എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഞാൻ കാൺകെയാണ് അതു സംഭവിച്ചത്. ഗാനമേള കേട്ടുകൊണ്ടിരിക്കുന്ന കൂട്ടത്തിലേക്ക് ഒരാൾ വരുകയും മാടക്കോത്തു വീട്ടിലെ ശോഭയുടെ മുടി പിടിച്ചു വiലിക്കുകയും ചെയ്തു. അപ്പോൾ തന്നെ ആരാടാ പെണ്ണുങ്ങളെ കേiറിപ്പിiടിക്കുന്നതെന്ന് ചോദിച്ച് അയാളുടെ നടുപ്പുറത്ത് ആരുടെയൊ കൈകൾ വീണിരുന്നു.
ഞെട്ടലോടെ തിരിഞ്ഞ അയാൾ കണ്ണിൽ കാണുന്നവരെയൊക്കെ തoല്ലി. ആർക്കൊക്കെ കിട്ടിയെന്ന് യാതൊരു പിടിയുമില്ല. മാറി നിന്നിരുന്നി ല്ലെങ്കിൽ എനിക്കും കൊള്ളുമായിരുന്നു. കളിയാട്ടത്തിൽ തല്ലുണ്ടായാലുള്ള കാര്യം പിന്നെ പറയാനില്ലല്ലോ..! വളരേ പെട്ടെന്നാണ് അതൊരു കൂട്ടത്തല്ലായി മാറിയത്. കൂകി വിളിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടിക്കിതക്കുകയാണ് മനുഷ്യർ. പശ്ചാത്തലത്തിൽ ഒരു സിനിമാപാട്ട് ഉയരുന്നതേ ഉണ്ടായിരുന്നുള്ളൂ…
”പഴനിമല മുരുകനു പള്ളി വേലായുധം
പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം
മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം
വരിക വരിക വടിവേലാ ഹരഹരോ ഹര
ഹര ഹരഹരോ ഹര…
ധാം കിണക്ക ത്ധില്ലം ത്ധില്ലം
ധളാംകണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി
പീലിക്കോലടി പാണ്ടിപ്പടയണി മേളം
പൂക്കാവടി മേളം
ഹേയ് നാട്ടുകളരിക്കച്ച മുറുക്കെണ
വാൾപ്പയറ്റിടി പൂഴിക്കടകൻ
ചാടിക്കെട്ടി വലം പിരിവെട്ടീട്ടോതിര
കടകമൊരിടിയും തടയും താളം…
ഓ…കടകൻ താളം”
പൊരിഞ്ഞ അടി നടക്കുമ്പോഴും ആ ധൃതതാളത്തിൽ ചിലർ ആടുകയായിരുന്നു. ആടിയാടി നിൽക്കുന്നവരുടെ ഇടയിലേക്ക് വീണ അയാളെ പിന്നെ തിരയേണ്ടി വന്നില്ല. എല്ലാവരും കൈവെച്ച് പരുവമായ ആ മനുഷ്യനെ ആരൊക്കെയോ ആശുപത്രിയിലേക്ക് പൊക്കിയെടുത്ത് പോകുകയായിരുന്നു. അപ്പോഴേക്കും എന്റെ കെട്ട്യോനെ തiല്ലി കൊiല്ലല്ലേയെന്ന് പറഞ്ഞുകൊണ്ട് ശോഭ ഓടി വന്നിരുന്നു. അവളുടെ ഭർത്താവ് രഘുവാണ് അതെന്ന് എനിക്കു മനസ്സിലായതേയില്ല…
‘സംഗീതശിരോമണി തങ്കവേലുവയ്യങ്കാർ
തില്ലാന മോഹനാംബാൾ
ഒരു പൊയ്ക്കാൽക്കുതിരമേൽ
തനിച്ചിരുന്നുറങ്ങുന്ന
വെങ്കിടേശാ….
ഡായ് വെങ്കിടേശാ’
സ്റ്റേജിൽ നിന്നും ഉയരുന്ന ആ ബഹളമില്ലാത്ത വരികളിൽ ശോഭ വിളിച്ചു പറയുന്നത് കുറച്ചൊക്കെ ഞാൻ കേട്ടു. പോയി നോക്കെടായെന്ന് അവൾ എന്നോടു പറയുകയും ചെയ്തു. അയൽപക്കക്കാർ അല്ലെങ്കിലും ഞങ്ങൾ പരിചയക്കാരാണ്. എന്നിട്ടും ഞാൻ പിന്തുടർന്നത് കൂട്ടത്തല്ലിന്റെ ഗതിയെയായിരുന്നു..
ശോഭ പറഞ്ഞതുവെച്ചു നോക്കിയാൽ നാലുകൊല്ലം കൂടുന്തോറും നടക്കാറുള്ള തന്റെ തറവാട്ടു ക്ഷേത്രത്തിലെ കളിയാട്ടത്തിൽ പങ്കെടുക്കാൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് രണ്ടുനാൾ മുമ്പ് എത്തിയ തായിരുന്നു അവൾ. പക്ഷെ, രഘു വന്നില്ല. മരുമകനായ തന്നെ ബന്ധുക്കളായ സംഘടക സമിതി അവഗണിച്ചതിലുള്ള വിരക്തിയിലാണ് അയാളെന്ന് അവരെ അറിയുന്നവർക്കെല്ലാം അറിയാം. അറിയപ്പെടുന്ന തറവാട്ടുകാർ ആയിട്ടെന്തു കാര്യം, ഒത്തൊരുമയെന്ന് പറയുന്നയൊരു സാധനമില്ല…
കൂട്ടം ചേർന്നാലും പരസ്പര വലിപ്പച്ചെറുപ്പം കാണിക്കുന്നതു കൊണ്ടായിരിക്കണം മനുഷ്യർക്ക് ആത്മാർത്ഥമായി ഒരു വിഷയത്തിലും സംഘടിതരാകാൻ സാധിക്കാത്തത്. അങ്ങനെ ആയാലും, താനാണ് കേമനെന്ന് കാണിക്കാൻ ആരെങ്കിലുമൊക്കെ അതിൽ ശ്രമിച്ചു കൊണ്ടേയിരിക്കും. മാനമെന്താണെന്ന് ഇപ്പോഴും അറിയാത്ത മനുഷ്യരാണ് മാനക്കേടിൽ അസ്വസ്ഥരാകുന്നത്. അതിൽ ആനന്ദം കണ്ടെത്തുന്ന മറ്റു മാനസികരോഗികളുടെ കാര്യം പിന്നെ പറയുകയേ വേണ്ട.
ബന്ധുക്കളായ ക്ഷേത്ര കമ്മിറ്റിക്കാർ തന്നെ നേരിട്ട് ക്ഷണിക്കാത്തതിന്റെ അതൃപ്തിയിൽ ഒരു പരിപാടിയിലും പങ്കെടുക്കില്ലായെന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു കക്ഷി. അപ്പോഴാണ് കളിയാട്ടത്തിന്റെ അവസാന നാളിലെ ഗാനമേള ആസ്വദിക്കാൻ ഭാര്യയായ ശോഭ വന്നിരിക്കുന്നത് അറിയുന്നത്. ആത്മാഭിമാനത്തിൽ ക്ഷതം ഏൽക്കാതിരിക്കുമോ…
‘തൃത്താലശങ്കരനുണ്ണി കുടമാളൂർ കേശവനങ്ങനെ
പലകൂട്ടം കൊലകൊമ്പൻ നിരന്നേ
ആ.. അമ്പോറ്റിതമ്പ്രാൻ ഗണപതി വമ്പേറ്റും വാമനമൂർത്തി
വരമേകാൻ മനതാരിൽ തെളിഞ്ഞേ..
എതിരെയിനിയുമരുതു കുരുതി മകനേ
കലികാല കുല ദൈവമേ…’
രഘുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടും പാട്ടു നിന്നില്ല. ആസ്വാദകാരുടെ ഇടയിൽ നടക്കുന്ന തiല്ലും തുടരുകയാണ്. തുടങ്ങിയ ഇടത്തു നിന്ന് മാറിയാണ് ഇപ്പോൾ സംഘടനം നടക്കുന്നത്. പരസ്പരം തല്ലുന്നത് കുറച്ചു പേരാണെങ്കിലും കൂട്ടം കൂടി ആർക്കാൻ ഏറെ പേർ കൂടുമല്ലോ…
കളിയാട്ടത്തിന്റെ കൊട്ടിക്കലാശം പോലെ പാട്ടും തiല്ലും ചുവടുകളുമായി പഞ്ചായത്തു മൈതാനത്ത് പൊടി പാറി. പിറകിൽ നിന്ന് ആരംഭിച്ച തiല്ല് ഇപ്പോൾ മുന്നിലേക്കൊരു ചുഴലി പോലെ അടുക്കുകയാണ്. ഇത്രേം നേരം പാട്ടിന്റെ ആരവത്തിൽ മാത്രമല്ല ജനങ്ങൾ തുള്ളിയതെന്ന് അപ്പോഴായിരിക്കണം സ്റ്റേജിൽ പാടുന്നവർക്ക് മനസ്സിലാകുന്നത്.
‘അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ
അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ ആ..ആ..’
ആ നീളത്തിൽ പാട്ടു നിന്നു. തുടർന്ന്, പാട്ടുകാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അതുവരെ പല ഭാഗങ്ങളിലായി നിന്നിരുന്ന നാലഞ്ചു പോലീസുകാർ കൂടിയതോടെയാണ് കൂട്ടത്തiല്ല് അവസാനിക്കുന്നത്. ഒരുത്തന്റെ അഭിമാന ചിന്തയിൽ നിന്നുണ്ടായ പ്രവർത്തി കാരണം ഒരു പാട്ടു പരിപാടി തന്നെ നിന്നു പോയിരിക്കുന്നു.
മറ്റുള്ളവരെ ബാധിക്കുന്ന വിധം നിർബന്ധങ്ങൾ പുലർത്തുന്നവർക്കുള്ള പാഠമാണിത്. കുടുംബത്തു തീർക്കേണ്ട വിഷയവുമായി പൊതുവിലേക്ക് വരരുത്. വന്നാൽ തീരുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും. ആരൊക്കെയാണ് കiടിച്ചു കീറുകയെന്നതിൽ യാതൊരു ഗണിതവും ഉണ്ടാകില്ല. രഘു മരിച്ചില്ലായെന്നത് തന്നെയാണ് ആ പാട്ടുനാളിന്റെ ഓർമ്മയിലെ അതിശയകരമായ ശേഷിപ്പ്…
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. അവിടെ കൂടി നിന്ന പോലീസുകാരെയടക്കം ചിരിപ്പിക്കുന്ന വിധം മറ്റൊരു സംഭവം കൂടി അന്നു നടന്നിരുന്നു. ഒരു കുടിയനായ സംഗീത ആസ്വാദകൻ ആടിയാടി ആ ഒഴിഞ്ഞ സ്റ്റേജിലേക്കു കയറുകയും, വീണു കിടന്ന മൈക്കെടുത്ത് നിന്നുപോയ പാട്ട് വീണ്ടും പാടുകയും ചെയ്തു. ആരും എതിർത്തില്ല. ചിരിച്ചുകൊണ്ട് തുള്ളാൻ പാകം ആവേശത്തോടെയാണ് അയാൾ അതു പാടിയത്…
”ധാം കിണക്ക ത്ധില്ലം ത്ധില്ലം
ധളാംകണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി
പീലിക്കോലടി പാണ്ടിപ്പടയണി മേളം
പൂക്കാവടി മേളം…”