ഞാനത് പറഞ്ഞാൽ അമ്മ എന്നെ വഴക്ക് പറയ്യോ കുഞ്ഞിക്കണ്ണുയർത്തി അവളെന്നോട് ചോദിച്ചപ്പോൾ ഇല്ലെടാ കണ്ണാ മോള് പറയ്‌”എന്ന് പറഞ്ഞുകൊണ്ട്ഞാനവളെ ചേർത്ത് പിടിച്ചു……

വർഷങ്ങൾക്കപ്പുറം

എഴുത്ത്:-ബിന്ദു എൻ പി

കുറേ നേരമായി ഞാൻ നന്ദു മോളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഓരോ ജോലിക്കിടയിലും അവൾ തന്നെ ചുറ്റിപ്പറ്റിയാണല്ലോനടക്കുന്നത് എന്ന് ഞാനോർത്തു.

വൈകുന്നേരം ചായ ഉണ്ടാക്കുന്നിടയിലാണ് അവൾ എന്നോടാ ചോദ്യം ചോദിച്ചത്. ” അമ്മേ അമ്മ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ” അമ്മേടെ ആദ്യ പ്രണയം എപ്പോഴായിരുന്നു? ” ഞാൻ അമ്പരപ്പോടെ അവളെ പകച്ചു നോക്കി..

എന്തേ എന്റെ നന്ദൂട്ടിക്ക് ഇപ്പൊ അങ്ങനെ തോന്നാൻ.ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി.

” ഒന്നൂല്ല.. വെറുതേ.. അറിയാനാ ” അവളുടെ മുഖത്തൊരു കള്ളച്ചിരി.
ഈ അഞ്ചാം ക്ലാസുകാരിപ്പെണ്ണ് എന്തൊക്കെയാണ് ചോദിക്കുന്നതെന്ന് ഞാനോർത്തു.

“മോൾക്കെന്തോ അമ്മയോട് പറയാറുണ്ടല്ലോ.. എന്താടാ കണ്ണാ പറയ്‌..” എന്ന് പറഞ്ഞ് ഞാനവളെ പിടിച്ച് മടിയിലിരുത്തി.

” ഞാനത് പറഞ്ഞാൽ അമ്മ എന്നെ വഴക്ക് പറയ്യോ ” കുഞ്ഞിക്കണ്ണുയർത്തി അവളെന്നോട് ചോദിച്ചപ്പോൾ “ഇല്ലെടാ കണ്ണാ മോള് പറയ്‌”എന്ന് പറഞ്ഞുകൊണ്ട്
ഞാനവളെ ചേർത്ത് പിടിച്ചു.

“അതമ്മാ എനിക്കൊരാളെ ഇഷ്ടാ”.. ആ അഞ്ചാം ക്ലാസുകാരി പറയുന്നത് കേട്ട് എനിക്ക് ചിരിപ്പൊട്ടി.

” ആണോ? ആട്ടെ ആരെയാ മോൾക്കിഷ്ടം? “

തികട്ടി വന്ന ചിരിയടക്കിക്കൊണ്ട് ഞാൻ ചോദിച്ചു.

” എന്റെ ക്ലാസ്സിലെ നവി ഇല്ലേ “

“ആര്.. നമ്മുടെ കൃഷ്ണൻ മാഷുടെ മോൻ നവനീതോ? “

“അവൻ തന്നെ”

” എന്നിട്ട് നീയിത് അവനോട് പറഞ്ഞോ?”

” പറഞ്ഞല്ലോ “

” എന്നിട്ടവനെന്തു പറഞ്ഞു. “

” നന്നായി പഠിച്ച് വലിയ ജോലിയൊക്കെ വാങ്ങിച്ച് വലുതായാലും ഈ ഇഷ്ടമൊക്കെ നമുക്കുണ്ടെങ്കിൽ കല്യാണം കഴിക്കാമെന്ന്. “

“അമ്പട മിടുക്കാ.. അവനങ്ങനെ പറഞ്ഞോ?”ഇപ്പോഴത്തെ കുട്ടികളൊക്കെ എത്ര ബ്രില്ല്യന്റായാണ് ചിന്തിക്കുന്നതെന്ന് ഞാനോർത്തു.

“എന്താമ്മാ”

” ഒന്നൂല്ല മോളൂ.. അവൻ പറഞ്ഞ പോലെ എന്റെ കണ്ണൻ നന്നായി പഠിക്കണം. വലിയ കുട്ടിയായി നല്ല ജോലിയൊക്കെ വാങ്ങണം. അപ്പൊ അവൻ പറഞ്ഞപോലെ ഈ ഇഷ്ടം അന്നേരം ഉണ്ടെങ്കിൽ നമുക്ക് കല്യാണം നടത്താലോ.. “

” ആണോ.. അമ്മാ.. അപ്പൊ അമ്മയ്ക്ക് എന്നോട് ദേഷ്യമില്ലേ.. “

” ഇല്ല കണ്ണാ… എന്റെ മോള് പോയിരുന്ന് പഠിക്ക്. അമ്മ ചായയുണ്ടക്കട്ടെ.

കവിളിലൊരു ഉമ്മയും നൽകി അവളോടിപ്പോയി. അപ്പോഴാണ് ഇതൊക്കെ കേട്ടുകൊണ്ട് അടുത്തയാളുടെ എൻട്രി.

” എന്താണ് അമ്മയും മോളും കൂടി.. ഉം.. ഉം.. നടക്കട്ടെ.. നടക്കട്ടെ. എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്. മൂത്തയാളാണ് രുദ്ര എന്ന എട്ടാം ക്ലാസുകാരി. ഇനി ഇവൾക്കും ഉണ്ടോ ഈശ്വരാ ഇങ്ങനെ വല്ല ഇഷ്ടവും എന്നോർത്തുകൊണ്ട് ഞാനവളെ നോക്കി.
അപ്പോഴാണ് അവളെന്നോടാ ചോദ്യം ചോദിച്ചത്.

” അമ്മയ്ക്ക് ആദ്യമായി ഒരാളോടിഷ്ടം തോന്നിയതെപ്പോഴാ? “

” അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ “. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴോ? “അവളെന്നെ അത്ഭുതത്തോടെ നോക്കി.”

എന്നിട്ടാ കുട്ടിയോട് അന്ന് അമ്മ അമ്മയുടെ ഇഷ്ടം പറഞ്ഞിരുന്നോ”?

“എവിടെ”.. അന്ന് ഞാൻ മറ്റൊരാളുടെ മുഖത്ത് പോലും നോക്കില്ലത്തിരുന്നു.ഒരിളം ചിരിയോടെ ഞാൻ പറഞ്ഞു.

ഞാൻ ആ അഞ്ചാം ക്ലാസുകാരിയെ ഓർത്തു. ആരോടും മിണ്ടാത്ത പറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത പാട്ടു പാടാനോ കഥ പറയാനോ അറിയാത്ത ഏറ്റവും പിറകിലത്തെ ബെഞ്ചിലിരിക്കുന്ന ഒരു ആവറേജ് സ്റ്റുഡന്റായ വെറുതേ സ്വപ്നം കാണാൻ മാത്രമറിയാവുന്ന ഒരു പെൺകുട്ടി. കുട്ടികൾ നിറഞ്ഞു കവിഞ്ഞ ക്ലാസ്സിൽ പലപ്പോഴും ഹോം വർക്ക് ചെയ്യാതെ വന്ന് അiടി വാങ്ങിക്കുമ്പോ ചിരിക്കുന്ന മറ്റു കുട്ടികളുടെ കൂട്ടത്തിൽ അവനും ഉണ്ടാവുമോ എന്നവളോർക്കാറുണ്ടായിരുന്നു.. പക്ഷേ തലയുയുയർത്താറില്ല പലപ്പോഴും. എന്നാൽ നന്നായി പഠിക്കുന്ന വെളുത്ത് കൊലുന്നനെയുള്ള ആ ചുരുള മുടിക്കാരനെ അവൾക്കിഷ്ടമായിരുന്നു. അവനെ ക്കുറിച്ചവൾ ഒത്തിരി സ്വപ്‌നങ്ങൾ കണ്ടിരുന്നു. പക്ഷേ ആരോടും ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് മാത്രം.

“അമ്മ പിന്നീടയാളെ കണ്ടിരുന്നോ?”

മോളുടെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്.

” ഉം..കണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരിക്കൽ സ്കൂൾ റീയൂനിയനിൽ വെച്ച് “

” എന്നിട്ട്? “

” എന്നിട്ടെന്താ.. അവനിപ്പോ മിലിറ്ററിറിയിലെ വല്ല്യ ഉദ്യോഗസ്ഥനാണ്. ഭാര്യയും മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു.”

” എന്നിട്ടമ്മ അയാളോട് പറഞ്ഞോ എന്തെങ്കിലും? “

” എന്ത് പറയാൻ?. ബുദ്ധി ഉറക്കാത്ത പ്രായത്തിൽ മനസ്സിൽ തോന്നിയോരിഷ്ടം. അതിനെ എന്ത് പേര് ചൊല്ലിവിളിക്കണമെന്ന് പോലുമറിയില്ല.. എന്ത് തന്നെ യായാലും ആ കുഞ്ഞുമനസ്സിലെ ഓർമ്മകൾക്കിന്നും ഒരു മഞ്ഞു തുള്ളിയുടെ സുഖം തോന്നുന്നുണ്ടെന്ന് മാത്രം.

” എന്നിട്ട് വേണം പഴയ പ്രണയവും പറഞ്ഞ് നമ്മളെ ഇട്ടേച്ച് ഇവളവന്റെ കൂടെ പോകാൻ.” എന്ന് പറഞ്ഞുള്ള ഒരു പൊട്ടിച്ചിരി കേട്ടാണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്. എല്ലാം കേട്ട് ചിരിച്ചുകൊണ്ട് അടുക്കള വാതിലിൽ നന്ദേട്ടൻ. “ഇതെപ്പോ വന്നു..”

” ഞാൻ വന്നിട്ടൊത്തിരി നേരായെടീ. നിങ്ങളുടെ സംസാരം കേൾക്കുകയായിരുന്നു.

” എന്നാലേ ഞാൻ പോയിട്ട് എന്റെ മോൻ അങ്ങനെ രക്ഷപ്പെടാമെന്ന് കരുതേണ്ട ട്ടോ.. എവിടെ പോയാലും നിങ്ങളേം കൊണ്ടേ പോകൂ.. “

” ഇവിടെ നിന്നും അച്ഛനൊരു മോചനമില്ല ട്ടോ.. ” രുദ്രമോളത് പറഞ്ഞതും അടുക്കളയിൽ കൂട്ടച്ചിരി മുഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *