പെണ്ണും കൂട്ടരും വരാതേ ഇവമ്മാരിത് എങ്ങോട്ടാ തള്ളി കയറുന്നത്. കെട്ട് എത്രേം പെട്ടെന്ന് തീർത്തിട്ട് മൂക്കറ്റം മടാ മടാന്ന് ഫുഡ്ഡടിക്കാനുള്ള ആക്രാന്തമായിരിക്കും……

മുടങ്ങിപ്പോയകല്ല്യാണം

എഴുത്ത്:- ഷെർബിന്‍ ആന്റണി

ഞാൻ മൂന്നാമത് കണ്ട പെണ്ണുമായിട്ട് കെട്ട് തീരുമാനിച്ചിരുന്നത് വീടിനടുത്തുള്ള പള്ളിയിൽ വെച്ചായിരുന്നു. പള്ളിയുടെ മുന്നിൽ തന്നെ അതിവിശാലമായ വേമ്പനാട്ട് കായൽ അള്ളാ പടച്ചോനോന്ന് മലന്ന് കിടന്നത് കൊണ്ട് ബോട്ട് ജെട്ടിയും പള്ളിക്ക് മുന്നിൽ തന്നെ പ്രതിഷ്ഠിച്ചിരുന്നു.

പെണ്ണിൻ്റെ വീട്ടുകാർ പെണ്ണിനേയും കൊണ്ട് ബോട്ടിലൂടെ അവിടെ എത്താമെന്ന് അറിയിച്ചിരുന്നു.പിന്നീടവർ എന്തിനങ്ങിനെ ചെയ്തെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല.

ഇത്രയും പാവമായിരുന്ന എന്നോടെന്തിനവർ ഇങ്ങനെ കാണിച്ചു? ഞാനെന്ത് ദ്രോഹമാണവർക്ക് ചെയ്തത്?

ഉത്തരം കിട്ടാത്ത ഒട്ടവനവധി ചോദ്യങ്ങൾ എൻ്റെ മനസ്സിലേക്ക് ഓടി എത്തിയ ആ നിമിഷങ്ങളിലേക്ക്….

അങ്ങനെ പെണ്ണിനേയും കാത്ത് ഞങ്ങൾ പളളിക്ക് മുന്നിൽ വെയ്റ്റ് ചെയ്ത് നിക്കുവായിരുന്നു. ക്യത്യം പതിനൊന്ന് മണിക്ക് തന്നെ കുർബ്ബാന തുടങ്ങണമെന്ന് പള്ളീലച്ചൻ മുന്നേ തന്നെ ഓർമ്മിപ്പിച്ചിരുന്നു.

പളളിയുടെ മുന്നിൽ കൂട്ടുകാരൊത്ത് തമാശകൾ പറഞ്ഞ് നില്ക്കുമ്പോഴും എൻ്റെ കണ്ണ് ഇടയ്ക്കിടെ കായലിലേക്ക് വല എറിഞ്ഞോണ്ടിരുന്നു.

സമയം പതിനൊന്നായതും അച്ഛൻ മൈക്കിലൂടെ അനൗൺസ്മെൻ്റ് ചെയ്തു എല്ലാവരും പള്ളിക്കകത്തേക്ക് കയറണമെന്ന്. അത് കേട്ടതും എല്ലാവരും കൂടി തിക്കി കയറി അകത്തേക്ക് പോകാൻ തുടങ്ങി.

പെണ്ണും കൂട്ടരും വരാതേ ഇവമ്മാരിത് എങ്ങോട്ടാ തള്ളി കയറുന്നത്. കെട്ട് എത്രേം പെട്ടെന്ന് തീർത്തിട്ട് മൂക്കറ്റം മടാ മടാന്ന് ഫുഡ്ഡടിക്കാനുള്ള ആക്രാന്തമായിരിക്കും, എനിക്ക് ദേഷ്യം വന്ന് തുടങ്ങി.

ദൂരേ നിന്നും ബോട്ട് വരുന്നത് കണ്ടപ്പോഴാണ് എനിക്ക് ആശ്വാസ മായത്.ചെക്കൻ അകത്തേക്ക് കയറി ഇരിക്കേണ്ടതാണ് അച്ചൻ മൈക്കിലൂടെ വിളിച്ച് പറഞ്ഞു.പെണ്ണ് വരാതേ ഞാനെന്ത് കാട്ടാനാ അച്ചോ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. അച്ചൻ അൾത്താരയിൽ നിന്നെന്നെ കണ്ണ് കൊണ്ട് ഗോഷ്ഠി കാണിക്കുന്നു.പെണ്ണ് വരാതേ അകത്തേക്ക് വരില്ലെന്ന് ഞാനും കണ്ണും കിറിയും കൊണ്ട് തിരിച്ച് കാണിച്ചു. പള്ളീലച്ചൻ്റെ അച്ചന് വിളിച്ചെന്ന ചീത്തപ്പേരേ എനിക്കില്ലാത്തതായ് ഉള്ളൂ, ഈ പാതിരിയുടെ രീതി ഇമ്മാതിരി യാണെങ്കിൽ മിക്കവാറും ആ പരാതി ഇന്നത്തോടേ തീരും.

അവരുടെ ബോട്ട് ഞങ്ങളുടെ ജെട്ടിയിൽ അടുക്കാതേ ദൂരേ മാറി പോകുന്നത് കണ്ടപ്പോൾ എൻ്റെ പിഞ്ച് നെഞ്ച് പടപടാന്നിടിച്ചു.അലറി വിളിച്ചോണ്ട് ജെട്ടിയിലേക്കോടാനാണ് അപ്പോഴെനിക്ക് തോന്നിയത്.ഉടുത്തിരുന്ന ഉടുമുണ്ട് ഉലിഞ്ഞ് ജെട്ടിയോടെ ജെട്ടിയിൽ നിന്ന് റെയിൽവേയിൽ കൊടി വീശുന്ന പോലേ വീശി കാണിക്കാമായിരുന്നു.

നാട്ടുകാരുടെ കളിയാക്കലുകൾ പേടിച്ചിടാണ് ഞാനങ്ങനെ ചെയ്യാതിരുന്നത്.ഇവൻ്റെ കാട്ടായം കണ്ടാൽ തോന്നും ആദ്യമായിട്ട് കല്ല്യാണം കഴിക്കുന്നത് പോലുണ്ടല്ലോ എന്ന് ചോദിക്കാനും മടിക്കാത്ത ആൾക്കാരാണ്.

സങ്കടം ഉള്ളിലൊതുക്കി ബോട്ട് അകലുന്നതും നോക്കി ഞാൻ നിർന്നിമേഷനായ് നിന്നു.

വരാൻ പോകുന്ന ദുരന്തം മുൻ കൂട്ടി മനസ്സിലാക്കി ആ പെണ്ണിനി കല്ല്യാണം വേണ്ടെന്ന് പറഞ്ഞ് കാണുമോ?

നീന്തൽ അറിയാമായിരുന്നെങ്കിൽ വെള്ളത്തിലേക്ക് ചാടി കാര്യം അറിഞ്ഞിട്ട് വരാമായിരുന്നു.ചെറുപ്പത്തിൽ തറയിൽ കിടന്ന് നീന്തിയ സർട്ടിഫിക്കറ്റ് മാത്രേ കൈയ്യിലുള്ളൂ താനും.

എൻ്റെ കൂടേ ഉണ്ടായിരുന്നവർക്ക് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല.അല്ല അവരെന്തിനാ അതിനെ പറ്റി ചിന്തിക്കുന്നത് മുടങ്ങുന്നത് എൻ്റെ കല്യാണമല്ലേ! അവന്മാര് അപ്പോഴും ബിരിയാണി എത്ര പ്ലേറ്റ് തട്ടണമെന്നുള്ള ചിന്തയിലായിക്കണം. വീട്ടിൽ ചെന്നിട്ട് ആദ്യം ആ ബിരിയാണി ചെമ്പില് മണ്ണ് വാരി ഇടണം ഞാൻ തീരുമാനിച്ചുറപ്പിച്ചു.

എന്നാലും ആ ബോട്ടെന്താ ഇവിടെ അടുക്കാതിരുന്നത്? മൊബൈലെടുത്ത് ബോട്ടിലുണ്ടായിരുന്ന പെണ്ണിൻ്റെ അമ്മാവനെ വിളിച്ചിട്ട് പറഞ്ഞു ഒരു മാതിരി മറ്റേ പരിപാടി കാണിക്കരുതെട്ടോ എന്ന്.

ബോട്ടിനകത്തുള്ള ശബ്ദം കാരണം എൻ്റെ വചനങ്ങൾ അങ്ങേർക്ക് ശ്രവിക്കാനായില്ല, മൂപ്പര് പറയുന്നത് എനിക്കും.സ്രാങ്കിന് ഫോൺ കൊടുക്കാൻ പറഞ്ഞിട്ട് ഞാൻ അക്ഷമനായ് കാത്ത് നിന്നു.

ഹലോ… ഞാനാ സ്രാങ്കാണ് പറഞ്ഞോ എന്ന് ആ കോങ്കണ്ണൻ.അങ്ങേര് കോങ്കണ്ണനാണെന്ന് എനിക്ക് ഉറപ്പാണ് അതുകൊണ്ടാവണമല്ലോ റൂട്ട് മാറി പോയത്.

എടോ ചീങ്കണ്ണി തലയാ താനേത് കോ…കോ.. കോലാലംപൂരിലേക്കാടോ പോകുന്നേ? മര്യാദയ്ക്ക് ബോട്ട് ഇങ്ങോട്ട് അടുപ്പിച്ചോ ഇല്ലേ എൻ്റെ തൊവാവം മാറും പറഞ്ഞേക്കാം. പള്ളിയുടെ മുന്നിൽ നിന്നുള്ള എൻ്റെ പൂരപ്പാട്ടിന് ഒടുവിൽ ബോട്ട് തിരിച്ച് വരാൻ തുടങ്ങി.

ബോട്ട് അടുത്ത് പെണ്ണും വീട്ടുകാരും കൂടി ചാടിയിറങ്ങി പള്ളിയിലോട്ട് വരുന്നത് കണ്ട് ഞാനൊന്ന് പേടിച്ചു. തല്ലാൻ വരുന്നത് പോലായിരുന്നു അവരുടെ ഭാവം.ആ മറ്റേ അമ്മാവനെ ആരും കാണാതെ മാറ്റി നിർത്തി കാലേൽ വീണാലോന്ന് ഞാൻ ആലോചിച്ചെങ്കിലും പിന്നീട് പ്ലാൻ ബീയാക്കി.

ഗൗരവം വിടാതെ മെല്ലെ ഞാൻ പള്ളിക്കകത്തേക്ക് കയറി, അകത്ത് കയറി ആരും തല്ലാൻ പോകുന്നില്ലല്ലോ! അവര് താമസിച്ചത് കൊണ്ട് ക്ഷമ പറയാൻ വന്നതായിരുന്നെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. വളരെ ഭംഗിയായ് തന്നെ ഞങ്ങളുടെ കെട്ടും നടന്നു.

ശുഭം

N.B: തലക്കെട്ട് അങ്ങനെ കൊടുക്കാൻ കാരണം വേറൊന്നുമല്ല, അതൊക്കെ വായിച്ച് രസിക്കാനാണ് ആളോള്ക്ക് ഇൻ്ററെസ്റ്റ് കൂടുതല്. അങ്ങനെയിപ്പോ എൻ്റെ ചെലവിൽ ആരും സുഖിക്കണ്ട🤣🤣

ഇതൊക്കെ ഇവിടെ ഇപ്പോ വിളംബരം ചെയ്യാൻ കാരണം വേറൊന്നുമല്ല, ഞാനിവിടെ ഗൾഫിലാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല,കുബ്ബൂസും തക്കാളി കറിയും കഴിച്ച് അഡ്ജസ്റ്റ് ചെയ്ത് കഴിയുമ്പോഴാണ് ലവള് സേമിയപായസം ഉണ്ടാക്കി കുടിച്ചതും പോരാഞ്ഞിട്ട് ഫോട്ടോ ഇട്ട് ചോദിക്കുവാണ് മധുരം കൂടുതലാണോന്ന്.

ചോദിച്ചപ്പോൾ പറയുവാ ഇതെൻ്റെ പ്രതികാരമാണെന്ന്! തക്കാളി കറിയാണ് കഴിക്കുന്നത് എങ്കിലും എഫ്ബീല് തള്ളി മറിക്കുന്നതിന് കുറവൊന്നും ഇല്ലല്ലോന്നും കൂടി അവളെൻ്റെ മുഖത്ത് നോക്കി വീഡിയോ കോളിലൂടെ ചോദിക്കേം ചെയ്തു.

പ്രതികാരം ചെയ്യാൻ തക്കവണ്ണം നിന്നോട് ഞാനെന്ത് തെറ്റ് ചെയ്തെടി?

നിങ്ങൾക്ക് ഓർമ്മ കാണില്ലെന്ന് എനിക്കറിയാം കാരണം ശിക്ഷ എനിക്കാണല്ലോ കിട്ടിയത്.

ഇവളെന്ത് തേങ്ങയാണീ പറയുന്നത്? ഒന്നും മനസ്സിലാവാതെ ഞാൻ അന്തം വിട്ടിരുന്നു.

എടോ കടലിലെ കണവയെ പോലിരിക്കുന്ന കണവാ….. പത്ത് പതിമൂന്ന് കൊല്ലങ്ങൾക്ക് മുമ്പ് ഇത് പോലൊരു പന്നമാസത്തിലാണ് നിങ്ങളെൻ്റെ കഴുത്തിൽ വിലങ്ങണിയിച്ചത്!

ആനിവേഴ്സറി ഒരു ഓർമ്മപ്പെടുത്തൽ!

Leave a Reply

Your email address will not be published. Required fields are marked *