എഴുത്ത്:-ഹക്കിം മൊറയൂർ
പതിവില്ലാതെ മഴ പെയ്തു തോർന്ന ഒരു ദിവസമായിരുന്നു അന്ന്. മഴയിൽ കുളിച്ചു ആലസ്യത്തോടെ കിടക്കുകയാണ് ഹൈദരാബാദ് നഗരം.
തിരക്കൊഴിഞ്ഞ തെരുവുകളിലൂടെ നടന്ന് ചാർമിനാറിന്റെ മുന്നിലെത്തി. അന്ന് നഗരത്തിന് വല്ലാത്ത ഒരു വാടയായിരുന്നു. നഗരത്തിലെ അഴുക്കു ചാലുകൾ മനുഷ്യൻ അവളുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച സർവ്വ മാലിന്യങ്ങളും പെiറ്റിട്ട ദിവസം.
നനവ് പടർന്ന റോഡിലൂടെ നടക്കുമ്പോൾ റോഡിന് ഇരുവശവും തെരുവുകൾ ഭർത്താവ് മരിച്ച ഭാര്യയെ പോലെ വെള്ളയണിഞ്ഞു കിടന്നു. പെട്ടെന്ന് പെയ്ത മഴയിൽ നഗരത്തിരക്കുകൾ അവസാനിച്ചിരുന്നു. നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടു വരേണ്ട സഞ്ചാരികൾ മഴയിൽ അവരുടെ പദ്ധതികൾ ഉപേക്ഷിച്ച് കാണണം. മഴയിൽ കുളിച്ച് നിൽക്കുന്ന ചാർമിനാർ ആസ്വദിച്ചു നിൽക്കവേ പെട്ടെന്ന് എന്റെ പിറകിൽ നിന്നും ഒരു ശബ്ദം കേട്ടു
തിരിഞ്ഞു നോക്കുമ്പോൾ ഒരു പെൺകുട്ടിയാണ്. വെയിൽ കൊണ്ട് നിറം മങ്ങിയ ചുവപ്പ് നിറമുള്ള ചുരിദാറാണ് അവളുടെ വേഷം. തട്ടം അലക്ഷ്യമായി തലയിൽ ചുറ്റിയിരിക്കുന്നു. ഇരു കൈ തണ്ടകളും ശൂന്യമാണ്. കഴുത്തിൽ ഒരു ചെറിയ മാല. കാതിൽ വെള്ളി കമ്മൽ. ആഡംബരമായി ആകെ പറയാനുള്ളത് നിറം മങ്ങിയ ഒരു മൂക്കുത്തിയാണ്. 14 വയസ്സോളം പ്രായം തോന്നിക്കുന്ന മെലിഞ്ഞ ഒരു പെൺകുട്ടി.
‘നല്ല വളകൾ ഉണ്ട് ‘.
ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു. അവളുടെ ഹിന്ദി കേട്ടപ്പോൾ ഹൈദരാബാദി അല്ല എന്ന് എനിക്ക് മനസ്സിലായി.
‘ രണ്ടെണ്ണം 40 രൂപ മാത്രം ‘.
കനം കുറഞ്ഞ വളകൾ എന്റെ നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. ഞാൻ അവളുടെ താലത്തിലേക്ക് നോക്കി. കുറച്ച് മോതിരങ്ങളും വില കുറഞ്ഞ വളകളും കമ്മലുമൊക്കെയാണ് അവളുടെ വില്പന സാധനങ്ങൾ.
‘എനിക്ക് വേണ്ട’.
ഞാൻ പറഞ്ഞത് അവൾ തീരെ ഗൗനിച്ചില്ല. നന്നേ തിരക്ക് കുറഞ്ഞ ആ ദിവസം കിട്ടുന്ന കസ്റ്റമറോട് എന്തെങ്കിലും സാധനം കച്ചവടം ആക്കണം എന്ന് അവൾ കരുതിയിരിക്കണം.
‘ഭയ്യാ. 20 രൂപ തന്നാലും മതി. നിങ്ങളുടെ മോൾക്ക് ഇട്ടു കൊടുക്കാം. നല്ല വളകളാണ്. കമ്മലുകളുണ്ട്. ഇത് നോക്കൂ ഭയ്യാ. ഏറ്റവും പുതിയ മോഡൽ മൂക്കുത്തിയാണ്. ഇതിന്റെ ഒറിജിനലിന് വലിയ വിലയുണ്ട്. ഒരു സിനിമയിൽ ആലിയ ധരിച്ചതാണ്’.
ഞാൻ അവൾ കാണിച്ച മൂക്കുത്തി നോക്കി. 20 രൂപ കൊടുത്താലും ഒരു നഷ്ടവുമില്ല എന്ന് തോന്നിക്കുന്ന രീതിയിലുള്ള വലിയ ഒരു മൂക്കുത്തി.
‘എനിക്ക് വേണ്ട’.
ഒട്ടും കരുണയില്ലാതെ ഞാൻ പറഞ്ഞു. അവൾ പ്രതീക്ഷ കൈവിടാതെ എന്നെ സൂക്ഷിച്ചു നോക്കി.
‘ എന്തെങ്കിലും എടുക്കൂ ഭയ്യാ. മഴ പെയ്തതു കൊണ്ട് ഇന്ന് ഒരു കച്ചവടവും നടന്നിട്ടില്ല’.
ഞാൻ ചുറ്റും നോക്കി. സാധാരണ കച്ചവടക്കാരെ കൊണ്ട് നടന്നു നീങ്ങാൻ കഴിയാത്ത തെരുവ് ഇന്ന് ശൂന്യമാണ്. പല തെരുവ് കച്ചവടക്കാരും മഴ കാരണം അവരുടെ കച്ചവടം അവസാനിപ്പിച്ച് മടങ്ങിയിരിക്കുന്നു.
‘ നിന്റെ പേര് എന്താണ്?’.
‘റുക്സാന’.
ചിരിയോടെ അവൾ പറഞ്ഞു. അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നേർത്ത ഒരു നാളം മിന്നി മറയുന്നത് ഞാൻ കണ്ടു. ഞാൻ സൗഹാർദത്തോടെ പേര് ചോദിച്ചതു കൊണ്ട് എന്തെങ്കിലും വാങ്ങും എന്നുതന്നെ അവൾ കരുതിയിരിക്കണം.
‘റുക്സാനക്ക് ചായ വേണോ?’.
ഒരു ചായക്കാരൻ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ ചോദിച്ചു. മുൻപൊന്നും ഇങ്ങനെയുള്ള ചായക്കാരെ ചാർമിനാറിന്റെ പരിസരത്ത് ഞാൻ കണ്ടിട്ടില്ല. തെരുവുകളിൽ ചായ വിറ്റ് ജീവിക്കുന്ന മനുഷ്യ നായിരിക്കണം. പ്രതീക്ഷിക്കാതെ പെയ്ത മഴ അയാളുടെ കച്ചവടത്തെയും ബാധിച്ചിരിക്കുന്നു.
ഞാൻ അയാളുടെ കയ്യിൽ നിന്നും രണ്ട് ചായയും രണ്ട് സമൂസയും വാങ്ങി. ഒരു ചായയും സമൂസയും ഞാൻ അവൾക്ക് കൊടുത്തു. ആദ്യം അല്പം മടി കാണിച്ചെങ്കിലും അവൾ അത് വാങ്ങി. എനിക്ക് ചായക്കും സമൂസക്കും ഒട്ടും രുചി തോന്നിയില്ലെങ്കിലും അവൾ അത് രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ എനിക്കും അവൾക്കും കിട്ടിയ സാധനങ്ങൾ മാറിയിട്ടുണ്ട് എന്ന് പോലും എനിക്ക് തോന്നി.
ചായ കുടിച്ചു കഴിഞ്ഞു പേപ്പർ കപ്പുകൾ അവൾ തന്നെ വേസ്റ്റ് ബിന്നിൽ കൊണ്ടു പോയി നിക്ഷേപിച്ചു. വീണ്ടും അവൾ എന്റെ അടുത്തേക്ക് വന്നു. ഞാൻ അവളുടെ കയ്യിൽ നിന്നും രണ്ട് വളയും ഒരു മുക്കുത്തിയും ചെറിയ ഒരു മോതിരവും വാങ്ങി. അതിന്റെ പണം കൊടുത്തപ്പോൾ അവൾ 10 രൂപയുടെ ഡിസ്കൗണ്ട് തന്നു.
എന്റെ അടുത്ത് നിൽക്കുമ്പോൾ അവൾ അടുത്തു കൂടി പോകുന്ന കസ്റ്റമേഴ്സിനെയും നോക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് തിരിച്ചു പോരേണ്ട സമയമായി. അവൾ അല്പം മാറി കസ്റ്റമറേ ക്യാൻവാസ് ചെയ്യുന്നത് കാണാമായിരുന്നു. കസ്റ്റമർ ഇല്ലാത്ത സമയം നോക്കി ഞാൻ അവളുടെ നേരെ ചെന്ന് വാങ്ങിയ പൊതി അവളുടെ കയ്യിൽ കൊടുത്തു. അവൾ ചോദ്യ രൂപേനെ എന്നെ നോക്കി.
‘ ഇത് മോൾക്ക് കൊടുക്കാം എന്നല്ലേ റുക്സാന പറഞ്ഞത്’.
അവൾ പതിയെ തലയാട്ടി.
‘ ഞാൻ നാട്ടിലേക്ക് തിരിച്ചു പോകുമ്പോഴേക്കും ഇത് കൈമോശം വന്നു പോകും. അതു കൊണ്ട് ഇത് റുക്സാന തന്നെ ധരിക്കണം. രണ്ടുദിവസം കഴിയുമ്പോൾ ഞാൻ വീണ്ടും തിരിച്ചു വരും. അന്ന് ഇത് നീ ധരിച്ചിരിച്ചിട്ടുണ്ടോ എന്ന് ഞാൻ നോക്കും’.
പെട്ടെന്ന് മഴ ചാറാൻ തുടങ്ങി. മഴത്തുള്ളി വീണിട്ടാണോ എന്നറിയില്ല, അവളുടെ കണ്ണുകൾക്ക് താഴെ നേർത്ത നനവ് പടരുന്നത് ഞാൻ കണ്ടു. ഒന്നും മിണ്ടാതെ അവൾ തല കുലുക്കി. നൂല് പോലെ മഴ ചാറുന്ന ആ നേരത്ത് ഞാൻ ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. മുഖത്ത് കൂടി ഒലിച്ചിറങ്ങിയ മഴവെള്ളത്തിന് അന്നേരം കണ്ണീരിന്റെ ഉപ്പു രുചി യായിരുന്നു. അല്പം നടന്ന് ഞാൻ തിരിഞ്ഞു നോക്കി.
മഴയിൽ നനഞ്ഞു നിൽക്കുന്ന ചാർമിനാറിന്റെ താഴെ ഒരു മാർബിൾ പ്രതിമ പോലെ അവൾ എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു…..