Story written by Saji Thaiparambu
അവളിങ്ങോട്ട് വരുന്നെന്ന് പറഞ്ഞപ്പോൾ ഞാനാകെ അസ്വസ്ഥനായി.
എല്ലാം കഴിഞ്ഞു ,ഇത് വരെയുള്ള സകല സ്വാതന്ത്ര്യവും പോയിക്കിട്ടി ,ജോലി കഴിഞ്ഞ് കുട്ടുകാരൊത്തുള്ള കറക്കമിനിയുണ്ടാവില്ല , വെള്ളിയാഴ്ചകളിൽ റൂമിലിരുന്നുള്ള വെiള്ളമടിയും കരോക്കേ ഗാനമേളയും ഒന്നും ഇനി നടക്കില്ല
രണ്ട് വർഷം കൂടുമ്പോൾ നാട്ടിൽ ചെന്ന് ഒന്നോ രണ്ടോ മാസം കുടുംബത്തോടൊപ്പം കഴിയാനൊക്കെ ഒരു രസമുണ്ട്
പക്ഷേ മുഴുവൻ സമയവും ഭാര്യയോടൊപ്പം ജീവിക്കാൻ ഒരിക്കലും തോന്നിയിട്ടില്ല
അത് കൊണ്ട് തന്നെയാ ഈ ദുബയിൽ അവൾ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട നിരവധി ജോലി സാധ്യതകളുണ്ടായിട്ടും പല തവണ അവൾക്കൊരു ജോബ് വിസ എടുത്ത് കൊടുക്കാൻ പറഞ്ഞിട്ടും താൻ വലിയ താല്പര്യം കാണിക്കാതിരുന്നത്
സ്വാതന്ത്ര്യ കുറവ് തന്നെയാണ് പ്രധാന കാരണം ,തനിക്കൊരു കോള് വന്നാൽ അതാരാണെന്ന് ബോധിപ്പിക്കണം
ഒന്ന് പുറത്തേയ്ക്കിറങ്ങിയാൽ എവിടെ,? എന്തിന് പോകുന്നു? ,എപ്പോൾ തിരിച്ച് വരും? ഇങ്ങനെ നൂറ് ചോദ്യങ്ങൾ
പലപ്പോഴും അസഹനീയമായി തോന്നിയെങ്കിലും എല്ലാത്തിനും സംയമനത്തോടെ ഉത്തരം പറഞ്ഞു
അത് കൊണ്ടാവാം ഞങ്ങളൊരു കലഹത്തിലേയ്ക്ക് പോകാതിരുന്നതും വേർപിരിയാതിരുന്നതും
ഒരു പക്ഷേ ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ ഞാൻ അക്ഷമനായി പോയാൽ ഞങ്ങളുടെ ഇടയിൽ വിള്ളലുകളുണ്ടായേക്കാം എന്ന മുൻധാരണയിലാണ് അകന്ന് നില്ക്കുന്നതാണ് ബുദ്ധി എന്ന് കരുതി അന്ന് ഞാൻ ദുബായിലേയ്ക്ക് പറന്നത്
നാലഞ്ച് വർഷങ്ങളായി ഞങ്ങളുടെ ദാമ്പത്യം സുഗമമായി മുന്നോട്ട് പോകുന്നുമുണ്ട്
പക്ഷേ കുറച്ച് മുൻപേ അവള് വിളിച്ചിട്ട് പറയുവാ ,മൂന്ന് മാസത്തെ വിസിറ്റിങ്ങ് വിസയിൽ അവളിങ്ങോട്ട് വരുവാണ് ,അതിനുള്ളിൽ ഇവിടുത്തെ ഒരു കമ്പനിയിൽ അവളുടെ കൂട്ടുകാരി ജോബ് ശരിയാക്കി കൊടുക്കാമെന്ന് വാക്ക് കൊടുത്തിട്ടുണ്ടെന്ന്
എന്തായാലും അവളെ പിക് ചെയ്യാൻ ഞാൻ എയർപോർട്ടിലെത്തി
ഇൻഡ്യൻ എയർലൈൻസിൽ വന്നിറങ്ങിയ യാത്രക്കാരുടെ കൂട്ടത്തിൽ ഞാനവളെ തിരഞ്ഞു
അതാ വരുന്നു , എന്നെ ദൂരെ നിന്നേ കണ്ട കക്ഷി, മുഖം നിറയെ ചിരിയുമായി, എൻ്റെ അടുത്തേയ്ക്ക് പാഞ്ഞ് വരുന്നു
എന്താടോ എന്നെ കണ്ടിട്ട് ഒരു സന്തോഷമില്ലാത്തത് ? ഞാൻ വന്നത് ഇഷ്ടായില്ലേ?
എൻ്റെ മുഖത്തെ നിർവ്വികാരത കണ്ട് പരിഭവത്തോടെ അവൾ ചോദിച്ചു
ഹേയ് അതൊന്നുമല്ല ഇന്നലത്തെ ഉറക്കം ശരിയാകേത്തതിൻ്റെയാണ്
ഞാനവളോടൊരു കളവ് പറഞ്ഞിട്ട് ലഗ്ഗേജുമെടുത്ത് അവളെയും കൊണ്ട് കാറിലേയ്ക്ക് കയറി
കൊള്ളാമല്ലോടാ നിൻ്റെ കിളിക്കൂട് ചെറുതാണെങ്കിലും ,മനോഹരമായിട്ടുണ്ട്
വില്ലയിലെത്തിയപ്പോൾ അവൾ സന്തോഷത്തോടെ പറഞ്ഞു
അന്ന് ഉറക്കം വരുന്നത് വരെ അവൾ നാട്ടിലെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞ് കൊണ്ടിരുന്നു
അതിനിടയിൽ എനിക്കായി കൊണ്ട് വന്ന ,കടുക്മാങ്ങാ അച്ചാറും നൂൽ പൊറോട്ടയും ,ബീഫ് പൊരിച്ചതും ടേബിളിൽ നിരത്തി വച്ചു
കുറെ നാളുകൾക്ക് ശേഷം ഞാൻ രുചിയോടെ വയറ് നിറച്ച് ഭക്ഷണം കഴിച്ചു ,ഞാനെഴുന്നേറ്റ് കൈ കഴുകുവോഴേക്കും ,എച്ചിൽ പാത്രങ്ങളുമായി അവൾ അടുക്കളയിലേയ്ക്ക് പോയി
പിറ്റേന്ന് അവള് തട്ടി വിളിക്കുമ്പോഴാണ് ഞാൻ ഉണരുന്നത്
അവള് നേരത്തെ എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റൊക്കെ തയ്യാറാക്കി വച്ചിരുന്നു അത് കൊണ്ട് കൃത്യസമയത്ത് എനിയ്ക്ക് ഓഫീസിൽ പോകാൻ പറ്റി മാത്രമല്ല ,ഇനി കടയിൽ നിന്ന് കഴിക്കേണ്ടെന്ന് പറഞ്ഞ് ഉച്ചയ്ക്കത്തേക്കുള്ള ലഞ്ച് ബോക്സുകൂടി കൈയ്യിൽ തന്ന് വിട്ടു
ഒരു കാര്യം സത്യമാണ്, അവള് വന്നപ്പോൾ എൻ്റെ ജോലി നേർ പകുതിയായി കുറഞ്ഞു, അത് കൊണ്ട് തന്നെ ശരീരത്തിന് കുറച്ച് റെസ്റ്റുണ്ട്
ഇപ്പോഴെനിക്ക് വീട്ടിലെ കാര്യങ്ങളെ കുറിച്ച് ചിന്തിയ്ക്കുകയേ വേണ്ട എല്ലാം അവള് മാനേജ്ചെയ്യുന്നുണ്ട്
മൂന്ന് മാസം തികയാൻ ഒരാഴ്ച ബാക്കി നില്ക്കേ, അവൾക്ക് ജോബ് വിസ ശരിയായെന്ന് കൂട്ടുകാരി വിളിച്ച് പറഞ്ഞു ,ആ സമയത്തെ അവളുടെ സന്തോഷം വാക്കുകൾക്കതീതമായിരുന്നു
എനിക്കും അവൾ വന്നതിലുള്ള നിരാശ പതിയെ കുറഞ്ഞിരുന്നു എന്ത് കൊണ്ടോ അവളുടെ സാന്നിദ്ധ്യം എന്നിൽ സന്തോഷം നിറച്ചിരുന്നു
രണ്ട് ദിവസം കഴിഞ്ഞ് ജോയിൻ ചെയ്യണം, അവൾ വല്ലാതെ എക്സൈറ്റഡായിരുന്നു,
പിറ്റേന്ന് ഓഫീസിലിരിക്കുമ്പോഴാണ് അവിശ്വസനീയമായ ആ വാർത്ത അവളെന്നെ വിളിച്ച് പറഞ്ഞത്
അവൾ പ്രെഗ്നൻ്റാണെന്ന് ,, നീണ്ട പതിമൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ എല്ലാ ചികിത്സകളും വിഫലമായപ്പോൾ വിധിയോട് പൊരുത്തപ്പെടാൻ ഞാനും അവളും ശീലിച്ചിരിക്കുകയായിരുന്നു
കേട്ട വാർത്ത സത്യമായിരിക്കണേ എന്ന പ്രാർത്ഥനയോടെ ഞാൻ കാറുമെടുത്ത് വില്ലയിലേയ്ക്ക് പാഞ്ഞു
പ്രെഗ്നൻസി ടെസ്റ്റ് കിറ്റുമെടുത്ത് അവളോടൊപ്പം ഹോസ്പിറ്റലിൽ പോയി ,അപ്പോൾ മാത്രമാണ് നൂറ് ശതമാനം വിശ്വാസമായത്
അന്ന് രാത്രി അവളെന്നെ കെട്ടിപ്പിടിച്ച് കുറെ നേരം നിശബ്ദമായി കിടന്നു
ഞാൻ നാട്ടിലേയ്ക്ക് തിരിച്ച് പോകുവാടാ
അത് കേട്ട് ഞാൻ ഞെട്ടി
ങ്ഹേ ,അപ്പോൾ ജോലി ?
ഇനി എനിക്കെന്തിനാടാ ജോലി ഇപ്പോൾ ഞാൻ എൻഗേജ്ഡായില്ലേ? ഇത് വരെ ഞാൻ ലക്ഷ്യം കാണാതെ പറന്ന് കൊണ്ടിരിക്കുകയായിരുന്നു പറന്ന് പറന്ന് ചിറക് തളർന്നപ്പോഴാണ് ഒന്ന് വിശ്രമിക്കാനായി ,നിനക്ക് ഇഷ്ടമല്ലെന്നറിഞ്ഞിട്ടും നിൻ്റെ അരികിലേയ്ക്ക് വന്നത്, വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്നേഹസമ്പന്നനായ ഭർത്താവിൻ്റെ സാന്നിദ്ധ്യവും പിന്തുണയുമാണ് അതില്ലാത്ത ഭാര്യമാർ ആശ്വാസം കണ്ടെത്തുന്നത് അവർ പ്രസവിക്കുന്ന മക്കളെ കൊഞ്ചിച്ചും താലോലിച്ചുമാണ് ഇത് രണ്ടും ലഭിക്കാതെ വന്നപ്പോഴാണ് ,ഇവിടെ ഒരു ജോലിക്കായി ഞാൻ ശ്രമിച്ചത് അങ്ങനെയാണെങ്കിൽ ഈ ഒറ്റപ്പെടലിൽ നിന്നും വിരസതയിൽ നിന്നും ഒരു മോചനം കിട്ടുമെന്ന് കരുതി ,എൻ്റെ വിഷമം കണ്ട് മടുത്തിട്ടാവാം പടച്ചോൻ ഇപ്പോഴെന്നെ പരിഗണിച്ചത്
നിനക്ക് ഞാനില്ലെങ്കിലും ജീവിതം ആസ്വദിക്കാൻ ഒരു പാട് കാരണങ്ങളുണ്ടായിരുന്നു
സുഹൃത്തുക്കളുമായിട്ടുള്ള സായാഹ്നങ്ങളും, വീക്കെൻഡിലെ പാർട്ടിയുമൊക്കെ നിൻ്റെ ജീവിതം കളർഫുള്ളാക്കി ,പക്ഷേ ,ദിവസവും രാവിലെ എഴുന്നേല്ക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഓരോ ദിവസവും കഴിഞ്ഞ് പോകുന്ന എന്നെ കുറിച്ച് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രസവിക്കാൻ കഴിയാത്തൊരു സ്ത്രീയ്ക്ക് കുറഞ്ഞത് ഭർത്താവിൻ്റെയെങ്കിലും സപ്പോർട്ട് കൂടിയേ തീരു ,അതുമില്ലെങ്കിൽ അവൾക്ക് ഡിപ്രഷനുണ്ടാവും ,
അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് ഉത്തരം മുട്ടി ,ഒരിക്കൽ പോലും ഞാനവളെക്കുറിച്ച് ചിന്തിച്ചില്ലല്ലോ എന്നോർത്ത് എനിയ്ക്ക് കുറ്റബോധമുണ്ടായി
പിറ്റേ ആഴ്ച അവളെ നാട്ടിലേയ്ക്ക് തിരിച്ചയക്കുമ്പോൾ എൻ്റെ വിസാ കാലാവധി തീരുന്ന മുറയ്ക്ക് ഞാൻ നാട്ടിലെത്താമെന്നും ഇനിയുള്ള കാലം അവളോടൊപ്പമേ ജീവിക്കുകയുള്ളുവെന്നും വാക്ക് കൊടുത്തിട്ടാണ് ഞാൻ റൂമിലേയ്ക്ക് മടങ്ങിയത്,
കഥ ,സജി തൈപ്പറമ്പ്.