പൂനിലാവ്
എഴുത്ത് :-ബിന്ദു എന് പി
എന്റെ കല്യാണം കഴിഞ്ഞുവെന്ന് ഇപ്പോഴും വിശ്വസിക്കാറായിട്ടില്ല… കുഞ്ഞായിരിക്കുമ്പോ എന്നെയും അച്ഛനെയും ഉപേക്ഷിച്ച് അമ്മ മറ്റൊരാളുടെ കൂടെ പോയതിൽപ്പിന്നെയാണ് സ്ത്രീകളെ ഞാൻ വെറുത്തു തുടങ്ങിയത് .. ആ വെറുപ്പ് ഓരോ ദിനം കഴിയുമ്പോഴും കൂടിയതല്ലാതെ കുറഞ്ഞില്ല .. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടാവില്ലെന്ന് അന്നേ തീരുമാനിച്ചതാണ് .. ആ തീരുമാനമാണിപ്പോ വീണുടഞ്ഞിരിക്കുന്നത് . അച്ഛന്റെ അവസാന ആഗ്രഹത്തിന് മനസ്സില്ലാ മനസ്സോടെയാണെങ്കിലും വഴങ്ങുകയായിരുന്നു ..
തന്റെ കളിക്കൂട്ടുകാരി .. കൂട്ടുകാരന്റെ സഹോദരി .. അവൾക്ക് തന്നെ വിവാഹം കഴിക്കുന്നതിന് ഇഷ്ടമാണെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയിരുന്നു .. കുഞ്ഞ് നാളിൽ ഒന്നിച്ചു കളിച്ചു വളർന്നവരാണ്.. എന്നാൽ അമ്മ പോയതോടെ ഞാൻ ആകെ മാറുകയായിരുന്നു .അതില്പിന്നെ ആരോടും അധികം അടുപ്പം കാട്ടാറില്ലായിരുന്നു .എന്റെ കല്യാണക്കാര്യം അച്ഛൻ ആദ്യം പറഞ്ഞത് തന്റെ കൂട്ടുകാരോടാണ് .. അപ്പോഴാണ് കൂട്ടുകാരൻ സുഭാഷ് പറയുന്നത് തന്റെ സഹോദരി ദേവിക്ക് രവിയെ കല്യാണം കഴിക്കാൻ താൽപ്പര്യമാണെന്ന് ..പിന്നെ എല്ലാം പെട്ടെന്നായിരുന്നു ..
വർഷങ്ങളായി അച്ഛനും ഞാനും മാത്രമായി ജീവിച്ച വീട്ടിലേക്കാണ് ഒരു പെണ്ണ് വന്ന് കയറുന്നത് .. ഇന്ന് മുതൽ ഈ വീട്ടിലെ ചിട്ട വട്ടങ്ങൾ മാറാൻ പോകുന്നു ..അച്ഛനും ഞാനും മാത്രമായിരുന്നപ്പോൾ ഒരിക്കൽപോലും അമ്മയില്ലാത്തതിന്റെ കുറവ് അച്ഛനെന്നെ അറിയിച്ചിട്ടില്ല .. ജീവിതം ഇത്രയും വർഷങ്ങൾ സുഗമമായി മുന്നോട്ടു പോയി .. അതിനിടയിലാണ് ഒരശനിപാതം പോലെ അച്ഛൻ ഒരു വശം തളർന്നു കിടപ്പിലായത് ..
അച്ഛന്റെ കാര്യങ്ങൾ ഞാൻ മുടക്കമില്ലാതെ നോക്കി . എങ്കിലും അച്ഛന്റെ ആഗ്രഹമായിരുന്നു എന്റെ വിവാഹം .. ഈ അവസ്ഥയിൽ അച്ഛനെ എതിർക്കാനായില്ല .. അതാണ് ഇഷ്ടമില്ലാതിരുന്നിട്ടും ആ ചടങ്ങിന് ഞാൻ നിന്നുകൊടുത്തത്..
ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയിട്ടും ഞാൻ ദേവിയോടൊന്നും തന്നെ സംസാരിച്ചില്ല .. രാത്രി മുറിയിൽ എത്തിയിട്ടും അത് തന്നെയായിരുന്നു അവസ്ഥ . എനിക്കീ ജീവിതവുമായി പെട്ടെന്നൊന്നും പൊരുത്തപ്പെടാനാവില്ലെന്ന് ഞാൻ അവളുടെ മുഖത്തുനോക്കി പറഞ്ഞപ്പോഴും രവിയേട്ടനുവേണ്ടി ഞാൻ എത്രകാലം വേണമെങ്കിലും കാത്തിരുന്നോളാമെന്നവൾ പറയുമ്പോൾ അവളുടെ മുഖത്ത് ഒരു പരിഭവവും ഞാൻ കണ്ടില്ല ..
അന്നുമുതൽ ഒരു മുറിയിൽ രണ്ടിടത്തായി ഞങ്ങളുടെ ഉറക്കം . അവൾക്കതിൽ പരാതിയുണ്ടായിരുന്നില്ല .. എന്റെയും അച്ഛന്റെയും കാര്യങ്ങൾക്ക് അവൾ ഒരു മുടക്കവും വരുത്തിയില്ല .. അച്ഛന് കൃത്യ സമയത്ത് മരുന്നും ഭക്ഷണവും കൊടുത്തും വീട്ടുകാര്യങ്ങൾ നോക്കിയും അവൾ ഓടി നടന്നു ..
അവൾ വന്നതോടെ എനിക്കൊരു വല്ല്യ ആശ്വാസമായിരുന്നു .. എങ്കിലും അമ്മയുടെ മുഖം ഓർമ്മയിൽ വരുമ്പോഴൊക്കെ എനിക്കവളോട് ദേഷ്യം തോന്നും . കാരണമില്ലാത്ത ഞാൻ ദേഷ്യത്തോടെ ഇറങ്ങിപ്പോകുമ്പോൾ വിഷമിച്ചു നിൽക്കുന്ന അവളെ ഞാൻ കണ്ടില്ലെന്ന് നടിക്കും ..അതുകാണുമ്പോൾ സങ്കടപ്പെടുന്ന അച്ഛനെ അവൾ ആശ്വസിപ്പിക്കും ..
” ഒരിക്കൽ രവിയേട്ടന്റെ ഈ സ്വഭാവമൊക്കെ മാറും .. അച്ഛൻ നോക്കിക്കോ .. “
അതു കേൾക്കുമ്പോ അച്ഛൻ ചിരിക്കും ..
അങ്ങനെയിരിക്കെയാണ് ഒരിക്കൽ ജോലിസ്ഥലത്തു നിന്നും ഞാൻ വീണത് . കൂട്ടുകാരെരൊക്കെയോ ചേർന്നെന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി .. തിരിച്ചു ഞാൻ വീട്ടിലെത്തിയത് പ്ലാസ്റ്റർ ഇട്ട കാലുമയാണ് .. പരസഹായമില്ലാതെ ഒന്നിനും വയ്യാത്ത അവസ്ഥ .. കാര്യമറിഞ്ഞപ്പോൾ അവളേറെ സങ്കടപ്പെട്ടു . എന്തിനും ഏതിനും ഒരു വിളിപ്പാടകലെ അവളുണ്ടായിരുന്നു .
കിടക്കയിൽ ചാരിയിരുത്തി അവളെനിക്ക് ഭക്ഷണം വാരിത്തന്നു .. കാല് നനയാത്ത വിധത്തിൽ പ്ലാസ്റ്റിക് കടലാസ് കൊണ്ട് പൊതിഞ്ഞ് അവളെന്നെ കുളിപ്പിച്ചു .എന്നെ ചേർത്ത് പിടിച്ച് ബാത്റൂമിൽ കൊണ്ടുപോയി .ഒപ്പം ഓടി നടന്ന് അച്ഛന്റെ കാര്യങ്ങൾ ചെയ്തു ..രാത്രി എനിക്കും അച്ഛനും കാവലിരുന്ന് അറിയാതെ ഉറങ്ങിപ്പോകുന്ന അവളെ ഞാൻ അനുകമ്പയോടെ നോക്കി .. എല്ലാ പെണ്ണും ഒരുപോലെയല്ലെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു ..അവളോടുള്ള വെറുപ്പ് കുറഞ്ഞു വരുന്നത് ഞാനറിയുന്നുണ്ടായിരുന്നു ..
അങ്ങനെ എന്റെ കാലിന്റെ കെട്ടഴിക്കുന്ന ദിവസം വന്നെത്തി . കെട്ടഴിച്ചു കണ്ടപ്പോൾ അവൾക്കേറെ സന്തോഷമായി ..അന്ന് രാത്രി എന്നത്തേയും പോലെ മുറിയുടെ ഒരുമൂലയിലേക്ക് കിടക്കാൻ പോകുന്ന അവളുടെ കൈയ്യിലേക്ക് ഞാൻ കടന്നു പിടിച്ചു .. ഇനി മുതൽ നമ്മൾ രണ്ടിടത്തല്ല ഒരിടത്താണ് കിടക്കുന്നതെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു ..
“എല്ലാ പെണ്ണും ഒരുപോലെയാണെന്ന ധാരണ തെറ്റായിരുന്നുവെന്ന് ഇപ്പൊ മനസ്സിലായി .. ഇത്രയും അവഗണിച്ചിട്ടും നീയെന്നെയും എന്റെ അച്ഛനെയും ഒരു കുറവും വരാതെ നോക്കി . വേണമെങ്കിൽ നിനക്കെന്നേ ഞങ്ങളെ ഉപേക്ഷിച്ച് പോകാമായിരുന്നു .. എന്നിട്ടും നീയത് ചെയ്തില്ലല്ലോ .. എല്ലാറ്റിനും എന്നോട് ക്ഷമിക്കൂ “എന്ന് പറഞ്ഞപ്പോൾ അരുതെന്ന് പറഞ്ഞുകൊണ്ടവളെന്റെ വായ പൊത്തി .. ഞാൻ അവളെ ചേർത്തു പിടിച്ചു ..നിറഞ്ഞു വരുന്ന കണ്ണുകളോടെ അവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ..പുറത്തപ്പോൾ നിലാവ് പെയ്തു തുടങ്ങിയിരുന്നു

