പണ്ടൊക്കെ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നു. മുളയിലേ അമ്മ നുള്ളിക്കളഞ്ഞു. കരാട്ട പഠിക്കണമെന്ന് പറഞ്ഞു. പരിക്ക് പറ്റുമെന്ന് പറഞ്ഞ് അതും അമ്മ മുടക്കി…..

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

അമ്മ കർശനമായാണ് നിർബന്ധിച്ചത്. കുളിച്ചേ തീരൂവെന്ന് പറഞ്ഞ് ആ രാത്രിയിൽ കുളിമുറിയിലേക്ക് നടത്തുകയും ചെയ്തു. നാറുന്നുണ്ട് പോലും. ശരിയാണ്. കുളിച്ചിട്ട് നാലഞ്ച് നാളുകളായെന്ന് തോന്നുന്നു. നിനക്കൊക്കെ തിന്നിട്ട് എല്ലിൽ കുത്തുന്നതാണെന്നും പറഞ്ഞ് ടൗവ്വലുമെടുത്ത് തന്നു. എന്തായാലും, കയറിയ സ്ഥിതിക്ക് കുളിച്ചേക്കാം…

‘അമ്മേ… കഴിക്കാനെന്തെങ്കിലും എടുത്ത് വെക്ക്…?’

തലയൊക്കെ തുവർത്തി, ഉടുപ്പ് മാറ്റിയതിന് ശേഷമാണ് ഞാനത് പറഞ്ഞത്. മനസ്സില്ലാ മനസ്സോടെ കഴിക്കാനായി ചെല്ലുകയും ചെയ്തു. ഭക്ഷണത്തോട് താൽപ്പര്യമില്ലെങ്കിലും ഉമിനീര് ഉൽപ്പാദിപ്പിച്ച് വയറ് നിറച്ചില്ലെങ്കിൽ ആകെ പ്രശ്നമാണ്. മുൻ അനുഭവമുണ്ട്. ആരോഗ്യം പ്രശനങ്ങളിൽ കിടന്ന് പോകുന്നതും ജീവിതം കൂടുതൽ മുഷിപ്പിക്കും.

വിളമ്പി വെച്ച ചപ്പാത്തിയും മുട്ടക്കറിയും കഴിച്ച് ഞാൻ മുറിയിലേക്ക് പോയി. അവിടെ ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ഇതാണ് അവസ്ഥ. അത്യാവശ്യമെന്നോണം ഇടുന്ന സ്വിച്ചുകളൊന്നും ഓഫ് ചെയ്യാൻ എനിക്ക് ഓർമ്മയുണ്ടാകാറില്ല.

കുളിയൊക്കെ കഴിഞ്ഞ് കട്ടിലിൽ അങ്ങനെ ചാരി ഇരിക്കുകയാണ്. അലസതയ്ക്കൊരു അവാർഡുണ്ടെങ്കിൽ അത് നിനക്ക് കിട്ടിയേനേയെന്ന അർത്ഥം ഉളവാക്കുന്ന പരാമർശം, അമ്മ ഇടയ്ക്ക് നടത്താറുണ്ട്. എന്നാൽ, അതും അമ്മ പോയി വാങ്ങേണ്ടി വരുമെന്നേ ഞാൻ സൂചിപ്പിക്കാറുള്ളൂ…

‘അത്രത്തോളം മടിയനോ ഞാൻ….!?’

കട്ടിലിൽ ചാരിയിരുന്ന് സ്വയം ചോദിച്ചു. കക്കൂസിൽ പോകുന്നത് ഉൾപ്പടെയുള്ള ജീവന്റെ അടിസ്ഥാനപരമായ നിരവധി കാര്യങ്ങളോട് എനിക്ക് യാതൊരു താൽപ്പര്യവുമില്ല. ആർക്ക് വേണ്ടിയാണ് ഉണരുന്നതെന്നോ, ആ ഉണർവിലൊക്കെ എന്ത് ചെയ്യണമെന്നോ, ഇത്തരത്തിൽ ഈ ലോകത്തെ അനുഭവിക്കുന്നത് ഞാൻ മാത്രമാ ണോയെന്നോ, എനിക്ക് അറിയില്ല. ജീവിച്ചിരിക്കണമെന്ന് തോന്നുന്ന തേയില്ല. എന്നാൽ പിന്നെ കഴുത്തിടാൻ പാകമൊരു കുരുക്കിട്ട് ഇതങ്ങ് അവസാനിപ്പിച്ചാലോയെന്ന് ചിന്തിച്ചാലും കാര്യമില്ല. പിടികൂടിയിരിക്കുന്ന മടി മരിക്കാൻ പോലും സമ്മതിക്കുന്നില്ലായെന്നേ പറയാനാകൂ…

‘പന്ത്രണ്ടിൽ തോറ്റെന്ന് കരുതി ആരുമിവിടെ പഠിക്കുന്നില്ലേ…? ശരി പഠിക്കാൻ ഇഷ്ടമില്ലെങ്കിൽ പോകണ്ട. ഇടയ്ക്ക് പുറത്തേക്കൊക്കെ പോയി വന്നൂടെ നിനക്ക്… ഇങ്ങനെയാണ് മനുഷ്യർക്ക്‌ ഭ്രാന്ത് പിടിക്കുന്നത്… റോഡിലൊക്കെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ജട പിടിച്ച മനുഷ്യരെപ്പോലെ…?’

ഇന്നലെ അമ്മ പറഞ്ഞതാണ്. എത്ര നിർബന്ധിച്ചിട്ടും കുളിക്കാനായി എഴുന്നേറ്റ് വരാതിരുന്നപ്പോഴായിരുന്നു സംഭവം. എന്നെയൊന്ന് വെറുതേ വിടുവോയെന്നും പറഞ്ഞ് അമ്മയോട് കയർക്കണമെന്ന് ഉണ്ടായിരുന്നു. സാധിച്ചിച്ചില്ല. മടി തന്നെയായിരുന്നു കാരണം. മൗനം മടിയനും ഭൂഷണമെന്ന് പറയുന്നത് എത്ര ശരിയാണല്ലേ…

അതുവരെ തലയിണയും വെച്ച് കട്ടിലിൽ ചാരിയിരുന്ന ഞാൻ പതിയേ കിടന്നു. പന്ത്രണ്ടാം തരം കഴിഞ്ഞ് വർഷങ്ങൾ നാലെണ്ണം കഴിഞ്ഞു. ഞാൻ ജോലിക്ക് പോയില്ലെങ്കിൽ പുലരാത്ത അവസ്ഥ കുടുംബത്തിലില്ല. എന്നാലും, എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ… പക്ഷെ, എന്താണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തെ പോലും സ്വാഗതം ചെയ്യാൻ മടിയാകുന്നു. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അത് തിരുത്തപ്പെടേണ്ടതാണെന്നും ബോധ്യമാകുന്നു. എന്നിട്ടും,

‘എന്തേ… ഞാനിങ്ങനെ ആയിപ്പോയേ…!?’

സ്വയം ചോദിച്ച് പോയതാണ്. ഉത്തരത്തിനായി മടിയോടെ ഞാൻ ചിന്തിച്ചു. ചിലതൊക്കെ തെളിയുന്നുണ്ട്. അമ്മ പറഞ്ഞത് ശരിയാണ്. തിന്നിട്ട് എല്ലിൽ കുiത്തിയത് തന്നെ ആയിരിക്കണം കാരണം. എങ്ങനെ അല്ലാതിരിക്കും. മതിയെന്ന് പറഞ്ഞാലും തീറ്റിപ്പിക്കുകയല്ലേ…

എനിക്ക് ഓർമ്മയുണ്ട്. ഓർമ്മയിൽ ഇല്ലാത്ത അച്ഛന്റെ മരണത്തിന് ശേഷം അമ്മയാണ് എന്നെ വളർത്തിയത്. വയറ് നിറഞ്ഞാലും, മതിയെന്ന് പറഞ്ഞാലും, കഴിക്കെന്ന് പറഞ്ഞ് അമ്മ അടുത്തിരിക്കും. അങ്ങനെ, ചെറു പ്രായത്തിലേ ഭക്ഷണത്തിനോടുള്ള അനിഷ്ടം ജീവനിൽ നന്നായി പ്രകടമായിരിക്കണം.

ഇനിയിപ്പോൾ, പബ്ലിക് ഗ്രൗണ്ടിൽ കളിക്കാൻ പോയാലോയെന്ന് കരുതിയാൽ വൈകുന്നേരം അഞ്ചര മണിക്ക് മുമ്പേ വീട്ടിലേക്ക് എത്തണമെന്ന അമ്മയുടെ ഉത്തരവുണ്ട്. വൈകി വരുകയും, നേരത്തേ പോകുകയും ചെയ്യുന്നവരെ മൈതാനം കൂടെ ചേർക്കില്ലെന്ന് അമ്മയ്ക്ക് അറിയാതായിപ്പോയി. പുറത്തേക്കൊരു എത്തി നോട്ടവും വേണ്ടായെന്ന തലത്തിലേക്ക് പതിയേ ഞാൻ മാറുകയും ചെയ്തു.

പണ്ടൊക്കെ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നു. മുളയിലേ അമ്മ നുള്ളിക്കളഞ്ഞു. കരാട്ട പഠിക്കണമെന്ന് പറഞ്ഞു. പരിക്ക് പറ്റുമെന്ന് പറഞ്ഞ് അതും അമ്മ മുടക്കി. പതിനൊന്നിൽ പഠിക്കുന്ന നേരത്ത് പട്ടാളത്തിൽ ചേരണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നു. പറയും പോലെ സുഖമുള്ള കാര്യമല്ല പോലും പട്ടാളക്ക്യാമ്പ്. ശരിയായിരിക്കാം. എങ്കിലും, അത് അനുഭവിച്ച് അറിയാൻ സമ്മതിക്കുകയല്ലേ വേണ്ടത്. എന്ത് കാര്യമാണെങ്കിലും ആഗ്രഹങ്ങളെ അറിയാൻ അനുവദിക്കുകയല്ലേ ചെയ്യേണ്ടത്. അതിൽ തുടരണോ വേണ്ടായെന്നോ, ആ മുഹൂർത്തം കൊള്ളുന്ന ജീവനല്ലേ തീരുമാനിക്കേണ്ടത്…

പട്ടാളക്കാരന് ശേഷം യാതൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. ലോകം എന്നെപ്പോലും മായ്ച്ച് കളഞ്ഞ് ചുരുങ്ങിയത് പോലെ. അലസ്സമായി പാറി വീണയൊരു മാറാലയുടെ കനം പോലും യഥാർത്ഥത്തിൽ എന്റെ ജീവിതത്തിനില്ല. അത്രത്തോളം അലസ്സമായി ഉള്ളവും പുറവും രൂപാന്തരപ്പെട്ടിരിക്കുന്നു. പൊത്തി പൊത്തി വളർത്തുമ്പോൾ മക്കളുടെ മാനസിക വളർച്ച മുരടിക്കുന്നുണ്ടോയെന്ന് അതീവ ഗൗരവ്വത്തോടെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഓർമ്മവെച്ച കാലം തൊട്ടേ അമ്മയാണ് മുന്നിൽ. ആ അമ്മയുടെ പരമ പ്രാധാന്യം ആകെയുള്ള സന്തതിയായ ഞാൻ ആണെന്നതിൽ എനിക്ക് തർക്കമില്ല. കുഴിമടിയൻ ആണെങ്കിലും മകൻ അടുത്തുണ്ടല്ലോയെന്ന സമാധാനം അമ്മയിൽ ഉണ്ടാകണം. ആ അമ്മ ഇല്ലാതാകുന്ന നാളിനെ കുറിച്ച് ഓർക്കാൻ കൂടി വയ്യ. അങ്ങനെ സംഭവിച്ചാൽ ഞാനൊരു നവജാത ശിശുവിനെ പോലെ കൈ കാലുകൾ അടിച്ച് കരയുമായിരിക്കും. അപ്പോഴും, മടി മാറി നിന്നാൽ മാത്രമെന്ന് ചേർക്കേണ്ടി വരുന്നു.

ശരിയാണ്. എല്ലാത്തിനും കാരണം അമ്മയാണ്. ആ കണ്ടെത്തലും വാശിയുമാണ് പതിനൊന്നാം തരം തൊട്ട് ഞാൻ പ്രകടിപ്പിക്കുന്നത്. ഉണ്ടെന്ന് കരുതുന്ന എല്ലാ കുറവുകളും അമ്മയിൽ ചാരി വെക്കാനേ എന്നും ഞാൻ ശ്രമിച്ചിട്ടുള്ളൂ. സ്നേഹിക്കുന്നവർ മാത്രമേ അതിനായി നമുക്ക് നിന്ന് തരാറുള്ളുവെന്ന് തോന്നുന്നു. എന്തായാലും, മനസ്സിലുള്ള ഈ കാര്യങ്ങളൊന്നും അമ്മയോട് ഞാൻ പറയാൻ പോകുന്നില്ല. എന്റെ അവസ്ഥയ്ക്ക് നിങ്ങളാണ് കാരണമെന്ന് കേട്ടാൽ ആ പാവത്തിന് താങ്ങാൻ പറ്റിയെന്ന് വരില്ല. പ്രശ്നം എന്താണെന്ന് അറിഞ്ഞിട്ടും പ്രയാസം തുടരുന്നുണ്ടെങ്കിൽ പഴി ചാരേണ്ടത് നമ്മളേയും കൂടിയാണ്. അങ്ങനെ ചിന്തിച്ചപ്പോൾ ഞാൻ എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് ചലിച്ചു.

നടന്നിട്ടും നടന്നിട്ടും എത്താത്തത് പോലെ… കുറച്ച് നാൾ എങ്ങോട്ടെങ്കിലും തനിയേ സഞ്ചരിക്കണമെന്ന് തോന്നുന്നു. അലസത മാറുമ്പോഴേ തിരിച്ചെത്തൂവെന്നും തീരുമാനിച്ചു. സന്തോഷത്തോടെ ജീവിക്കാനാകും വിധം മനസ്സിനെ ഒരുക്കണം. ശേഷം, അമ്മയോട് പറയണം. അപ്പോൾ തെളിയുന്ന അമ്മയുടെ ചിരിയോളം ഭംഗിയായി മറ്റൊന്നും ഭൂമിയിൽ ഇല്ലായെന്നത് എനിക്ക് നിശ്ചയമുണ്ടായിരുന്നു…

ഒച്ചിന്റെ വേഗതയിലാണ് അമ്മയുടെ മുറിയുടെ മുന്നിലേക്ക് എത്തുന്നത്. ചാരിയിരുന്ന കതക് പതിയേ തുറന്നു. ലൈറ്റ് ഓൺ ചെയ്തപ്പോൾ ആരുമില്ല! വീട്ടിൽ മറ്റെവിടെയും വെളിച്ചവുമില്ല!

‘അമ്മ എവിടെ പോയി…!!?’

ഒരു ദീർഘ നിശ്വാസത്തിനപ്പുറം സ്വയം ചോദിച്ച് പോയതാണ്. വെപ്രാളത്തോടെ കാലുകൾ വിറക്കുന്നത് ഞാൻ അറിയുന്നുണ്ട്. കൈകൾ കുഴയുന്നുമുണ്ട്. അമ്മേയെന്ന് ഒച്ചത്തിൽ വിളിച്ച് ചുണ്ടുകൾ വിറച്ചെങ്കിലും പ്രതികരണമില്ല. ആ ശബ്ദം എവിടെയൊക്കെയോ തട്ടി അമ്മയുടെ മുറിയിൽ തന്നെ ഒന്നായി പതിക്കുകയാണ്…

തൊട്ട് മുമ്പ് ഓർത്തത് പോലെ ഇനിയൊരു പിറന്ന കുഞ്ഞിനെ പോലെ തറയിലേക്ക് കമിഴ്ന്ന് വീണാൽ മതിയാകും. തല കറങ്ങുന്നുണ്ടെന്ന് തോന്നിയപ്പോൾ അടുത്തുള്ള മേശയുടെ മൂലയിൽ ഞാൻ പിടിച്ചു. അപ്പോഴാണ്, ചില്ല് ഗ്ലാസിന്റെ അടിയിൽ കുറച്ച് പണം ഞാൻ കാണുന്നത്. ഇടയിലൊരു കടലാസ്സുമുണ്ട്.

മടി മാറി നിന്ന നിമിഷമായിരുന്നുവത്. ധൃതിയിൽ ഞാനത് എടുക്കുകയും, തുറന്ന് വായിക്കുകയും ചെയ്തു. കവിളിലേക്ക് ഉപ്പുവെള്ളവുമായി ഒരു കടൽ കവിഞ്ഞിരിക്കുന്നു. എങ്കിലും ഉള്ളാഴങ്ങൾ ആഹ്ലാദിക്കുകയായിരുന്നു. അടുത്തെങ്ങാനും ഉണ്ടായിരുന്നുവെങ്കിൽ അമ്മയെ ഞാൻ കെട്ടിപ്പിടിക്കുമായിരുന്നു.

ഇത്രത്തോളം അതിശയവും കൗതുകവുമൊക്കെ നിറഞ്ഞ ജീവിതത്തിനോടാണോ ഈ കാലമൊക്കെ മുഖം തിരിച്ചതെന്ന് ഓർക്കുമ്പോൾ ലജ്ജയാണ് തലയിൽ കൊള്ളുന്നത്. ആ നേരം, കൈയ്യിലുള്ള കടലാസ്സ് വീണ്ടും നിവർത്താൻ വിരലുകൾക്കും, വരികളുടെ ഇടയിലൂടെ പായാൻ കണ്ണുകൾക്കും വെറുതേ തോന്നുകയായിരുന്നു…

‘കണ്ടില്ലെങ്കിൽ ഭയക്കരുത്. ഞാൻ നിന്റെ അമ്മൂമ്മയുടെ അടുത്തേക്കാണ് പോകുന്നത്. മോൻ എന്നോട് ക്ഷമിക്കണം. എല്ലാത്തിനും കാരണം ഞാനാണെന്ന് എനിക്കറിയാം. ഇത്തിരിയെങ്കിലും സ്നേഹം ഈ അമ്മയോടുണ്ടെങ്കിൽ, മറ്റൊന്നും ചിന്തിക്കാതെ എവിടേക്കെങ്കിലും പോയി വരൂ… നിന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഇനി ഞാനുണ്ടാകും. നമുക്ക് സന്തോഷത്തോടെ ജീവിക്കാമെന്ന് പറയാൻ വരുന്ന മോനെ, ഈ അമ്മ കാത്തിരിക്കുന്നുണ്ട്…!!!’

Leave a Reply

Your email address will not be published. Required fields are marked *