ഗൾഫിലെ ജോലി നിർത്തി നാട്ടിൽ എത്തിയപ്പോൾ ‘സ്വന്തം വീട്ടിൽ അതിഥിയെപ്പോലെ ‘ കഴിയേണ്ടിവന്നപ്പോഴും സ്വസ്ഥതയെ കരുതി കെട്യോളോടും മക്കളോടും മറുത്തൊന്നും പറയാതെ അവർ…..

Story written by Sebin Boss J

“‘മരിച്ചവർ അക്ഷയരായി കബറിടങ്ങളിൽ നിന്നുയിർക്കുകയും ദുഷ്ടജനങ്ങൾ നീതിമാന്മാരിൽ നിന്നും വേർതിരിക്കുകയും ചെയ്യുന്ന ഭയാനകമായ വിധി ദിവസത്തിൽ …”

നരച്ച താടിയുള്ള വികാരിയച്ചന്റെ മുഖം കറിയാച്ചന്റെ കണ്ണുകളിൽ മഞ്ഞുപാട പോലെ മറഞ്ഞു പോയി . അയാൾ സെമിത്തേരിയിലെ കൽത്തൂണിലേക്ക് ചാരി . മുന്നിൽ ഉള്ളവരുടെ ശ്രദ്ധയൊന്നും അയാളിലേക്ക് പതിഞ്ഞില്ല .

”ഞങ്ങളുടെ ഈ സഹോദരിയെ സ്വീകരിക്കണെമെ ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ . ഇപ്പോഴും എപ്പോഴും എന്നേക്കും . ”

”ആമ്മേൻ ”

എൽസമ്മയുടെ കല്ലറക്ക് ചുറ്റിനും നിന്നവരുടെ ഏറ്റുപറച്ചിൽ ഒരു ഗുഹക്കുള്ളിൽ എന്നപോലെനിന്നും പുറപ്പെട്ടത് പോലെയാണ് കറിയാച്ചന്റെ കാതുകളിൽ മുഴങ്ങിയത് .

കണ്ണ് തിരുമ്മി നോക്കുമ്പോൾ മക്കൾ രണ്ടാളും കൈകൾ കൂപ്പി പ്രാർത്ഥനയിലാണ് . ബന്ധുജനങ്ങളെല്ലാവരും സിമിത്തേരിക്ക് പുറത്തേക്ക് നടന്നിരുന്നു

”അപ്പാ ..വാ ” ഇളയവൾ കൈ പിടിച്ചപ്പോ കറിയാച്ചന്റെ കാലുകൾ യാന്ത്രികമായി ചലിച്ചു .

എൽസമ്മ മരിച്ചിട്ടിന്നേക്ക് അഞ്ചാം ദിവസം .

”’എടി .. നീ നാപ്പത്തിയൊന്നെടുക്കുന്നുണ്ടോ ? ”

”പിന്നെ നാപ്പത്തിയൊന്ന് !!…നാളെ അങ്ങോട്ടുചെന്നാൽ പിന്നെ നോമ്പോ മറ്റോ ഉണ്ടോ ? ” ഷേർളി അനിയത്തി ജോളിയോട് പറഞ്ഞിട്ട് തന്റെ മകൻ എവിടെയെന്നു നോക്കി .

”എടാ ..അപ്പച്ചനേം വിളിച്ചോണ്ട് വാ .. ഞാൻ മോളിയാന്റിയെ ഒക്കെയൊന്ന് കാണട്ടെ … മരിപ്പിന് വന്നപ്പോ സംസാരിക്കാനുള്ള മൂഡിൽ അല്ലായിരുന്നല്ലോ ”’

പേരക്കുട്ടിയോട് തന്റെ കാര്യം പറഞ്ഞേൽപ്പിച്ച് പള്ളി മുറ്റത്തു നിൽക്കുന്ന ജനക്കൂട്ടത്തിലേക്ക് നടക്കുന്ന മൂത്തമോളെ കണ്ടപ്പോൾ കറിയാച്ചനുള്ളിൽ ചിരിയാണ് വന്നത് .

അടക്കിന്റെയന്ന് ശവപ്പെട്ടിയുടെ പിന്നിൽ നിർത്തിയിട്ടിരിക്കുന്ന കസേരകളിൽ ഇരുന്ന് വിമ്മി പൊട്ടുകയായിരുന്ന ഷേർളി പൊടുന്നനെ അകത്തേക്ക് പോയപ്പോൾ അമ്മയുടെ മൃതദേഹത്തിന് മുന്നിൽ ഒരുതുള്ളി വെള്ളം പോലുമിറക്കാതെ കണ്ണീരൊഴുക്കിയിരുന്ന , അവൾക്ക് വല്ല തലചുറ്റലോ മറ്റോ ഉണ്ടായോയെന്നാണ് കരുതിയത് . അകത്തെ ബെഡ്‌റൂമിൽ അലമാരിയിലെ കണ്ണാടിയിൽ നോക്കി മുഖത്ത് പൗഡറും ക്രീമും ചുണ്ടിൽ ലിപ്സ്റ്റിക്കും പുരട്ടുന്നത് കണ്ടപ്പോൾ തിരികെ ഹാളിലേക്ക് വന്ന കറിയാക്ക് ലൈവ് ടെലികാസ്റ്റുകാരുടെ വീഡിയോ ക്യാമറ മകളുടെ പൊടുന്നനെയുള്ള വല്ലായ്മയുടെ കാരണം വ്യക്തമാക്കി കൊടുത്തു .

” കറിയാച്ചാ … മക്കൾക്ക് വേണ്ടിയാണല്ലോ മാതാപിതാക്കൾ സമ്പാദിക്കുന്നത് . അപ്പൊ പിന്നെ അവർക്കുള്ളത് അങ്ങ് കൊടുത്തേക്കുക . അല്ലെ ? .. പിന്നെ സഭ അല്പം സാമ്പത്തിക പരാധീനതയിൽ നിൽക്കുന്ന സമയമാണല്ലോ . നിങ്ങളൊക്കെ കനിഞ്ഞു വല്ലതും തന്നാലേ … ”

വീട്ടിൽ അഞ്ചിന്റെ ചടങ്ങുകൾ കഴിഞ്ഞ് അപ്പവും ചില്ലി ഗോബിയും കഴിക്കുന്ന മക്കളേ നോക്കി വികാരിയച്ചൻ പറഞ്ഞപ്പോൾ കറിയാച്ചൻ ഒഴിഞ്ഞ ചായക്കപ്പ് മേശപ്പുറത്തു വെച്ചു പറഞ്ഞു .

”എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ .. ഒന്നിനും ഞാനെതിരല്ല .”

അങ്ങനെ വീതം വെപ്പും കഴിഞ്ഞു . ഇനിയുള്ളത് ഈ വീട് മാത്രം .

അതും എൽസമ്മയുടെ പേരിലായതു കൊണ്ട് തനിക്കവകാശമൊന്നുമില്ല
മക്കളിതിനും അവകാശം പറയുമെന്നത് മൂന്നുതരം .
അല്ലെങ്കിലും എൽസമ്മ പറയും പോലെ തനിക്കെന്താണ് മക്കളിലും ഈ സ്വത്തിലുമൊക്കെ അവകാശം ?

വെറുതെ കുറെ ‘പണം ‘ കൊടുത്തത് കൊണ്ടായോ ? കാര്യം തന്റെ അധ്വാനഫലം ആണ് , അതൊക്കെ നല്ലവണ്ണം വിനിയോഗിച്ചു സ്വത്താക്കിയത് എൽസമ്മ അല്ലെ ? മക്കളെ ” വേണ്ട രീതിയിൽ വളർത്തിയതും’ അവൾ അല്ലെ

തയ്യലും കിട്ടുന്ന പണിയും ചെയ്ത് തന്നെ പഠിപ്പിച്ച വിധവയായ അമ്മയെ ഇനി ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണ് പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞയുടനെ ഗൾഫിലേക്ക് പോയത് . പൊരി വെയിലത്ത് വർഷങ്ങൾ കിടന്നധ്വാനിച്ചു ഒടുവിൽ തിരിച്ചു വരുമ്പോൾ ഏത് സാഹചര്യത്തിലും ജീവിക്കാൻ പറ്റുമെന്നുള്ള മനധൈര്യം മാത്രമായിരുന്നു മിച്ചമുണ്ടായിരുന്നത്.

അത് കൊണ്ടാണല്ലോ ഗൾഫിലെ ജോലി നിർത്തി നാട്ടിൽ എത്തിയപ്പോൾ ”സ്വന്തം വീട്ടിൽ അതിഥിയെപ്പോലെ ‘ കഴിയേണ്ടിവന്നപ്പോഴും സ്വസ്ഥതയെ കരുതി കെട്യോളോടും മക്കളോടും മറുത്തൊന്നും പറയാതെ അവർ തരുന്നതും കഴിച്ചു ജീവിച്ചുപോയിരുന്നത് .

രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോഴുള്ള ലീവ് , അതിൽ രണ്ടാമത്തെ ലീവിന് തന്നെ അമ്മ കണ്ടുപിടിച്ച എൽസമ്മയെ വിവാഹം കഴിച്ചു . തന്നെപ്പോലെ തന്നെ കഷ്ടപ്പാട് അനുഭവിച്ചുവളർന്ന അടക്കവും ഒതുക്കവും ‘ഭയഭക്തിയുമുള്ള’ പെണ്ണ് !!

പിന്നീടുള്ള ലീവുകളിൽ യഥാക്രമം മൂന്ന് കുഞ്ഞുങ്ങൾ .. കുഞ്ഞുങ്ങളുടെ ജനനത്തിനോ എന്തിന് അമ്മയുടെ മരണത്തിനോ പോലും നാട്ടിൽ വരാനായില്ല .
വെറുതെയെന്തിന് പൈസ മുടക്കി വരണം …അതിങ്ങോട്ട് അയച്ചുതന്നാൽ മക്കൾക്ക് വല്ല ഉപകാരത്തിലും കൊള്ളിക്കാം എന്ന ഭയഭക്തിയുള്ള പെണ്ണിന്റെ ശാസനം . എതിർത്താൽ അമ്മക്കായിരിക്കും ബുദ്ധിമുട്ട് , കുടുംബകലഹം വേറെ .

” അപ്പച്ചൻ ഇനിയിവിടെ തനിച്ചു കിടക്കണ്ട .. ഞങ്ങൾക്ക് അതുവലിയ ടെൻഷൻ ആയിരിക്കും .. ഇത് വിറ്റിട്ട് ഞങ്ങടെ കൂടെ വല്ലോം വന്നു നിന്നൂടെ ?”

വൈകിട്ട് അത്താഴത്തിന് ഇരിക്കുമ്പോൾ ഇളയമകളുടെ ചോദ്യത്തിന് യെസ് മൂളിയതോടെ അവർ ആഹാരം പോലും മറന്നു ഫോണുമായി മുറികളിലേക്കോടി . അപ്പച്ചനെന്ന ..അതോ തറവാടെന്ന ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഭർത്താക്കന്മാരുടെ അഭിപ്രായമാരായാൻ ആവും !!

” ഇതിനെത്ര വില വരുമെന്നറിയാമോ ? എത്ര നാളാ വാടകവീട്ടിൽ കിടക്കുന്നെ ? ഒരു വീട് വാങ്ങിയാൽ പോലും ലാഭമാ .. പക്ഷെ മൊത്തം നമുക്ക് തന്നെ കിട്ടണം .. അപ്പച്ചനെ വല്ല അനാഥാശ്രമത്തിൽ നിർത്താം , അല്ലെങ്കിൽ വേണ്ട ചേച്ചി മുറുമുറുക്കാൻ തുടങ്ങും . അവളെന്നായാലും അപ്പച്ചനെ കൂടെ നിർത്താൻ സമ്മതിക്കൂന്ന് തോന്നുന്നില്ല . അതുകൊണ്ടു തറവാടിന് കണക്ക് പറയാൻ വരത്തൊന്നുമില്ല … … ഇല്ലന്നെ .. നല്ല തണുപ്പല്ലേ … കാലാകാലമൊന്നും അപ്പച്ചനവിടെ നിൽക്കത്തില്ല . കുറച്ചുനാൾ കഴിഞ്ഞ് ഇട്ടേച്ചിങ്ങോട്ടെങ്ങാനും പോന്നോളും ”

” അവൾക്ക് മാത്രം അനുഭവിക്കാൻ സമ്മതിക്കില്ല .. ആറുമാസം വീതം വീതം അപ്പച്ചൻ മാറിമാറി നിൽക്കട്ടെ .. നമ്മക്കും വേണം വീടിന്റെ വീതം … അച്ചുമോന് എന്തേലും സ്വന്തമായി ചെയ്യണം എന്ന് പറയുന്നു … ”

ഡൈനിങ്ങ് ടേബിളിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ ദേഷ്യവും മറ്റുമായി പല മുറികളിൽ നിന്നായി മക്കളുടെ ഒച്ചപൊങ്ങുമ്പോൾ പുറത്തേക്ക് വരുന്ന സംഭാഷണ ശകലങ്ങൾ കൊണ്ട് വയർ നിറഞ്ഞു കറിയാച്ചൻ കൈ കഴുകി .

”’ അപ്പച്ചന് ഇവിടുത്തെ ഫുഡൊന്നും ഇഷ്ടപ്പെടില്ലാരിക്കും . ഇതൊക്കെയാ ഇവിടെ ”

ഇളയ മകൾ ഒരു പ്ളേറ്റിൽ ആട്ടിറച്ചി മസാല ചേർത്ത് വെച്ചതും ബ്രെഡും സലാഡും കൂടി കൊണ്ട് വന്നു വെച്ചപ്പോൾ എക്‌സ്പയറി തീരാറായ കുബൂസ് കുറഞ്ഞ വിലക്ക് വാങ്ങി സവാളയും മുളകും കൂട്ടി കഴിച്ചു വർഷങ്ങൾ കഴിച്ചുകൂട്ടിയതാണ് ഓർമ വന്നത് . നാട്ടിൽ വന്നിട്ടും എൽസമ്മയുടെ ഇഷ്ടങ്ങളായിരുന്നു ആഹാര രൂപത്തിൽ ടേബിളിൽ നിരന്നിരുന്നത് . അവൾ കിടപ്പിലായതിൽ പിന്നെയാണ് തനിക്കിഷ്ട്ടമുള്ളതൊക്കെ ഒന്ന് രുചിക്കാൻ കഴിഞ്ഞത് തന്നെ .

” അപ്പച്ചൻ അധികം ദൂരത്തേക്കൊന്നും പോകരുത് കേട്ടോ .. ”’

മകൾ പറഞ്ഞിട്ടാണ് പോയതെങ്കിലും അടുത്തുള്ള പ്രദേശത്തൊക്കെ ഒന്ന് കറങ്ങി .മാസം രണ്ട് കഴിയുന്നു ഈ നാട്ടിൽ വന്നിട്ട് , പുതുമയൊന്നും തോന്നുന്നില്ല . ദുബായിയിൽ പല രാജ്യത്തു നിന്നും പല ഭാഷകൾ സംസാരിക്കുന്നവരുടെ ഇടയിൽ കിടന്ന് പത്തുമുപ്പത് വർഷം കഴിഞ്ഞതല്ലേ ? എവിടെയായാലും ജീവിക്കാനുള്ള ഭക്ഷണം കിട്ടണം , മനസമാധാനമായി ഒന്നുറങ്ങാന്‍ പറ്റണം

” ഇങ്ങനെ പോയാൽ ശെരിയാവില്ല . തീറ്റയും കുടിയും മാത്രം . ആരോഗ്യമുണ്ടല്ലോ .. വല്ല ജോലിക്കും ശ്രമിക്കാൻ പറ ”

വന്നു രണ്ട് മാസം കഴിയുന്നതിന് മുന്‍പ് മരുമോന്റെ വാക്കുകള്‍ കേട്ട കറിയാച്ചന്‍ സ്ഥിരം പോകാറുള്ള റെസ്റ്റോറന്റിലേക്ക് നടന്നു .

ഒരു ജോലി ഒപ്പിക്കണം .!!

ചെറിയൊരു ജോലി കിട്ടി , അവിടെ താമസിക്കണം എന്നാണ് ചട്ടം എന്ന് പറഞ്ഞപ്പോള്‍ ‘ വിഷമത്തോടെ ‘ മകളും മരുമകനും സമ്മതിച്ചപ്പോള്‍ കറിയാച്ചന്‍ അങ്ങോട്ടേക്ക് മാറി .

” മമ്മി .. ലുക്ക് ദിസ്‌ ”’

നാലഞ്ചുമാസം അപ്പച്ചന്റെ വാര്‍ത്തകള്‍ അറിയാതെ ”കണ്ണീര്‍ പൊഴിച്ചു വീട്ടിലിരുന്ന മകൾ ‘ ഒരു ദിവസം മകന്‍ മൊബൈലില്‍ വൈറല്‍ ആയ ഒരു വീഡിയോ കാണിച്ചപ്പോഴാണ് പിന്നെയപ്പച്ചനെ കാണുന്നത് .

” കറിയാച്ചന്റെ ചായക്കട” എന്ന ഹാഷ് ടാഗിൽ നിരവധി റീലുകൾ .

”ഇത് കൊള്ളാല്ലോടി ”’ വൈകിട്ട് കെട്യോനെ കാണിച്ചപ്പോൾ അയാൾക്കും സന്തോഷം .പിറ്റേന്ന് കുടുംബ സമേതം ചായക്കട സന്ദർശിച്ചാണ് സന്തോഷം തെല്ലെങ്കിലും ഒന്ന് ശമിപ്പിച്ചത് .

നഗരത്തിൽ നിന്നല്പം ഉള്ളിലേക്ക് മാറി , പൂട്ടിപ്പോയ ഒരു കന്നുകാലി ഫാമിന്റെ സ്റ്റോർ റൂമിലായിരുന്നു റെസ്റ്റോറന്റിൽ ജോലിക്ക് കേറിയ കറിയാച്ചൻ താമസിച്ചിരുന്നത് .യൂറോപ്പിലെ കെട്ടിടങ്ങളുടെ പൊതുവായ രൂപത്തിൽ മാറ്റം വരുത്താതെ മുൻഭാഗത്ത് അരഭിത്തിയും കെട്ടി ഉള്ളിൽ പഴയ ചായക്കട മോഡൽ രണ്ടുമൂന്ന് അലമാരയും രണ്ടു മൂന്ന് ബെഞ്ചും മേശയും ഓക്ക് വൂഡിന്റെ തടികൊണ്ട് പണിതിട്ട്, കടയുടെ മുന്നില്‍ യുറോപ്പിൽ എവിടെയും കാണുന്ന നിറയെ പൂക്കുന്ന രണ്ടുമൂന്ന് മരങ്ങൾ കൂടി തണൽ പൊഴിച്ചപ്പോൾ ഒരു വെറൈറ്റി ലുക്കായി .ഗൾഫിൽ വായ്ക്ക് രുചിയായി എന്തേലും കഴിക്കണമെന്നുള്ള ചിന്തയിൽ തമിഴന്റേയും തെലുങ്കന്റെയുമൊക്കെ ആഹാര വൈവിധ്യങ്ങൾ പഠിച്ചെടുത്തത് ഇപ്പോഴാണ് ഗുണമായത് . നാടൻ ബോണ്ടയും മസാലബോണ്ടയും ബജിയുമുൾപ്പടെ കണ്ണാടിയലമാരകളിൽ നിരന്നു . ചമ്മന്തിക്കൊപ്പം സായിപ്പിനെ തൃപ്തിപ്പെടുത്താൻ സോസും പീനട്ട്സ് സ്പ്രെഡും ഒക്കെ ആഡ് ചെയ്തു . ആദ്യം കുറച്ചുപേർ എന്നത് സ്ഥിരമാളുകൾ ആയി കസ്റ്റമേഴ്സ് കൂടിവന്നു . ഒരു പരീക്ഷണത്തിന് പണ്ട് കൈവശമാക്കിയ ഹൈദരാബാദി ബിരിയാണി കൂടി ആയപ്പോൾ വാരാന്ത്യങ്ങളിൽ വാഹനങ്ങളുടെ നിരകൾ കണ്ടു തുടങ്ങി .

മാസങ്ങൾ കഴിഞ്ഞു .

ഇടയ്ക്കിടെ അപ്പച്ചനെ കണ്ടു സന്തോഷം പ്രകടിപ്പിച്ചു കീശ വീർപ്പിക്കാൻ മറന്നില്ല മകളും മരുമകനും പേര മക്കളും

”എടി … നാട്ടീന്ന് കോളുണ്ടായിരുന്നു മമ്മീടെ .. അപ്പച്ചന്റെ കടേടെ റീലൊക്കെ ചേച്ചിയും മക്കളുമൊക്കെ ചെന്നപ്പോ കാണിച്ചെന്ന് .. കുന്നേൽ ഔതക്കുട്ടീടെ മകന്റെ അമ്മായിയപ്പൻ ചായക്കടേം കൊണ്ട് ജീവിക്കുന്നത് കുറച്ചിലാ പോലും ”

ഒരു ദിവസം വൈകിട്ട് വീട്ടിൽ വന്നപ്പോൾ മരുമകൻ കെട്യോളോട് പറഞ്ഞു .

” ഈ അപ്പച്ചനിതെന്തൊന്നിന്റെ കേടാ .. മനുഷ്യന് നാണക്കേടുണ്ടാക്കാനായിട്ട് ”
ചവിട്ടി തുള്ളി മകൾ അകത്തേക്ക് വലിഞ്ഞു .

” അപ്പച്ചനെ ഇനിയിങ്ങനെ ജോലി ചെയ്യിപ്പിക്കണോ ? ചേട്ടന് ഇത്രേം വരുമാനം ഒന്നുമില്ലല്ലോ ..നമുക്കതങ്ങോട്ട് ഏറ്റെടുത്താൽ എന്താ ?

അൽപ സമയത്തെ ആലോചനക്ക് ശേഷമിറങ്ങി വന്ന മകൾ കെട്യോനോട് പറഞ്ഞു .

” ഞാനുമതാലോചിക്കാതിരുന്നില്ല .. നല്ല വരുമാനമുള്ള കടയല്ലേ ..അങ്ങനെ നിർത്താണ്ട കാര്യമൊന്നുമില്ലല്ലോ ”

അങ്ങനെ അതിനൊരു തീരുമാനമായി .

ജീവിതം മെച്ചപ്പെട്ടാൽ മാത്രമേ ബന്ധുക്കളും തറവാട്ട് മഹിമയും പെരുദോഷവും ഒക്കെ ഉണ്ടാകൂ. വയർ വിശക്കുന്നവർക്ക് ഈ വക ദോഷങ്ങളും ഒക്കെ ഇല്ലല്ലോ.
പട്ടിണി കിടക്കുന്നവന്റെ മുന്നിലേക്ക് ആഹാരം വെച്ചു നീട്ടിയാൽ അവൻ ഹിതമെന്നോ അഹിതമെന്നോ നോക്കാതെ ജീവൻ നില നിർത്താനെ നോക്കൂ.
ദാരിദ്ര്യം അനുഭവിക്കുന്നവന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല, അത്തരക്കാരെ അവർക്കും വേണ്ട!!

അനുഭവസ്ഥന്റെ ഉപദേശങ്ങളൊന്നും കേൾക്കാനാളുണ്ടായില്ല

രണ്ട് മാസങ്ങൾക്ക് ശേഷം ”കറിയാച്ചന്റെ ചായക്കട ” എന്ന പേരുദോഷം ഉണ്ടാക്കിയ ബോർഡിന്റെ മുകളിൽ സ്വർണ ലിപികളാൽ എഴുതിയ” കഫെ ഡി പാരഡൈഡ് ”എന്ന ആളൊഴിഞ്ഞ റെസ്റ്റോറന്റിലെ ഹോട്ട് ബോക്സുകളിൽ നിന്ന് കടയടക്കാൻ നേരം ബർഗറും പിസ്സയുമൊക്കെ എടുത്തു വേസ്റ്റ് ബിന്നിൽ കളയുന്ന ജോലി മാത്രമായിരുന്നു കറിയാച്ചന് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *