Story written by Darsaraj. R
ഒന്നുകിൽ നീ അത് പെട്ടെന്ന് കഴിക്ക് അല്ല എന്നുണ്ടേൽ എടുത്ത് കള.
ഹലോ… ഹലോ മൈക്ക് ടെസ്റ്റിംഗ്.
അമ്മേ ശരണം, ദേവി ശരണം. കൃത്യം 9 മണിക്ക് തന്നെ പാലാ മെഗാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള ഈ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നത് ആണ്. എല്ലാ നല്ലവരായ കലാ ആസ്വാദകരേയും…
നീതു, നിന്നോടാ പറഞ്ഞത്, ആ ഐസ് ക്രീം കളഞ്ഞിട്ട് നടന്നേ.
ശ്ശെടാ… ഇതെന്ത് കഷ്ടം?
ഞാൻ ഇത് വാങ്ങിച്ചത് തന്നെ ഒന്ന് ആസ്വദിച്ച് കഴിക്കാൻ ആണ്.
ചേട്ടാ, രണ്ട് പാക്കറ്റ് കടല എടുത്തോളൂ.
നീതു, ഐസ് ക്രീം കള. നിനക്ക് ആസ്വദിക്കാൻ ആണേൽ കടല കൊറിച്ചോണ്ട് കൂടെ വാ.
മതി. നിർത്ത്. കുറേ നേരമായി. എന്താ ഇപ്പോൾ ഇത് കുടിച്ചോണ്ട് വന്നാൽ?
നീ കുടിക്കുക അല്ലല്ലോ? നക്കി… എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.
ഓരോരുത്തന്മാർ നിന്നെ നോക്കി പറയാൻ ചാൻസ് ഉള്ള കമന്റ് നിനക്ക് ഊഹിക്കാൻ പറ്റുന്നതിനും അപ്പുറമാണ്.
അതിപ്പോൾ അവന്മാർ അങ്ങനെ ഒന്നും പറയില്ല എന്ന് ഊഹിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ?
വാ, നമുക്ക് പോകാം. നിന്റോട പറഞ്ഞിട്ട് കാര്യമില്ല.
എനിക്ക് പേര് കുത്തിക്കുന്ന മോതിരമൊക്കെ വാങ്ങണം. ഞാൻ വരുന്നില്ല…
ഒരറിയിപ്പ് ഉണ്ട്. ആഞ്ഞിലക്കരയിൽ നിന്നും വന്ന ഗോപികയെ തിരക്കി ഭർത്താവ് വിനോദ് കമ്മിറ്റി ഓഫീസിന്റെ മുന്നിൽ നിൽക്കുകയാണ്. ഗോപിക ഈ പരിസരത്ത് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കമ്മിറ്റി ഓഫീസിന്റെ മുന്നിൽ എത്തി ചേരുക.
ഞാൻ അവസാനമായിട്ട് ചോദിക്കാ. നീ വരുന്നോ ഇല്ലേ?
ഞാൻ വരുന്നില്ല.
നീ വീട്ടിൽ വായേ. കൊച്ചു പിള്ളേരെ പോലെ ഐസ് ക്രീമും…
മോനെ ഒരു ലോട്ടറി എടുക്ക് മോനെ.
വേണ്ട അമ്മാ…
മോനെ ദേവിയെ മനസ്സിൽ വിചാരിച്ച് ഒരെണ്ണം എടുക്ക് മോനെ.
തള്ളേ, നിങ്ങളോട് അല്ലേ പറഞ്ഞത് വേണ്ട എന്ന്…
എന്നോടുള്ള ദേഷ്യം ബാക്കിയുള്ളവരോട് കാണിക്കരുത്. മഹേഷേട്ടൻ പൊയ്ക്കോളൂ. രേവതിയൊക്കെ വന്നിട്ടുണ്ട്. ഞാൻ അവരുടെ കൂടെ വന്നോളാം.
എന്നാലും നീ ഈ കോiപ്പ് കളയില്ല അല്ലേ?
ഇല്ല…
മഹേഷ് ദേഷ്യത്തോടെ ബലൂൺ കച്ചവടക്കാരുടെ ഇടയിൽ കൂടി പോയി മറഞ്ഞു…
ഏതാനും സമയത്തിന് ശേഷം.
ചേട്ടാ, ഒരു പേര് കുത്തുന്ന മോതിരം.
ഈ അളവ് സൈസ് ആണോന്ന് നോക്കിയേ മോളെ.
അത് സൈസ് ആവില്ല മുത്തേ…
നീതു പെട്ടെന്ന് തിരിഞ്ഞു നോക്കി.
തൊട്ട് പുറകിൽ രണ്ട് പൂവാലന്മാർ.
വായിൽ ഐസ് ക്രീം. നടുവിരലിൽ മോതിരം കുത്തൽ…നടക്കട്ടെ, നടക്കട്ടെ…
നീതു ചെറുതായൊന്ന് ഭയന്നു.
അവൾ പതിയെ ഐസ് ക്രീം കളഞ്ഞു.
എന്താ മോളെ കുത്തേണ്ടത്?
മഹേഷ് എന്ന്…
പിന്നിൽ കൂട്ടച്ചിരി.
മഹേഷ് ആണോ കുറച്ച് നേരത്തെ മോളേം കളഞ്ഞിട്ട് ബുള്ളറ്റിൽ കയറി പോയത്? ആ അവന്റെ പേര് തന്നെ മോതിരത്തിൽ കുത്തണോ? നമ്മൾ കുറേ നേരം കൊണ്ട് നിന്നെ ഫോള്ളോ ചെയ്യുകയായിരുന്നു. ഞങ്ങൾ ഇത്തിരി വടക്കിന്നാ… എന്നാലും എന്നാ നുണയക്കമാ മോളേ…ഉഫ്ഫ്. പക്കാ വൈഫ് മെറ്റീരിയൽ.
നീതു അടിമുടി വിറക്കാൻ തോന്നി.
പെട്ടെന്ന് നീതുവിന്റെ തോളിൽ ഒരു കൈ വന്ന് തട്ടി.
അവൾ പേടിച്ച് തിരിഞ്ഞു നോക്കിയതും രണ്ട് ഐസ് ക്രീം അവൾക്ക് നേരെ നീട്ടി കൊണ്ട് മഹേഷ് ഒന്ന് പുഞ്ചിരിച്ചു.
സമയം എടുത്ത് ആസ്വദിച്ച്, ഒരു തുള്ളി പോലും താഴെ പോകാതെ ഒരുത്തനേം ഗൗനിക്കാതെ നീ കഴിക്ക്.
നീതുവിന്റെ കണ്ണുകളിൽ തിളക്കം…
മോളെ മോതിരത്തിൽ പേരെഴുതി.
എത്രയായി ചേട്ടാ?
50 രൂപ.
അതും വാങ്ങി നേരെ പൂവാലന്മാരുടെ അടുത്തേക്ക് മഹേഷും ഐസ് ക്രീം നുണഞ്ഞു കൊണ്ട് നീതുവും നടന്നു.
ഇപ്പോൾ ഇവൾ ഈ കുടിക്കുന്നത് കണ്ട് നിനക്കൊക്കെ എന്തെങ്കിലും തോന്നുന്നുണ്ടോ? നിന്റെയൊക്കെ വീട്ടുകാർക്ക് ഐസ് ക്രീം കിട്ടിയാലും ഇങ്ങനെ കുടിക്കൂ. കൂടുതൽ എന്റെ പെണ്ണിനിട്ട് ഉണ്ടാക്കല്ലേ…
സോറി ചേട്ടാ…
എന്നോട് അല്ല അവളോട് പറ.
സോറി പെങ്ങളെ…
ബൽബുകൾ കൊണ്ട് തീർത്ത നടപ്പാതയിലൂടെ തിരികെ പോകും വഴി നീതു മഹേഷിനോട് ചോദിച്ചു.
ചേട്ടന് എന്താ ഈ ഐസ് ക്രീം കഴിക്കുന്നതിനോട് ഇത്ര ദേഷ്യം?
മഹേഷിന്റെ മറുപടി ഒരു ചെറു പുഞ്ചിരിയായിരുന്നു.
ഏതാണ്ട് 15 വർഷങ്ങൾക്ക് മുമ്പുള്ള ഇതേ ദേവിയുടെ തൃക്കാർത്തിക ദിവസത്തെ ഉത്സവം അവന്റെ ഓർമ്മയിൽ.
കൊച്ച് പെണ്ണ് ആണേലും എന്നാ കുടിയാ. ആ ക്രീം വീഴുന്ന ഭാഗമൊക്കെ നക്കി എടുക്കുന്നത് കണ്ടോ? മിടുക്കിയാ…
ഓർമ്മയിൽ 15 വർഷങ്ങൾ പിന്നോട്ട് പോയെങ്കിലും കാത് അടപ്പിക്കുന്ന ശബ്ദത്തോടെ ആ പാട്ട് ഉത്സവപറമ്പിൽ അരങ്ങേറി.
🎵യോഗിയായി നടന്നതുമേ ഭൈരവൻ ആകുന്നേ
യോഗിമുദ്ര ധരിച്ചെന്നാകും ഭൈരവൻ ആകുന്നേ🎵
എന്താ മഹേഷ് ഏട്ടാ ആലോചിക്കുന്നത്?
ഏതാണ്ട് 15 വർഷം മുമ്പ് എന്റെ അനിയത്തിയേയും കൂട്ടി ഇവിടെ വന്നപ്പോൾ നീ ഇന്ന് ഐസ് ക്രീം കുടിച്ചപ്പോൾ ഉണ്ടായ പോലൊരു സീൻ അന്നും ഉണ്ടായി.
എന്നിട്ട്?
അന്നത്തെ ചോiര തിളപ്പിൽ ഞാൻ ഒരുത്തന്റെ രണ്ട് കണ്ണും ഇoടിച്ചു പൊiട്ടിച്ചു. അവന് ഇപ്പോഴും കാഴ്ച ഇല്ല.
ആരുടെ?
അറിയിപ്പ് തുടരുന്നു. ആഞ്ഞിലക്കരയിൽ നിന്നും വന്ന ഗോപികയെ തിരക്കി ഭർത്താവ് വിനോദ് ഇപ്പോഴും കമ്മിറ്റി ഓഫീസിന്റെ മുന്നിൽ തന്നെ നിൽക്കുകയാണ്. ഗോപിക ഈ പരിസരത്ത് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കമ്മിറ്റി ഓഫീസിന്റെ മുന്നിൽ എത്തി ചേരുക.
വിനോദ്?
മഹേഷ് തലയാട്ടി…
നീതുവിന്റെ കണ്ണ് തള്ളി.
🎵കാവി വസ്ത്രം ധരിച്ചേതുമേ ഭൈരവൻ ആകുന്നേ🎵
ഓർമ്മകളിൽ വിനോദിന്റെ കണ്ണ് അടിച്ചു പൊട്ടിക്കുന്ന മഹേഷിന്റെ കൈകൾ.
🎵ഭസ്മ സഞ്ചി ധരിച്ചേതുമേ ഭൈരവൻ ആകുന്നേ🎵
ആ കാഴ്ച കണ്ട് ഇരു ചെവിയും പൊത്തി പിടിച്ചു കരഞ്ഞു കൊണ്ട് ഐസ് ക്രീമിൽ ചവിട്ടി നിൽക്കുന്ന മഹേഷിന്റെ കുഞ്ഞു പെങ്ങൾ…