പുതിയ കുട്ടി വന്നു കയറിയ അന്ന് രാത്രിയിൽ എന്റെ ബാഗിൽ നിന്നും അഞ്ഞൂറ് രൂപ കാണാതായി.അഞ്ചു രൂപ നഷ്ടപ്പെട്ടാൽ പോലും സങ്കടം സഹിക്കാൻ വയ്യാത്ത എനിക്ക് അഞ്ഞൂറ് രൂപ പോയാലത്തെ സങ്കടം പറയണ്ടാലോ……..

Story written by Sajitha Thottanchery

ജോലിയുടെ ഭാഗമായി ഒരു ഹോസ്റ്റലിൽ താമസിക്കുന്നതിനിടയ്ക്കാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.ഞങ്ങൾ അഞ്ചു പേർ ഉണ്ടായിരുന്ന ആ റൂമിലേക്ക് ഒഴിഞ്ഞു കിടക്കുന്ന ആ ബെഡിന്റെ അവകാശിയായി അവൾ വന്നു കയറി.”അഞ്‌ജലി”അതായിരുന്നു അവളുടെ പേര്.ഒരു പാവം നാട്ടിൻപുറത്തുകാരി കുട്ടി.വയനാട്ടിലെ ഏതോ ഉൾപ്രദേശത്തു ജനിച്ചു വളർന്ന വസ്ത്ര ധാരണത്തിലും സംസാരത്തിലും ആ ഒരു നന്മ ഉൾക്കൊള്ളുന്ന ഒരു പാവം കുട്ടി.വളരെ പെട്ടെന്ന് തന്നെ അവൾ ഞങ്ങളുടെ കുഞ്ഞനുജത്തി ആയി മാറുകയായിരുന്നു. അവളുടെ ചേച്ചി എന്നുള്ള വിളിയും എന്ത് പറഞ്ഞാലും പെട്ടെന്ന് വിശ്വസിച്ചു പൊട്ടത്തരം കാണിച്ചു കൂട്ടലുമെല്ലാം ഞങ്ങൾ ആസ്വദിക്കുകയായിരുന്നു.

“നിന്റെ ഈ സ്വഭാവം ഇവിടെ ജീവിക്കാൻ ചേർന്നതല്ലാട്ടോ,ആരെയും പെട്ടെന്ന് വിശ്വസിക്കരുത്.”ഇടയ്ക്കിടെ ഞങ്ങൾ അവളോട് പറയുമായിരുന്നു.

ഇത്രയും പാവം ആയതുകൊണ്ട് അവൾ പറ്റിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഞങ്ങൾ ഇടക്കിടെ പറയുമായിരുന്നു.ഞങ്ങൾ ഉപദേശിച്ചാലും ചീത്ത പറഞ്ഞാലും ഒരു കുഞ്ഞനുജത്തിയെ പോലെ തന്നെ ഒട്ടും പരിഭവവും ദേഷ്യവുമില്ലാതെ “ശ്രദ്ധിക്കാം ചേച്ചി “എന്ന് പുഞ്ചിരിയോടെ പറയുമായിരുന്ന അവളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.കറങ്ങി നടക്കാൻ ഒരുപാട് ബോയ്‌ഫ്രണ്ട്‌സ് ഉള്ള ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്കിടയിൽ സ്വന്തം കസിൻ ബ്രദർ വന്നു വിളിച്ചാൽ മാത്രം പുറത്തു പോകുന്ന അവൾ എനിക്ക് ഒരു അത്ഭുതമായിരുന്നു. അങ്ങനെ വളരെ സന്തോഷത്തോടെ ഒരു വീട്ടിലെ അംഗങ്ങളെ പോലെ ആ മുറിക്കുള്ളിൽ ഞങ്ങൾ സൗഹൃദത്തിന്റെ പൂക്കാലം സൃഷ്ടിച്ചു.

ആയിടയ്ക്കാണ് ഞങ്ങളുടെ കൂട്ടത്തിലെ ഒരു കുട്ടിയ്ക്ക് ഗൾഫിലേക്ക് പോകാൻ ശരിയായത്.അങ്ങനെ റൂമിൽ ഒരു ബെഡ് ഒഴിവായി മറ്റൊരാൾ ആ കൂട്ടത്തിലേക്ക് വന്നു കയറി.പുതിയ കുട്ടി വന്നു കയറിയ അന്ന് രാത്രിയിൽ എന്റെ ബാഗിൽ നിന്നും അഞ്ഞൂറ് രൂപ കാണാതായി.അഞ്ചു രൂപ നഷ്ടപ്പെട്ടാൽ പോലും സങ്കടം സഹിക്കാൻ വയ്യാത്ത എനിക്ക് അഞ്ഞൂറ് രൂപ പോയാലത്തെ സങ്കടം പറയണ്ടാലോ.ഇത്ര നാളും അങ്ങനെ ഒരു അനുഭവം ഉണ്ടാകാത്തത് കൊണ്ട് ഞങ്ങൾ എല്ലാവരും പുതിയതായി വന്ന കുട്ടിയെ സംശയിച്ചു.അതിന്റെ പിറ്റേന്ന് തന്നെ അഞ്ജലിയും അവളുടെ പൈസ നഷ്ടപ്പെട്ടതായി പറഞ്ഞു ഭയങ്കര കരച്ചിലായിരുന്നു.ഹോസ്റ്റലിലെ ആന്റിയോട് പറഞ്ഞു പുതിയതായി വന്ന കുട്ടിയുടെ ബാഗ് പരിശോധിപ്പിച്ചു.അപ്പോഴതാ അവളുടെ ബാഗിൽ രണ്ടു അഞ്ഞൂറിന്റെ നോട്ടുകൾ പേഴ്‌സിൽ നിന്ന് മാറി വേറെ ഇരിക്കുന്നു.എൻ്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടത് പുത്തൻ നോട്ടായിരുന്നു.അവളുടെ കണ്ടെത്തിയ നോട്ടുകളിൽ ഒരെണ്ണം അത് പോലെ തോന്നിയത് കൊണ്ടും ഈ നോട്ടുകൾ വേറെ ഇരുന്നത് കൊണ്ടും ആ കണ്ടെത്തിയ പൈസ ഞങ്ങളുടേത് തന്നെ എന്ന് ഞങ്ങൾ ഉറപ്പിച്ചു.ആ ദിവസം തന്നെ ആ കുട്ടിയെ മറ്റൊരു റൂമിലേക്ക് മാറ്റുകയും ചെയ്തു.

അത് കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം ജോലിയുടെ ഭാഗമായി എനിക്ക് മറ്റൊരിടത്തേക്ക് താമസം മാറേണ്ടി വന്നു.അഞ്ജലിക്കായിരുന്നു ഏറ്റവും സങ്കടം.എനിക്കും അവൾ സ്വന്തം അനിയത്തി ആയി മാറിക്കഴിഞ്ഞിരുന്നു.ഇറങ്ങുമ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ വച്ചൊക്കെ ആണ് അവൾ യാത്രയാക്കിയത്.പുതിയ താമസസ്ഥലവും ജോലിയും ഒക്കെയായി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ വല്ലപ്പോഴും ഇവരോടൊക്കെ സംസാരിക്കാറുണ്ട് എന്നല്ലാതെ കാണാൻ പറ്റാറില്ല.അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ആ റൂമിലെ തന്നെ മറ്റൊരു കുട്ടി എന്നെ വിളിക്കുന്നത്.

“ചേച്ചി തിരക്കില്ളെങ്കിൽ കുറച്ചു സംസാരിക്കാനുണ്ടായിരുന്നു “അവൾ എന്നോട് പറഞ്ഞു .

“നീ പറഞ്ഞോ കുഴപ്പമില്ല;ഞാൻ പറഞ്ഞു” അവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ ഞെട്ടിക്കുന്നതായിരുന്നു.

റൂമിൽ നിന്നും പിന്നേം ഓരോന്നു കാണാതെ പോകുന്നത് പതിവായിരുന്നു.സ്വന്തം ബാഗും പേഴ്സും ഒന്നും ശ്രദ്ധിക്കാതെ ഒരു പേടിയുമില്ലാതെ അവിടെ വയ്ക്കാറുള്ള അവർക്ക് സ്വന്തം ഡ്രസ്സ് പോലും അവിടെ വയ്ക്കാൻ പറ്റാത്ത അവസ്ഥ.മറ്റൊരു റൂമിലെ കുട്ടിയുടെ കാണാതെ പോയ പുതിയൊരു ഡ്രസ്സ് പിറന്നാൾ ദിനത്തിൽ അഞ്ജലി ഇട്ടു കണ്ടപ്പോഴാണ് എല്ലാവരും അഞ്ജലിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.പിന്നീട് ഇവളുടെ ബാഗ് പരിശോധിച്ചപ്പോൾ ഇവരുടെ കാണാതായ പല സാധനങ്ങളും അതിൽ അവർ കണ്ടു.എല്ലാവർക്കും അത് വല്ലാത്ത ഷോക്ക് ആയിരുന്നു.അന്യോന്യം അത്രേം സഹകരിച്ചു സ്നേഹിച്ചു അവളെ ഒരു അനിയത്തി ആയി കണ്ട അവർക്കൊക്കെ ഇത് അംഗീകരിക്കാൻ ആവാത്ത കാര്യമായിരുന്നു. റൂമിലെ കുട്ടികൾ ഇവളെ ചോദ്യം ചെയ്യാൻ തന്നെ തീരുമാനിച്ചു.ഞാനല്ല ചെയ്തത് എന്നൊക്കെ പറഞ്ഞു ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ കാണിച്ചു ചോദിച്ചപ്പോൾ അവൾക്ക് സ്വന്തം തെറ്റ് സമ്മതിക്കേണ്ടി വന്നു.എന്റെ കയ്യിലെ പൈസ എടുത്തത് പോലും അവളായിരുന്നുവെന്നു അവൾ അവരോട് സമ്മതിച്ചു.അതിനു ശേഷം പിടിക്കപ്പെടാതിരിക്കാൻ ആണ് അവളുടെ പൈസ നഷ്ടപ്പെട്ടെന്ന് അവൾ കള്ളം പറഞ്ഞത്.

അവളിൽ നിന്നും ഇതെല്ലാം അറിഞ്ഞ ഞാൻ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാനാവാതെ നിന്നു.ഇത്രയൊക്കെ ചെയ്തിട്ടും ഒരു പാവത്തെ പോലെ അവൾ എത്ര നന്നായി ആണ് അഭിനയിച്ചത് എന്നോർത്തപ്പോൾ വല്ലാത്ത ദേഷ്യം തോന്നി.മറ്റുള്ളവർ ഇവളെ പറ്റിക്കും എന്ന് പേടിച്ചിരുന്ന ഞങ്ങളെ ഇവൾ നല്ല അന്തസ്സായി പറ്റിച്ചത് ഓർത്തപ്പോൾ നാണക്കേടും തോന്നി.

“ചേച്ചിക്ക് വിഷമം ഉണ്ടാകും എന്ന് ഞങ്ങൾക്ക് അറിയാം ,ചേച്ചി എല്ലാവരെക്കാൾ കൂടുതൽ അവളെ സ്നേഹിച്ചിരുന്നില്ലേ”.എന്റെ മറുപടി കിട്ടാതായപ്പോൾ എന്നെ വിളിച്ച കുട്ടി എന്നോട് പറഞ്ഞു.

അവളുടെ കയ്യിൽ നിന്ന് ആയിരം രൂപ വാങ്ങി അന്ന് സംശയിച്ച ആ പെൺകുട്ടിക്ക് തിരികെ നൽകണമെന്ന് മാത്രം പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി.

രണ്ടു ദിവസങ്ങൾക്ക് ശേഷം എനിക്ക് അഞ്ജലിയുടെ ഫോണിൽ നിന്നും കാൾ വന്നു.

“ചേച്ചി….എന്നെ വെറുക്കരുത്.പറ്റിപ്പോയി.ക്ഷമിക്കണം.ഇനി അങ്ങിനെ ഉണ്ടാകില്ല”ഒരു കരച്ചിലോട് കൂടിയാണ് അവൾ അത് പറഞ്ഞത്.റൂമിലെ മറ്റു കുട്ടികൾ ചേർന്ന് എന്നോട് മാപ്പ് പറയിപ്പിക്കാൻ വേണ്ടി വിളിച്ചതായിരുന്നു അത്.

“സാരമില്ല ആ പൈസ ആ കുട്ടിയ്ക്ക് തിരികെ കൊടുക്കണം.സ്നേഹിക്കുന്നവരെ എങ്കിലും പറ്റിയ്ക്കാതിരിക്കാൻ ശ്രമിക്കണം.”ഇത്ര മാത്രം പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി.

ഒരാഴ്ചയ്ക്ക് ശേഷം റൂമിലെ മറ്റുള്ള കുട്ടികൾ എന്നെ പിന്നേം വിളിച്ചു.

“ചേച്ചീ..ആന്റി അവളുടെ അച്ഛനേം അമ്മേം ഒക്കെ വിളിപ്പിച്ചു.അവർ പറഞ്ഞപ്പോഴാ അറിയുന്നേ അവൾ കസിൻ ബ്രദർ എന്ന് പറഞ്ഞ ആൾ അവളുടെ ആരുമല്ല.അവളുടെ അച്ഛനും അമ്മയ്ക്കും അയാളെ അറിയില്ല.അവൾ നമ്മളോട് പറഞ്ഞതെല്ലാം നുണയായിരുന്നു.അവളെ ആന്റീ ഇവിടെ നിന്നും പറഞ്ഞു വിട്ടു.”പറയാൻ മറുപടികൾ ഒന്നും ഉണ്ടായില്ല എന്റെ കയ്യിൽ .

എത്ര വിദഗ്ധമായാണ് അവൾ ഞങ്ങൾ കുറച്ചു പേരെ പറ്റിച്ചത്.ഒരു പാവമായി ഞങ്ങളുടെ സ്നേഹം തട്ടിയെടുത്ത നിമിഷങ്ങളിൽ ഒന്നും അവളെ തിരിച്ചറിയാൻ ഞങ്ങൾക്കായില്ല . കേട്ടതനുസരിച്ചു വളരെ പാവങ്ങളാണ് ഹോസ്റ്റലിൽ അവളെ കൂട്ടിക്കൊണ്ട് പോകാൻ വന്ന അവളുടെ മാതാപിതാക്കൾ.എന്തിന് വേണ്ടിയാണു ഇത്രേം നുണകൾ അവൾ ഞങ്ങളോട് പറഞ്ഞതെന്ന് അറിയില്ല.ഇപ്പോൾ അവൾ എവിടെയാണെന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ അറിയില്ല.എന്നാലും മോളെ ഒന്ന് പറയട്ടെ നുണകളിലും കള്ളത്തരങ്ങളിലും കെട്ടിപ്പടുക്കുന്ന ജീവിതത്തിനു ആയുസ്സില്ല.പറ്റിയ തെറ്റുകൾ തിരുത്താൻ നിനക്ക് സാധിക്കട്ടെ……….

Leave a Reply

Your email address will not be published. Required fields are marked *