ഒരു വിവാഹത്തിനുപോയ സമയത്ത് അവിടെയുള്ളവർ ആരുംതന്നെ നിങ്ങളുടെ മകളെക്കുറിച്ച് ചോദിച്ചില്ല എന്നത് എങ്ങനെയാണ് നിങ്ങളുടെ മകളുടെ തിരോധാനത്തെക്കുറിച്ച് അവർക്കറിയാമെന്നന്നതിന് കാരണമായി പറയുന്നത്……..

എന്റെ മകളെവിടെ..?

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

മിസ്റ്റർ ജോസഫ് നിങ്ങളെന്ത് വിവരക്കേടാണീ പറയുന്നത്…?

ജഡ്ജി ചോദിച്ചു.

ഒരു വിവാഹത്തിനുപോയ സമയത്ത് അവിടെയുള്ളവർ ആരുംതന്നെ നിങ്ങളുടെ മകളെക്കുറിച്ച് ചോദിച്ചില്ല എന്നത് എങ്ങനെയാണ് നിങ്ങളുടെ മകളുടെ തിരോധാനത്തെക്കുറിച്ച് അവർക്കറിയാമെന്നന്നതിന് കാരണമായി പറയുന്നത്…?

ജോസഫ് നെറ്റിയിലെ വിയർപ്പ് ടവൽ എടുത്ത് ഒപ്പിക്കൊണ്ട് വിശദ മാക്കാനൊരുങ്ങി. കോടതി ഒന്നടങ്കം ജോസഫിനെ നിശ്ശബ്ദമായി കേൾക്കുക യായിരുന്നു..

അവൾ കോളേജിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടതായിരുന്നു…

അയാൾ പറഞ്ഞുതുടങ്ങി.

സന്ധ്യയായിട്ടും അവൾ മടങ്ങി വന്നില്ല. എന്റെ ഭാര്യയാണെങ്കിൽ കരച്ചിലോട് കരച്ചിൽതന്നെ.. അന്വേഷിക്കാവുന്ന ഇടത്തൊക്കെ അന്വേഷിച്ചു. ഏതെങ്കിലും കൂട്ടുകാരുടെ വീട്ടിലോ മറ്റോ പോയതായിരിക്കും എന്ന് ആശ്വസിക്കാൻ ശ്രമിച്ചു. പിറ്റേന്ന് എനിക്കൊരു വിവാഹത്തിന് ബന്ധുവീട്ടിൽ പോകേണ്ടതുണ്ടായിരുന്നു.

പോലീസ് സ്റ്റേഷനിൽപ്പോയി പരാതി കൊടുക്കുകയാണോ വേണ്ടത് അതോ വിവാഹത്തിന് പോവുകയാണോ വേണ്ടത് എന്ന കടുത്ത ആശങ്കയിലായിരുന്നു രാവിലെവരെ ഞാൻ….

എന്നിട്ട്..?

ഭാര്യയാണ് പറഞ്ഞത് ഒരുപക്ഷേ അവൾ ഇന്നിങ്ങുവന്നാലോ… കേസ് കൊടുത്തിട്ട് പിന്നീട് ഒരു ബുദ്ധിമുട്ട് ആയാലോ… ഈ ദിവസംകൂടി ഒന്നു നോക്കാം അല്ലേ…

എനിക്ക് ഒട്ടും മനസ്സമാധാനം ഉണ്ടായിരുന്നില്ല. എങ്കിലും ഞാൻ വിവാഹത്തിന് പോയി. ഞാൻ കാണുന്നതൊക്കെ വീഡിയോ എടുക്കാനായി, ഇടയ്ക്കിടെ എന്റെ മൊബൈൽ റെക്കോർഡ് ആക്കിവെക്കുന്ന സ്വഭാവമുണ്ടായിരുന്നു എനിക്ക്. വിവാഹത്തിനും ബന്ധു വീടുകളിലും മറ്റും ഭാര്യയെ കൂടാതെ പോയാൽ അങ്ങനെ റെക്കോർഡ് ചെയ്ത് അവൾക്ക് അവിടെ കണ്ടവരുടെ വിശേഷങ്ങളൊക്കെ കാട്ടികൊടുക്കുമായിരുന്നു… അതുപോലെ അന്നും ഞാൻ ചെയ്തു. അതുകൊണ്ട് എന്റെ കൈയ്യിൽ വേണ്ടത്ര തെളിവുകളുണ്ട് യുവർ ഓണ൪…..

എന്ത് തെളിവുകളെക്കുറിച്ചാണ് നിങ്ങളീ പറയുന്നത്…?

എന്റെ മകളോ ഭാര്യയോ വിവാഹത്തിന് വരാത്തതിനെക്കുറിച്ച് അവിടെ ആരും ചോദിച്ചില്ല.. അവരുടെ മുഖഭാവം തന്നെയാണ് ഏറ്റവും വലിയ തെളിവ്..

ഇതെങ്ങനെ ഒരു കോടതിക്ക് മുഖവിലക്കെടുക്കാൻ ആകും എന്നാണ് മിസ്റ്റർ ജോസഫ് നിങ്ങൾ കരുതുന്നത്..?

യുവർ ഓണർ… നമ്മുടെ വീട്ടിൽ ഒരു പ്രധാന ചടങ്ങ് നടക്കുകയാണെന്ന് കരുതുക… ഒരു കല്യാണം തീരുമാനിച്ചു, അതല്ലെങ്കിൽ ഒരു വീട് എടുത്ത് പാലുകാച്ചൽ ആണ്, അതല്ലെങ്കിൽ ഒരു കുഞ്ഞിന് നൂലുകെട്ടാണ്…

ശരി…

അതോടനുബന്ധിച്ച് ചില അസുഖകരമായ സംഭാഷണങ്ങൾ ഉണ്ടായി എന്നും കരുതുക… ഒരുപക്ഷേ, വിവാഹത്തിന് തീരുമാനമെടുത്തത് എല്ലാവരോടും കൂടിയാലോചിക്കാതെയാണെന്നോ, അതല്ലെങ്കിൽ വീട് എടുത്തപ്പോൾ പരമ്പരാഗതമായി കിട്ടിയ സ്ഥലം ഓഹരി വെച്ചതിന് സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനോ, അതല്ലെങ്കിൽ കുഞ്ഞു ജനിച്ച വിവരം എല്ലാവരെയും അറിയിക്കാഞ്ഞതിനോ മറ്റോ ആയിരിക്കാം..

ശരി… ഇതൊക്കെ എല്ലാ വീടുകളിലും നടക്കുന്നതല്ലേ..?

ജഡ്ജി അക്ഷമയോടെ ചോദിച്ചു.

പക്ഷേ ഈ വിവരം അറിയുന്ന മറ്റു ബന്ധുക്കൾ, അവരുടെ വീട്ടിലെ മറ്റൊരു ചടങ്ങ് നടക്കുമ്പോൾ കാണാനിടയാകുന്ന മുഴുവൻപേരും അയാളോട് അതിനെക്കുറിച്ച് യാതൊന്നും ചോദിക്കാതിരുന്നാൽ അയാൾക്കത് പെട്ടെന്ന് മനസ്സിലാവും… ഇവരൊക്കെ ഈ വിവരം അറിഞ്ഞിട്ട് ഉള്ളിലൊളിപ്പിച്ചു നടക്കുകയാണ് എന്ന്…

അങ്ങനെ ചിലപ്പോൾ ഊഹിക്കാവുന്നതാണ്…

ജഡ്ജിയുടെ പിരിമുറുക്കം ഒന്ന് അയഞ്ഞു.

കോടതിമുറിയിലെ കേട്ടുനിന്നവർക്കും ജോസഫ് പറഞ്ഞുവരുന്നത് എന്താണെന്ന് മനസ്സിലായിത്തുടങ്ങി.

ഒന്നും അറിയാത്തവർ ആയിരുന്നെങ്കിൽ നിന്റെ മകളുടെ വിവാഹം തീരുമാനിച്ചു അല്ലേ എന്നൊരു കുശാലാന്വേഷണം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാം. അതല്ലെങ്കിൽ നിങ്ങൾ സ്വത്ത് ഓഹരിവെച്ച് വീടെടുക്കാൻ തുടങ്ങിയിരിക്കുന്നു അല്ലേ, വീടിന്റെ പണിയൊക്കെ തീരാറായോ അതല്ലെങ്കിൽ കുഞ്ഞിന് പേരൊക്കെ കണ്ടുവെച്ചോ എന്നിങ്ങനെ ഒരു നിർദോഷമായ അന്വേഷണം ഏതൊരു ബന്ധുവും ചെയ്യുന്നതാണ്… ശരിയല്ലേ..?

ജോസഫ് കോടതിയോട് ചോദിച്ചു.

കോടതിയിൽ മൗനം മുഴങ്ങി.

അയാളെ അറിയുന്ന എല്ലാവരും ആലോചിക്കുകയായിരുന്നു… അദ്ദേഹത്തിന്റെ മകൾ ഒന്നരമാസമായി മിസ്സിംഗ് ആണ്. എവിടെപ്പോയി എന്ന് അറിയില്ല.. തന്റെ മകളെ തിരിച്ചുകിട്ടണമെന്ന അപേക്ഷയുമായി അദ്ദേഹം കോടതിയിൽ എത്തിയിരിക്കുകയാണ്. ആരാണ് താങ്കളുടെ മകളുടെ തിരോധാനത്തിന് പിന്നിൽ എന്ന് കോടതി അന്വേഷിക്കുന്ന രംഗമായിരുന്നു അത്.

തന്റെ കീശയിൽനിന്നും മൊബൈൽ എടുത്ത് കോടതിയിൽ സമർപ്പിച്ചുകൊണ്ട് ജോസഫ് തുടർന്നു.

ഞാൻ അവിടെ ചെന്നപ്പോൾ എന്നോട് ബന്ധുക്കളായ പത്ത് പതിനഞ്ചുപേർ സംസാരിക്കുകയുണ്ടായി. അവരൊക്കെ എന്താണ് സംസാരിച്ചതെന്ന് ഈ മൊബൈലിൽ റെക്കോർഡ് ചെയ്തത് തെളിവുകളായി ഉണ്ട്. അവർ മറ്റു പല കാര്യങ്ങളും എന്നോട് സ്വാഭാവികമായരീതിയിൽ സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവരുടെ കണ്ണുകളിൽ അകാരണമായ ഒരു ഭീതി നിറഞ്ഞു നിൽക്കുന്നുണ്ട്.

ജഡ്ജി ആ മൊബൈൽ വാങ്ങി ജോസഫ് പറഞ്ഞ വീഡിയോ എല്ലാം കണ്ടുനോക്കി. പഴയ ഒരു തറവാട്ടിന്റെ മുറ്റത്തും അകത്തും ഇറയത്തും ഒക്കെ നടന്ന സംസാരങ്ങളുടെ പത്ത് പതിനാറ് ചെറിയ ചെറിയ വീഡിയോസ് ആയിരുന്നു അതൊക്കെ. മൊബൈൽ ഓൺ ആക്കി കീശയിൽ ഇട്ടതിനാൽ ചില കാഴ്ചകളൊക്കെ അവ്യക്തവുമായിരുന്നു. പക്ഷേ ശബ്ദം ഒക്കെ നല്ല ക്ലിയർ ആയി കേൾക്കുന്നുണ്ടായിരുന്നു.

ആ തറവാട്ടുമുറ്റത്ത് പണ്ട് ഉണ്ടായിരുന്ന രുചികരമായ നല്ല മാമ്പഴത്തെ ക്കുറിച്ചുപോലും അവിടെയുള്ളവർ ജോസഫിനോട് സംസാരിക്കുന്നത് ജഡ്ജിക്ക് കേൾക്കാൻ സാധിച്ചു. പക്ഷേ അവർ ആരുംതന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യയും മകളും വിവാഹത്തിന് വരാഞ്ഞത് എന്ന് ചോദിക്കുകയുണ്ടായില്ല.

അവരുടെ കണ്ണുകളിൽ ഒരു പേടി നിഴലിച്ചുനിന്നിരുന്നത് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഉടനേതന്നെ ഇത്രയുംപേരെ അടുത്തദിവസം തന്നെ കോടതിയിൽ ഹാജരാക്കാൻ പോലീസിനോട് നിർദ്ദേശിച്ചു.

വീട്ടിലേക്ക് തിരിച്ചെത്തി ക്ഷീണിതനായിരിക്കുന്ന ജോസഫിന്റെ അരികിൽ ഭാര്യ അന്നാമ്മ അവശതയോടെ വന്നിരുന്നു.

എന്തായി…? പ്രതീക്ഷക്ക് വകയുണ്ടോ..?

അവർ ചോദിച്ചു.

ജോസഫ് ക്ഷീണിച്ച മുഖഭാവത്തോടെ അവരെ ഒന്നു നോക്കി. ഇടത്തേ കാലിന്റെ പിൻഭാഗത്ത് പാദത്തിനടുത്തായി കടിച്ച ഒരു കുഞ്ഞുറുമ്പിനെ തട്ടിക്കളഞ്ഞു കൊണ്ട് അയാൾ ഒന്നു ചിരിച്ചു.

മിക്കവാറും നമുക്ക് നമ്മുടെ മകളെ നാളെത്തന്നെ കിട്ടും..

എന്തേ അങ്ങനെയൊരു ഉറപ്പ് തോന്നാൻ…?

അന്നാമ്മ തിടുക്കം കൂട്ടി.

എടീ… ഞാനന്ന് പോയ വിവാഹത്തിന് കല്യാണപ്പെണ്ണ് ഇട്ടിരുന്ന ആഭരണങ്ങളിൽ ചിലതൊക്കെ നമ്മൾ നമ്മുടെ മകൾക്കുവേണ്ടി എടുത്ത് ലോക്കറിൽവെച്ച ആഭരണങ്ങൾ ആയിരുന്നെടീ..

അന്നാമ്മ അമ്പരപ്പോടെ ജോസഫിന്റെ മുഖത്തേക്ക് നോക്കി.

ലോക്കറിന്റെ താക്കോൽ അവളുടെ കൈയിൽ ആണല്ലോ… എങ്കിലും വാങ്ങി ക്കൊടുത്ത അവളുടെ അച്ഛന് ആ ആഭരണങ്ങൾ കണ്ടാൽ മനസ്സിലാവാ തിരിക്കുമോ…? നമ്മുടെ മകൾ അതൊക്കെ എടുത്ത് ഏതോ ചെറുക്കന്റെകൂടെ ഇറങ്ങിപ്പുറപ്പെട്ടതാണ്.. അതിന് കൂട്ടുനിന്നത് അവിടുത്തെ സേവിച്ചന്റെ മകനായിരിക്കണം.. കല്യാണപ്പെണ്ണിന്റെ ആങ്ങളക്കൊച്ചനില്ലേ അവൻ… അവന് പ്രത്യുപകാരമായിക്കൊടുത്തതാവും അതൊക്കെ…

അന്നാമ്മ നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ട് പറഞ്ഞു:

ചിലപ്പോൾ നമ്മുടെ മകളെ അവർ അപായപ്പെടുത്തി കൈക്കലാക്കിയ താണെങ്കിലോ ആ സ്വർണ്ണം..?

ജോസഫ് പറഞ്ഞു:

അതാവാൻ വഴിയില്ല… അവരുടെ കണ്ണിലൊന്നും അത്രയും കുറ്റബോധം കണ്ടില്ല.. നമ്മുടെ മകൾ എവിടെയോ സുഖമായി കഴിയുന്നുണ്ട്. അതെവിടെയാണെന്ന് ഒന്ന് അറിയാൻ കഴിഞ്ഞാൽ മാത്രം മതിയായിരുന്നു. അന്ന് എനിക്ക് അവിടെ വെച്ച് അതൊക്കെ മനസ്സിലായിരുന്നു.

എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് അന്നുതന്നെ പോലീസിനോട് ഇതൊന്നും പറഞ്ഞില്ല..?

അന്നാമ്മ പരിഭവിച്ചു.

അവളും നമ്മുടെ മകളുടെ പ്രായത്തിലുള്ള ഒരു പെണ്ണല്ലേ… ആങ്ങളക്കൊച്ചൻ സ്വർണ്ണം കൊണ്ടുവന്നത് എങ്ങനെയാണെന്ന് അവൾ ഒരുപക്ഷേ അറിഞ്ഞു കാണില്ല… കല്യാണദിനം അല്ലേ.. അന്നുതന്നെ പ്രശ്നങ്ങൾ ഉണ്ടായാൽ….

ജോസഫ് കണ്ണുതുടച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കിയിരുന്നു.

ഇതേസമയം മറ്റൊരുവീട്ടിൽ അയാളുടെ മകൾ അടുത്തദിവസം കോടതിയിൽ ഹാജരാവാനായി ഭർത്താവുമൊത്ത് തയ്യാറെടുക്കുകയായിരുന്നു.
കോടതിയിൽ പറയേണ്ട വാക്കുകളൊക്കെ സേവിച്ചന്റെ മകൻ അവരെ രണ്ടുപേരെയും പഠിപ്പിച്ചുകൊടുക്കുകയും ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *