എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
പെങ്ങളെ കെട്ടിയപ്പോൾ അടിമയായി എന്നെക്കൂടി കിട്ടിയെന്നാണ് പ്രവാസിയായ അളിയന്റെ വിചാരം. അയാളുടെ എന്ത് കാര്യത്തിനും ഞാൻ ഓടണം. ലീവിന് വരുമ്പോഴൊക്കെ എയർപ്പോർട്ടിലേക്ക് കൂട്ടാൻ പോകേണ്ട ചുമതലയും എന്റേതാണ്.
‘എടാ… ഞാൻ മറ്റന്നാൾ രാവിലെ പത്ത് മണിക്ക് കരിപ്പൂരെത്തും.. നീയാ, സദാനന്ദന്റെ ടാക്സിയും വിളിച്ച് അങ്ങെത്തിക്കോണം.’
കണ്ടില്ലേ… ഇതാണ് അവസ്ഥ. അന്നേ ദിവസം എനിക്ക് വല്ല തിരക്കുണ്ടോയെന്നൊന്നും അളിയന് അറിയേണ്ട. അങ്ങ് കൽപ്പിക്കുക തന്നെ. അമ്മയോടോ പെങ്ങളോടോ പറഞ്ഞാലും കാര്യമില്ല. അവനെ കൂട്ടാൻ പോകുന്നതിനേക്കാളും എന്ത് മല മറിക്കാനുള്ള പണിയാണ് നിനക്കെന്നായിരിക്കും അവരുടെ ചോദ്യം. ആരോട് പറയാൻ. അനുഭവിക്കുക തന്നെ…
കൃത്യമായി പറഞ്ഞാൽ നാല് വർഷം മുമ്പാണ് പെങ്ങളുടെ വിവാഹം കഴിയുന്നത്. അച്ഛൻ മരിക്കുമ്പോൾ സമ്മാനമായി തന്ന സകല ബാധ്യതകളും ഏറ്റെടുത്താണ് അളിയൻ പെങ്ങളെ സ്വീകരിച്ചത്. അതിൽ ജപ്തി ഭീഷിണി നേരിടുന്ന ഞങ്ങളുടെ വീടും ഉണ്ടായിരുന്നു. അതൊരു വലിയ കാര്യമായാണ് അമ്മ കരുതുന്നത്. പെങ്ങളുടെ മൊഞ്ച് കണ്ട് തല വെച്ചതാണ് അളിയനെന്ന് എനിക്കല്ലേ അറിയൂ… അല്ലെങ്കിലും, സ്വന്ത മെന്ന് പറയാൻ ആരുമില്ലാത്ത ഒരുത്തന് ആര് പെണ്ണ് കൊടുക്കാനാണ്!
‘അതെന്താ… അളിയനെ കൂട്ടാൻ നിനക്ക് പോകാൻ പറ്റാത്തത്…?’
കണ്ടോ… അമ്മയുടെ ചോദ്യത്തിൽ തന്നെ എനിക്കൊരു വിലയില്ല. പ്രായം ഇരുപത്തിയൊന്ന് കഴിഞ്ഞ ഒരു യുവാവിന് എന്തൊക്കെ കാര്യങ്ങളുണ്ടാകും. എന്റെ ആഗ്രഹങ്ങൾ… ലക്ഷ്യങ്ങൾ… അതൊന്നും ആർക്കും അറിയേണ്ട. ഡിഗ്രീ കംപ്ലീറ്റ് ചെയ്തിട്ട് മാസം രണ്ടായി. അറിയപ്പെടുന്നയൊരു കായിക താരമാകാൻ കൊതിക്കുന്ന മനസ്സുമായാണ് ഞാൻ സഞ്ചരിക്കുന്നതെന്ന് ആരും അറിയാൻ ശ്രമിക്കുന്നില്ല.
‘എനിക്കൊരു ഫുട്ബോൾ മാച്ചുണ്ട്… പോകാതിരിക്കാൻ പറ്റില്ല…’
“അവന്റെയൊരു പന്ത് കളി. പഠിക്കുമ്പോൾ കളിച്ചതൊന്നും മതിയായില്ലേ… മര്യാദക്ക് അളിയൻ പറയുന്നതും കേട്ട് നടന്നോ.. അവൻ ഇല്ലായിരുന്നുവെങ്കിൽ നമ്മളൊക്കെ തെരുവിൽ ആയേനെ. അനുസരിച്ച് ജീവിച്ചാൽ നിനക്കൊരു ജീവിതം അവൻ ഉണ്ടാക്കി തരും..”
അമ്മയുടെ മറുപടിയിൽ എനിക്ക് ഒച്ച ഉണ്ടായിരുന്നില്ല. എന്നെ അമ്മാവായെന്ന് വിളിക്കാൻ വളരുന്നയൊരു പീക്കിരിയെ ഒക്കത്തിരുത്തി അവനെ നിർബന്ധിക്കണ്ട അമ്മേയെന്ന് പെങ്ങളും പറഞ്ഞു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുiത്തുന്ന ഭാവവുമായി യാതൊന്നും ഉരിയാടാതെ ഞാൻ ആ നേരം ഇറങ്ങി പോകുക യായിരുന്നു.
അളിയന്റെ അടിമയാണ് ഞാനെന്ന് തോന്നാൻ പിന്നേയും കാരണമുണ്ട്. ഓരോ ലീവിനും വീട്ടിലേക്ക് വരുമ്പോൾ ഡിക്കിയിൽ കൊള്ളാത്ത അത്രത്തോളം പ്രവാസപ്പെട്ടി അളിയൻ കൊണ്ട് വരും. എന്താണ് ഇത്രയും പെട്ടികളെന്ന് ചോദിച്ചാൽ പലയിടത്തും കൊടുക്കാൻ ഉള്ളതാണ് പോലും. പ്രശ്നം എന്താണെന്നാൽ അതിൽ പലതും കൊണ്ട് പോയി കൊടുക്കേണ്ട ജോലി എനിക്കായിരിക്കും. എന്തുകൊണ്ടോ, അളിയന്റെ മുഖത്ത് നോക്കി പറ്റില്ലെന്ന് പറയാൻ എനിക്ക് സാധിക്കാറില്ല. ആവിശ്യത്തിന് മാത്രം സംസാരിക്കുന്ന ആ മുഖം ഭയപ്പെടുത്തുന്നതാണ്.
‘അളിയനെ കൂട്ടാൻ നീ പോകില്ലെന്ന് ഉറപ്പല്ലേ…?’
പിറ്റേന്ന് രാത്രിയിൽ ഉറങ്ങാൻ നേരം അമ്മ ചോദിച്ചതാണ്. തലേന്ന് പറഞ്ഞത് പോലെ പറ്റില്ലെന്ന് മൊഴിയാൻ എനിക്ക് സാധിച്ചില്ല. സദാനന്ദൻ ചേട്ടനെ തനിച്ച് വിടാനായിരിക്കും അമ്മയുടെ ആ ചോദ്യം. പോകാമെന്ന് മനസ്സില്ലാ മനസ്സോടെ ഞാൻ പറഞ്ഞു. അമ്മ ചിരിച്ചു. ഞാൻ മൂടിപ്പുതച്ച് കിടക്കുകയും ചെയ്തു.
സ്വയം ഉയർത്തി പറയുകയാണെന്ന് കരുതരുത്. നാളത്തെ മാച്ചിൽ ഡിഫെൻഡറായി എന്നോളം കളിക്കാൻ ക്ലബ്ബിൽ ആരുമില്ല. ഞാൻ ഇല്ലെങ്കിൽ കളി തോൽക്കുമായിരിക്കും. തോൽക്കട്ടെ. ജീവിതം തന്നെ തുന്നം പാടി ഇരിക്കുകയാണ്. അളിയന്റെ അടിമയായി തുടരാനാ യിരിക്കും എന്റെ വിധി. മൂക്കറ്റം കള്ളും കുടിച്ച് കുടുംബത്തെ ബാധ്യത യിലേക്ക് തള്ളി വിട്ട അച്ഛനോട് വല്ലാത്ത ദേഷ്യം തോന്നിയ രാത്രി കൂടിയായിരുന്നുവത്.
പിറ്റന്ന് രാവിലെ പത്ത് മണിക്ക് മുമ്പേ ഞാനും സദാനന്ദൻ ചേട്ടനും എയർപ്പോർട്ടിലേക്ക് എത്തി. വൈകാതെ അളിയൻ പുറത്തേക്ക് ഇറങ്ങി വന്നു. കണ്ടപ്പോൾ ചിറി വിടർത്തിയ അളിയനോട് അതേ പ്രകാശത്തിൽ തിരിച്ച് ചിരിക്കാൻ എനിക്ക് സാധിച്ചില്ല. എന്ത് പറ്റിയെന്ന് ചോദിക്കാത്തത് കൊണ്ട് കൂടുതലൊന്നും പറയേണ്ടിയും വന്നില്ല. വീട് എത്തുന്നത് വരെ ഞാൻ ഇല്ലാതെ വിയർക്കുന്ന ആ ഫുട്ബോൾ മൈതാനം തന്നെയായിരുന്നു ഉള്ളിൽ.
‘അമ്മേ.. അവരെത്തി…’
ഞങ്ങളുടെ വരവും കാത്ത് പെങ്ങളും കുഞ്ഞും മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. ഡിക്കിയിൽ നിന്ന് ബാഗുകളെല്ലാം ഇറക്കിയ ഉടൻ സദാനന്ദൻ ചേട്ടൻ സ്ഥലം വിട്ടു. ആരോടും കൂടുതലൊന്നും മിണ്ടാതെ ഞാൻ അകത്തേക്ക് പോയി. മുറിയിൽ കയറി കതകും അടച്ചു. മണിക്കൂറുകൾ താണ്ടിയുള്ള യാത്ര ആയത് കൊണ്ട് നല്ല ക്ഷീണമു ണ്ടായിരുന്നു. ഉറങ്ങിപ്പോയി.
പിന്നീട് ഉണർന്നത് അളിയൻ തട്ടി വിളിച്ചപ്പോൾ ആയിരുന്നു. രാത്രി ആയിരിക്കുന്നു. വന്ന് ഭക്ഷണം കഴിക്കാൻ അളിയൻ പറഞ്ഞു. കൽപ്പിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ അനുസരിച്ചു.
‘നാളെ കാലത്ത് തന്നെ ഒരിടം വരെ പോകാനുണ്ട്. റെഡിയായി നിന്നോളണം…’
അത്താഴം കഴിഞ്ഞ് മുറിയിലേക്ക് പോകുമ്പോൾ അളിയൻ പറഞ്ഞതാണ്. കണ്ടില്ലേ… പ്രവാസപ്പെട്ടി വിതരണം ചെയ്യാനുള്ള പോക്കായിരിക്കും. അതൊക്കെ ഒറ്റക്കങ്ങ് ചെയ്‌താൽ പോരെ. ശരിക്കും, അളിയന്റെ അടിമ തന്നെയാണ് ഞാൻ. വീണ്ടും വീണ്ടും ഉയർത്തി അടിക്കാൻ പാകം അളിയന്റെ കാലിലേക്ക് തന്നെ വീഴുന്ന പന്ത് പോലെ ആയിപ്പോയി എന്റെ ഈ ജന്മം…
രാവിലെ കഴിഞ്ഞ മാച്ചിൽ ഞങ്ങളുടെ ടീം ജയിച്ചെന്ന് അറിഞ്ഞത് കൊണ്ടാണോയെന്ന് അറിയില്ല ആ രാത്രിയിൽ ഉറങ്ങാനെ കഴിഞ്ഞില്ല. ഇനിയിപ്പോൾ ക്ലബിനും എന്നെ വേണ്ടായിരിക്കും. അവസരങ്ങൾ ഉപയോഗിക്കാൻ കഴിയാത്തവർ എത്ര വിഡ്ഢികളാണ്. അതിൽ ഞാൻ കൂടി ഉൾപ്പെടുന്നു. ഫുട്ബോൾ കളിക്കാരൻ ആകുകയെന്ന ലക്ഷ്യം കാണാൻ പോലും പറ്റാത്ത അത്രത്തോളം ദൂരത്തേക്ക് അകന്നത് പോലെ…
‘അമ്മേ… ഞങ്ങൾ ഇറങ്ങുകയാണ്.. വരാൻ വൈകും…’
പറഞ്ഞത് പോലെ സദാനന്ദൻ ചേട്ടന്റെ ടാക്സിയിൽ ഞങ്ങൾ കാലത്ത് തന്നെ പുറപ്പെട്ടു. ജീവിതത്തോടുള്ള എന്റെ നിരാശയുടെ ശ്വാസഗ തിയുമായി വാഹനം സഞ്ചരിക്കുകയാണ്. ആരുമൊന്നും പരസ്പരം മിണ്ടുന്നില്ല. മണിക്കൂറ് രണ്ട് കഴിയാറാകുമ്പോഴാണ് കാറ് നിൽക്കുന്നത്. ഇറങ്ങാൻ അളിയൻ പറഞ്ഞു. ഞാൻ അനുസരിച്ചു. കണ്ടിട്ട് വീടാണെന്ന് തോന്നുന്നില്ല. വിശാലമായ ഇടം. മുന്നിലുള്ള ബിൽഡിംഗിലേക്ക് എന്നേയും കൂട്ടി അളിയൻ നടന്നു.
‘എസ്ക്യൂസ് മി.. ഇന്നലെ വിളിച്ചിരുന്നു.. അഡ്മിഷൻ…’
കയറിയ ഉടൻ കണ്ട ഓഫീസിലെ ആളോട് അളിയൻ പറഞ്ഞതാണ്. എന്താണ് സംഭവമെന്ന് ചോദിക്കാൻ തുടങ്ങുമ്പോഴാണ് പരിസരം വ്യക്തമാകുന്നത്. കാഴ്ച്ചയിൽ മൈതാനം! പലയിടത്തും സോക്കർ സ്കൂൾ എന്ന് എഴുതിയിരിക്കുന്നു. പെലെ മുതൽ മെസ്സി വരെയുള്ള ലോകത്തിലെ മിക്ക കാൽപ്പന്ത് ഇതിഹാസങ്ങളുടേയും ചിത്രങ്ങൾ ചുമരിൽ കാണാം. പല പ്രൊഫഷൽ കളിക്കാരെയും വാർത്തെടുത്ത ഫുട്ബോൾ കോച്ചിംഗ് അക്കാദമിയാണ് അതെന്ന് മനസ്സിലായപ്പോൾ മനസ്സിന് വിങ്ങലാണ് അനുഭവപ്പെട്ടത്..
‘യെസ്… അനിയന് വേണ്ടിയാണ്. ഇതാണ് ആള്…’
മുന്നിലിരിക്കുന്ന ആളുടെ ഏതൊയൊരു ചോദ്യത്തിന് നോട്ടം കൊണ്ട് എന്നെ ചൂണ്ടിയായിരുന്നു അളിയന്റെ ആ മറുപടി. എനിക്ക് വിശ്വസിക്കാനായില്ല. അഡ്മിഷനായുള്ള നടപടി ക്രമങ്ങളൊക്കെ കഴിഞ്ഞു. ക്യാമ്പിൽ ജോയിൻ ചെയ്യേണ്ട തീയതിയും, വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റുമായി ഞങ്ങൾ കാറിനടുത്തേക്ക് തിരിച്ച് നടക്കുകയാണ്. നിനക്ക് സന്തോഷമായില്ലേയെന്ന് ചോദിച്ച അളിയന്റെ മാiറിലേക്ക് വീഴാൻ രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടി വന്നില്ല.
എത്ര അപക്വമായാണ് ബന്ധങ്ങളെയും, ഇടപെടുന്നവരെയുമെല്ലാം മനുഷ്യർ മനസ്സിലാക്കി വെച്ചിരിക്കുന്നതല്ലേ! എന്റെ ഊഹങ്ങളെല്ലാം തെറ്റായിരുന്നു. അളിയന് ഞാൻ അടിമയായിരുന്നില്ല. അനുജനായിരുന്നു…!!!