തങ്ങളിന്ന് ഇവിടെ തങ്ങുവാണെന്ന് പറയാനാണ്, വിശ്വംഭരൻ ശ്രമിച്ചതെങ്കിലും ,മകൻ മുൻ അനുഭവം വച്ചാണ് തങ്ങളോട് സംസാരിച്ചതെന്ന് അവർക്ക് മനസ്സിലായി…….

എഴുത്ത്:-സജി തൈപ്പറമ്പ്.

എടീ,, ചീരയുടെ കെട്ട്, സതീശൻ്റെ വീട്ടിൽ കൊടുക്കാനുള്ള സഞ്ചിയിൽ വച്ചാൽ മതി ,അവനാണല്ലോ ചീരത്തോരൻ കൂടുതലിഷ്ടം,,

ഉം, അതെനിക്കറിയാമല്ലോ? പിന്നേ,, ദേ ഈ കാച്ചിയ എണ്ണ , കുപ്പിയിലേയ്ക്ക് പകർത്തി നന്നായിട്ടൊന്നട്ടച്ച് അശ്വതിക്കുള്ള സഞ്ചിയില് വച്ചോ ,അവളുടെ മോൾക്കല്ലേ, മുടി ഊരി പോകുന്നതെന്ന് പറഞ്ഞത്?

അതേ, ശ്രീക്കുട്ടിക്ക് നിന്നെപ്പോലെ നല്ല നീളമുള്ള മുടിയായിരുന്നു ,
ഇപ്പോൾ, അപ്പടി ചകിരി നാര് പോലെയായി,,

ദിനേശൻ്റെ കുട്ട്യോൾക്ക് കൊടുക്കാനുള്ള, പല്ലാം കുഴിയുടെ പലക യെടുക്കാൻ മറക്കല്ലേ ?

ഹേയ് മറക്കാനോ? ഞാനെത്ര ദിവസം കുത്തിയിരുന്ന് പണിയെടുത്തതാണ്,, ങ്ഹാ, പിന്നെ ,മാധവീ ,, ഇപ്രാവശ്യം നമുക്ക് മക്കളുടെ മൂന്ന് പേരുടെ വീട്ടിലും, ഓരോ ദിവസം താമസിക്കണം ,നമ്മൾ ചെല്ലുമ്പോഴൊക്കെ , രണ്ട് ദിവസം നിന്നിട്ട് പോകാമെന്ന് അവരോരുത്തരുംപറഞ്ഞിട്ട്, നമ്മളല്ലേ സമ്മതിക്കാതിരുന്നത്? അതിൻ്റെ നീരസം മൂന്ന് പേർക്കുമുണ്ടാവും,, ഇത്തവണ, അവരെ ഞെട്ടിച്ച് കൊണ്ട്, നമ്മളവിടെ തങ്ങുന്നു, എന്ത് പറയുന്നു നീ ,,

ആഹ്, ഞാനിത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു ,,

അല്ല, നീ നന്നായി തുമ്മുന്നുണ്ടല്ലോ? ജലദോഷം വല്ലതുമുണ്ടോ ?

ഹേയ് അതിൻ്റെയല്ല, നിങ്ങളിന്നലെ പൊടിച്ച് കൊണ്ട് വന്ന, മുളക് പൊടി ഞാൻ മൂന്ന് പേർക്കും പൊതിഞ്ഞ് വച്ചപ്പോൾ മുതൽ തുടങ്ങിയതുമ്മലാണ് ,,

എന്നാൽ പിന്നെ നീ,കതകെല്ലാം നന്നായി അടച്ചോന്ന് നോക്ക് ,ഇനി കുറച്ച് ദിവസം കഴിഞ്ഞല്ലേ തിരിച്ച് വരവുണ്ടാവൂ ,, ഇനി മക്കള് ഉടനെയെങ്ങാനും തിരിച്ച് വിടുമോന്നും അറിയില്ലല്ലോ?

ഒക്കെ ഞാൻ നന്നായി അടച്ചതാണ്, നിങ്ങള് മുൻവാതില് മാത്രം പൂട്ടി ഇറങ്ങിയാൽ മതി ,,

കഴുകി ഉണക്കിപൊടിച്ചെടുത്ത, മുളക് പൊടിയും , മുറ്റത്ത് കൃഷി ചെയ്ത ചീരയും ,കാച്ചിയ എണ്ണയും കൂടാതെ ,തൊണ്ട് പൊളിച്ച തേങ്ങയും, വിളഞ്ഞ നേന്ത്രക്കുലയുമെല്ലാമെടുത്ത്, വാടകയ്ക്ക് വിളിച്ച വെളളിമൂങ്ങയിൽ കയറ്റി വച്ചിട്ട് , വിശ്വംഭരനും മാധവിയും മക്കളുടെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു

സാധനങ്ങളെല്ലാം ഇറക്കിയിട്ട്, ഓട്ടോറിക്ഷ പറഞ്ഞയച്ചേക്കാം,
ദിനേശൻ്റെയും അശ്വതിയുടെയും വീട്ടിലേയ്ക്ക് നമുക്കിവിടുത്തെ കാറിൽ പോകാം മാധവീ,,,

മൂത്ത മകൻ്റെ വീട്ടിലെത്തിയ വിശ്വംഭരൻ ഭാര്യയോട് പറഞ്ഞു.

ങ്ഹാ അതാ നല്ലത് ,,

മാധവി ഭർത്താവിനെ സപ്പോർട്ട് ചെയ്തു.

അല്ല ഇതാരാ വന്നിരിക്കുന്നത് ?സതീശേട്ടാ ,, ദേ അമ്മയും അച്ഛനും വന്നിരിക്കുന്നു ,,

മൂത്ത മരുമകൾ, മുഖം നിറയെ ചിരിയുമായി അവരെ അകത്തേയ്ക്ക് ആനയിച്ചു.

അപ്പോഴേയ്ക്കും ഖദർ മുണ്ടും ഷർട്ടുമണിഞ്ഞ്, എങ്ങോട്ടോ പോകാൻ തയ്യാറായി, സതീശൻ പുറത്തേയ്ക്കിറങ്ങി വന്നു.

നിങ്ങള് നേരെ ഇങ്ങോട്ടാണോ വന്നേ? അവരുടെ വീട്ടിൽ കയറിയില്ലേ?

ഇല്ലടാ,, നീയല്ലേ മൂത്തത്? ഇവിടെ വന്നിട്ട് അങ്ങോട്ട് പോകാമെന്ന് നിരീച്ചു, പിന്നെ നിൻ്റെ കാറുണ്ടല്ലോ? അവർക്കുള്ള സാധനങ്ങൾ കൂടി കൊണ്ട് പോകണം ,,

ങ്ഹാ കാറ് കാണും ,എന്നെ സ്റ്റേഷനിലാക്കിയിട്ട്, സനൂപ് ഉടനെ തിരിച്ച് വരും, എനിയ്ക്ക് തിരുവനന്തപുരത്തൊരു മീറ്റിങ്ങുണ്ട്,,,

എടാ പിന്നേ ഞങ്ങളിന്ന്,,

ങ്ഹാ വേണ്ട, വേണ്ട, പറയണ്ട, എനിയ്ക്ക് മനസ്സിലായി ,നിങ്ങളിന്ന് തിരിച്ച് പോകുമെന്നല്ലേ? എപ്പോൾ വന്നാലും അങ്ങനെ തന്നെയല്ലേ?പൊയ്ക്കോളു, ഞാൻ അടുത്തയാഴ്ച അങ്ങോട്ട് വരുന്നുണ്ട് ,ഇപ്പോൾ തീരെ സമയമില്ല ,,

അയാൾ ധൃതിവച്ചു ,

എടാ അതല്ല പറയാൻ വന്നത് ,ഞങ്ങളിന്ന്,,,

ങ്ഹാ മനസ്സിലായി ,ഞങ്ങളിന്ന് നേരത്തെ ഇറങ്ങും, ദിനേശൻ്റെയും അശ്വതിയുടെയും വീട്ടിൽ കയറിയിട്ട് വൈകും മുമ്പേ തറവാട്ടിലെത്തണ മെന്നല്ലേ? പൊയ്ക്കോളു, ഞാൻ നിങ്ങളോടിനി ഒന്നും പറയില്ല ,ശൈലജേ,, അവരെ ചോറ് കൊടുത്തിട്ടേ വിടാവൊള്ളേ ,ഞാനിറങ്ങുവാ, സമയമില്ല,,

തങ്ങളിന്ന് ഇവിടെ തങ്ങുവാണെന്ന് പറയാനാണ്, വിശ്വംഭരൻ ശ്രമിച്ചതെങ്കിലും ,മകൻ മുൻ അനുഭവം വച്ചാണ് തങ്ങളോട് സംസാരിച്ചതെന്ന് അവർക്ക് മനസ്സിലായി .

ഇനിയിപ്പോൾ മകൻ്റെ തെറ്റിദ്ധാരണ തിരുത്തേണ്ടെന്നും, അവൻ വീട്ടിലില്ലാത്ത സ്ഥിതിയ്ക്ക്, ദിനേശൻ്റെ വീട്ടിൽ ഇന്ന് തങ്ങാമെന്ന് വിശ്വംഭരൻ രഹസ്യമായി മാധവിയോട് പറഞ്ഞു.

എന്നാൽ പിന്നെ, നിങ്ങളിറങ്ങുവല്ലേ? താമസിച്ചാൽ, അവരുടെ രണ്ട് വീടുകളിലും കൂടെ കയറിയിട്ട് തിരിച്ച് തറവാട്ടിലെത്തുമ്പോൾ ഒരുപാട് ഇരുട്ടാവില്ലേ? ദേ സനൂപ് കാറുമായി കാത്ത് കിടപ്പുണ്ട്,

ഊണ് കഴിഞ്ഞു വരാന്തയിൽ വിശ്രമിക്കുമ്പോഴാണ്, മരുമകൾ ചോദിച്ചത്.

എന്നാൽ പിന്നെ, നമുക്കിറങ്ങാം മാധവീ,, വിശ്രമമൊക്കെ ദിനേശൻ്റെയടുത്ത് ചെന്നിട്ടാവാം,,

അശ്വതിയ്ക്കും ദിനേശനും കൊടുക്കാനുള്ള രണ്ട് ചാക്ക് കെട്ടുകൾ ,കാറിൻ്റെ ഡിക്കിയിൽ കയറ്റി വച്ചിട്ട്, ശൈലജയോട് യാത്ര പറഞ്ഞ് ,അവർ രണ്ടാമത്തെ മകൻ്റെയടുത്തേയ്ക്ക് തിരിച്ചു.

ഞങ്ങള് രണ്ട് ദിവസം കഴിഞ്ഞിട്ടേ പോകുന്നുള്ളു ,കഴിക്കാൻ ഇനിയും സമയമുണ്ടല്ലോ ?

ദിനേശൻ്റെ ഭാര്യ, ചായയോടൊപ്പം കൊണ്ട് വച്ച കായ വറുത്തത്, എടുത്ത് കഴിക്കാൻ നിർബന്ധിച്ചപ്പോഴാണ് , വിശ്വംഭരൻ അങ്ങനെ പറഞ്ഞത് ,

അയ്യോ അച്ഛാ,, നാളെയും മറ്റന്നാളും ഞങ്ങള് ദിനേശേട്ടൻ്റെ കൂട്ടുകാരോടൊപ്പം ഒരു ടൂറ് പോകാനിരിക്കുവാണ് ,ഇന്ന് വൈകുന്നേരം പുറപ്പെടും , അതിനുള്ള ചില സാധനങ്ങൾ വാങ്ങാനാണ്, ദിനേശേട്ടൻ ടൗണിലേയ്ക്ക് പോയിരിക്കുന്നത്,,

ഓഹ് അങ്ങനെയാണോ ?എന്നാൽ മാധവീ,, നമുക്കിന്ന് അശ്വതിയുടെ വീട്ടിൽ തങ്ങിയിട്ട് നാളെ തറവാട്ടിലേയ്ക്ക് പോകാം ,ഇവിടെയിനി അടുത്ത പ്രാവശ്യം വരുമ്പോൾ നില്ക്കാം,,

ങ്ഹാ, എന്നാൽ ,നമുക്ക് വേഗമിറങ്ങാം ,അവർക്ക് പോകാൻ തയ്യാറെടുക്കേണ്ടതല്ലേ?

മാധവി പറഞ്ഞു.

അമ്മേ,, അടുത്ത പ്രാവശ്യം വരുമ്പോൾ ഒന്ന് വിളിച്ച് പറഞ്ഞിട്ടേ വരാവൂ, അപ്പോൾ ഞങ്ങൾക്കും ഒന്ന് പ്രിപ്പേഡാകാമല്ലോ?

ങ്ഹാ ശരി മോളേ,,

അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ,വിശ്വംഭരൻ മകൾ അശ്വതിയെ ഫോണിൽ വിളിച്ചു.

ങ്ഹാ മോളേ ,, നീ വീട്ടിലുണ്ടോ?

ഉണ്ടച്ഛാ,, എന്താ കാര്യം?

ഹോ സമാധാനമായി, ഞങ്ങളങ്ങോട്ട് വരുവാണ് മോളേ ,, രണ്ട് മൂന്ന് ദിവസം നിങ്ങളോടൊപ്പം അവിടെ നിന്നിട്ടേ തിരിച്ച് പോകുന്നുള്ളു ,ഞങ്ങള് വന്നാൽ ഉടനെ തിരിച്ച് പോകുമെന്നും നിങ്ങളോടൊപ്പം നില്ക്കില്ലെന്നു മാണല്ലോ, നിങ്ങടെ പരാതി ?അത് ഇതോടെ തീരുമല്ലോ?

അയ്യോ അച്ഛാ,, ശ്രീയേട്ടൻ്റെ അമ്മയും അച്ഛനും ഇവിടെയുണ്ട്, ഒരാഴ്ചയെന്ന് പറഞ്ഞ് വന്നിട്ട് ഇപ്പോൾ രണ്ടാഴ്ചയായി , ഉടനെയെങ്ങും പോകുന്ന ലക്ഷണമില്ല ,എന്തായാലും നിങ്ങളിവിടെ വരെ വന്നിട്ട് പോ ,അവര് പോയി കഴിയുമ്പോൾ ഞാൻ വിളിക്കാം ,നിങ്ങളും ഇത് പോലെ വന്ന് രണ്ട് മൂന്നാഴ്ച്ച നില്ക്കണം ,ഇത് എൻ്റെയും കൂടെ പേരിലുള്ള വീടാണ് ,അപ്പോൾ പിന്നെ ,എൻ്റെ അച്ഛനും അമ്മയ്ക്കും ഇവിടെ വന്ന് നില്ക്കാനുള്ള അവകാശമുണ്ടല്ലോ?

മോളേ ,, നീ അങ്ങനെയൊന്നും ചിന്തിക്കണ്ടാ ,ഞങ്ങളെ പോലെ തന്നെ ശ്രീകുമാറിൻ്റെ അച്ഛനെയും അമ്മയെയും നീ കണ്ടാൽ മതി, വേർതിരിച്ച് കാണുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത് , എന്തായാലും ഞങ്ങളങ്ങോട്ട് വരാം, ശ്രീകുട്ടിയ്ക്ക് വേണ്ടി കാച്ചിയ എണ്ണ,സഞ്ചിയിലിരിപ്പുണ്ട് ,,,

ദിനേശൻ്റെ വീട്ടിലിറക്കിയിട്ട് സനൂപ് കാറുമായി തിരിച്ച് പോയത് കൊണ്ട്, ഒരു ഓട്ടോറിക്ഷ പിടിച്ചാണ് അശ്വതിയുടെ വീട്ടിeലയ്ക്ക്അ വര് ചെന്നത്.

ഇരുള് പരന്ന് തുടങ്ങിയത് കൊണ്ട് മകളോട് യാത്ര പറഞ്ഞ് ,മാധവിയും വിശ്വംഭരനും ഉടനെ തന്നെ തറവാട്ടിലേയ്ക്ക് മടങ്ങി .

അല്ലേലും നമ്മള് മാത്രമുള്ള ആ പഴയ തറവാട് തന്നെയാണ് നമുക്ക് നല്ലത് ,അല്ലേ മാധവീ,,

KSRTC ബസ്സിലെ വിൻഡോസീറ്റിലിരുന്ന് അകലേയ്ക്ക് നോക്കി നിരാശ മറച്ച് വച്ച് കൊണ്ടയാൾ ഭാര്യയോട് പറഞ്ഞു.

ഭർത്താവിൻ്റെ മനസ്സ് നന്നായി അറിയാവുന്ന മാധവി മൗനിയായി ഇരുന്നതേയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *