സ്വപ്നക്കൂട്…..
എഴുത്ത്;-രാജീവ് രാധാകൃഷ്ണപണിക്കർ
“നാളെയല്ലേ വീടൊഴിയേണ്ടത് .നമ്മൾ എങ്ങോട്ടു പോകും അച്ഛാ?”
അമ്മുവിന്റെ ചോദ്യത്തിനു മുന്നിൽ ഭരതന് മറുപടി ഉണ്ടായിരുന്നില്ല.
വർദ്ധിച്ച ചങ്കിടിപ്പോടെ അയാൾ മകളെ നോക്കി.
എന്തു പറഞ്ഞാണ് അവളെ ഒന്നാശ്വസിപ്പിക്കുക.
ശയ്യാവലംബിയായ ഭാര്യയെയും പ്രായം തികഞ്ഞു നിൽക്കുന്ന മകളെയും കൊണ്ട് നാളെ താൻ തെരുവിലേക്കിറങ്ങേണ്ടി വരുമല്ലോ ഭഗവാനെ.
ഓർക്കാനേ വയ്യ.
എന്തൊക്കെ പ്രതീക്ഷകളോടെയാണ് ഈ വീട് പണികഴിപ്പിച്ചത്.
അമ്മയുടെ കാലശേഷം തറവാട് ഭാഗം വച്ചപ്പോൾ തനിക്കു കിട്ടിയത് പുല്ലുപോലും കിളിർക്കാത്ത കിഴക്കേ പറമ്പ്.
കുടുംബത്തിനും സഹോദരങ്ങൾക്കും വേണ്ടി ജീവിതത്തിലെ നല്ലൊരു ഭാഗവും ചിലവഴിച്ചത് പതിവു കാഴ്ച്ചകൾ പോലെ എല്ലാവരും മറന്നു.
അന്ന് ആധാരം തറവാട്ടിലെ പൂജാമുറിയിൽ വച്ച് അവിടെ നിന്നിറങ്ങുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.
കേറിക്കിടക്കാൻ ഒരു കിടപ്പാടം.
വിമലയുടെ ഓഹരിയിൽ ബാങ്ക് ലോണും പ്രോവിഡന്റ് ഫണ്ട് ലോണുമൊക്കെ എടുത്ത് ഈ സ്വപ്നക്കൂട് പണിതീർക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു.
താമസിച്ചു കൊതി തീരും മുന്നേ വിധി കരുതി വച്ചത് മറ്റു ചിലതായിരുന്നു.
വിമലയുടെ പെട്ടെന്നുള്ള മഹാരോഗത്തിന്റെ പേരിൽ കയ്യിലുള്ളതെല്ലാം വിറ്റു പെറുക്കേണ്ടി വന്നപ്പോൾ തന്റെ സ്വപ്നക്കൂടും തനിക്ക് കയ്യൊഴിയേണ്ടി വന്നു.
വാങ്ങിയവരോട് മൂന്നു മാസത്തെ അവധിയാണ് ചോദിച്ചിരുന്നത്. അതുകഴിഞ്ഞപ്പോൾ ഒരു മാസം കൂടി അവധി നീട്ടി വാങ്ങി.
ഇനിയവർ കാത്തുനിൽക്കാൻ ഒരുക്കമല്ല.
അവരുടെ മകന്റെ വിവാഹാലോചനകൾ നടക്കുന്നുണ്ട്.വിവാഹത്തിന് മുൻപ് വീട് അത്യാവശ്യം മോടി പിടിപ്പിക്കാനുണ്ടത്രെ.
പലയിടങ്ങളിയായി വാടക വീടുകൾ താൻ അന്വേഷിച്ചതാണ്.വാടക കൊടുത്തു കഴിഞ്ഞാൽ തന്റെ കയ്യിൽ അവശേഷിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റം മുട്ടിക്കുക ബുദ്ധിമുട്ടാകും.
വിമലയുടെ മരുന്നുകൾക്ക് തന്നെ നല്ലൊരു തുകയാകും.
എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നറിയില്ല.
അമ്മു അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ജോലിക്കായി പോയിരുന്നതാണ്.പക്ഷെ വിമലക്ക് അസുഖമായതിന് ശേഷം അത് ഉപേക്ഷിച്ചു.
വിമലയുടെ കൂടെ എല്ലാ നേരത്തും ഒരാൾ വേണം.
ഹോം നേഴ്‌സിനെ ഏർപ്പാടാക്കണമെങ്കിൽ നല്ലൊരു സംഖ്യയാകും.
അമ്മുവിന് കിട്ടുന്നതിന്റെ ഇരട്ടി ചിലവാക്കേണ്ടി വരും.അതിലും നല്ലത് അവൾ ജോലി ഉപേക്ഷിക്കുന്നതാണെന്നു തോന്നി.
തറവാട്ടിലേക്ക് മടങ്ങി ചെന്നാലോ. അനുജനും കുടുംബവും വിദേശത്താണ്.
വർഷത്തിലൊരിക്കൽ വന്നാലായി.വെറുതെ അടച്ചിട്ടിരിക്കുകയാണ്.
കാര്യം പറഞ്ഞു നോക്കാം.എത്രയായാലും കൂടപ്പിറപ്പല്ലേ.മനസ്സലിയാതിരിക്കില്ല.
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അയാൾ ഫോണെടുക്കാനായി മുറിയിലേക്ക് നടന്നു.
പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ട് അയാൾ ഒരു നിമിഷം തിരിഞ്ഞു നോക്കി.
വീടിന്റെ ബ്രോക്കറാണ്.
നാളത്തെ കാര്യം പറയാനായിരിക്കും.
ഭരതൻ വിവശതയോടെ അയാളുടെ മുഖത്തേക്ക് നോക്കി
.
“ബൈജു വീടൊന്നും തരമായില്ല.ഒരാഴ്ച്ച കൂടി സമയം കിട്ടുമോ”
“ഭരതേട്ടാ നിങ്ങള് വിഷമിക്കാതിരി.ഞാൻ മറ്റൊരു കാര്യം പറയാനാ ഇപ്പോ വന്നത്”
ഭരതൻ ആശങ്കയോടെ ബൈജുവിൻന്റെ മുഖത്തു നോക്കി .
“നിങ്ങള് തത്കാലം നാളെ ഇവിടെ നിന്നിറങ്ങേണ്ട.കാർത്തിയുടെ അമ്മ പറഞ്ഞിട്ടാ ഞാൻ വന്നിരിക്കുന്നത്. ഇവിടത്തെ കൊച്ചിനെ കണ്ടപ്പോൾ മുതൽ ആയമ്മയ്ക്ക് ഒരു മോഹം.മോനെകൊണ്ട് ആ കുട്ടിയെ വിവാഹം കഴിപ്പിച്ചാലോന്ന്. നിങ്ങളുടെ താത്പര്യം അറിയാൻ എന്നെ വിട്ടതാ.
അയാൾക്കും ഇഷ്ടക്കുറവൊന്നും ഇല്ല.
പയ്യനെ നിങ്ങൾ കണ്ടിട്ടുള്ളതല്ലേ.എന്താ അഭിപ്രായം”
“അതിന് പെട്ടെന്ന് വിവാഹം നടത്താൻ എന്റെ കയ്യിൽ ഒന്നും ഇല്ലല്ലോ ബൈജു.”
ഭരതൻ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
“അതിന് ചേട്ടനോട് ആരാ ഇപ്പൊ കാശും പണോം ചോദിച്ചത്. അവർക്ക് നിങ്ങളുടെ മകളെ ഇഷ്ടപ്പെട്ടു.കല്യാണത്തിന് തയ്യാറുമാണ്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ പറയിൻ “
“എനിക്കെന്തു വിരോധം. ഇത് ഞങ്ങളുടെ ഭാഗ്യം എന്ന് കരുതിയാൽ മതി.”
നീർ തുളുമ്പുന്ന മിഴികളോടെ ഭരതൻ ബൈജുവിന്റെ കൈകൾ കവർന്നെടുത്തു.
വല്ലാത്ത ഒരാശ്വാസത്തോടെ…..
♡♡♡♡♡♡♡♡