ജീവിക്കണമെന്ന് കരുതിയാൽ കുരുക്കിയിട്ട നൂലുകൾ പോലെയാണ് വഴികൾ. ഏതു വഴിയിലൂടെ പോയാലാണ് ജീവൻ നിലനിൽക്കുകയെന്നത് എന്നെ പോലെയുള്ളവർക്ക് ഒരു ഭാഗ്യ പരീക്ഷണം തന്നെയാണ്…..

_lowlight _upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

മംഗലത്തു വീട്ടിൽ പണിക്ക് ആളെ വേണമെന്ന് അമ്മാവനാണ് പറഞ്ഞത്. അങ്ങു ദൂരെയാണ്. പറ്റിയാൽ ഇന്നു തന്നെ പോകണം! അവിടെ താമസിച്ചു കൊണ്ട് പറമ്പിലെ പണി ചെയ്യാനാണു പോലും ആളിനെ ആവിശ്യം. ഇന്നു തന്നെ പോയിക്കൊള്ളൂയെന്നും പറഞ്ഞ് അമ്മാവൻ വണ്ടിക്കൂലിയും തന്നു.

‘അത്രയും ദൂരത്തെക്ക് ഇവൻ ഒറ്റക്കോ…!’

അമ്മയും അച്ഛനും ഒരുപോലെയാണ് അതു പറഞ്ഞത്. എല്ലാവർക്കുമുള്ളതു പോലെയൊരു പ്രായോഗിക ബുദ്ധി എനിക്കുമുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ്. അതുകൊണ്ട് തനിയേ പോയിക്കൊള്ളാമെന്ന് വിക്കാതെ ഞാൻ അമ്മാവനോട് പറഞ്ഞു. ആരും എതിർത്തില്ല.

എന്റെ പ്രായത്തിലുള്ള മിക്കവരും തനിയെ ചെയ്യുന്ന പല കാര്യങ്ങളും എന്നെക്കൊണ്ട് പറ്റില്ലെന്ന് ആവർത്തിച്ചു കേട്ടാണ് ഞാൻ വളരുന്നത്. സംസാരിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവ് ഇല്ലാത്തതു കൊണ്ട് അതൊക്കെ എനിക്കും പറ്റുമെന്ന് എവിടേയും ബോധ്യപ്പെടുത്താൻ എനിക്ക് സാധിച്ചില്ല. അവസരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പറയുന്നതായിരിക്കും ശരി.

പണിക്കു പോയി തുടങ്ങിയപ്പോഴാണ് പൊട്ടായെന്ന് എന്നെ വിളിക്കുന്നത് മിക്കവരും നിർത്തുന്നത്. അമ്മാവനോട് പറഞ്ഞതു പോലെ തനിയെ പോകാൻ എനിക്കു പറ്റുമെന്ന് കുറച്ചു കാലം മുമ്പ് അച്ഛനോട് പറയാൻ എനിക്ക് സാധിച്ചിരുന്നുവെങ്കിൽ; എന്റെ ജീവിതം മറ്റൊരു വഴിയിലായിരുന്നേനെ.

ജീവിക്കണമെന്ന് കരുതിയാൽ കുരുക്കിയിട്ട നൂലുകൾ പോലെയാണ് വഴികൾ. ഏതു വഴിയിലൂടെ പോയാലാണ് ജീവൻ നിലനിൽക്കുകയെന്നത് എന്നെ പോലെയുള്ളവർക്ക് ഒരു ഭാഗ്യ പരീക്ഷണം തന്നെയാണ്. അമ്മാവൻ കുറിച്ചു തന്ന വിലാസവുമായി ഞാൻ യാത്ര ആരംഭിച്ചു.

കഴിഞ്ഞ മാസം വരെ നളന്ദാട്രാവൽസിലെ ക്ലീനർ ആയിട്ടായിരുന്നു എന്റെ ജോലി. കൂടെ ഉണ്ടായിരുന്ന ഡ്രൈവർ സുകുമാരേട്ടൻ പുതിയ ബസ്സ് വാങ്ങാൻ പോകുകയാണെന്ന് അറിഞ്ഞപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി. സ്ഥിരമായ ജോലി എന്നതിനപ്പുറം ആ മനുഷ്യന്റെ കൈയ്യാളായി നിൽക്കുമ്പോൾ ഒരു സന്തോഷമാണ്. എന്റെ സംസാരം മുറിഞ്ഞു പോയാലും ഞാൻ ഉദ്ദേശിക്കുന്ന കാര്യം സുകുമാരേട്ടന് കേൾക്കാൻ സാധിക്കാറുണ്ട്. ഏതാണ്ടൊരു സഹോദരനോടുള്ള സ്നേഹമാണ് ഞങ്ങൾക്കിടയിലെന്ന് പലപ്പോഴും എനിക്ക് അനുഭവപ്പെട്ടിരുന്നു.

‘ നമുക്ക് അവിടെ കൂടാം.. താമസമൊക്കെ ഞാൻ ഏർപ്പാടാക്കിക്കൊള്ളാം… മാസം എന്തെങ്കിലുമൊക്കെ വീട്ടിലേക്ക് അയക്കാനുള്ള വകുപ്പ് ഉണ്ടാകുമെടാ…’

അന്ന് തന്റെ നാട്ടിലേക്ക് സുകുമാരേട്ടൻ എന്നെ ക്ഷണിച്ചതാണ്. ഉറപ്പായിട്ടും ഞാൻ വരുമെന്ന് പറയുകയും ചെയ്തു. പക്ഷെ, അച്ഛൻ എന്നെ പോകാൻ അനുവദിച്ചില്ല. നാട്ടിൽ കിട്ടുന്ന പണിയൊക്കെ ചെയ്‌താൽ മതിയെന്ന കർശനമായ താക്കീതും ലഭിച്ചു. അന്ന് എനിക്ക് പതിനെട്ട് വയസ്സൊക്കെ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ…

പഠിക്കാൻ മണ്ടനായിരുന്ന ബാല്യം തൊട്ടേ ഇവനെ കൊണ്ട് കുടംബത്തിന് യാതൊരു ഉപകാരവുമുണ്ടാകില്ലെന്ന് അച്ഛൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. വിക്കി വിക്കിയുള്ള എന്റെ സംസാരവും നടത്തത്തിലെ വശപിശകും എന്നെയൊരു ബുദ്ധിമാന്ദ്യമുള്ള ആളായി നാട്ടിയിൽ ചിത്രീകരിച്ചിരുന്നു. ഞാൻ എത്ര ശ്രദ്ധിച്ചാലും കഴുത്തിന് ചിലപ്പോഴൊരു വിറയലും തുടർന്ന് തല കുലുക്കാനും എനിക്കു തോന്നും. അതിന് മരുന്നൊന്നും ഇല്ല പോലും! പൊട്ടായെന്ന് വിളിച്ചാലും എന്തായെന്ന് പറഞ്ഞ് ഞാൻ വിളികേൾക്കും. തുടർന്ന് എനിക്ക് തന്നെ തോന്നുകയായിരുന്നു ഞാനൊരു പൊട്ടനാണെന്ന്…

ക്ലീനറായി വിലുസുന്നതിന് ഇടയിൽ കുറച്ചൊക്കെ ബസ്സോടിക്കാൻ ഞാൻ പഠിച്ചിരുന്നു. ആകില്ലെന്ന് പറഞ്ഞ് പിൻവലിഞ്ഞ എന്നെ സ്കൂൾ മൈതാനത്ത് വെച്ചാണ് സുകുമാരേട്ടൻ പരിശീലിപ്പിച്ചത്. വിഷയം ട്രാവൽസ്സിൽ എത്തുകയും മുതലാളി സുകുമാരേട്ടനെ ചീiത്ത പറയുകയും ചെയ്തു. എന്നിട്ടും ആ മനുഷ്യന് എന്നോട് യാതൊരു പരിഭവവുമുണ്ടായിരുന്നില്ല. അയാൾ വളയം പിടിക്കുന്ന ബസ്സിൽ വിസിലടിക്കാൻ തന്നെയൊരു ഉന്മേഷമായിരുന്നു.

സുകുമാരേട്ടൻ പോയപ്പോൾ എനിക്കും നളന്ദാട്രാവൽസിലെ ജോലിയോട് താൽപ്പര്യമില്ലാതായി. പക്ഷെ, അച്ഛന്റെ കൽപ്പണിയിൽ നിന്നു കിട്ടുന്ന വരുമാനം അമ്മയുടെ മരുന്നിന് പോലും തികയില്ല. എനിക്കു താഴെയൊരു പെങ്ങളുമുണ്ട്. എല്ലാത്തിനും അപ്പുറം ജോലിക്ക് പോയില്ലെങ്കിൽ വീണ്ടും കളിയാക്കപ്പെടു മോയെന്നും ഞാൻ ഭയന്നിരുന്നു.

സുകുമാരേട്ടന്റെ കൂടെ മറ്റൊരു നാട്ടിലേക്ക് എന്നെ പറഞ്ഞുവിടാൻ അച്ഛന് പറ്റാത്തതും എന്റെ ഈ ബുദ്ധിയില്ലായ്മ കൊണ്ടു തന്നെയായിരിക്കണം. അവനെ ജോലിക്കൊന്നും വിടണ്ടായെന്ന് അമ്മ പറഞ്ഞിട്ടും അച്ഛനാണ് നളന്ദാട്രാവൽസിൽ കൊണ്ടു നിർത്തുന്നത്. അതാകുമ്പോൾ കണ്മുന്നിൽ തന്നെ ഉണ്ടാകുമല്ലോ! എന്തെങ്കിലും കിട്ടിയാൽ ആയില്ലേയെന്ന് മാത്രമേ അച്ഛൻ കരുതിക്കാണുള്ളൂ…

ജോലി ചെയ്യുന്നതിലൊന്നും എനിക്ക് യാതൊരു പ്രയാസവുമില്ല. സുകുമാരേട്ടനെന്ന ആൾ കൂടെയില്ലല്ലോയെന്ന സങ്കടം മാത്രമേ ഇപ്പോഴുള്ളൂ. നിനക്ക് യാതൊരു കുറവുമില്ലട ചെക്കായെന്ന് എത്രയോ വട്ടം ആ മനുഷ്യൻ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാളെ നഷ്ട്ടപ്പെടുത്തിയതിൽ മിക്കപ്പോഴും ഞാൻ ദുഖിക്കാറുമുണ്ട്. ആ നേരങ്ങളിൽ അച്ഛനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നും. പിന്നെ തോന്നും കണ്ണെത്താത്ത ദൂരത്ത് മോൻ പോകുന്നതിലുള്ള വേവലാതി കൊണ്ടല്ലേ അച്ഛൻ വിലക്കിയതെന്ന്. തേടി പിടിച്ച് പോകാൻ സുകുമാരേട്ടന്റെ നാട് എതാണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു.

അങ്ങനെ ജീവിതം മൂന്നു വർഷങ്ങൾ താണ്ടിയപ്പോഴാണ് അച്ഛന്റെ കാലിൽ ചെത്തു കല്ലു വീഴുന്നത്. പാദം ചതഞ്ഞു പോയതുകൊണ്ട് കിടപ്പിലുമായി. വീടിന്റെ സാമ്പത്തിക നിലയുടെ നെടും തൂണാണ് വീണു കിടക്കുന്നത്. അതു മുഴുവനായി കൂപ്പു കുത്താൻ പാകം നളന്ദാട്രാവൽസിലും പൂട്ടു വീണു. ഉണ്ടായിരുന്ന മൂന്നു ബസ്സുകളും അറ്റകുറ്റ പണികൾക്കായി ഷെഡിൽ കയറ്റിതായിരുന്നു കാരണം. എന്തു ചെയ്യണമെന്ന് അറിയാതെ മുഖത്തോട് മുഖം നോക്കി നാളുകൾ തള്ളി നീക്കുമ്പോഴാണ് അമ്മാവന്റെ വരവും, തുടർന്നുള്ള എന്റെ ഈ യാത്രയും!

ഞാൻ ബസ്സ് ഇറങ്ങി. അമ്മാവൻ പറഞ്ഞു തന്നതു പോലെ സ്റ്റോപ്പിനടുത്തായുള്ള കടയിൽ പോയി വഴിയും ചോദിച്ചു. അറിഞ്ഞു കഴിഞ്ഞ് നീട്ടി വലിച്ചു നടക്കുമ്പോഴും മുന്നിൽ കാണുന്നവരോടെല്ലാം മംഗലത്തു വീട്ടിലേക്കുള്ള വഴി ഞാൻ പിന്നേയും തിരക്കുന്നുണ്ടായിരുന്നു.

‘ദേ.. ആടെയൊരു കുളമുണ്ട്. അതു കഴിഞ്ഞാ കാണുന്ന രണ്ടാമത്തെ വീടാന്ന്…’

പോകേണ്ട ദിശയിലേക്ക് വിരൽ ചൂണ്ടി ഒരു പ്രായമായ മനുഷ്യനാണത് പറഞ്ഞത്. ഞാൻ അങ്ങോട്ടേക്ക് നോക്കിയപ്പോൾ ഒരു ബസ്സാണ് കാഴ്ച്ചയിൽ പിടിച്ചത്. അതിന്റെ അപ്പുറമാണ് പോലും കുളം!

ബസ്സ് കാണുമ്പോൾ തന്നെ വല്ലാത്തയൊരു നിരാശ. പറമ്പു പണിയെക്കാളും ഒരു ബസ്സിലെ കിളിയായി കൂടാനായിരുന്നു എനിക്ക് ഇഷ്ട്ടം. വലിയ വാഹനങ്ങളുടെ ഡ്രൈവർമ്മാരുടെ പിറകിലെ കണ്ണാണ് കിളികളെന്ന് സുകുമാരേട്ടൻ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് കൂടെ ചേർന്നിരുന്നുവെങ്കിൽ എത്ര നന്നാകു മായിരുന്നു വെന്ന നിരാശ തലയിൽ കടിക്കുന്നുണ്ട്. കഴുത്ത് വിറക്കുമെന്ന് തോന്നിയപ്പോൾ ദീർഘമായി ഞാനൊരു ശ്വാസമെടുത്തു. ശേഷം പതിയേ നടന്നു.

ബസ്സും കടന്ന് ചലിച്ചപ്പോൾ അയാൾ പറഞ്ഞതു ശരിയായിരുന്നുവെന്ന് എനിക്കു മനസ്സിലായി. ചുറ്റുകെട്ടും പടവുകളുമൊക്കെയുള്ള വലിയയൊരു കുളമായിരുന്നുവത്. ഞാൻ എത്തി നോക്കി. രണ്ടു പേർ വെള്ളത്തിലും ഒരാൾ കരയിലുമുണ്ട്. മുഖവും കാലും കഴുകിയേക്കാമെന്ന് കരുതിയാണ് ഞാൻ പടവുകൾ ഇറങ്ങിയത്. യാഥാർഥ്യമെന്താണെന്ന് ഞാൻ അറിയുന്നുണ്ട്. ചെന്നു കയറുന്ന മംഗലത്തു വീട്ടുകാർക്ക് എന്നെ ബോധിച്ചാൽ ഇനിയുള്ള ജീവിതത്തിന്റെ വിധി അതിനകത്താണ്. എന്തുതന്നെ ആയാലും വീട്ടിലുള്ളവർക്ക് കഴിയാനുള്ളത് എത്തിക്കാൻ പറ്റിയാൽ മതിയായിരുന്നു…

മലർന്നും കമിഴ്ന്നും നീന്തുന്ന രണ്ടുപേരുടെ ഇളക്കം കുളത്തിൽ അറിയാനുണ്ടായിരുന്നു. ഞാൻ മുഖവും കാലും കഴുകി. കൈയ്യും കുടഞ്ഞ് പടവുകൾ കയറുമ്പോഴാണ് കല്ലിൽ മടമ്പ് ഉരക്കുന്ന ആളെ ഞാൻ ശ്രദ്ധിക്കുന്നത്. എന്റെ ഓർമ്മകൾക്ക് യാതൊരു തകരാറുമില്ല. എന്നെ ശ്രദ്ധിക്കുന്നില്ലെങ്കിലും അയാളെ കൃത്യമായി ഞാൻ തിരിച്ചറിഞ്ഞു.

ഒരിടം തിരഞ്ഞു പോയാൽ മുമ്പെങ്ങോ കൊതിച്ച മറ്റൊരു ഇടത്തേക്ക് എത്തുന്ന വഴികളും ജീവിതത്തിൽ ഏറെയുണ്ടെന്ന് എനിക്ക് അന്നാണ് ബോധ്യമാകുന്നത്. എന്റെ ശ്രദ്ധയിലൂടെ ആ മനുഷ്യൻ കുളത്തിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങി. ആള് തെറ്റിയിട്ടില്ലായെന്ന് തലയ്ക്ക് അത്രയ്ക്കും ഉറപ്പുള്ളതു കൊണ്ട് മറ്റൊന്നും ഞാൻ ഓർത്തില്ല. സുകുമാരേട്ടായെന്ന് വിളിച്ച് ഞാൻ ആ കുളത്തിലേക്ക് ഒറ്റ ചാട്ടമായിരുന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *