എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ക ള്ളമാണ് അന്നമെന്ന് തെറ്റിദ്ധരിച്ച നാളുകൾ. ഇല്ലാത്തത് ഉണ്ടെന്ന് പറയുന്ന നാക്ക് തന്നെയായിരുന്നു എന്റെ ബലം. അതുകൊണ്ട് തന്നെ ചില്ലറ രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ഞാൻ അല്ലലില്ലാതെ ജീവിക്കുകയായിരുന്നു.
ഒത്തുതീർപ്പുകളിൽ ആയിരുന്നു എന്റെ ശ്രദ്ധ. കാര്യസാധ്യത്തിനായി ഉള്ളവനിൽ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങി ഇല്ലാത്തവനെ കൊണ്ട് സമ്മതിപ്പിക്കും. ഇല്ലാത്തവർക്ക് വേണ്ടി ന്യായം ചോദിക്കാൻ ആരും വരില്ലായെന്നത് തന്നെയായിരുന്നു എന്റെ ധൈര്യം..
അന്ന് പഞ്ചായത്തിൽ ഭവനരഹിതരുടെ അപേക്ഷകൾ സ്വീകരിക്കുന്ന വേളയായിരുന്നു. പലരും എന്നെ വന്നുകണ്ടു. എങ്ങനെയെങ്കിലും ഞങ്ങളുടെ പേരുകൂടി പട്ടികയിൽ ഉൾപ്പെടുത്തുമോയെന്ന് അവരെല്ലാം ഒരുപോലെ ചോദിച്ചു. വന്നവരോടെല്ലാം ചായക്കാശും വാങ്ങി നോക്കാമെന്ന് ഞാൻ പറഞ്ഞു. നോക്കിയാൽ പോരായെന്നും ഇത്തവണ എന്തുതന്നെ സംഭവിച്ചാലും തനിക്ക് വീടുവേണമെന്നും പറഞ്ഞ് വന്നവരിൽ നിന്ന് ഒരുസ്ത്രീ മാത്രം എന്റെ പിറകിൽ കൂടി..
‘എന്താണ് നിങ്ങളുടെ പേര്…?’
“കനകം… “
പേരുപോലെ ഒരു തെളിച്ചവുമുണ്ടായിരുന്നില്ല കനകത്തിന്.
‘നിങ്ങളെ വന്ന് കണ്ടാൽ കാര്യം നടക്കുമെന്ന് കവലയിലെ നാരായണൻ പറഞ്ഞു.. അതാ.. ഞാൻ…’
നാരായണൻ നന്ദിയുള്ളവനാണ്. കവലയിൽ മുറുക്കാൻ കട നടത്തുന്ന അയാൾ ഇങ്ങനെ ചില ആവിശ്യക്കാരെയൊക്കെ എന്റെ അടുത്തേക്ക് ഇടയ്ക്ക് പറഞ്ഞയക്കാറുണ്ട്. കാര്യമായിട്ട് എന്തെങ്കിലും തടഞ്ഞാൽ നാരായണനെ ഞാൻ സന്തോഷിപ്പിക്കാറുമുണ്ട്. അല്ലെങ്കിലും, നിസ്സഹായതയിൽ മുട്ടിനിൽക്കുന്ന വരെയാണ് ഈ ലോകത്ത് കബളിപ്പിക്കാൻ ഏറ്റവും എളുപ്പം…
‘അപേക്ഷ കൊടുത്തിട്ടില്ലേ…?’
“ഉവ്വ്… “
തീരേ പ്രതീക്ഷയില്ലാതെയാണ് അവൾ അത് പറഞ്ഞത്. നോക്കിക്കൊള്ളാ മെന്നും ചിലവുണ്ടെന്നും ഞാനും പറഞ്ഞു. നുള്ളി പെറുക്കിയ എഴുന്നൂറ് രൂപ എനിക്ക് നേരെ നീട്ടുമ്പോൾ ആ സ്ത്രീയെ മുഖം ചുളിച്ച് നോക്കുകയായിരുന്നു ഞാൻ. സർക്കാർ ആഫീസിലെ ഉന്നതരുമായി എനിക്കുള്ള ഇല്ലാത്ത ബന്ധം ഉണ്ടെന്ന് സ്ഥാപിച്ചപ്പോൾ കനകം കേട്ടുനിന്നു. അവരെയൊക്കെ കാണേണ്ടത് പോലെ കാണാൻ രൂപ ഇരുപതിനായിരമെങ്കിലും വേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ അവൾ കണ്ണുകൾ മിഴിച്ചു. വീടെന്ന സ്വപ്നം ആ മിഴിവിൽ കലങ്ങിയിട്ടുണ്ടായിരുന്നു…
രണ്ട് നാളുകൾക്കുള്ളിൽ പറഞ്ഞ തുക പൊതിഞ്ഞുകൊണ്ട് കനകം വീണ്ടും വന്നു. സന്തോഷത്തോടെ രണ്ട് കൈകളും നീട്ടി ഞാനത് വാങ്ങി. എത്രപേരോട് ഇരന്നിട്ടാണെന്നോ ഇത് സംഘടിപ്പിച്ചതെന്ന് അവൾ പറയുന്നുണ്ടായിരുന്നു. ഞാൻ കേട്ടതായി ഭാവിച്ചില്ല.
അയ്യായിരം നാരായണനും രണ്ടായിരം എന്റെ ശിങ്കിടിയായ ദാമുവിനും കൊടുത്തു. വീട് കിട്ടാതാകുമ്പോൾ പ്രശ്നമാകില്ലേയെന്ന് ദാമു ചോദിച്ചപ്പോൾ ആദ്യം കിട്ടിയവരുടെ പട്ടിക പുറത്ത് വരട്ടേയെന്ന് ഞാൻ പറഞ്ഞു. കനകത്തിന്റെ പേര് അതിൽ ഉണ്ടായിരിക്കണമേയെന്ന് കള്ളിറങ്ങിയ ഹൃദയത്തോടെ ഞങ്ങൾ മൂന്നുപേരും അന്നുരാത്രി പ്രാർത്ഥിച്ചു.
ഉണ്ടായിരുന്ന വീട് സഹോദരൻ കൈക്കലാക്കിയതുകൊണ്ടും വിലാസമില്ലാത്ത ഭർത്താവ് ഉപേക്ഷിച്ചുപോയത് കൊണ്ടും കനകത്തിന് വീടില്ല. അവളുടെ താമസം കൂട്ടുകാരികൾ ഏർപ്പാട് ചെയ്തയൊരു വാടകമുറിയിലാണ്. തനിച്ച് പൊരുതാൻ ആദ്യം വേണ്ടതൊരു പാർപ്പിടമാണെന്ന ബോധത്തിലാണ് സർക്കാരിന്റെ സൗജന്യ ഭവന പദ്ധതിയിലേക്ക് അവളും അപേക്ഷിച്ചത്. സ്വീകരിക്കുമ്പോൾ പ്രതീക്ഷ വെക്കേണ്ടായെന്ന് പഞ്ചായത്തിൽ നിന്ന് പറഞ്ഞുപോലും.. ഭർത്താവ് ഉപേക്ഷിച്ചതും, പിറന്ന വീട് സഹോദരൻ കൈക്കലാക്കിയതൊന്നും സർക്കാരിന് കേൾക്കേണ്ട കാര്യമില്ലെന്നും പറഞ്ഞുവെത്രെ..
മേൽക്കൂരയില്ലാത്ത ജീവിതത്തിലേക്ക് തെറിച്ച് വീണതിന്റെ സങ്കടത്തിൽ ജീവിക്കുന്ന കനകത്തിന് വീടുണ്ടെന്നാണ് രേഖകൾ പറയുന്നത്. രേഖകളിൽ പാർക്കാൻ പറ്റില്ലല്ലോ… അങ്ങനെയാണ് നാരായണൻ മുഖാന്തരം അവൾ എന്റെ അടുത്തേക്ക് എത്തിയത്.
ഒരിക്കൽ വായനശാലയുടെ പരിസരത്ത് കൂടിയ ആൾക്കാരോട് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ചില വീരഗാഥകൾ പറഞ്ഞ് ആത്മരതി കൊള്ളുവായിരുന്നു ഞാൻ. കനകം വന്ന് ആംഗ്യം കൊണ്ട് വിളിച്ചപ്പോൾ അടുത്തേക്ക് പോയി. വീട് കിട്ടുമായിരിക്കുമല്ലേയെന്ന് അവൾ ചോദിച്ചു. ഉറപ്പായിട്ടുമെന്ന് ഞാനും പറഞ്ഞു. വന്ന വകയിൽ എനിക്കും ദാമുവിനും രാത്രിയിൽ രണ്ടെണ്ണം അടിക്കേണ്ട പണവും വാങ്ങിയാണ് അവളെ ഞാൻ വിട്ടത്. ഇല്ലാത്തത് കൊണ്ട് പാവം ആരോടോ ഇരന്ന് ഞാൻ ബാറിൽ പോകുന്ന നേരത്ത് കൊണ്ടുത്തരുകയായിരുന്നു..
അന്നുരാത്രിയിൽ ഇരന്ന് ജീവിക്കുന്നവരെ തുരന്ന് തിന്നുന്ന കഥാവൃത്തം പറഞ്ഞ് ഞങ്ങൾ ഏറെ ചിരിച്ചു. ചിരിയുടെ അവസാനം പഞ്ചായത്ത് സെക്രട്ടറി ഫോണിൽ വിളിച്ച് വീട് കിട്ടിയവരുടെ പട്ടികയിൽ കനകമില്ലെന്ന് പറഞ്ഞു. ഇനിവരും നാളുകളിൽ അവളുടെ കണ്ണുകളുടെ മുന്നിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന മാത്രമായിരുന്നു അപ്പോഴെന്റെ ചിന്ത. അതുഞാൻ കൃത്യമായി പ്രാവർത്തികമാക്കി..
നാളുകൾ കഴിഞ്ഞു. സർക്കാരിൽ താത്ക്കാലിക ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് മീത്തലെ ചന്ദ്രനിൽ നിന്ന് പണം തട്ടിയ നാളായിരുന്നുവത്. ബാ റിലേക്ക് പോകാനായി നിരത്തിലേക്ക് ഇറങ്ങിയപ്പോൾ കനകം മുന്നിൽ നിൽക്കുന്നു. വല്ലാത്തയൊരു തെളിച്ചത്തോടെ അവൾ എനിക്കുമുമ്പിൽ കൈകൂപ്പുകയാണ്. സ്വസ്ഥമായി ഉറങ്ങാൻ പാർപ്പിടം കിട്ടിയെന്നും വീട്ടുകൂടലിന് ക്ഷണിക്കാനാണ് താൻ വന്നതെന്നും അവൾ പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ കനകത്തിന് ഭ്രാന്തായോ എന്നുമാത്രമായിരുന്നു എന്റെ സംശയം…
സ്വസ്ഥമായി തല ചായ്ച്ച് ഉറങ്ങാൻ അവൾ കണ്ടെത്തിയ വീട് കഴുത്തിൽ ആടാനുള്ള കുരുക്കായിരുന്നുവെന്ന് അന്നുരാത്രിയിലാണ് എനിക്ക് ബോധ്യമായത്… എന്നേയും കൊണ്ടുപോകുന്ന നാളുകൾക്ക് പിന്നീട് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ…
തീർത്തും അനാഥമായ ഒരുവൾക്ക് മരണമെന്ന വീട് സമ്മാനിച്ച എന്നോട് എനിക്ക് തന്നെ വെറുപ്പ് പ്രഖ്യാപിക്കേണ്ടി വന്നു. അതൊരു ജീവന്റെ ഏറ്റവും ദയനീയമായ സാഹചര്യമാണ്. ചെയ്തുകൂട്ടിയ പാപങ്ങളുടെ പ്രായശ്ചിത്തമാകാൻ കുറ്റബോധങ്ങൾക്ക് പോലും സാധിക്കാതെ വരുന്നു… സ്വയം വഞ്ചിക്കാതെ ആർക്കും ആരേയും കബളിപ്പിക്കാൻ സാധിക്കില്ലായെന്ന് പറയുന്നത് എത്ര ശരിയാണല്ലേ…!!!