്പാ ഇങ്ങക്ക് രാത്രീല് ഉറക്കമൊന്നുമില്ലേ, കട്ടിലേ കിടന്ന് ബോറഡിക്കുന്നെങ്കിൽ ഇവിടെ വന്നിരിക്ക് ഞാനിച്ചിരി നേരം ഒന്ന് മയങ്ങീട്ട് വരാമെന്ന്.
അത് കേട്ട് കലി കയറിയ ആ നീചനായ അറബി, ഈന്തപ്പനയുടെ ഉണക്ക മടലെടുത്താണ് പാവം അളിയനെ അടിച്ചത്.
മറുത്ത് ഒരക്ഷരം പോലും കമാന്ന് അറബിയിൽ ഉരിയാടാതേ നമ്മുടെ അളിയൻ ആ അടിയെല്ലാം ഇടം കൈ കൊണ്ട് തടുക്കുകയായിരുന്നു സൂർത്തുക്കളേ.
എത്ര തiല്ല് കിട്ടിയിട്ടും അതൊന്നും സ്വന്തം വീട്ട് കാരെ അറിയിച്ചിരുന്നില്ല. ആ തiല്ലിൽ ഇടം കൈ ഒടിഞ്ഞെങ്കിലും, കഷ്ടപ്പാടിനും ബുദ്ധിമുട്ടിനും ഒരു കുറവും ഉണ്ടായിരുന്നില്ല ആ പാവത്തിന്.
ഇടത്തേ കൈയ്യിൽ പ്ലാസ്റ്റർ ഇട്ടിരുന്നെങ്കിലും, കഷ്ടപ്പെട്ടിട്ടാണ് ആ മാന്യ വ്യക്തി കുബ്ബൂസൊക്കെ വലിച്ച് കീറി ചാറിൽ മുക്കി അണ്ണാക്കിലേക്ക് തള്ളിയിരുന്നത്.
പണ്ടേ തന്നെ ചൂട് പൊറോട്ട കാണുമ്പോൾ അളിയന് കൈയ്യും കാലുമൊക്കെ വിറവല് പതിവാണ്.ചില സമയങ്ങളിൽ ആക്രാന്തം മൂത്ത് പൊറോട്ട വലിച്ച് കീറുമ്പോൾ ഇടത്തേ മുട്ട് കൈയ്യിൽ ചെറിയ വിങ്ങലുണ്ടാവുമെങ്കിലും ആ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീര് വന്നില്ലെന്ന് മാത്രമല്ല, കാല് കൊണ്ട് ചവിട്ടി പിടിച്ചിട്ടാണെങ്കിലും പൊറോട്ട വലിച്ച് കീറി മട മടാന്ന് കേറ്റാൻ അദ്ദേഹത്തിന് പ്രത്യേക വൈഭവം ആയിരുന്നു.
അങ്ങനെയിരിക്കെ മൂപ്പര്ടെ വെഡ്ഡിംഗ് ആനിവേഴ്സറി ആവാറായ നേരം ഭാര്യയ്ക്ക് ഒറ്റ നിർബന്ധം മൂപ്പരുടെ പുതിയ ഫോട്ടം വേണമെന്ന്. കൈയ്യിൽ പ്ലാസ്റ്ററ് ഇട്ടിരുന്ന അളിയൻ അത് കേട്ട് ഞെട്ടിപ്പോയി. ഇപ്പോഴത്തെ പോലേ മുബൈലൊക്കെ വരുന്നതിനും മുന്നേ ഉള്ള കാലമായിരുന്നല്ലോ.
ഒടുവിൽ മനസ്സില്ലാ മനസ്സോതേ, ഭാര്യയെ പിണക്കേണ്ടെന്ന് കരുതി ഡോക്ടറ് പറയും മുന്നേ അളിയൻ പ്ലാസ്റ്ററ് വെട്ടി തൊട്ടടുത്തുള്ള സ്റ്റുഡിയോല് പോയി ഫോട്ടോ എടുത്തയച്ച് കൊടുത്തു.പ്ലാസ്റ്ററ്റ് എടുത്തെന്ന് മാത്രേ ഉള്ളൂ, കൈയ്യുടെ പൊസിഷൻ മടങ്ങി തന്നെ ആയിരുന്നു താനും.
ഈ ഫോട്ട കണ്ട മൂപ്പത്തി ചോദിച്ചു, നിങ്ങടെ കൈക്ക് എന്ത് പറ്റി മനുഷ്യാ കോച്ച് വാതം വന്നോന്ന്. ബുദ്ധിമാനായ അളിയൻ പറഞ്ഞു എടി നമ്മുടെ വെഡ്ഡിംഗ് ആനിവേഴ്സറിയല്ലേ വരുന്നത്, നീ ഈ ഫോട്ടോയും നിൻ്റെ ഒരു ഫോട്ടോയും കൊണ്ട് അടുത്തുള്ള സ്റ്റുഡിയോല് കൊടുത്തിട്ട് പറ രണ്ട് പേരും കൈ കോർത്തിരിക്കുന്ന ഒരു ഫോട്ടോ വേണമെന്ന്!
അത് കേട്ട ഭാര്യയ്ക്ക് നാണം വന്നു തന്നോടുള്ള മൂപ്പിലാൻ്റെ അതിയായ പ്രണയത്തെ കുറിച്ച് ഓർത്തപ്പോൾ കൊഞ്ചിക്കാനും മറന്നില്ല. അതിന് കാരണം പിന്നീട് അളിയൻ പറഞ്ഞ ആ പഞ്ച് ഡയലോഗായിരുന്നു.
എന്നിട്ട് നീ ആ ഫോട്ടം എനിക്ക് അയച്ച് തരണം, രാത്രീല് നിൻ്റെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ പിന്നെ എനിക്ക് മന:സമാധാനത്തോടെ കിടന്ന് ഉറങ്ങാൻ പറ്റില്ലല്ലോന്ന്!
N.B : പ്രവാസത്തിനിടയിൽ അനുഭവിച്ച ദുരിതങ്ങൾ പുറം ലോകത്തിന് അറിയച്ചതിന് അളിയനിപ്പോൾ എന്നോട് പ്രത്യേക സ്നേഹം ഉണ്ടെന്നും, നേരിട്ട് കാണുമ്പോൾ പാരിതോഷികം കൊണ്ട് മൂടാന്നും പറയാൻ പറഞ്ഞു. എന്താകുമോ…യെന്തോ!