എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
കോളേജ് അടുത്തായതു കൊണ്ട് വീട്ടിൽ നിന്നു തന്നെയാണ് മകന്റെ പോക്കു വരവൊക്കെ. അതുകൊണ്ട് തന്നെ അവന്റെ എല്ലാ കാര്യങ്ങളും നിരീക്ഷിക്കാൻ എനിക്ക് സാധിച്ചിരുന്നു. എന്നുവെച്ച് നിയന്ത്രിക്കാനൊന്നും അവൻ നിന്നു തരാറില്ല. എങ്കിലും പഠനമെന്ന ചിന്തയിൽ കണ്മുന്നിൽ തന്നെയുണ്ടല്ലോ…
നമ്മളൊന്നും വളർന്ന കാലത്തിലൂടെയല്ല നമ്മുടെ മക്കൾ വളരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ഒരു പരിധിക്കപ്പുറം അവർ ഇടപെടുന്ന ലോകത്തെ കുറിച്ച് യാതൊന്നും നമുക്ക് അറിയില്ല. അതുകൊണ്ട് തന്നെ എന്താ ഉപദേശിക്കേണ്ടതെന്നും വശമില്ല. ഓരോ തലമുറയിലെയും മാതാപിതാക്കളെയും ഈ വിവരമില്ലായ്മ ബാധിച്ചിട്ടുണ്ടാകാം…
എന്തായാലും ചെറുക്കൻ കോളേജ് പഠനത്തിന്റെ അവസാന വർഷത്തിൽ എത്തിയിട്ടുണ്ട്. ക്യാമ്പസിൽ ദുരനുഭവങ്ങൾ നേരിടുന്ന വിദ്യാർത്ഥികളുടെ വാർത്തകളൊക്കെ കേൾക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. നാട്ടുകാരെല്ലാം പറയുന്നതു പോലെയൊരു അക്രമണ സ്വഭാവമൊന്നും എല്ലായിടത്തുമില്ല. ഉണ്ടായിരുന്നുവെങ്കിൽ എന്റെ മകൻ എന്നോടു പറയുമായിരുന്നു.
ചിലയിടത്ത് എന്തെങ്കിലുമൊക്കെ അരുതാത്തത് സംഭവിച്ചിരിക്കാം. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. കൃത്യമായി പഠിക്കേണ്ട സാഹചര്യങ്ങൾ തന്നെയാണ് എല്ലാ ക്യാമ്പസുകളിലുമുള്ളത്. അതുകൊണ്ടാണ് തൊണ്ണൂറ്റിയൊമ്പത് ശതമാനം മാതാപിതാക്കൾക്കും സമാധാനത്തോടെ ഈ നാട്ടിൽ ജീവിക്കാൻ സാധിക്കുന്നത്. മാറി മാറി വരുന്ന സർക്കാറുകളെല്ലാം അതിനുവേണ്ടി അഘോരാത്രം പ്രവർത്തിക്കുന്നുണ്ട്. കോളേജുകൾ ഒരിക്കലും നമ്മുടെ മക്കളെ വഴി തെറ്റിക്കില്ല. തെറ്റുന്നുണ്ടെങ്കിൽ അത് രക്ഷിതാക്കളുടെ മാത്രം ചുമതലയാണ്…
അന്ന് കോളേജിൽ നിന്നും മോൻ വൈകി വന്നയൊരു രാത്രിയായിരുന്നു. അവന്റെ അമ്മയാണ് കതകു തുറന്നു കൊടുത്തത്. കുളിക്കണമെന്ന് പറഞ്ഞ് അവൻ ധൃതിയിൽ അകത്തേക്ക് കയറിപ്പോകുകയും ചെയ്തു. ചില നാളുകളിൽ പഠിക്കണമെന്നൊക്കെ പറഞ്ഞ് പുറത്തു തങ്ങുന്നതെല്ലാം അവന്റെ പതിവാണ്. അതുകൊണ്ട് കാര്യമായി എടുത്തതുമില്ല.
പിറ്റേന്ന് കാലത്താണ് അവൻ ഒന്നും കഴിക്കാതെയാണ് കിടന്നിരിക്കുന്ന തെന്ന് മനസ്സിലായത്. മക്കൾ എത്ര വലുതായാലും ഒരു നേരത്തെ ആഹാരം കഴിച്ചില്ലെന്ന് കണ്ടാൽ ആകെയൊരു അസ്വസ്ഥതയാണ്. ഉണർത്താമെന്ന് കരുതി ഞാൻ അവന്റെ മുറിയിലേക്ക് പോയി. അവൻ നല്ല ഉറക്കത്തിലായിരുന്നു. ശ്രദ്ധിച്ചപ്പോഴാണ് വസ്ത്രം പോലും മാറാതെയാണ് മകൻ കിടന്നിരിക്കുന്നതെന്ന് മനസ്സിലായത്. ഞാൻ അവനെ തട്ടി വിളിച്ചു. അവൻ അറിഞ്ഞതേയില്ല…
അനക്കുന്തോറും മകന്റെ ശരീരമൊരു വാഴപ്പിണ്ടി പോലെ കുലുങ്ങുകയാണ്. കുപ്പായം തെന്നി മാറിയപ്പോഴാണ് മോനേയെന്ന് വിളിക്കാൻ പാകത്തിൽ ചില പാടുകൾ എന്റെ കണ്ണിൽ കൊള്ളുന്നത്. ഞാൻ മറ്റൊന്നും ഓർക്കാതെ അവനെ വിവസ്ത്രനാക്കി. ഈ ഭൂമിയിലെ ഒരു പിതാവിനും അങ്ങനെയൊരു അനുഭവം ഉണ്ടാകാൻ പാടില്ല. അത്രയ്ക്കും ദാരുണമായി എന്റെ മകന്റെ ശiരീരം ചiതഞ്ഞിരിക്കുന്നു! ശoരീരത്തിന്റെ നാനാ ഭാഗങ്ങളിൽ ആരെക്കെയോ മiർദിച്ചതിന്റെ കല്ലിപ്പുകളാണ്…
ഞാൻ നിലവിളിക്കരുതായിരുന്നു! അതുകേട്ട് ഭാര്യ ഓടിവരുകയും മകനെ കണ്ട് തല ചുറ്റി വീഴുകയും ചെയ്തു. ഇല്ലാത്ത ശ്വാസമുണ്ടാക്കി വീടിന് പുറത്തേക്ക് ചലിച്ച് ഞാൻ ഒച്ച വെക്കുകയായിരുന്നു.
എന്റെ മോൻ മiരിച്ചിട്ട് മൂന്നു മണിക്കൂറായെന്ന് ഡോക്റ്റർ പറഞ്ഞു. അതു കേട്ടപ്പോൾ ഞാനും ജീവിച്ചിരിക്കുന്നില്ലായെന്ന് എനിക്ക് തോന്നി. ബോധമില്ലാതെ കിടക്കുന്ന ഭാര്യയെ ഓർക്കാൻ പോലും ഞാൻ ഏറെ വൈകിയിരുന്നു.
‘രാജേട്ടാ നമ്മുടെ മോൻ … അവനല്ലേ നമുക്കുള്ളൂ… അവന് ന്താ പറ്റിയേ..? മോനെ… മോനെ…’
ബോധം വന്നപ്പോൾ ഭാര്യ എന്റെ നെഞ്ചിൽ വീണ് പറഞ്ഞതായിരുന്നു. ശ്വാസം കിട്ടാതെ അന്നു ഞാൻ എങ്ങിയേങ്ങി കരഞ്ഞത് ഇന്നും എന്റെ തൊണ്ടയിൽ ഇടയ്ക്കൊക്കെ വിങ്ങാറുണ്ട്. ജീവിതത്തിലെ ചില രംഗങ്ങൾക്ക് തീരശീല വീഴാറില്ലല്ലോ! ജീവിക്കുന്ന കാലമത്രയും അതിനു തെളിയാൻ മനസ്സിലൊരു വേദിയുണ്ടാകും. മനുഷ്യനായി ജനിച്ചു പോയതുകൊണ്ട് ആ മനസ്സുമായി ജീവിച്ചല്ലേ പറ്റൂ…
ഞാനും ഭാര്യയും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന യാതൊരു ഓർമ്മയുമില്ലാതെ നാളുകൾ കടന്നുപോയി. തുടക്കത്തിൽ ഗംഭീരമായ അന്വേഷണം പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലും ഒടുക്ക മുണ്ടായില്ല. മകന് എന്തു സംഭവിച്ചുവെന്ന് യാതൊരു പിടിയുമില്ല. എല്ലാത്തിനും കാരണം അവന്റെ ബാഗിൽ നിന്ന് കണ്ടെടുത്ത ഏതോ വിദ്യാർത്ഥി സംഘടനയുടെ കൊടിയായിരിക്കാം…
മികച്ച ഭരണകൂടം ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് എന്തിനാണ് സംഘടനാ രാഷ്ട്രീയം! ഭാവി നിലനിൽപ്പിന് വേണ്ടി അവരെ കൂട്ടം ചേർക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് വിദ്യാർത്ഥികളുടെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും കാരണം. തങ്ങളിലേക്ക് അണി ചേരാനുള്ളവരായി വിദ്യാർത്ഥികളെ മാറ്റാനുള്ള പരിശീലന കളരിയാണ് ഓരോ ക്യാമ്പസുകളിലും നടക്കുന്നത്. കൂട്ടം ചേർന്നാൽ ശരി തെറ്റുകൾ നോക്കാതെ ആർക്കും ആരെയും മർദിച്ചു കൊല്ലാം…
ഇതൊക്കെ മനസിലാക്കാൻ ഏറെ വൈകിപ്പോയതു കൊണ്ടായിരിക്കാം എനിക്ക് മകനെ നഷ്ട്ടപെട്ടതും, രാഷ്ട്രിയം കളിക്കുന്ന കൂട്ടർക്ക് രiക്തസാക്ഷിയായി എന്റെ മോനെ കിട്ടിയതും. എങ്ങനെയാണ് ഒറ്റപ്പെട്ട സംഭവങ്ങൾ നാട്ടിലെങ്ങും ഉണ്ടാകുന്നതെന്ന് ഇപ്പോഴാണ് വ്യക്തമായി എനിക്ക് മനസ്സിലാകുന്നത്…!!!