അന്തി
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
“നാലുകൊല്ലം മുമ്പ്,?ഞാൻ അമേരിക്കയിലേക്കു പോകുമ്പോൾ, എന്നെ കൊണ്ടുവിടാൻ അമ്മ എയർപോർട്ടിലേക്കു പോന്നില്ലേ? നാലുകൊല്ലം കഴിഞ്ഞ്,
ഞാൻ തിരികെ വരുമ്പോൾ കൂടെക്കൂട്ടാനും അമ്മ വരണം”
മോൻ്റെ നിർബ്ബന്ധമാണ്, വിമാനത്താവളത്തിലെത്തിച്ചത്. മകൾക്കും പേരക്കിടാങ്ങൾക്കും മരുമകനുമൊപ്പം ആഗതരെയും കാത്തുനിൽക്കുമ്പോൾ,
അമ്മയുടെ ചിന്തകളിൽ അച്ഛനായിരുന്നു. ഇതൊന്നും കാണാൻ ഭാഗ്യല്ല്യാണ്ട് പോയി.
എന്തോരം കഷ്ടപ്പെട്ടതാ രണ്ടാളും. അദ്ധ്വാനിക്കുന്നവർക്ക് ഹൃദയാഘാതം വരില്ലാന്നു പറയുന്നത് വെറുതെയാണ്. മകൻ വിദേശത്തു പോയി, ഒരു വർഷം കഴിഞ്ഞായിരുന്നു ആ അപ്രതീക്ഷിത മരണം. കുടിലിൽ നിന്നും കൊട്ടാരത്തിലേക്കു മാറും മുമ്പെ, ഒരു പോക്കായിരുന്നു. അമ്മ, സ്വന്തം കൈകൾ ചേർത്തുപിടിച്ചു. സ്വർണ്ണവളകൾ കിലുങ്ങി. ഉള്ളംകയ്യിലെ തഴമ്പ് ഇപ്പോളും മറഞ്ഞിട്ടില്ല. കരിങ്കല്ലും, കളിമണ്ണും ചുമന്ന തഴമ്പ്. മക്കള് രണ്ടാളും നന്നായി പഠിക്കുമായിരുന്നു. കുടിലിലെ മണ്ണെണ്ണവിളക്കിൻ്റെ വെട്ടത്തിലായിരുന്നു പഠനം.
മകൻ എഞ്ചിനീയറും, മകൾ ടീച്ചറുമായി. മകളുടെ വിവാഹം, നല്ല നിലയിൽ നടത്തി. ഈ വരവിൽ, മോൻ്റെ കല്യാണമുണ്ട്. തിയതി നിശ്ചയിച്ചിട്ടുണ്ട്.
കാത്തിരിപ്പിനൊടുവിൽ മകനെത്തി. അവൻ, വലിയ മൂന്നു പെട്ടികൾ ട്രോളിയിൽ തള്ളിക്കൊണ്ടാണ് വന്നത്. അമ്മയെ അവൻ ചേർത്തുപിടിച്ചു ചുംiബിച്ചു. സന്തോഷവും, അച്ഛനെയോർത്തുള്ള സങ്കടവും സമന്വയിച്ച് അമ്മ വിതുമ്പി. എല്ലാവരും കാറിൽ കയറി. അതു മുന്നോട്ടു പാഞ്ഞു.
വീട്ടിലേക്കുള്ള വഴിയിലേക്കു വാഹനം തിരിഞ്ഞു. വഴിയുടെ തുടക്കത്തിൽ ഒരു ചെറിയ പീടികയുണ്ടായിരുന്നു. പീടികയിലേക്കുള്ള പടവുകളിറങ്ങിച്ചെന്നാൽ, അതിനോടു ചേർന്നുള്ള ജീർണ്ണാവസ്ഥയിലുള്ള വീടു കാണാം.
“നമ്മുടെ ചന്ദ്രേട്ടൻ്റെ കട, ആകെ നശിക്കാറായല്ലോ അമ്മേ? ചന്ദ്രേട്ടൻ അസുഖം ബാധിച്ചു മരിച്ചപ്പോൾ എല്ലാം തീർന്നൂലേ?”
മോൻ്റെ ചോദ്യത്തിനു മറുപടിയായി, അമ്മയൊന്നു മൂളി. അമ്മയുടെ കൺമുന്നിൽ ഒരന്തിനേരം തെളിയുകയായിരുന്നു. അന്നത്തെ അന്തി.
പാടശേഖരത്തിനപ്പുറത്തേ കുടിലിൽ നിന്നും, പിടുത്തം വിട്ട സഞ്ചിയുമായി അവൾ കുന്നുകയറി പിടികയിലെത്തി. പീടികയിലേക്കിറങ്ങുന്ന ചവിട്ടുപടികളിൽ, നാട്ടിലെ ജോലിയില്ലാ പുരുഷൻമാർ നിരന്നിരുന്നു. അവർ, അവളുടെ ദേഹത്തിലെ കൊഴുപ്പുകളിലേക്കു കണ്ണോടിച്ചു തെറുപ്പുബീ iഡി ആഞ്ഞു വലിച്ചു.
പീടികയിലും തിരക്കായിരുന്നു. മാംiസക്കുന്നുകൾ പോലെ ഭാര്യയും ഭർത്താവും കടയുടമകളായി നിന്നു. കടയുടമയുടെ കുടവയർ, അയാളുടെ ഭാര്യയുടെ അസംതൃപ്തിയുടെ ദൃഷ്ടാന്തമായിത്തോന്നി. നെഞ്ചിലും, പിൻപുറത്തും മലയിടുക്കുകൾ തീർത്ത കടയുടമയുടെ പെണ്ണിന്, അവളുടെ ഒതുങ്ങിയ അരക്കെട്ടിലേക്കും, നിറമാറിലേക്കും നോക്കിയപ്പോൾ അസൂയ തോന്നി.
ഗൃഹപാഠം ചെയ്യുന്ന അവരുടെ മക്കൾ, ചെറുബാല്യക്കാർ അവളെ കണ്ടു ചിരിച്ചു. എന്നിട്ട്, കൂട്ടിലെ തത്തയേപ്പോൽ പിറുപിറുത്തു.
“ഇരുന്നൂറു പഞ്ചാര ഇരുപത്തിയഞ്ച് ചായില അമ്പത് വെളിച്ചെണ്ണ നൂറുള്ളി നൂറു പരിപ്പ്പ ത്തീസക്കു മിഠായി “
അവൾ, കടയുടമയോടു പിറുപിറുത്തു.
“അതൊക്കെത്തന്നെ”
സാമാനങ്ങൾ പൊതിഞ്ഞു, മുഷിഞ്ഞ പിടിവിട്ടുപോയ സഞ്ചിയിലിടുമ്പോൾ അവൾ പതിയേപ്പറഞ്ഞു.
“കാശ്, നാളെ തരാം ട്ടാ, ഇന്ന്, കൂലി കിട്ടീട്ടില്ല”
കടയുടമ ചുറ്റും നോക്കി. ഇഷ്ടം പോലെ ജനം ചുറ്റുമുണ്ട്.
“സഞ്ചിയിലെ സാധനങ്ങൾ വച്ചിട്ടു പോയ്ക്കോ, പുണ്യത്തിനല്ല കച്ചോടം”
അവൾ, തല താഴ്ത്തി കുന്നിറങ്ങി നടന്നു. അവളുടെ ഒതുങ്ങിയ നിതംബഭംഗി, ഒതുക്കുകല്ലുകളിലിരുന്നവർ ആസ്വദിച്ചു. തിരികെ പോകും വഴി, അവൾ തിരയുകയായിരുന്നു. പൊന്നുമക്കളുടെ പട്ടിണി തീർക്കാൻ അവതരിക്കുന്നൊരു അമ്പാടിക്കണ്ണനെ. വെറുതേ,
“അമ്മയെന്താ ഓർക്കുന്നെ?”
മോൻ്റെ ചോദ്യമാണ്, ചിന്തകളിൽ നിന്നുണർത്തിയത്.
“ഒന്നൂല്യ, വെറുതെ ഓരോന്നോർത്തതാണ്”
അമ്മ മറുപടി പറയുമ്പോൾ, കാർ അവരുടെ വലിയ വീടിൻ്റെ ഗേറ്റു കടന്ന്, ഉള്ളിലേക്കു നീങ്ങുകയായിരുന്നു.