ഒരു പ്രായത്തിന് ശേഷം ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകണമെന്ന ഒറ്റ ചിന്തയേ എന്റെ തലയിലുണ്ടായിരുന്നുള്ളൂ… ചെത്തുകാരന്റെ മോന്റെ പൂതി കൊള്ളാലോയെന്ന് പറഞ്ഞ്…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

ഒരു പ്രായത്തിന് ശേഷം ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകണമെന്ന ഒറ്റ ചിന്തയേ എന്റെ തലയിലുണ്ടായിരുന്നുള്ളൂ… ചെത്തുകാരന്റെ മോന്റെ പൂതി കൊള്ളാലോയെന്ന് പറഞ്ഞ് അന്നുതൊട്ട് പലരുമെന്നെ കളിയാക്കാൻ തുടങ്ങി…

ഏറ്റവും കൂടുതൽ സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്ന ഇടങ്ങളിൽ ഒന്നാണ് അതെന്ന തോന്നലായിരുന്നു എനിക്ക്.. ഏഴിലെ സാമൂഹ്യപാഠം ക്ലാസിൽ വെച്ച് പുരുഷോത്തമൻ മാഷ് ഇങ്ങനെ പറഞ്ഞതിൽ പിന്നെ തുടങ്ങിയ മോഹമാണിത്. ഇവിടുത്തെ രൂപയുടെ പത്തിരട്ടിയിലും കൂടുതൽ മൂല്യമാണ് അവിടുത്തെ പണത്തിന് എന്നും കൂടി അറിഞ്ഞപ്പോൾ ഞാൻ പറക്കാൻ ഒരുങ്ങി. എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നെ പോലെയുള്ളവരെ താഴ്ത്തിക്കെട്ടിയ സമൂഹത്തിനോട്‌ പുരോഗമന സംസ്ക്കാരം വിളിച്ച് പറയാൻ കൂടി പതിഞ്ഞതാണ് യൂറോപ്പെന്ന സ്വപ്നം. അതിന്റെ പേരിൽ കളിയാക്കൽ കൂടി അനുഭവപ്പെട്ടപ്പോൾ അതെന്നിലൊരു വാശിയായി പരിണാമപ്പെട്ടു..

പാസ്പോർട്ട്‌ എടുത്തിട്ട് കൊല്ലം പതിനെട്ട് ആയിട്ടും എനിക്ക് അവിടങ്ങളിലേക്ക് പറക്കാൻ പറ്റിയില്ല. പ്രധമകാരണം മൂലധനം തന്നെയായിരുന്നു.  നാട്ടിലെ മിക്ക ആണുങ്ങളുടേയും മുടിവെട്ടി  സ്വരുക്കൂട്ടിയ പണം മതിയായിരുന്നു വിമാനക്കൂലിക്ക്… പക്ഷേ, അതിനപ്പുറവും വേണ്ടിവരുമെന്ന്  ടൗണിലെ ട്രാവൽ ഏജൻസിൽ ജോലിചെയ്യുന്ന നാട്ടിലെ ചെക്കൻ പറഞ്ഞു.

എന്റെ സ്വപ്നങ്ങൾ മാനത്തൂടെ പോകുമ്പോൾ മാത്രം കാണുന്ന വിമാനങ്ങളോളം ചെറുതായി. എന്നാലും ഞാൻ തളർന്നില്ല. യുറോപ്പിലേക്ക് പറക്കുമെന്ന് തന്നെ ചോദിക്കുന്നവരോടെല്ലാം ഞാൻ പറഞ്ഞു.

‘കൊല്ലം പതിനെട്ടായില്ലേ…? ഇനിയെങ്കിലും നിർത്തിക്കൂടെ നിനക്ക്…?’

തല കുനിച്ചുകൊണ്ടാണ് കൈമൾ അദ്ദേഹം എന്നോടത് പറഞ്ഞത്. അല്ലെങ്കിലും  എന്റെ മുന്നിൽ വന്ന് ഇരിക്കുന്ന പോലീസുകാരൻ വരെ തലകുനിക്കും. കുനിഞ്ഞ തലയിൽ ചീപ്പിന്റെ താളത്തോടെ കത്രിക അനങ്ങുമ്പോൾ ഇരിക്കുന്നവർ എന്തെങ്കിലുമൊക്കെ ഇങ്ങനെ സംസാരിക്കും. കേൾക്കാനും  മറുപടി പറയാനും താല്പര്യമില്ലാത്ത വിഷയങ്ങൾ വരുമ്പോൾ എന്റെ മുഖം മാറും. ഒന്ന് മിണ്ടാതിരിക്കുമോയെന്ന് ആയുധം കൊണ്ടുള്ള പണിയാണെന്ന ഭാവത്തിൽ പറഞ്ഞ് ഞാൻ വിദഗ്ധമായി ഒഴിയും. അന്നും അതുതന്നെ സംഭവിച്ചു.

പോകാൻ നേരം കൈമൾ അദ്ദേഹം കണ്ണാടിയിൽ നോക്കി വെട്ടിയ തല പരിശോധിച്ചുകൊണ്ട്  എന്നെ പിന്നേയും ഉപദേശിച്ചു. കല്യാണം കഴിക്കണമെന്നും.  നാട് വിട്ട് എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പറഞ്ഞു. അറുപത്തിയഞ്ച് രൂപയും തന്ന് അദ്ദേഹം പോകുമ്പോൾ ഞാൻ എന്റെ കാമുകിയെ ഓർക്കുകയായിരുന്നു. എന്റെ ജാതിയിൽ പെട്ടവർക്ക് അകത്തേക്ക് പ്രവേശന മില്ലാത്തയൊരു ഇല്ലത്തിലെ കുട്ടിയായിരുന്നു അവൾ.

നിന്നെ കൂട്ടിക്കൊണ്ട് പോകാൻ യുറോപ്പിൽ നിന്ന് ഒരുനാൾ വരുമെന്ന് എന്റെ യൗവ്വനത്തിൽ ഞാൻ  അവളോട് പറഞ്ഞതാണ്. ഇല്ലത്തിന്റെ കുളക്കടവിലെ പടവുകളിൽ അവളത് കേട്ട് എന്റെ മാറിലേക്ക് ചായും. അവളുമായി കിനാക്കളിൽ പങ്കിട്ട എത്രയെത്ര യൂറോപ്യൻ ചിത്രങ്ങളാണെന്നോ എന്റെ ചിന്താമണ്ഡലത്തിന്റെ ചുവരുകളിൽ ഒരോർമ്മ പോലെ തൂങ്ങിയാടുന്നത്…!

വാക്ക് പാലിക്കാൻ എനിക്കും കൂടുതൽ കാത്തിരിക്കാൻ അവൾക്കും സാധിച്ചില്ല. ഉയർന്ന ജോലിയുള്ള ഏതോയൊരു പൂണൂലിന്റെ കൂടെ അവളുടെ വിവാഹം കഴിഞ്ഞു. അന്ന്  കടയിലെ മുടിവെട്ട് കസേരയിൽ ഇരുന്ന് കണ്ണാടിയിൽ നോക്കിക്കൊണ്ട്  എന്റെ തല ഞാൻ തന്നെ മൊട്ടയടിച്ചു. തോറ്റുപോയവനെന്ന് വെളുക്കുവോളം സ്വയം കളിയാക്കി…

യൂറോപ്പിലേക്ക് പോയാലും നിനക്കവിടെ മുടിവെട്ട് തന്നെയല്ലേ ജോലിയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ബാർബർ എവിടെ പോയാലും ബാർബർ തന്നെയാണെന്ന് അന്തസ്സോടെ ഞാനപ്പോൾ പറയും. യൂറോപ്പിന്റെ ചെമ്പിച്ച മുടികളിലൂടെ എന്റെ കത്രിക ഇറുങ്ങി ഇഴയുന്നത് പണ്ടൊക്കെയെന്റെ പതിവ് സ്വപ്നങ്ങളിൽ ഒന്നായിരുന്നു.

അവിടെയൊക്കെ മെഷീയൻ കട്ടാണെന്ന് പണ്ട്  ആ ട്രാവൽ ഏജൻസിയിലെ ചെക്കൻ എന്നോട് പറഞ്ഞതായിരുന്നു. അങ്ങനെയാണ്   ലോകത്തിന്റെ മുടിമുറിക്കാനുള്ള ഏറ്റവും പുതിയ മെഷീൻ ഞാൻ വാങ്ങുന്നത്. എന്റെ കടയിലേക്ക് വരുന്ന ആൾക്കാർക്കെല്ലാം അന്നതൊരു അത്ഭുതമായിരുന്നു. പക്ഷേ, എനിക്ക് എന്നും കത്രികയിൽ വെട്ടാനായിരുന്നു ഇഷ്ട്ടം. അത് തലയിലാകെ ഓടി നടന്ന് മുടി തിന്ന് തുപ്പുമ്പോൾ കേൾക്കുന്നയൊരു ശബ്ദമാണ് ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സംഗീതം…

ഓരോ മാസവും ട്രാവൽ ഏജൻസിയിലെ ചെക്കനോട് യൂറോപ്പിലേക്കുള്ള വിസ കിട്ടാനുള്ള കാര്യങ്ങൾ അന്വേഷിക്കാൻ  ഞാൻ മറക്കാറില്ല. തീരേ മുഷിപ്പില്ലാതെ ബാങ്കില് നിക്ഷേപവും  സ്പോൺസറും ഉണ്ടെങ്കിലേ അവിടേക്ക് പോകാനൊക്കൂവെന്ന് അവനപ്പോൾ പറയും. ഈ രണ്ടും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.  അന്നും ഞാൻ അവനെ കണ്ടു.

‘എന്റെ രാഘവേട്ടാ… നിങ്ങക്ക് നാട്ടില് കടയൊക്കെ ഉള്ളതല്ലേ… എന്തിനായിപ്പോ യുറോപ്പിലേക്ക് പോണേ..?’

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.അന്ന് രാത്രിയിൽ കടയുടെ ഷെൽട്ടർ മുക്കാലോളം താഴ്ത്തിയിട്ട് അതിനകത്ത് തന്നെ ഞാൻ ഇരുന്നു. ട്രാവൽ ഏജൻസിയിലെ ചെക്കൻ ചോദിച്ചത് എന്നോട് തന്നെ ചോദിച്ചുകൊണ്ടേയിരുന്നു. ഈ ഭൂമിയിൽ നിന്ന് എന്തുകൊണ്ടാണ്  ഇഷ്ട്ടമുള്ള ഒരിടത്തേക്ക്  പോകാൻ എനിക്ക് കഴിയാത്തത്…?

യഥേഷ്ട്ടം പോകാൻ സാധിക്കാത്ത വിധം ഒരു ദേശം ഭൂമിയിലുണ്ടെങ്കിൽ അതിന്റെ കാരണമെന്തായിരിക്കുമെന്ന് വെറുതേ ഞാൻ ചിന്തിച്ചു. മനുഷ്യരിന്നും സാങ്കൽപ്പിക അതിർത്തിക്കുള്ളിൽ മാത്രം മാനവികത സൂക്ഷിക്കുന്നവരാണ്. യുദ്ധകാലങ്ങൾക്ക് അപ്പുറം തങ്ങൾക്ക് ഉപയോഗമുള്ളവരെ മാത്രം കടത്തിവിടാനുള്ള കടലാസ് കെട്ടുകൾ മാത്രമാണ് പാസ്പോർട്ടെന്ന് എനിക്കപ്പോൾ തോന്നിപ്പോയി.

ഞാൻ തോറ്റുപോയ പ്രീഡിഗ്രീയിൽ വെച്ച് യുദ്ധങ്ങളുടെ  ചരിത്രം പഠിപ്പിച്ച അധ്യാപകനെ വെറുതേ ആ നേരങ്ങളിൽ ഞാൻ ഓർത്തു… ശരിയാണ്. മനുഷ്യർക്ക് തങ്ങളുടെ ഇടങ്ങളിൽ ഇന്നും  തോക്കുയർത്തി സമാധാനം നിലനിർത്താനുള്ള വളർച്ചയേ ഉള്ളൂ… തുടച്ച് മാറ്റപ്പെട്ടുവെന്ന് പറയപ്പെടുന്ന അയിത്തം അതിനേക്കാൾ ശക്തമായി ഈ ലോകത്ത് സമ്പത്തിന്റെ കണക്കിൽ നിലനിൽക്കുന്നു. ഉള്ളവർ വാഴുന്ന ഇടങ്ങളിലേക്ക് അവരുടെ ഗുണം പോലെയല്ലാതെ ഇല്ലാത്തവരെ ക്ഷണിക്കില്ലായെന്ന് എനിക്ക് വ്യക്തമായി ബോധ്യമാകുന്നു. ആ ചിന്ത എന്നെ പാടേ മാറ്റിക്കളഞ്ഞു….

അന്നും കടയിലെ മുടിവെട്ട് കസേരയിൽ ഇരുന്ന് കണ്ണാടിയിൽ നോക്കിക്കൊണ്ട്  എന്റെ തല ഞാൻ തന്നെ മൊട്ടയടിച്ചു.  തോറ്റുപോയവനാണെന്ന് വെളുക്കുവോളം സ്വയം കളിയാക്കി ചിരിച്ചു….!!!

Leave a Reply

Your email address will not be published. Required fields are marked *