പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്. പിണക്കങ്ങൾ എന്നത്, പതിനെട്ടു വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതത്തിൽ അപരിചിതമായ ഒന്നായിരുന്നില്ല……..

പിണക്കം

എടുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. പിന്നെ, ഒരു പായ് വരിച്ച് കട്ടിലിനു താഴെ കിടന്നു. കൊച്ചുവീടിൻ്റെ കുടുസ്സുമുറിയിൽ, സീറോ വാട്ട് ബൾബ് ഇരുളകറ്റി. മുകളിൽ കറങ്ങിത്തിരിയുന്ന ഫാനിൻ്റെ കടകട ശബ്ദത്തിലേക്കു മുറിയകമൊതുങ്ങി. രത്നവല്ലിയുടെ ചിന്തകളിൽ, കഴിഞ്ഞ ദിവസങ്ങളുടെ ഓർമ്മച്ചിത്രങ്ങൾ ആരും ക്ഷണിക്കാതെ കടന്നുവന്നു.

പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്. പിണക്കങ്ങൾ എന്നത്, പതിനെട്ടു വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതത്തിൽ അപരിചിതമായ ഒന്നായിരുന്നില്ല. ദിവാകരനു എഴുപതു തരം ശീലമാണ്. എപ്പോളാണ് ദേഷ്യം വരികയെന്നറിയില്ല.?അതു പോലെത്തന്നെ ക്രോധം, താപം, ശോകം, കാiമം എന്നുവേണ്ട,?ഏതു തരം വികാരങ്ങൾക്കായാലും ദിവാകരൻ പൊടുന്നനെ കീഴടങ്ങും. നിറം മാറുന്ന കാര്യത്തിൽ മരയോന്തു പോലും ദിവാകരനു ശിക്ഷ്യ പ്പെടേണ്ടി വരും. രണ്ടു ദശകത്തോടടുക്കുന്ന സഹജീവിതത്തിൽ, രത്നവല്ലിക്ക് പിണക്കങ്ങൾ പുതുമയല്ലായിരുന്നു.

ദിവാകരനു നഗരത്തിലെ തിരക്കേറിയ പലചരക്കുകടയിൽ സാധനങ്ങൾ എടുത്തുകൊടുക്കലാണു ജോലി. രാവിലെ പോയാൽ, രാത്രി വൈകിയാണു തിരിച്ചെത്തുക. രത്നവല്ലിക്കു അസ്സലായി തയ്യലറിയാം. സ്കൂൾ തുറപ്പു കാലങ്ങളിലും, ഓണം വിഷൂനും നിന്നു തിരിയാൻ പറ്റാത്ത ജോലിയുണ്ടാകും. ഏകമകൻ, തലസ്ഥാനത്തെ സ്പോർട്സ് സ്കൂളിൽ പന്ത്രണ്ടാം തരത്തിൽ പഠിയ്ക്കുന്നു. മധ്യവേനലവധി കഴിഞ്ഞ്, അവൻ ഹോസ്റ്റലിലേക്കു മടങ്ങിയ അന്നു രാത്രിയാണ് ദമ്പതികൾ അവസാനമായി ശണ്ഠ കൂടിയത്.

താൻ തീർത്തും നിരപരാധിയായ അവസരങ്ങളിൽ, രത്നവല്ലിയും ഒട്ടും വിട്ടുകൊടുക്കാറില്ല. മുടിവെiട്ടുകാരുടെ കത്രിക കണക്കേ അവളും ചിലയ്ക്കും. അത്തരം വഴക്കുകളിൽ, പിണക്കം ദിവസങ്ങളോളം നീണ്ടുനിൽക്കും. അത്തരം പിണക്കങ്ങളുടെ ആദ്യ രണ്ടു ദിനങ്ങളിൽ, ദിവാകരൻ നടയകത്താവും രാത്രിയുറക്കം. രണ്ടാം നാൾ കിടപ്പു മുറിയിലേക്കു തിരികേയെത്തും. പരസ്പരം ഉരിയാടാതെ ഉറക്കത്തിലേക്കു വീഴും. ഉറക്കത്തിൽ, പരസ്പരം ഇiറുകേപ്പുണരും. കയറു കണക്കേ പിരിഞ്ഞുകൂടും. ആദ്യം ഉണരുന്നയാൾ, തങ്ങൾ പിണക്കമാണല്ലോ എന്ന തിരിച്ചറിവിൽ വേറിട്ടു പുറംതിരിഞ്ഞു കിടക്കും. ഉറക്കം വരാതെയുള്ള ആ കിടപ്പ് തീർത്തും അസുഖകരമായി രണ്ടാൾക്കും അനുഭവപ്പെടും.

എരിയുന്ന മേടത്തിൻ്റെ നേർപ്പകുതിയിലാണു മകൻ, ഹോസ്റ്റലിലേക്കു മടങ്ങിയത്. അന്നു രാത്രിയിലെ കലഹത്തിനു കാരണമെന്തെന്നിപ്പോൾ തീർച്ച പോര. അല്ലെങ്കിലും, പിണക്കങ്ങൾക്കു കാരണങ്ങളുടെ പ്രസക്തി തീർത്തും വിരളമായിരുന്നു.?ഇത്തവണ, ദിവാകരൻ അന്തിയുറങ്ങിയതു നടുത്തളത്തിലായിരുന്നില്ല. വീട്ടിനു പുറത്തുള്ള ചെറു ഗോവണി കയറി, ഷീറ്റു മറയ്ക്കാത്ത വാർക്ക മുകളിലായിരുന്നു. മുറിയകത്തെ ഉഷ്ണവും അതിനു കാരണമായി. പുല്ലുപായിൽ, ആകാശം കണ്ടു കിടന്ന് ദിവാകരൻ സ്വസ്ഥമായുറങ്ങി. സ്വന്തം പെണ്ണിനോടു മിണ്ടാതെ, പിറ്റേന്നു ജോലിക്കും പോയി. അന്നു പകലിൽ മുതൽ, വല്ലാത്തൊരു മഴപ്പെയ്ത്താരംഭിച്ചു. ന്യൂനമർദ്ധമാകാം കാരണം. വിഷു കഴിഞ്ഞാൽ വേനൽ തീർന്നു വെന്നാണല്ലോ പഴമൊഴി. മഴ, ഏതാനും ദിനങ്ങളായി പെയ്ത്തു തുടർന്നു. ഇടമുറിയാതെ. പിണക്കം, നാലു പകലിരവുകൾ പിന്നിട്ടു. പാതി മയക്കത്തിൽ പുണർന്നു ചേർന്നും, ഉണർവ്വിൽ വേർപ്പെട്ടും രാവുകൾ നീണ്ടു. മഴയിൽ ഭൂമി കുതിർന്നു.?ജാലകപ്പഴുതിലൂടെ കടന്നുവന്ന കാറ്റിൽ, കുളിരു നിറഞ്ഞു.

പത്താം നാൾ. ദിവാകരൻ ജോലി കഴിഞ്ഞു വന്നു.?പിണക്കത്തിൻ്റെ ഉഗ്രത തീർത്തും ഇല്ലാതായിരിക്കുന്നു. നടുവകത്തിരുന്നു ടിവിയിൽ വാർത്ത കാണുകയായിരുന്ന ദിവാകരനെ, രത്നവല്ലി വെറുതെയൊന്നു തോണ്ടി. ദിവാകരൻ അനങ്ങിയില്ല. അവൾ പുറകിലൂടെ വന്ന്, അയാളെ കെട്ടിപ്പിടിച്ചു. “നിങ്ങളുടെയൊരു പിണക്കം” അവൾ പിറുപിറുത്തു. അവളുടെ പരിചിതഗന്ധത്തിൽ, ദിവാകരൻ പിണക്കം മറന്നു. അന്നേരം, മഴ തോർന്നിരുന്നു.

“മനുഷ്യാ, മീങ്കാരൻ വന്നപ്പോൾ ഇത്തിരി അയല വാങ്ങീട്ടുണ്ട്. നിങ്ങക്കിഷ്ട്ടല്ലേ ഐല? വീടിൻ്റെ മോളിൽ കയറി രണ്ടു മാങ്ങ പറിച്ചിടാമോ; നമുക്ക് കൂട്ടാനൊക്കെ വച്ച്, മാമുണ്ട് നേരത്തേ കിടക്കാം. പെണക്കം മാറ്റണ്ടേ? ഞാൻ, ഉമ്മറത്തെ ലൈറ്റിടാം. അപ്പോൾ നിങ്ങൾക്ക് മാങ്ങകൾ വ്യക്തമായി കാണാം. ഇനിയധികമില്ല, എല്ലാം മഴ കൊണ്ടു കറുത്തു തുടങ്ങി. ദിവാകരൻ, എഴുന്നേറ്റ് വീടിനു പുറത്തേ ഗോവണി കയറി. അയാളുടെ ചിന്തകളിലപ്പോൾ, രാത്രിയിലെ പിണക്കം മുറിയ്ക്കലായിരുന്നു. വല്ലാത്തൊരു തിടുക്കത്തിൽ കോണിപ്പടി കയറി, വാർക്ക മുകളിലേക്കു പ്രവേശിച്ചു.

അടുക്കളയിൽ നിന്ന രത്നവല്ലി, വീടിനു മുകളിൽ നിന്നും എന്തോ ശബ്ദം കേട്ടു. പഴച്ചക്ക ഉയരത്തിൽ നിന്നും വീണതാണോ, അതോ ഉണങ്ങിയ മുള നിലത്തടിച്ചതാണോ? ശബ്ദമേതെന്നു തീർച്ചയില്ല. അവൾ, ടോർച്ചും തെളിച്ചു മുകൾനിലയിലേക്കു ചെന്നു. ദിവാകരൻ, അവിടെ വീണു കിടപ്പുണ്ടായിരുന്നു. ഒരാഴ്ച്ചയിലധികമായി ഒരു പുൽപ്പായ അവിടെ നനഞ്ഞു ചീiഞ്ഞു കിടപ്പുണ്ടായിരുന്നു. അതിൽ വഴുതിയാണ്, ദിവാകരൻ വീണത്.?രത്നവല്ലി, അയൽക്കാരെ വിളിക്കാനോടി

വലതു കയ്യിലെ എല്ല്, രണ്ടിടത്തായി ഒടിഞ്ഞിരിക്കുന്നു. അരയ്ക്കു പുറകിലും, തലയുടെ വശത്തും കനത്ത നീർക്കെട്ടുണ്ട്.?നെറ്റി പൊട്ടിയിട്ടുണ്ട്.?രണ്ടുമാസം പരിപൂർണ്ണ വിശ്രമമാണ്, സർക്കാരാ?ശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചത്. വിശ്രമജീവിതത്തിലെ, ആദ്യരാത്രിയാണു കടന്നുവരുന്നതത്.

ദിവാകരൻ, ഒന്നു ഞരങ്ങി.?രത്നവല്ലി ചാടിയെഴുന്നേറ്റു ഭർത്താവിനരികിൽ ചെന്നു. ഉറക്കത്തിൽ തന്നെയാണ്. നല്ല വേദനയുണ്ടായിരിക്കും.?അവൾ അയാളുടെ നെറ്റിയിൽ വിരൽ ചേർത്തു. എന്നിട്ടു മന്ത്രിച്ചു.

“ഇനി മ്മക്കു തല്ലൂടണ്ട പൊന്നേ”

പൂണ്ട ഉറക്കത്തിലായിരുന്ന ദിവാകരനതു കേട്ടില്ല. അപ്പോൾ, വീണ്ടും മഴ പെയ്യാൻ തുടങ്ങി. ആർക്കും ഒരുപകാരവുമില്ലാതെ…..

Leave a Reply

Your email address will not be published. Required fields are marked *