എഴുത്ത്:-;ശ്രീജിത്ത് ഇരവിൽ
ചിണ്ടന്റെ ചിന്തയിൽ മുഴുവൻ കുഞ്ഞാറ്റയെ ചൊടിപ്പിക്കാനുള്ള സൂത്രങ്ങളാണ്. കാന്താരി മുളക് ഒളിപ്പിച്ച് വെച്ച എത്രയോ വെറ്റില ചുരുളുകൾ അയാൾ അവൾക്ക് മുറുക്കാൻ കൊടുത്തിട്ടുണ്ട്. ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ ബുദ്ധി പോലും ഇല്ലാത്ത കുഞ്ഞാറ്റയുടെ തല ഓരോ തവണയും എരിയും. അതുകാണുമ്പോൾ ചിണ്ടന്റെ മണ്ടയ്ക്കൊരു രസമാണ്. വീണ്ടും വീണ്ടും വിഡ്ഢികളാകുന്ന മനുഷ്യരോട് തോന്നുന്ന ഒരു പൊതു സഹതാപ സ്വഭാവം പോലും അയാളിൽ ഇല്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്..
ജീവിതം രസകരമാക്കാൻ തമാശകൾ വേണമെന്നത് ഗുഹാ പ്രാകൃതരുടെ തലം തൊട്ടേ മനുഷ്യരുടെ തലയിൽ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട കൂടെപ്പിറപ്പുകളെ തിരഞ്ഞ് കരയിപ്പിക്കുന്ന ഒളിച്ചുകളി മുതൽ ദേഹത്ത് ചളി വാരിയെറിഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബഹളം വരെ അന്നുമുണ്ടായിരുന്നു. ഓരോ തലമുറയും പരിഷ്കൃതമായ ഓരോ രീതികൾ ആവർത്തിച്ച് വരുന്നു. സാധുക്കളായ കൂട്ടാളികളെ ചെറുതും വലുതുമായ കളിയാക്കലുകളിലേക്കും അബദ്ധങ്ങളിലേക്കും തള്ളിയിട്ട് ഇളിക്കുന്ന പൈതൃകത്തിന്റെ ബുദ്ധി തന്നെയാണ് ചിണ്ടനിലും…
അന്ന് കുഞ്ഞാറ്റയുടെ അമ്പത്തിരണ്ടാമത്തെ പിറന്നാൾ ആയിരുന്നു. അന്നേ ദിവസം മാത്രം പ്രത്യേകമായൊരു ഗമയുണ്ടാകും അവളുടെ മുഖത്ത്. ഓർക്കാൻ അങ്ങനെയൊരു നാളിനെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത ചിണ്ടനപ്പോൾ തലകുനിക്കും. അന്ന് അയാൾക്ക് മിക്കവാറും മൗന വൃതമാണ്…
‘ഇങ്ങള് ഇങ്ങോട്ടേക്കൊന്ന് ബന്നേ…!’
ചായ്പ്പിൽ കർക്കിടക മഴ മേഘങ്ങളുടെ സഞ്ചാരം നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ചിണ്ടൻ അതുകേട്ടിട്ടും അനങ്ങിയില്ല. ഏഴെട്ട് വട്ടം കുഞ്ഞാറ്റ അതേ ശബ്ദം തന്നെ ആവർത്തിച്ചപ്പോൾ പണ്ടാരമെന്ന് പറഞ്ഞ് അയാൾ എഴുന്നേറ്റു.
‘എന്ത്‌ന്നാന്ന് നിനക്ക് ബേണ്ടേ… ചൊറ ആക്കാനായിറ്റ്…’
അങ്ങനെ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് എത്തിയ ചിണ്ടനോട് അവൾ വളരേ മൃദുലമായി ചിരിച്ചു. എത്ര കലഹിച്ചാലും ഇഷ്ടം പങ്കിട്ടവരോട് ഒരളവിൽ കൂടുതൽ മുഷിയാൻ പറ്റാത്തവരുടെ പ്രതിനിധിയാണ് കുഞ്ഞാറ്റ. അയാളുമായുള്ള ദാമ്പത്യത്തിന്റെ തുടക്കകാലം മാത്രം മതിയായിരുന്നു അവൾക്ക് ഒടുക്കം വരെ താലോലിക്കാൻ.
“ഇങ്ങള് ..തിന്റെ രുസിയൊന്ന് നോക്ക്യയപ്പാ.. “
കരിവാളിച്ച കുടത്തിൽ നിന്ന് നുര പതയുന്ന പാൽപ്പായസത്തിന്റെ ചിലതുള്ളികളെ തവിയിലെടുത്ത് ചൂടൂതിക്കൊണ്ട് അവൾ ചിണ്ടനിലേക്ക് നീട്ടി. പുറമേ എത്ര കുറ്റം പറഞ്ഞാലും അവൾ ഉണ്ടാക്കുന്നതിനെല്ലാം ഒടുക്കത്തെ രുചിയാണെന്ന് അയാളുടെ ഉള്ളിന് അറിയാം. കൈപ്പത്തി വിരിച്ച് വെച്ച് ചിണ്ടനത് കൈപ്പറ്റി നാവിൽ മുട്ടിച്ചു. എന്നിട്ട് തരക്കേടില്ലായെന്നും പറഞ്ഞ് തിരിഞ്ഞുനടന്നു. കുറവുകൾ കണ്ടെത്തി കളിയാക്കാൻ മാത്രം കണ്ണുതുറക്കുന്നവർ ഒരിക്കലും മറ്റൊരാളിലെ കൂടുതലുകൾ സമ്മതിച്ച് തരില്ലായെന്ന് കുഞ്ഞാറ്റക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ചൊരു ഭാവ വ്യത്യാസവുമില്ലാതെ അവൾ പിറന്നാൾ സദ്യ ഒരുക്കി.
‘എങ്ങെന്ണ്ട്….!?’
ചക്കക്കുരു കൂട്ടാനിൽ എരിവ് ഇല്ലെന്നും, കപ്പക്ക പുളിശ്ശേരിയിൽ പുളി കുറഞ്ഞെന്നും പറയുമ്പോൾ വിളമ്പിയതെല്ലാം വാരിത്തിന്ന് ചിണ്ടൻ ഇല തുടച്ച് നക്കുകയായിരുന്നു. എഴുന്നേറ്റ് കൈകഴുകി ഇറയത്ത് ഇരിക്കുമ്പോൾ ആ പായസമെങ്കിലും വായില് വെക്കാൻ കൊള്ളുമോയെന്ന് അയാൾ ചോദിച്ചു. ചിരിച്ച് കൊണ്ട് കുഞ്ഞാറ്റ അയാൾക്ക് ചെറിയയൊരു കുഴിഞ്ഞ പാത്രത്തിൽ പായസവും കൊണ്ടുകൊടുത്തു.
‘ഇങ്ങക്ക്…ന്നോടെന്തിനാപ്പാ എന്നും കലി…?’
അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല. തന്റെ പിറന്നാളായിട്ട് നല്ലോരു വാക്ക് എന്നോട് പറഞ്ഞൂടെ ഇങ്ങക്കെന്ന് അവൾ പിണക്കത്തോടെ ചോദിച്ചു. ഞാൻ എന്തു ചെയ്തൂന്നാ നീയീ പറയണേയെന്നും ചോദിച്ച് കുടിച്ച് വറ്റിച്ച പായസപ്പാത്രം അയാൾ അവൾക്ക് നേരെ നീട്ടി.
‘നീയാ മുറുക്കാനിങ്ങെടുത്തേ..’
എന്നും പറഞ്ഞ് അയാൾ മുറ്റത്തേക്ക് ഇറങ്ങി പറമ്പിന്റെ മൂലയ്ക്കുള്ള വഴക്കൂട്ടത്തിലേക്ക് നടന്നു. എന്നിട്ട് തല മേലോട്ടുയർത്തി തിരിയോലകളിലൂടെയുള്ള മാനത്തുണ്ടുകളും നോക്കി മൂത്രമൊഴിച്ചു.
‘ഇങ്ങക്ക് ഞാൻ എന്തെയ്താലും കുറ്റാ…’
തിരിച്ച് ഇറയത്തേക്ക് കയറുമ്പോൾ അങ്ങനെ അല്ലെന്റെ കുഞ്ഞാറ്റേയെന്നും പറഞ്ഞ് ചിണ്ടൻ തൊണ്ട പിളർത്തി ചിരിച്ചു. എന്നിട്ടൊരു തിരിവെറ്റിലയെടുത്ത് ചുണ്ണാമ്പ് തേക്കുകയും അതിലേക്ക് അടക്കച്ചീളുകൾ വിതറുകയും ചെയ്തു. തന്റെ നെറ്റിയിലേക്ക് പാറി വീണ നരയിഴകളെ കാതിന് പിറകിലേക്ക് ഇറക്കിവെച്ച് അവൾ അയാളെ തന്നെ വെറുതേ നോക്കി നിന്നു.
തയ്യാറാക്കിയത് ചുരുട്ടി മുറുക്കനായി കുഞ്ഞാറ്റക്ക് നേരെ ചിണ്ടൻ നീട്ടി. ഇമ ചിമ്മാതെ അവളത് വാങ്ങി അണപ്പല്ലോട് ചേർത്ത് വെച്ച് ചവച്ചു. മൂത്രമൊഴിച്ച് തിരിച്ച് വരുമ്പോൾ പൊട്ടിച്ച പച്ചമുളക് മാത്രമായിരുന്നില്ല ഇത്തവണ മുറുക്കാൻ കൂട്ടിൽ. കുന്നിക്കുരുവിന്റെ വലിപ്പത്തിലുള്ള ഉരുളൻ കല്ലുകളുമുണ്ടായിരുന്നു. പക്ഷേ, ഇത്തവണ എരിവ് അനുഭവപ്പെട്ടിട്ടും കുഞ്ഞാറ്റയത് തുപ്പിയില്ല. ദ്രവിച്ച് തുടങ്ങിയ അണപ്പല്ലിന്റെയൊരു തുണ്ട്, കല്ല് കടിച്ച് പൊട്ടിയിട്ടും അവൾ നിർത്തിയില്ല.. വഞ്ചിക്കപ്പെട്ട ഭാവത്തോടെ അയാളിൽ നിന്ന് ഇമ വെട്ടാതെ അവൾ ചവച്ചുകൊണ്ടേയിരുന്നു….
ചുണ്ടിന്റെ കോണിൽ നിന്ന് ഒലിക്കുന്ന മുറുക്കാൻ ചാറിൽ കുഞ്ഞാറ്റയുടെ ചോര ചേർന്നിട്ടുണ്ടെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലുമുണ്ടായിരുന്നില്ല ചിണ്ടന്. അയാൾ അപ്പോഴും നെല്ല് കണ്ട ചുണ്ടെലിയെ പോലെ പല്ല് വിരിച്ച് ചിരിക്കുകയായിരുന്നു…!!

