പക്ഷേ കാര്യങ്ങൾ അവ൪ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. അവരഞ്ചു പേരുടെയും വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ വാദി പ്രതിയായ മട്ടായി. ജോഷി സ൪ പറഞ്ഞു…….

അവരഞ്ചുപേ൪.

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി

റാഗിംഗ് വീരന്മാരായി വരുന്നുണ്ട് അവർ അഞ്ചുപേരും..

സേതുസാ൪ സ്റ്റാഫ് റൂമിൽ കടന്നുവന്ന ഉടനെ പുസ്തകം മേശപ്പുറത്തേക്ക് ശക്തിയോടെ ഇട്ടുകൊണ്ട് ഒട്ടൊരു നിരാശയോടെ പറഞ്ഞു.

പ്രമീള ടീച്ചർ പറഞ്ഞു:

ഞാൻ നന്നായി ശാസിച്ചിട്ടുണ്ട്.. പക്ഷേ ഒരു രക്ഷയുമില്ല..

ഗുണശീലൻ സർ പറഞ്ഞു:

നല്ല ചൂരൽ കൊണ്ട് പെiട കിട്ടാഞ്ഞിട്ടാണ്… പണ്ട് പിള്ള സാർ കവിത മുഴുവൻ കാണാപ്പാഠം പഠിച്ചു കൊണ്ടുചെല്ലാഞ്ഞിട്ട് എന്റെ കാലിനിട്ട് തന്ന ചൂരലിന്റെ പെiട ഇപ്പോഴും വേദനിക്കാറുണ്ടെനിക്ക്..

അവർ അഞ്ചുപേർ സായിയും വിനിലും റാഫിയും ജിക്സണും റോബിനും ആണ്. രണ്ടുപേർ ഒൻപതിലും രണ്ടുപേർ പത്തിലും ഒരാൾ എട്ടിലും ആണ്. ഒന്നിച്ചാണ് സ്കൂളിലേക്കുള്ള വരവും പോക്കുമെല്ലാം. തരക്കേടില്ലാതെ പഠിക്കുകയും ചെയ്യും അഞ്ചുപേരും. അതുകൊണ്ടുതന്നെ അദ്ധ്യാപകർക്ക് ഒരു പരിധിക്കപ്പുറം അവരെ ശാസിക്കാനും പറ്റുന്നില്ല. ഇടവേളകളിൽ എല്ലാം അവർ ക്ലാസ്സിൽനിന്ന് പുറത്തിറങ്ങുകയും അഞ്ചുപേരും കൂടിനിന്ന് വഴിയെ പോകുന്നവരെ മുഴുവൻ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യും.

ക്ലാസ്സെടുക്കുന്ന സമയത്തും അടങ്ങിയിരിക്കുകയുമില്ല. മറ്റു കുട്ടികളുമായി അത്യാവശ്യം കയ്യാങ്കളിയും ഒക്കെ ആയിത്തുടങ്ങിയപ്പോൾ ടീച്ചർമാർ എല്ലാവരുംകൂടി ഒരു തീരുമാനമെടുത്തു.

കുട്ടികളുടെ വീട്ടിൽ അറിയിക്കണം.

പിടിഎ മീറ്റിംഗ് വിളിച്ച് എല്ലാവരുടെയും മുന്നിൽനിന്നും പറയുന്നതിനു പകരം അഞ്ചുപേരുടെ രക്ഷിതാക്കളെ മാത്രമായി വിളിച്ച് പറയുകയാണ് വേണ്ടത്.

ഗുണശീലൻ സ൪ പ്രത്യേകം ഓ൪മ്മിപ്പിച്ചു.

അത് എല്ലാവർക്കും സമ്മതമായി.

കുട്ടികളറിയാതെ വിളിക്കണം..

രഘുസാറാണ് അങ്ങനെ പറഞ്ഞത്.

എന്തിന്..?

ബഷീ൪ സ൪ സംശയം ചോദിച്ചു.

രക്ഷിതാക്കൾക്കേ അവരെ നന്നാക്കാൻ പറ്റൂ.. നല്ലവണ്ണം പഠിക്കുന്ന പിള്ളേരാണ്.. എന്തെങ്കിലും ഉപദേശിച്ച് നന്നായിവന്നാൽ നാളെ സമൂഹത്തിന് ഗുണമുള്ള പൌരന്മാരാകും..

സുലേഖടീച്ച൪ എടുത്ത് പറഞ്ഞു.

പക്ഷേ കാര്യങ്ങൾ അവ൪ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. അവരഞ്ചു പേരുടെയും വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ വാദി പ്രതിയായ മട്ടായി. ജോഷി സ൪ പറഞ്ഞു:

അവരുടെ കുട്ടികളെ വെറുതെ ടീച്ച൪മാ൪ കുറ്റം പറയുന്നുണ്ട് എന്ന് ദിവസവും വന്നുപറയാറുണ്ടത്രേ പിള്ളേ൪..

സുലേഖ ടീച്ചർ കണ്ണ് മിഴിച്ചു.

മറ്റുള്ള കുട്ടികളുടെ കുറ്റമൊന്നും ആരും കാണുന്നില്ലയത്രേ…

ബഷീ൪ സ൪ ചുണ്ടുകോട്ടി.

നമ്മുടെ മക്കൾ അത്ര മോശക്കാരൊന്നുമല്ല എന്ന് പറഞ്ഞുപോലും..

ദിതാപ്പോ നന്നായേ..

ഗുണശീലൻ സ൪ മേശമേൽ കിടന്ന ബുക്കെടുത്ത് മറിച്ചുനോക്കിക്കൊണ്ട് പിറുപിറുത്തു.

ഒരുകാര്യം ചെയ്യാം, നമുക്ക് ഒരു ക്യാമറ വെക്കാം. അവ൪ സ്ഥിരമായി ഇന്റ൪വെൽ സമയത്ത് കൂട്ടുകൂടിനിൽക്കുന്ന രംഗങ്ങൾ മുഴുവൻ കിട്ടണം. എന്നിട്ട് തെളിവുകളോടെ രക്ഷിതാക്കൾക്ക് കാണിച്ചുകൊടുക്കണം..

സേതുസാ൪ നിർദ്ദേശം മുന്നോട്ടുവെച്ചു.

ചൂടുള്ള ദിനങ്ങൾ, പരീക്ഷയുടെ തത്രപ്പാട് എല്ലാം തലയിൽ പുകപരത്തി വിയ൪പ്പുതുടച്ചുകൊണ്ടുനിന്ന ഹെഡ്മാസ്റ്ററോട് പവിത്രൻ സ൪ പറഞ്ഞു:

സ൪ ക്യാമറ വെക്കാൻ അനുമതി തരണം.

അത് നാളെ പുകിലായാലോ..

ഹെഡ്മാസ്റ്റ൪ കുട്ടികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണ്..

ഇല്ല.. ഇത് കുട്ടികളുടെ നല്ലതിന് വേണ്ടിയാണ്..

സ്റ്റാഫ് ഒന്നടങ്കം സപ്പോർട്ട് ചെയ്തതോടെ ഒഴിവുദിവസം നോക്കി അത്ര പെട്ടെന്ന് കാണാത്ത രീതിയിൽ ക്യാമറ സ്ഥാപിക്കപ്പെട്ടു.

പക്ഷേ കുട്ടികളല്ലേ.. അവരുടെ ദൃഷ്ടിയിൽനിന്നും എന്തെങ്കിലും സ്കൂളിൽ ഒളിക്കാൻ കഴിയുമോ.. ഏതോ ഒരു വിരുതൻ ക്യാമറ തൂവാലകൊണ്ട് മൂടിക്കളഞ്ഞു. പക്ഷേ കിട്ടേണ്ടവ൪ക്ക് കുറച്ച് രംഗങ്ങൾ ഇതിനകം കിട്ടി.

അവരഞ്ചുപേരും മുടന്തുള്ള ഒരു കുട്ടിയെ കളിയാക്കുന്നു. അതുപോലെ നടക്കുന്നു. അവ൪ അവനെ വളഞ്ഞുനിന്ന് എന്തൊക്കെയോ പറയുന്നു. ആ കുട്ടി കരയുന്നു..

ഉടനെ രക്ഷിതാക്കളെ വിളിക്കാൻ തീരുമാനമായി. പക്ഷേ കുട്ടികളറിയാതെ വേണം. ഈ രംഗങ്ങൾ രക്ഷിതാക്കൾ മാത്രം കണ്ടാൽ മതി. അവരെ വിശ്വസിപ്പിക്കാൻവേണ്ടി മാത്രമാണ് ഇത് എടുത്തത് എന്ന് ബോധിപ്പിക്കണം. ച൪ച്ചകളും അഭിപ്രായങ്ങളും പലതും പൊന്തിവന്നു.

പിറ്റേന്ന് അഞ്ചുപേരുടെ രക്ഷിതാക്കളും ഹാജരായി. കാര്യങ്ങൾ വിശദീകരിക്കപ്പെട്ടു. അമ്മമാരാണ് വന്നിരുന്നത്. സുലേഖ ടീച്ചർ പറഞ്ഞു:

നിങ്ങൾ വിചാരിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ കഴിയൂ…

മീറ്റിംഗ് പിരിഞ്ഞിട്ടും അമ്മമാ൪ക്ക് ഒരു ഉപായവും മനസ്സിൽ തെളിഞ്ഞില്ല.

ഇങ്ങനെയൊന്നുമല്ല ഇവൻ വീട്ടിൽ…

സായിയുടെ അമ്മ സുനന്ദ പറഞ്ഞു.

അയ്യോ.. വീട്ടിൽ പാവമാണ്..

ജിക്സന്റെ അമ്മ ജാൻസി പതം പറഞ്ഞു.

റോബിന്റെ അമ്മയ്ക്ക് പൊടുന്നനെ ഒരു ആശയം ഉദിച്ചു:

നമുക്ക് ഒരു പദ്ധതി തയ്യാറാക്കാം.. അവരെ നന്നാക്കാൻ ഇതേ വഴിയുള്ളൂ.

എന്താ..?

എല്ലാവരും കൌതുകത്തോടെയും ആകാംക്ഷയോടെയും ആധിയോടെയും ഒരുമിച്ച് ചോദിച്ചു. അന്ന് അവ൪ വീട്ടിലേക്ക് മടങ്ങിയത് ചില തീരുമാനങ്ങളുമായാണ്.

അടുത്ത ദിവസം..

റാഫി സ്കൂൾ വിട്ടുവന്ന ഉടനെ വിളിച്ചു:

ഉമ്മാ…

അവന് വൈകുന്നേരം വന്നാൽ വയറുനിറച്ചു തിന്നണം. പലതരം പലഹാരങ്ങൾ എപ്പോഴും തയ്യാറാക്കി വെക്കും ഉമ്മ. അന്ന് അടുക്കളയിൽ ഒന്നുംതന്നെ കണ്ടില്ല. അവൻ മുറികളിലൊക്കെ കയറിയിറങ്ങി. വടക്കേ മുറ്റത്തെത്തിയപ്പോൾ ഉമ്മ അതാ വീണുകിടക്കുന്നു. അവന് ആകെ പരിഭ്രമമായി.

എന്തുപറ്റി ഉമ്മാ..?

അവൻ ഉമ്മയെ കുലുക്കി വിളിച്ചു.

റാഫി ഉടൻതന്നെ ഫോൺ എടുത്ത് ബാപ്പയെ വിളിച്ചു. എല്ലാവരും കൂടി ഓടിവന്ന് ഉമ്മയെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി. എല്ലാവരും തിരിച്ചുവരുന്നതുവരെ റാഫി വല്ലാതെ അസ്വസ്ഥനായി അങ്ങോട്ടു മിങ്ങോട്ടും നടന്നു. ഒന്നും കഴിച്ചിട്ടുമില്ല.. നാളേക്ക് എഴുതിക്കൊണ്ടു പോകേണ്ട പാഠഭാഗങ്ങൾ എല്ലാം തുറന്നുവെച്ചിട്ടും ഒന്നും എഴുതാൻ അവനു മനസ്സ് വരുന്നുണ്ടായിരുന്നില്ല.. ഉമ്മ എന്ന് വെച്ചാൽ അവന്റെ പ്രാണനാണ്..

തന്റെ ഉമ്മാക്ക് എന്താണ് പറ്റിയത്…

അവന് ഒരു സ്വസ്ഥതയുമുണ്ടായില്ല.

രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു അവർ തിരിച്ചെത്തുമ്പോഴേക്കും. അവരുടെ മുഖം മ്ലാനമായിരുന്നു.. ആരും പരസ്പരം ഒന്നുംതന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല.. റാഫി ഉമ്മയോടും ബാപ്പയോടും ഇത്താത്തയോടും പലതും ചോദിച്ചു. ആരും ഒന്നും വിട്ടുപറയുന്നില്ല. തന്നോട് അവരൊക്കെ എന്തോ ഒളിക്കുന്നുണ്ടെന്ന് റാഫിക്ക് മനസ്സിലായി.

തൊട്ടടുത്തദിവസം റാഫി സ്കൂളിൽ പോയത് ഒട്ടൊരു വിഷാദത്തോടെ ആയിരുന്നു. പക്ഷേ അവൻ കൂട്ടുകാരോടൊന്നുംതന്നെ പറഞ്ഞതുമില്ല. അവന് ആരെയും കളിയാക്കാനോ ചിരിക്കാനോ ഒന്നുംതന്നെ രസം തോന്നിയില്ല.

അതിനടുത്തദിവസം വിനിൽ വന്നത് കുനിഞ്ഞ ശിരസ്സുമായാണ്… അവനും ഒന്നിലും ഒരു താല്പര്യമില്ലെന്ന് റാഫി മനസ്സിലാക്കി. പക്ഷേ ഒന്നുംതന്നെ അവനോട് റാഫി ചോദിച്ചും ഇല്ല. പിന്നെയും രണ്ടു ദിവസം കഴിയുമ്പോഴേക്കും സായിയും ജിക്സണും മൗനികളായി. ഇവർക്കൊക്കെ ഇത് എന്താണ് പറ്റിയത്..? ഇവരുടെ വീട്ടിലും ആർക്കെങ്കിലും സുഖമില്ലാതെ ഉണ്ടോ..?

പക്ഷേ റാഫി അവരോടും ഒന്നുംതന്നെ ചോദിച്ചില്ല. അവ൪ അഞ്ചുപേരും തീർത്തും ഉത്സാഹം നശിച്ച്, പഠിപ്പിലും ശ്രദ്ധയില്ലാതെ, നിരാശപേറിയ കണ്ണുകളോടെ ക്ലാസ്സിലിരുന്നു.

സേതു സാർ എല്ലാം കാണുന്നുണ്ടായിരുന്നു.

സാർ അവരെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. രഘുസാറും സുലേഖ ടീച്ചറും ബഷീർ മാഷും അവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

റോബിൻ പറഞ്ഞു:

എന്റെ മമ്മിക്ക് എന്തോ വലിയ അസുഖമാണ് സ൪..

അപ്പോഴേക്കും സായി കരഞ്ഞുതുടങ്ങിയിരുന്നു.

ഞാൻ സ്കൂളിൽനിന്ന് ഒരു ദിവസം വീട്ടിൽ പോയപ്പോൾ അമ്മ സുഖമില്ലാതെ കിടക്കുകയായിരുന്നു… അന്നു മുഴുവൻ ഒന്നുംതന്നെ ഭക്ഷണം ഉണ്ടാക്കിയില്ല. അച്ഛനും പുറത്തുനിന്ന് വന്നത് അമ്മയെ ഡോക്ടറെ കാണിച്ചപ്പോൾ എഴുതിക്കൊടുത്ത നാലഞ്ചു മരുന്നുകളു മായാണ്. അവരുടെ സംസാരത്തിൽനിന്നും അമ്മയ്ക്ക് കാര്യമായി എന്തോ അസുഖമാണെന്ന് എനിക്ക് മനസ്സിലായി. അതോടെ എനിക്ക് പഠിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതായി.. ഒന്നിലും ഒരു താല്പര്യവും ഇല്ല സർ..

അഞ്ചുകുട്ടികളും അവരുടെ വീട്ടിൽ നടക്കുന്ന നാടകത്തിനെക്കുറിച്ച് യാതൊരു തിരിച്ചറിവുമില്ലാത്തതുകൊണ്ട് നിഷ്കളങ്കമായി തങ്ങളുടെ സങ്കടങ്ങൾ അദ്ധ്യാപകരോട് തുറന്നുപറഞ്ഞു. അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ പ്രമീള ടീച്ചറാണ് അവരോട് കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തത്. തങ്ങളുടെ അമ്മമാർക്ക് അസുഖമൊന്നും ഇല്ലെന്ന് അറിഞ്ഞതോടെ അവർക്ക് വളരെ ആശ്വാസമായി.

പക്ഷേ അവർക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. തങ്ങൾ മറ്റുള്ള കുട്ടികളെ പരിഹസിക്കാറുണ്ട് എന്ന കാര്യം തങ്ങളുടെ രക്ഷിതാക്കൾ അറിഞ്ഞിരിക്കുന്നു.. അതും തെളിവ് സഹിതം. ഇനി നന്നായി പഠിച്ചില്ലെങ്കിൽ അവരുടെ മുന്നിൽ തങ്ങളുടെ ഇമേജ് പോകും…

അദ്ധ്യാപകർ പറഞ്ഞു:

പരീക്ഷയാണ് വരാൻ പോകുന്നത്.. നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങി ഇനി മേലിൽ ഇത്തരം കുസൃതികളിൽ ഒന്നും വേണ്ടാതെ തല വെച്ചുകൊടുക്കില്ലെന്ന് തീരുമാനമെടുത്തുവേണം ഇവിടെനിന്നിറങ്ങാൻ..

അവർ അഞ്ചുപേരും തലയാട്ടി. കണ്ണുനീർ തുടച്ചു. ഒട്ടൊരു ആശ്വാസത്തോടെ ബാഗ് തോളിലേറ്റി പുറത്തേക്കിറങ്ങി. കുട്ടികൾ പുറത്തിറങ്ങിയതോടെ ഹെഡ്മാസ്റ്റർ അവരുടെ അഞ്ചുപേരുടെ വീടുകളിലേക്കും വിളിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ധരിപ്പിച്ചു. ഇനി അതിന്റെപേരിൽ വീട്ടിൽ ഒരു പരിഹാസവും കളിയാക്കലും ഒന്നും വേണ്ടെന്നും വരുന്ന പരീക്ഷ ഗൗരവമായി എടുത്ത് നന്നായി പഠിക്കാൻ അവരെ ഉപദേശിക്കണം എന്നും പറഞ്ഞു.

അവർക്കറിയാം അവ൪ അഞ്ചുപേരും എത്തുന്നതുംനോക്കി ഹൃദയവ്യഥയോടെ അവരുടെ രക്ഷിതാക്കൾ കാത്തിരിക്കുന്നുണ്ട്, അവർക്ക് ഇഷ്ടപ്പെട്ട പലഹാരവും മധുരവുമായി എന്ന്…
അവർ അഞ്ചുപേരും ഇനി പഴയതുപോലെ ആകില്ല എന്ന് ഉറപ്പ്…

Leave a Reply

Your email address will not be published. Required fields are marked *