എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
പട്നയിൽ നിന്ന് കെട്ടിയ ബീഹാറിക്കാരിയെ പതിനാലാം നാൾ തന്നെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ രാത്രിയായിരുന്നുവത്. എങ്ങോട്ടേക്കെന്ന് ചിന്തിച്ചപ്പോൾ നാട്ടിലേക്ക് തന്നെ പോകാമെന്ന് തോന്നി. വർഷങ്ങൾ പത്തിരുപതെണ്ണം കഴിഞ്ഞില്ലേ… എല്ലാവരും എല്ലാം മറന്ന് കാണും… ശ്രമിച്ചാൽ, ഈ അമ്പതിലും ഇനിയുമൊരു മണിയറ അവിടെ ഒരുക്കാവുന്നതേയുള്ളൂ…
തീവണ്ടിയിൽ കയറിയപ്പോൾ വല്ലാത്തയൊരു ആശ്വാസം തോന്നി. പോകുന്നത് നാട്ടിലേക്കാണ്. പഴയകാല ഓർമ്മകളെല്ലാം പാളത്തിന്റെ നീളത്തിനൊപ്പം എന്റെ തലയിൽ പായുന്നുണ്ട്. എത്ര മനോഹരമായ നാൾവഴികൾ ആയിരുന്നുവത്. എന്നോളം ഭാഗ്യം ചെയ്ത പുരുഷൻ മാറ്റാരുണ്ടെന്ന് വരെ ഞാൻ ചിന്തിച്ചുപോയി. പറഞ്ഞ് തുടങ്ങിയാൽ തീരാത്തത്രത്തോളം പെൺ അനുഭവങ്ങൾ എനിക്ക് ഈ ഭൂമി തന്നിട്ടുണ്ട്. ആദ്യം തൊട്ട് തുടങ്ങാം…
ബസ്സിലെ കിളിയായി വിലസുമ്പോഴാണ് ബീനയെ ഞാൻ പ്രേമിക്കുന്നത്. ജീവിതവുമായി മുട്ടിയ ആദ്യ പെണ്ണ്! അവളെ കെട്ടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. പിടിച്ച പിടിയാലെ മുറുക്കാൻ അവൾ ശ്രമിച്ചെങ്കിലും കുരുങ്ങാതിരിക്കാൻ പരമാവധി ഞാൻ ശ്രദ്ധിച്ചിരുന്നു. ഒടുവിൽ രക്ഷപ്പെടുകയും ചെയ്തു. എങ്ങനെയെന്ന് ചോദിച്ചാൽ, ബീന എന്റെ മോളെ പ്രസവിച്ച വർഷം തന്നെ നാട്ടിൽ നിന്ന് ഞാൻ മുങ്ങുകയായിരുന്നു…
ഗമ പറയുകയാണെന്ന് കരുതരുത്. പിന്നീട് എത്തിപ്പെട്ട ഇടങ്ങളിൽ നിന്നെല്ലാം കൂട്ടിയാൽ, ഒമ്പത് ഭാര്യമാരും, നാല് കാമുകിമാരും, പതിനൊന്ന് മക്കളുമുള്ള അതിലോല പ്രേമ ഹൃദയമാണ് എനിക്ക്. നാടായ നാടെല്ലാം ചുറ്റിയിങ്ങനെ ഓരോന്ന് ഒപ്പിക്കുന്നത് കൊണ്ടാണോയെന്ന് അറിയില്ല; ചിലർ എന്നെ കല്ല്യാണ തട്ടിപ്പുകാരായെന്ന് വിളിക്കാറുണ്ട്. അബലകളായ എന്റെ പെണ്ണുങ്ങളൊന്നും കേസ് കൊടുക്കാത്തത് കൊണ്ട് ഞാൻ അകത്തായില്ല. അതിന്റെ അസൂയ മിക്കവർക്കും എന്നോടുണ്ട്. ഓരോ ഇടവേളകളിലും എത്തിപ്പെടുന്ന ഭാര്യ നാടുകളെല്ലാം അതിന്റെ തെളിവെന്നോണം എന്നോട് കൊഞ്ഞനം കുത്താറുമുണ്ട്.
ഞാൻ അതൊന്നും കാര്യമാക്കാറില്ല. ഈ കണ്ട കാലമത്രയും നാടായ നാടുകളിലെ പെണ്ണായ പെണ്ണിനെയെല്ലാം തഴുകി ഒഴുകാനേ ജീവിതം എന്നെ പ്രേരിപ്പിച്ചിട്ടുള്ളൂ…
ക്ഷണിക്കാത്ത കല്ല്യാണ സദ്യകളിൽ ഇടം പിടിച്ച് മൂക്കിന്റെ അറ്റത്തോളം കഴിക്കുന്നതിന്റെ സുഖത്തെ പറഞ്ഞ് അറിയിക്കാൻ പറ്റില്ല. കല്ല്യാണം എന്റേതായാലും കണ്ണിന്റെ ഉന്നം സദ്യ തന്നെയായിരിക്കും. ആരുടേതാണെന്ന് പോലും അറിയാത്ത പന്തികളിൽ നിന്ന് വെട്ടി വിഴുങ്ങാൻ അന്നൊക്കെ എനിക്കൊരു സന്തത സഹചാരിയുണ്ടായിരുന്നു. പേര് ഗോപാലൻ.
എന്നെ കണ്ട് പഠിച്ചിട്ടാണെന്ന് തോന്നുന്നു, ഗോപാലൻ മൂന്നാമതും കെട്ടാൻ തുനിഞ്ഞത്. എന്റെ പെണ്ണുങ്ങളെ പോലെയായിരുന്നില്ല അവൻ കണ്ടെത്തിയ ആള്. മറച്ച് വെച്ചതെല്ലാം കയ്യോടെ പിടിച്ചപ്പോൾ അവനെ അവൾ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. മണ്ടൻ… എന്റെ കൂടെ നടന്നെന്ന് വെച്ച് ഒന്നും പഠിച്ചില്ല. ഗോപാലൻ നിൽക്കാൻ അറിയാത്ത കള്ളനായിപ്പോയി…
‘ആവോ… ഇദർ ബൈട്ടോ…’
തീവണ്ടിയിൽ പൊരി വിൽക്കാൻ വന്ന സ്ത്രീയോട് ഞാൻ പറഞ്ഞതാണ്. വലിയ തിരക്കൊന്നും ഇല്ലാത്തത് കൊണ്ട് കച്ചവടം നടക്കട്ടേയെന്ന് കരുതിയായിരിക്കണം അവൾ ഇരുന്നത്. ആരുമില്ലെന്ന ഉത്തരം പ്രതീക്ഷിച്ച് നിനക്ക് ആരൊക്കെയുണ്ടെന്ന് അവളോട് ഞാൻ ചോദിച്ചു. എല്ലാവരുമുണ്ടെന്ന് പറഞ്ഞ് അവൾ എഴുന്നേറ്റ് പോകുകയായിരുന്നു…
നേരിയ കുലുക്കത്തോടെ ഞാൻ വീണ്ടും എന്റെ പ്രതാപ കാലത്തേക്ക് നുഴഞ്ഞു. നാട്ടിൽ പോയാൽ ആദ്യം ഗോപാലനെ കാണണം. അവൻ ജീവിച്ചിരിപ്പുണ്ടോയെന്ന് വരെ നിശ്ചയമില്ല. ചൂടറിഞ്ഞ പെണ്ണുങ്ങളെയൊന്നും കാണരുതേയെന്ന പ്രാർത്ഥനയും ചെറുതായുണ്ട്. അങ്ങനെ വന്നാൽ മാത്രമേ പുതിയ ബന്ധത്തിലേക്ക് വേഗതയിൽ പ്രവേശിക്കാൻ പറ്റൂ…
കയറുന്നതിലും ധൃതിയിൽ ഇറങ്ങിപ്പോകാനുള്ള ഇടങ്ങളായാണ് ബന്ധങ്ങളെ ഞാൻ മനസിലാക്കിയിട്ടുള്ളത്. എന്റെ അമ്മയോട് അച്ഛൻ ചെയ്തത്, എന്നിലേക്കെത്തുന്ന പെണ്ണുങ്ങളെ ഞാൻ അനുഭവിപ്പിക്കുന്നു. അതിൽ ആനന്ദം കണ്ടെത്തുന്നു. അതിലേറെ മാറി മാറി പ്രേമിക്കാൻ ജീവൻ വല്ലാതെ വെമ്പുന്നു. എന്തായാലും, ഈ ലോകത്തിൽ പെണ്ണുങ്ങളും, കല്ല്യാണ സദ്യകളുമുള്ള കാലം വരെ ഞാൻ സുഖമായി ജീവിക്കുക തന്നെ ചെയ്യും.
അങ്ങനെ, മൂന്ന് രാത്രികൾ താണ്ടിയുള്ള പ്രഭാതത്തിൽ എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷനിൽ തീവണ്ടി നിന്നു. നാട്ടിലേക്ക് പോകാനുള്ള ബസ്സും പിടിച്ചു. ആദ്യ ലക്ഷ്യം ഗോപാലന്റെ വീടായിരുന്നു. കണ്ടിട്ടും അവന് എന്നെ മനസ്സിലായില്ല. മനസിലായപ്പോൾ പരിസരം മറന്ന് ഞങ്ങൾ ചിരിച്ചുപോയി. നീയൊക്കെ ജീവിച്ചിരിപ്പുണ്ടല്ലേയെന്ന് രണ്ടാളും മാറി മാറി ചോദിച്ചു. ജീവിച്ചിരിപ്പുണ്ട്. പക്ഷെ, രണ്ട് ദിശയിലെന്ന് മാത്രം. ഗോപാലൻ ഇപ്പോൾ തന്നോളം പോന്ന രണ്ട് മക്കളുടെ അച്ഛനാണ്. പോലീസിനെക്കൊണ്ട് പിടിപ്പിച്ചിട്ടും മൂന്നാം കെട്ടുകാരി അവനെ മുറുകെ പിടിച്ചിരിക്കുന്നു. ജാമ്യത്തിൽ എടുത്തതും, തുടർന്ന് കൂടെ ജീവിപ്പിച്ചതുമെല്ലാം അവൾ തന്നെയാണ് പോലും…
‘നീയിപ്പോഴും പഴയത് പോലെ തന്നെയാണല്ലോ…’
എന്റെ സംസാരത്തിൽ നിന്ന് അവനത് മനസിലാക്കിയിരിക്കുന്നു. എനിക്കൊക്കെ എന്ത് മാറ്റമെന്ന് പറഞ്ഞ് ചിരിക്കുമ്പോഴും തലയിൽ എവിടെയോ നിരാശയുടെ വര തെളിയുന്നത് പോലെ… വിട്ട് പോയ ആരും വീണ്ടുമെന്നെ ആഗ്രഹിക്കാത്തതിൽ ഗോപാലന്റെ ജീവിതത്തോട് വല്ലാത്തയൊരു അസൂയ തോന്നുന്നത് പോലെ… എനിക്കുമൊരു കുടുംബം ഉണ്ടായിരുന്നുവെങ്കിലെന്ന് ജീവൻ ആദ്യമായി ആഗ്രഹിക്കുന്നത് പോലെ…
തിരിഞ്ഞ് നടന്നാലും തിരിച്ച് കിട്ടാൻ പറ്റാത്ത വിധം എന്നിലെ ശരികൾ അകന്നെന്ന് തോന്നിയപ്പോൾ ഇങ്ങനെ തുടരുന്നത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നുകയായിരുന്നു…
ഒരിക്കലും മാറില്ലെന്ന വിധം രണ്ട് നാൾ കഴിഞ്ഞപ്പോൾ ക്ഷണിക്കാത്തയൊരു കല്ല്യാണ സദ്യയുടെ പന്തിയിൽ ഞാൻ ഇടം പിടിച്ചു. ഗോപാലനേയും വിളിക്കണമെന്ന് ഉണ്ടായിരുന്നു. കുടുംബസ്ഥനായി ജീവിക്കുന്ന അവനെ ഇനിയും ഒപ്പം കൂട്ടുന്നത് നല്ലതല്ലെന്ന് തോന്നി. അതിനും അപ്പുറം അവന്റെ ജീവിതം പലതുമെന്നെ മോഹിപ്പിക്കുന്നുണ്ട്. ബീന മുതൽ വിട്ട് വന്ന ബീഹാറിക്കാരി വരെയുള്ള പെണ്ണുങ്ങളിൽ ആരെങ്കിലും ഇനിയൊരു അവസരം കൂടി തരുമോയെന്ന് ആലോചിച്ച് പോകുന്നു. ആ ചിന്ത വീണ്ടും പട്നയിലേക്ക് തന്നെ തിരിച്ച് പോയാലോയെന്ന് എന്നെ തോന്നിപ്പിക്കുകയായിരുന്നു.
‘ഹാ… വന്നുവെന്ന് ഗോപാലൻ പറഞ്ഞിരുന്നു… കണ്ടപ്പോൾ തന്നെ എനിക്ക് ആളെ മനസിലായിട്ടോ…’
സദ്യ കഴിഞ്ഞ് കൈ കഴുകുന്ന വേളയിൽ എന്നിലും പ്രായമുള്ള ഒരാൾ പറഞ്ഞതാണ്. പക്ഷെ, ആളെ എനിക്ക് മനസിലായില്ല. എന്നിട്ടും, ഞാൻ പരിചയം നടിച്ചു. എന്തായാലും തിരിച്ച് വന്നത് നന്നായെന്ന് പറഞ്ഞ് അയാൾ എന്റെ കൈയ്യിൽ പിടിച്ചാണ് പിന്നീട് സംസാരം തുടർന്നത്. ഞാൻ വരുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു പോലും…
‘എന്തായാലും അച്ഛനില്ലാതെ കല്ല്യാണ പന്തലിൽ ഇരിക്കേണ്ട ഗതി ആ മോൾക്കിന്ന് വന്നില്ലല്ലോ…’
വെറുതേ തുടങ്ങിയ സംസാരത്തിന്റെ ഗതി ഒരിക്കലും പ്രതീക്ഷിക്കാത്ത ദിശയിലേക്ക് എത്തിക്കുന്നത് പോലെയാണ് അയാളത് പറഞ്ഞത്. ഒരു സംശയ നിവാരണമെന്ന പോലെ ആരുടെ മോളുടെ കാര്യമാണ് നിങ്ങൾ ഈ പറയുന്നതെന്ന് ഞാൻ ചോദിച്ചു.
‘ബീനയുടെ മോളുടെ കാര്യമാണ് പറഞ്ഞത്.. അതായത്, നിന്റെ മോളുടെ…’
ആ മറുപടിയിൽ, ഉണ്ടതെല്ലാം ആമാശയത്തിൽ നിന്ന് തികട്ടുന്നത് പോലെ എനിക്ക് അനുഭവപ്പെടുകയായിരുന്നു. ഇനിയൊരു കല്ല്യാണ സദ്യയുടെ പന്തിയിലും ഇരിപ്പിക്കാത്ത വിധം ആ അപരിചിതന്റെ ശബ്ദം ഇന്നുമെന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. അല്ലെങ്കിലും, തിരുത്തി യെഴുതാത്ത തെറ്റുകളെല്ലാം ഓരോന്നായി മനുഷ്യരെ എപ്പോഴാണ് തിരിഞ്ഞ് കൊത്തുന്നതെന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ…!!!