ഗൾഫിലെ ജോലി മടുത്തു നാട്ടിലെത്തി…ഒന്നര മാസം കഴിഞ്ഞപ്പോൾ തന്നെ പണി ഇല്ലാതെ വീട്ടിലെ അടുപ്പ് പുകയൂല എന്ന് കണ്ടപ്പോൾ ആയിരുന്നു ജോലി തേടി ഇറങ്ങിയത്……

_upscale

എഴുത്ത് :- നൗഫു ചാലിയം

“ഗൾഫിലെ ജോലി മടുത്തു നാട്ടിലെത്തി…ഒന്നര മാസം കഴിഞ്ഞപ്പോൾ തന്നെ പണി ഇല്ലാതെ വീട്ടിലെ അടുപ്പ് പുകയൂല എന്ന് കണ്ടപ്പോൾ ആയിരുന്നു ജോലി തേടി ഇറങ്ങിയത്..

ഗൾഫിൽ പോകുന്നതിന് മുമ്പ് ടിപ്പറിൽ ഡ്രൈവർ ആയിരുന്നത് കൊണ്ടു തന്നെ ജോലിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവൂല നീ ഇങ്ങോട്ട് കയറി പോന്നാൽ മതിയെന്നു പറഞ്ഞ ചങ്കുകൾ എല്ലാം ഞാൻ വന്നു ഒരു മാസം കഴിഞ്ഞിട്ടും പണി ഇല്ലാതെ വീട്ടിൽ തന്നെ ഇരിപ്പാണെന്ന് കണ്ടപ്പോളാണ് എനിക്ക് മനസിലായത് കോറി എല്ലാം ഗവണ്മെന്റ് സീൽ വെച്ച് പൂട്ടി ഇട്ടിരിക്കുകയാണെന്ന്..”

“കല്ലെടുക്കാൻ പറ്റില്ലത്രേ…

ബാലെ ബേഷ്…നല്ല നിയമം…

നമ്മളെ മുന്നിലൂടെ തന്നെ ഗവണ്മെന്റ് കോൺട്രാക്ട്ട് ബോർഡ് വെച്ച വണ്ടികൾ തലങ്ങും വിലങ്ങും ഉള്ള മലയെല്ലാം കുത്തി തുരന്നു പാറയും കല്ലുമായി പറ പറക്കുന്നുണ്ടേലും…നമ്മളിങ്ങനെ അവർ കൊണ്ടു പോകുന്ന ലോടും എണ്ണി എണ്ണി നോക്കു കുത്തിപോലെ ഇരുന്നു..”

“ജോലിക് പോകാതെ ഒരു ഗ്ലാസ് വെള്ളം പോലും തരില്ല എന്നുള്ള ഓർഡർ ഉമ്മ കട്ടായം പോലെ പറഞ്ഞത് കൊണ്ട് തന്നെ ഒരു പണി എങ്ങേനെലും ഒപ്പിക്കുക്ക എന്നത് തന്നെ ആയിരുന്നു എന്റെ ലക്ഷ്യം…

അതെങ്ങനെ ജപ്പാൻ കുടിവെള്ളം വന്നതിന് ശേഷം അതും പൈസ കൊടുത്താണല്ലോ ഉപയോഗം.. അത് കൊണ്ടു കുടിവെള്ളവും വീട്ടിൽ നിന്നും കിട്ടൂല…”

“പിന്നെ ഉള്ളത് നാടൻ പണികളാണ്.. അതെല്ലാം അതിഥികൾ കുല തൊഴിലായി കയ്യടക്കിയത് കൊണ്ട തന്നെ അവിടേക്കൊരു തിരിച്ചു വരവ് നോ രക്ഷ….

അങ്ങനെ അന്നൊരു ദിവസം മുഴുവൻ തെക്ക് വടക്ക് നടന്നു അവസാനം ഉമ്മയുടെ ചീത്ത കേട്ടാലും. വേണ്ടില്ല വീട്ടിലേക് പോകാമെന്നു കരുതി തിരികെ പോകുന്ന നേരത്താണ് സത്താറെ കൂയ്…എന്നൊരു വിളി കേട്ടത്..

എന്റെ ചങ്ക് നിസാം ആയിരുന്നു അത്…അവൻ സ്വന്തമായി കുഴൽ കിണർ നിർമിച്ചു നൽകുന്ന കോൺട്രാക്റ്റ് എടുത്തു ഒന്ന് പച്ച പിടിച്ചു തുടങ്ങുന്നേ ഉള്ളൂ.. അവന് കീഴിൽ പത്തു പതിനഞ്ചു ബംഗാളികളും ഉണ്ട്…”

“ടാ…നീ തിരികെ പോകുന്നില്ലെന്ന് കേട്ടു…”

അവൻ കണ്ട ഉടനെ തന്നെ എന്നോട് ചോദിച്ചു..

“ഒന്നര മാസമായി വന്നിട്ടെങ്കിലും അവനെ കാണുന്നത് തന്നെ ഇന്നാണ്..

പൂര തിരക്കാണ് പഹയാണെനെന്നാണ് നാട്ടിൽ സംസാരം..

അതെങ്ങനെ വെള്ളം കിട്ടാനായി ഉള്ള കിണറു തന്നെ അടിയിലേക് അടിയിലേക് കുഴിക്കുകയല്ലേ കുഴിച് കുഴിച് ഇതെന്നാണ് അമേരിക്കയിൽ എത്തുക എന്നത് പടച്ചോന് മാത്രം അറിയാം…”

“ഹ്മ്മ്.. “

ഞാൻ അവന്റെ ചോദ്യത്തിന് തലയാട്ടി…

“സ്വന്തമായി ജോലി തുടങ്ങിയതിനു ശേഷം ഇവനെ ആരും കാണാറില്ല…അധികവും രാത്രി ആയിരുന്നു ജോലി അവന്…രാവിലെ മൂടി പുതച് കിടന്നുറങ്ങുകയും ചെയ്യും..

ഇന്ന് തന്നെ കാണാൻ കാരണം അവൻ ജോലിക് ഇറങ്ങുന്ന സമയം ആയത് കൊണ്ടായിരിക്കാം..”

“ടാ.. ഒരു പണി ഉണ്ട്…

ഞാൻ ഒരു പുതിയ വണ്ടി കൂടേ എടുത്തിട്ടുണ്ട്.. കുഴൽ കിണർ അടിക്കുന്ന…

നീ എന്റെ പഴയ വണ്ടി എടുത്തോ… എന്റെ കുറച്ച് പണിക്കാരെയും തരാം.. എനിക്ക് ഏതായാലും ഇത് ഒറ്റക് നോക്കി നടത്താൻ കഴിയില്ല നീ കൂടേ ഉണ്ടേൽ നമുക്ക് രണ്ടു പേർക്കും അപ്ന അപ്ന…എന്ത് പറയുന്നു..”

അവനെനിക് വെച്ച് നീട്ടുന്നത് മാസം എങ്ങനെ പോയാലും ഒന്നൊന്നര ലക്ഷം കിട്ടാൻ സാധ്യതയുള്ള ജോലിയാണ്…

“ഞാൻ ഒരു നോ പറഞ്ഞാൽ ഒന്നും സംഭവിക്കില്ല.. എന്നത്തേയും പോലെ ഓൻ ജോലിക് പോകും.. ആദ്യത്തെ വണ്ടിയിൽ ആരെയെങ്കിലും പണിക്കും കയറ്റും…

പക്ഷെ ഞാൻ എസ് പറഞ്ഞാൽ അതെനിക്കൊരു മുതൽ കൂട്ടാവും… ഒരു തുള്ളി വെള്ളം തരൂല എന്ന് പറഞ്ഞ ഉമ്മച്ചിയുടെ തൊടിയിൽ തന്നെ പത്തു പതിനഞ്ചു കോല് അടിയിലേക് പൈപ്പ് അടിച്ചിറക്കി മതിയാവോളം വെള്ളം കുടിപ്പിക്കാം…”

“നോ പറയണോ എസ് പറയണോ…

എസ്… ഞാൻ അവനോട് എസ് എന്ന് തന്നെ പറഞ്ഞു…”

“അങ്ങനെ അന്ന് മുതൽ ഞാൻ അവന്റെ കൂടേ കൂടി…

പറഞ്ഞത് പോലെ തന്നെ നല്ല വർക്ക്‌ ഉണ്ടായിരുന്നു…നാട്ടിലും തൊട്ടയൽ നാട്ടിലും ജില്ല വിട്ടു പോലും പണികൾ.. എല്ലാം രാത്രി പണികൾ ആയിരുന്നു.. ഒരു ദിവസം തന്നെ മുന്നോ നാലോ സ്ഥലത്തു കിണർ കുഴിച് കൊടുക്കാനായി ഉണ്ടായിരുന്നു..

അങ്ങനെ ഒന്ന് രണ്ടു മാസം കഴിഞ്ഞു.. ഞാൻ ഈ ജോബുമായി പൊരുത്തപെട്ടു തുടങ്ങി.. ഇനി ഒരു കല്യാണമൊക്കെ ആകാമെന്ന് ഉമ്മ എന്റെ മുഖത് നോക്കി പറഞ്ഞപ്പോൾ എനിക്ക് ഇച്ചിരി നാണമൊക്കെ വന്നു തുടങ്ങിയ സമയം..”

“ഒരു ദിവസം ലീവ് ആക്കാമെന്നു കരുതി ഇരിക്കുന്ന സമയത്താണ്…നിസാം വിളിച്ചു പറയുന്നത്..

നാളെ രാവിലെ വീടെടുക്കാൻ തറ കെട്ടുന്ന സ്ഥലത്ത് അർജെന്റായി ഒരു കിണർ കുഴിച്ചു കൊടുക്കണം…അവൻ ബാംഗ്ലൂർ വരെ ഒന്ന് പോവാണ് എന്നോട് പോയി കൊടുക്കാൻ..

രാത്രി പന്ത്രണ്ടര സമയത്താണ് ഞാനും എന്റെ കൂടെയുള്ള അഞ്ചേട്ട് ബംഗാളികളും കൂടേ അങ്ങോട്ട്‌ പോകുന്നത്..”

“ഒരു മലയോര പ്രേദ്ദേശമായിരുന്നു അത്..അടുത്തെങ്ങും ഒരു വീട് പോലും ഇല്ല..

ഒരു കുന്നിന്റെ മുകളിൽ…”

“വണ്ടി റോട്ടിൽ വെച്ച് പത്തു നൂറു മീറ്റർ ഉള്ളിലേക്കു പോയായിരിന്നു സ്പോട്ട്…ഞാൻ പണിക്കരുടെ കൂടേ പോയി ജോലി യെല്ലാം സെറ്റ് ചെയ്തു കൊടുത്തു… നല്ല പാറ ഉണ്ടാകുന്നത് കൊണ്ട് തന്നെ മൂന്നാല് മണിക്കൂർ ജോലി ഉണ്ടാവുമായിരുന്നു അവിടെ..

അവർക്ക് വേണ്ട നിർദ്ദേശമെല്ലാം കൊടുത്തു കുറച്ച് നേരം കിടക്കാമെന്ന് കരുതി ഞാൻ വീണ്ടും വണ്ടിയിലേക് തന്നെ വന്നു…”

“സമയം ഒന്നരയോട് അടുത്തിട്ടുണ്ട്… നല്ല കുളിരുള്ള കാറ്റു വീശുന്നുണ്ട് മലയുടെ മുകളിൽ.. വണ്ടിയിലെ പാട്ട് പെട്ടിയിൽ മലയാളം മെലഡീ സോങ് വെച്ച് ഞാൻ ഒന്ന് കണ്ണടച്ച് കുറച്ചു നേരം മയങ്ങാമെന്ന് കരുതി കണ്ണടച്ചു…

“പ് ടൊ..”

വണ്ടിക്ക് മുകളിൽ എന്തോ ഒന്ന് വന്നു വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്…

“പെട്ടന്ന് എന്റെ മുന്നിലൂടെ എന്തോ ഒരു ജീവി നാലു കാലിൽ എന്ന പോലെ ഓടി മറയുന്നത് അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു…..

അതൊരു മനുഷ്യനാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജീവിയാണോ എന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ അടുത്തുള്ള പൊന്ത കാട്ടിലേക്ക് കയറിയിരുന്നു..

ഞാൻ ആകെ ഭയന്നു വിറച്ചു…

ഹെഡ് ലൈറ്റ് അല്ലാതെ പാർക്ക്‌ ലൈറ്റ് മാത്രമായത് കൊണ്ട് തന്നെ അതെന്താണെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല..

ഞാൻ വേഗം ഹെഡ് ലൈറ്റ് ഓൺ ചെയ്തു വെച്ചു..

പിന്നെ തോന്നി എനിക്ക് തോന്നിയാതാകുമെന്ന്…

ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു…”

“പെട്ടന്ന് അരികിലുള്ള വലിയ മരങ്ങൾ എല്ലാം ശക്തമായ കാറ്റിൽ ആടി ഉലയാൻ തുടങ്ങി…

പെട്ടന്നുള്ള പ്രകൃതിയുടെ മാറ്റം അറിയാതെ മഴ വരുന്നുണ്ടോ എന്നറിയാനായി ഞാൻ എന്റെ ഗ്ലാസ് തുറക്കാനായി തുടങ്ങുമ്പോഴാണ് ഒരു ജീവി എന്റെ സൈഡിലെ ഡോറിൽ വന്നു തൂങ്ങിയത്…

ഞാൻ പേടിച്ചു കുറച്ചു പുറകിലേക്ക് മാറി…

അതിന്റെ നീണ്ട വിരലുകൾ ഞാൻ കുറച്ചു മാത്രം താഴ്ത്തിയ ഗ്ലാസിൽ പിടിച്ചു ഉള്ളിലേക്കു നോക്കി നിൽക്കുകയാണ്…

അതിന്റെ കണ്ണെല്ലാം പുറത്തേക് തുറിച്ചു… വലിയ നാക്ക് നീട്ടി വിൻഡോ ഗ്ലാസിൽ നക്കി തുടക്കാൻ തുടങ്ങി..

ഭയം കൊണ്ടാണെൽ എന്റെ ചങ്കിൽ നിന്നും   ഒരു ശബ്ദം പോലും പുറത്ത് വരുന്നില്ല…

ആ ജീവി എന്റെ വണ്ടിയുടെ വിൻഡോ യിൽ തൂങ്ങി താഴ്ത്തുവാനായി ശ്രമിക്കുന്നത് കണ്ടപ്പോൾ ഉള്ള ധൈര്യത്തിൽ ഞാൻ വേഗം തന്നെ വിൻഡോ മുകളിലേക്ക് പൊന്തിക്കാനായി തുടങ്ങി… എന്നേക്കാൾ ബലം അതിനുള്ളത് കൊണ്ടാണെന്നു തോന്നുന്നു ഗ്ലാസ് താഴുക അല്ലാതെ പൊന്തുന്നില്ലായിരുന്നു..

ആ സമയം തന്നെ എന്റെ എതിർ വശത്തെ ഡോറിന്റെ ലോക്ക് ആരോ തുറക്കുന്നത് പോലെ…”

“ക്ട് കിട്…”

“വളരെ വേഗത്തിൽ അഞ്ചാറു പ്രാവശ്യം പിടിച്ചു വലികുന്നുണ്ട്…ഞാൻ തല ചെരിച്ചു നോക്കിയെങ്കിലും അതാരാണെന്ന് എനിക്ക് കാണുന്നില്ലായിരുന്നു…

ഡോർ ലോക്ക് ആയത് കൊണ്ടാണെന്നു തോന്നുന്നു കുറച്ചു നേരത്തെ പരിശ്രമത്തിന് ശേഷം ആ ജീവി വണ്ടിയുടെ മുകളിലേക്ക് കയറി നേരെ എന്റെ ഭാഗത്തേക് വന്നു..

രണ്ടു പേരും കൂടേ ഗ്ലാസ് താഴ്ത്താൻ തുടങ്ങി…

ഞാൻ എന്റെ മരണം മുന്നിൽ കണ്ടു തുടങ്ങി…

ആ ജീവികൾ എന്നെ കടിച്ചു കീറുമെന്ന് എനിക്കുറപ്പായി…

എത്ര ശ്രമിച്ചിട്ടും ഗ്ലാസ് പോക്കാൻ കഴിയാതെ ക്ഷീണിതനായി ഞാൻ അവർ എന്നെ ആക്രമിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെ അപ്പുറത്തെ ഡോർ തുറന്നു രക്ഷപെടുവനായി ഗീർ ലിവർ എടുത്തു ചാടി ഡോർ തുറക്കുവാനായി ശ്രമിച്ചു..

പക്ഷെ ആ ഡോർ ലോക്കയിരുന്നു..

അത് തുറക്കാൻ കഴിയാതെ ഞാൻ ഇരുന്നു
എന്റെ മരണം എന്റെ മുന്നിലേക്ക് വരുന്നതും കണ്ടു കൊണ്ടു..

ഒരൊറ്റ നിമിഷം കൊണ്ടു തന്നെ ഗ്ലാസ് മുഴുവനായി തുറന്നു രണ്ടു ജീവികളും കൂടേ ഉള്ളിലേക്കു കയറാൻ തുടങ്ങി..

നാലു കാലിൽ ഇഴഞ്ഞിഴഞായിരുന്നു വണ്ടിയുടെ ഉള്ളിലേക്കു കയറിയത്..

അപ്പോഴാണ് ഞാൻ അതിന്റെ ശരിക്കുള്ള രൂപം കാണുന്നത്…

കുരങ്ങിനെ പോലുള്ള തലയും  കൈ കാലുകളും… നായയുടെ ഉടലുമുള്ള ജീവി..

അത് വണ്ടിക്കുള്ളിൽ കയറി ആകെ മൊത്തത്തിൽ ഒന്ന് മണത്തു.. പേടിച്ചു വിരണ്ടു നിൽക്കുന്ന എന്റെ അരികിലേക് നാലു കാലിൽ അടുത്തു… നാക് നീട്ടികൊണ്ട്…

ഭയം കൊണ്ടു ഞാൻ ഓരോ ദികിറുകൾ ഉറക്കെ ഉരുവിട്ട് തുടങ്ങി…

അവ രണ്ടും എന്റെ അരികിലേക് വന്നു നാക് നീട്ടി എന്റെ ശരീരത്തിലേക് കയറി കഴുത്തിൽ നക്കുവാനായി തുടങ്ങി…

എന്റെ ബോധം പതിയെ മറഞ്ഞു തുടങ്ങി…”

+++++

മുഖത്തു ആരോ വെള്ളം തളിച്ചപ്പോൾ ആയിരുന്നു ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്..

ആ സമയം താഴ്വരാതെ ഏതോ പള്ളിയിൽ നിന്നും സുബുഹി ബാങ്ക് വിളിക്കുന്നുണ്ട്…

“അസ്സലാത്തു ഹയ്റും മിന നൗമ്.. “

“ഉറക്കത്തേക്കാൾ നല്ലത് നിസ്‌കരമാണ്…”

എന്താ സേട്ടാ വണ്ടിയിൽ കിടക്കാതെ ഇവിടെ കിടക്കുന്നത്..

അപ്പോഴാണ് ഞാൻ വണ്ടിയിൽ അല്ല കിടക്കുന്നതെന്ന് എനിക്ക് മനസിലായത്..

വണ്ടിയിൽ നിന്നും പത്തു പതിനഞ്ചു മീറ്റർ ദൂരെ ഒരു പൊന്തക്കാട്ടിൽ ആയിരുന്നു ഞാൻ കിടന്നിരുന്നത്…

ഞാൻ അവരോട് കാര്യം പറഞ്ഞില്ല.. ഇനി ഞാൻ വല്ല സ്വപ്നവും കണ്ടതാണെങ്കിലോ…

നല്ല കാറ്റ് ഉണ്ടായപ്പോൾ ഇവിടെ കിടന്നു ഉറങ്ങിയതാണെന്നു പറഞ്ഞു ഞാൻ വണ്ടിക്കരികിലേക് നടന്നു…

എന്നാലും ഞാൻ അവിടെ എങ്ങനെ എത്തി എന്ന് തന്നെ ആയിരുന്നു എന്റെ ചിന്ത മുഴുവൻ.. കഴുത്തിലോ മുഖത്തോ വല്ല പാടും ഉണ്ടോ എന്ന് ഞാൻ തപ്പി നോക്കി കൊണ്ട് ഡോറിന് അടുത്തേക് എത്തി..

“സേട്ടാ ഈ ഡോറിന്റെ പിടി പൊട്ടിയിട്ടുണ്ടല്ലോ…”

മുന്നിൽ ഇരിക്കുന്നവരിൽ ഒരു ബംഗാളി വണ്ടിയുടെ ഡോർ തുറക്കാനായി ശ്രമിച്ചു കൊണ്ടു എന്നോട് പറഞ്ഞു..

“പൊട്ടെ…”

ഞാൻ അങ്ങോട്ട്‌ ചെന്നപ്പോൾ അവൻ പറഞ്ഞത് ശരിയായിരുന്നു…

ലോക്കിന്റെ പിടി പൊട്ടി നിലത്ത് കിടക്കുന്നുണ്ട്…

അപ്പൊ ഞാൻ കണ്ടത് സ്വപ്നമല്ലന്ന് എനിക്ക് ഏകദേശം മനസിലായി തുടങ്ങി.. ഇനി ഞാൻ കണ്ടത് ഇവന്മാരോട് പറഞ്ഞാൽ നാളെ മുതൽ പണിക് വരാൻ സാധ്യത ഇല്ലാത്തത് കൊണ്ടു തന്നെ അവരോട് ആരെങ്കിലും പൂട്ടിയിട്ട വണ്ടി തുറക്കാൻ ശ്രമിച്ചതാവും എന്ന് പറഞ്ഞു ഉള്ളിലൂടെ കയറി ലോക്ക് തുറന്നു കൊടുത്തു…

ആ സമയവും ഞാൻ നേരത്തെ വണ്ടിയിൽ ഇട്ട പാട്ട് പാടുന്നുണ്ടായിരുന്നു…

************

“പിന്നെ ആയിരുന്നു എനിക്ക് സംഭവിച്ച മാറ്റങ്ങൾ അറിയാനായി തുടങ്ങിയത്..

രണ്ടു ദിവസം പുതപ്പിനുള്ളിൽ നിന്നും ഇറങ്ങാൻ കഴിയാത്ത പനി പിടിച്ചു…ചുട്ട് പൊള്ളുന്ന പനി…

അത് കഴിഞ്ഞു… ക ള്ള് കുടിക്കാത്ത ഞാൻ വൈകുന്നേരം പുറത്ത് പോയി വരുമ്പോൾ ക ള്ളും കുപ്പിയുമായാണ് വീട്ടിലേക് വരാറുള്ളത്…

ഉമ്മയെ പോലും ചില സമയങ്ങളിൽ തിരിച്ചറിയാൻ കഴിയില്ല…

നിങ്ങളൊക്കെ ആരാണെന്നും എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകാനായി പറഞ്ഞു എന്നും കച്ചറ ആയിരുന്നെന്നുമൊക്കെ എന്റെ കൂടേ കൂടിയ ആളുകൾ പോയതിന് ശേഷം ഉമ്മ പറഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത്…

നോമ്പ് തുടങ്ങിയ മാസം അത്തായം കഴിച്ചു രാവിലെ ആകുമ്പോൾ ഭക്ഷണം കിട്ടാൻ കച്ചറ ആയിരിന്നു വീട്ടിൽ..

കുറച്ചു കഴിഞ്ഞാൽ ഞാൻ തന്നെ പറയുമാത്രേ എനിക്ക് നോമ്പാണ് വൈകുന്നേരത്തേക് എന്താണ്ണുമ ഉണ്ടാകുന്നതെന്ന്..

അവസാനം ഉമ്മാക് മനസിലായി മോന്റെ ശരീരത്തിൽ ആരോ ഉണ്ടെന്ന്..”

“അടുത്തുള്ള മുസ്ലിയാരുടെ അടുത്തേക് കൊണ്ടു പോയപ്പോൾ ആയിരുന്നു അറിഞ്ഞത് ഒന്നല്ല മൂന്നാലെണ്ണം ഉണ്ടായിരുനെന്ന്..

(അത് പറഞ്ഞു ഉമ്മയും ചിരിക്കാറുണ്ട്.. മൂന്നാല് ആൾക്കുള്ള ഭക്ഷണമാണ് ഞാൻ എന്നും കഴിക്കാറുള്ളത് പോൽ.. “)

എന്തോ കുട്ടി ചാത്തനോ ജിന്നോ ആയിരുന്നു എന്റെ ശരീരത്തിലെന്നും.. എന്തൊക്കയോ ഓതിയും ചൊല്ലിയും അവരെ അവസാനം പറഞ്ഞു വിട്ടേന്നും അറിഞ്ഞു..

അതിന് ശേഷം രാത്രി പണിക് പോകുമ്പോൾ ബംഗാളികളുടെ കൂടേ തന്നെ നിൽക്കും..

അറിയാത്ത സ്ഥലങ്ങളിൽ ആകുമല്ലോ അധിക ദിവസവും പണി…വെറുതെ എന്തിനാ ഈ തടിയിൽ മൂന്നാല് ആളുകളെ എക്സ്ട്രാ കയറ്റുന്നത്..”

ഇഷ്ട്ടപെട്ടാൽ 👍👍👍

വീണ്ടും കാണുന്നത് വരെ…

ബൈ

…😁

Leave a Reply

Your email address will not be published. Required fields are marked *