പ്രണയ പര്‍വങ്ങൾ ~~ ഭാഗം 50 ~ എഴുത്ത്:- അമ്മു സന്തോഷ്

സാറയുടെ വീട്

ജോസഫ് അന്നമ്മ കുറച്ചു ബന്ധുക്കൾ അത്രയും പേരാണ് ആ ഞായറാഴ്ച വീട്ടിലേക്ക് വന്നത്

“മനസമ്മതം നടന്നെങ്കിലും വീട്ടിൽ വന്നിട്ടില്ലല്ലോ.. ഒന്ന് വന്നേക്കാമെന്ന് കരുതി “

അന്നമ്മ മേരിയോട് പറഞ്ഞു മേരി ഒന്ന് പുഞ്ചിരിച്ചു

“കല്യാണത്തിന് ഇനി അധികമില്ല ഒരുക്കങ്ങൾ എന്തായി?”

ജോസഫ് ചോദിച്ചു

തോമസിന്റെ മുഖം ഒന്ന് മ്ലാനമായി

“വീടും സ്ഥലവും വിൽക്കാൻ ഒരാളെ ഏൽപ്പിച്ചു. ഉടനെ നടക്കും “

അയാൾ പറഞ്ഞു

“അത് വേണ്ട “

ജോസഫ് പെട്ടെന്ന് പറഞ്ഞു

തോമസ് അമ്പരപ്പ് നിറഞ്ഞ മുഖവുമായി നോക്കി

“നിങ്ങൾ ഈ ഇരിക്കുന്ന വീടും സ്ഥലവും ഒക്കെ വിറ്റിട്ട് എങ്ങോട്ട് പോകും? ഇളയ ഒരു കൊച്ച് കൂടിയില്ലേ? അത് വേണ്ട. ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയതാണെന്ന് വിചാരിച്ച മതി. പിന്നെ. ആൽബി ഓസ്ട്രേലിയക്ക് പോകുന്നതിന്റെ ചിലവിലേക്ക് ആണല്ലോ ഈ കാശ് മേടിക്കാൻ ഇരുന്നത്. അവനു ഇൻഫോസിസിൽ ജോലിയായി. തിരുവനന്തപുരത്ത. അന്നയും കമ്പ്യൂട്ടർ ഏതാണ്ടല്ലേ പഠിച്ചത്? അവിടെ തന്നെ കിട്ടുമല്ലോ. അത് കൊണ്ട് കാശ് ഒന്നും വേണ്ട.. നിങ്ങളുടെ അവസ്ഥ ഒക്കെ അറിയാം. കല്യാണത്തിന് നിങ്ങളുടെ കൊച്ചിന് നിങ്ങളുടെ വക നിങ്ങൾക്ക് എന്ത് ആകുന്നോ അത് കൊടുത്താൽ മതി. കല്യാണം ഞങ്ങളാണല്ലോ നടത്തുന്നത്?”

തോമസ് അന്തം വിട്ട് മേരിയെ നോക്കി

അന്നയും സാറയും പരസ്പരം നോക്കിപ്പോയി

മേരി നിറഞ്ഞ കണ്ണുകളോടെ ഉള്ളു കൊണ്ട് കർത്താവെ  എന്ന് വിളിച്ചു പോയി

ഇതൊക്ക സ്വപ്നം ആണോ സത്യം ആണോ എന്നവർ ചിന്തിച്ചു

എങ്ങനെ മനസ്സ് മാറി?

സാറയ്ക്ക് മാത്രം അത്  അവിശ്വസനീയം ആയിരുന്നു

അന്നമ്മയുടെ സ്വഭാവം എല്ലാവരും പറഞ്ഞു അവൾക്ക് നന്നായി അറിയാം

ഈ കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോ തന്നെ പള്ളിയിൽ വെച്ചു സ്ത്രീകൾ പറഞ്ഞതെല്ലാം. അവൾ കേട്ടതാണ്

ഇത് വെറുതെ ഒന്നുമല്ല

എന്തോ തിരിമറി നടന്നിട്ടുണ്ട്

അവരുടെ മുഖത്ത് ഒരു കള്ളലക്ഷണം ഉണ്ട്

“മോളുടെ പഠിത്തം ഒക്കെ കഴിഞ്ഞോ?”

“എക്സാം ആണ് അടുത്ത ആഴ്ച “

അവൾ മെല്ലെ പറഞ്ഞു

അന്നമ്മ സാറയോട് ചോദിച്ചു

സത്യത്തിൽ അവർക്ക് സാറയെ ആണ് ഇഷ്ടപ്പെട്ടത്

മനസമ്മതം കഴിഞ്ഞു ബന്ധുക്കൾ എല്ലാം പറഞ്ഞതും അതായിരുന്നു

“ഇളയ പെണ്ണിനെ കണ്ടോ ഹൊ സിനിമ നടിയെ പോലുണ്ട്. എന്തായാലും ഗതി ഇല്ലാത്തടത്തുന്നു കെട്ടി. എന്നാ പിന്നെ അതിനെ നോക്കിക്കൂടാരുന്നോ. നമ്മുടെ കൂട്ടത്തിൽ ഇല്ല ഇങ്ങനെ ഒരു സുന്ദരിക്കൊച്ച് “

അന്നമ്മ സാറയുടെ മുഖത്ത് നിന്ന് കണ്ണെടുത്തിട്ടില്ല

പ്രാർത്ഥനയും വിശ്വാസവും അടക്കവും ഒതുക്കവും ഒക്കെ ഉള്ള നല്ല ഒരു കൊച്ചാണെന്ന് നാട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്

ടീച്ചർ ആകാൻ പഠിക്കുവാത്രെ

“പിന്നെ സ്കൂളിൽ കയറും അല്ലിയോ?”

“ഉം കുരിശുങ്കലെ സ്കൂളിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ അവിടെ കയറും “

അവരുടെ  മുഖം കുരിശുങ്കൽ എന്ന് കേട്ടതും വിളറി

ആ വിളർച്ച സാറ ശ്രദ്ധിക്കുകയും ചെയ്തു

“അവിടെ ഏഴാം ക്ലാസ്സ്‌ വരെയേ ഉള്ളോ മോളെ?”

ജോസഫ് ചോദിച്ചു

“”ഈ വർഷം മുതൽ ഹൈ സ്കൂളു വരും. പത്താം ക്ലാസ്സ്‌ വരെ “

“നല്ലതാ. എക്സ്പീരിയൻസ് ആകും.”

സാറ തലയാട്ടി

“പത്തൊമ്പത് വയസ്സല്ലേ ഉള്ളു?”

സാറ തലയാട്ടി

“ഈ പ്രായത്തിൽ ജോലിക്ക് കേറുന്നത് ഭാഗ്യം കേട്ടോ മോളെ. മിടുക്കിയ സാറ എന്ന് പള്ളിയിൽ പോകുമ്പോൾ പെണ്ണുങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്.. ഇത്ര മിടുക്കിയാണെന്ന് അറിഞ്ഞൂടാരുന്നു.”

അന്നമ്മ അവളെ പുകഴ്ത്തി

അന്നയുടെ മുഖം ഇരുണ്ടു

വന്നപ്പോൾ മുതൽ സാറയിലാ പെണ്ണുംപിള്ളയുടെ കണ്ണ്

തന്നെ മനഃപൂർവം കുത്തി നോവിക്കുവ

നോക്കുന്നു പോലുമില്ല

ദുഷ്ടത്തി

സാറ അവളുടെ ഇഷ്ടക്കേട് ശ്രദ്ധിച്ചു

മെല്ലെ അടുക്കളയിലേക്ക് പോയി

പിന്നെ  അവർക്ക് ചായ ഉണ്ടാക്കി കപ്പുകളിൽ പകർന്നു കൊണ്ട് കൊടുത്തു

കുപ്പികളിൽ ഇരിക്കുന്ന  ഉപ്പേരിയും ബിസ്കറ്റും പാത്രങ്ങളിൽ ആക്കി അതും കൊണ്ട് വെച്ചു തിരിച്ചു പോരുന്നു

“ഞാൻ പള്ളിയിലോട്ട് പോവാണേ “

അവരോടും കൂടി പറഞ്ഞു അവൾ ഇറങ്ങി നടന്നു

“മോൾക്ക് വലിയ ഭക്തി ആണല്ലേ?”

ജോസഫ് തോമസിനോട് ചോദിച്ചു

“അതെ പള്ളിക്കാര്യത്തിൽ വലിയ ശ്രദ്ധയാ. പ്രാർത്ഥനയും നോമ്പും അങ്ങനെ ആണ് “

“ഭാഗ്യം “

ആരോ പറഞ്ഞു

സാറ നടന്നു പോകുമ്പോൾ ചാർളിയെ വിളിച്ചു

“ഞാൻ പള്ളിലോട്ട് പോവാണേ. അവരൊക്കെ വന്നിട്ടുണ്ട് അത് കൊണ്ട് രാവിലെത്തെ കുർബാനക്ക് പോകാൻ പറ്റിയില്ല. ഇപ്പൊ പോവാ “

“ഞാൻ വന്നേക്കാം. ഒരുങ്ങുവായിരുന്നു “

അവൾ മൂളി

“എനിക്കു കുറച്ചു കാര്യം ഉണ്ടാരുന്നു പറയാൻ “

“പള്ളി കഴിഞ്ഞു നിൽക്കാം ഞാൻ “

അവൾ സമ്മതിച്ചു

പള്ളിയിലെ രണ്ടാമത്തെ പ്രാർത്ഥന തുടങ്ങുന്നേയുള്ളായിരുന്നു

അവൾ കൊയർ ഗ്രൂപ്പിൽ കയറി നിന്നു പ്രാർത്ഥന തുടങ്ങിയാ പിന്നെ സർവവും മറന്ന് പോകും അവൾ

രണ്ടാമത്തെ  പ്രാർത്ഥന കഴിഞ്ഞു പള്ളി പിരിഞ്ഞു തുടങ്ങി

ഷേർളിയെ കണ്ട് അവൾ ഓടി ചെന്നു

ബെല്ല അന്ന് രാത്രി ഒരു നോട്ടം കണ്ടെങ്കിലും അപ്പോഴാണ് ശരിക്കും കാണുന്നത്

കണ്ണെടുക്കാതെ അവൾ സാറയെ നോക്കു നിന്നു പോയി

ഇളം റോസ് ഉടുപ്പിൽ ഒരു റോസപ്പൂവ്

അവളുടെ നിറവും ഉടുപ്പിന്റെ നിറവും തമ്മിൽ വേർതിരിച്ചു അറിയാൻ കഴിയുന്നില്ല

വിടർന്ന കണ്ണുകൾ മഷിയെഴുതി ഭംഗി കൂടിയിരിക്കുന്നു

ചെറിയ ഒരു പൊട്ടുണ്ട് നെറ്റിയിൽ

തീർന്നു

ഒരുക്കങ്ങൾ

അരകവിഞ്ഞു കിടക്കുന്ന മുടി ഇടക്ക് ഒരു ബാൻഡ് ഇട്ട് നിർത്തിയിട്ടുണ്ട്

തലയിൽ സ്കാർഫ്

“ഇത് ബെല്ല മൂത്ത മകന്റെ ഭാര്യയാ. ഇത് അവളുടെ മോള് ടെസ്സ “

സാറ കുഞ്ഞിന്റെ മുഖത്ത് ഒന്ന്  തൊട്ടു

“ഏത് ക്ലാസ്സിലായി മോൾ?”

“ഇനിം സെക്കന്റ്‌ “

അവൾ രണ്ടു വിരലുകൾ ഉയർത്തി
സാറ ചിരിച്ചു

അവളുടെ നുണക്കുഴിയിലേക്ക് നോക്കി നിന്നു പോയി ബെല്ല

സ്റ്റാൻലി അവർക്ക് അരികിലേക്ക് വന്നപ്പൊ സാറയ്ക്ക് ചെറിയ ഒരു പരിഭ്രമം തോന്നി

“മോളുടെ പഠിത്തം തീർന്നോ?”

“അവസാന പരീക്ഷ അടുത്ത ആഴ്ച ആണ് “

അവൾ  വിനയത്തോടെ പറഞ്ഞു

“അത് കഴിഞ്ഞു സ്കൂളിൽ പോരെ. വെറുതെ നിൽക്കണ്ട “

അവൾ പെട്ടെന്ന് അറിയാതെ ചാർളിയെ നോക്കി പോയി

അവൻ കുറച്ചു മാറി നിൽക്കുകയായിരുന്നു

“ബുദ്ധിമുട്ട് ഉണ്ടോ?”

സ്റ്റാൻലി ചോദിച്ചു

“അയ്യോ ഇല്ല. വരും.. വന്നോളാം “

അവൾ പെട്ടെന്ന് പറഞ്ഞു

“അത് ഞാൻ ഓർത്തില്ല കേട്ടോ മോള് പഠിക്കുന്നതേയുള്ളായിരുന്നു ഓർമ്മ. ഇത് ഓർത്തില്ല. ഗവണ്മെന്റ് ജോലി കിട്ടുന്ന വരെ ഞങ്ങളുടെ സ്കൂളിൽ പോരെ.. നല്ല ശമ്പളം തരും കേട്ടോ “

സാറ ചിരിച്ചു പോയി

അവരങ്ങനെ ചിരിച്ചു സംസാരിച്ചു നിൽക്കുന്ന കണ്ട് കൊണ്ട് ചാർലി മാറി നിന്നു

സത്യത്തിൽ ഒരു പാട് പേര് ആഗ്രഹിക്കുന്ന പെണ്ണായിരുന്നു സാറ

അവളെ മരുമകൾ ആയി കിട്ടാൻ പലരും ആഗ്രഹിച്ചു

അത്രക്ക് നല്ല പെൺകുട്ടിയാണെന്ന് പൊതുവെ ഒരു സംസാരമുണ്ടായിരുന്നു പള്ളിയിൽ

ഷെല്ലി അങ്ങോട്ടക്ക് ചെല്ലുന്നത് ചാർലി കണ്ടു

“അച്ചായാ ഇത് സാറ. ടീച്ചർ ആകാൻ പഠിക്കുവാ. അല്ല ആയി.. അല്ലിയോ “

സാറ മെല്ലെ കൈ കൂപ്പി

ഷെല്ലി അവളെ നോക്കി ഒന്ന് പിശുക്കി ചിരിച്ചു

“ഷെറിയുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് സാറായ..”

ഷെല്ലിക്ക് ഓർമ്മ വന്നത്

ക്രിസ്റ്റി വാ തോരാതെ പുകഴ്ത്തിയ ഒരു പെൺകുട്ടി

മക്കൾ ഒരു പാട് മാറിപ്പോയി എന്ന് കഴിഞ്ഞ തവണ വിളിച്ചപ്പോ പോലും അവൻ പറഞ്ഞു

അത് ഇവളായിരുന്നോ

നല്ല സുന്ദരികുട്ടിയാണ്

നല്ല അടക്കം ഒതുക്കം

“ശരി മോളെ ഇറങ്ങുവാ..”

സാറ തലയാട്ടി

അവർ നടന്നു പോകുമ്പോൾ അവൾ ചാർളിയെ നോക്കി

അവൻ വരാം എന്ന് കണ്ണ് കൊണ്ട് ഒരു സൂചന കൊടുത്തു

“ഞാൻ അച്ചനെ ഒന്ന് കണ്ടെച്ചും വരാം എന്തോ കുറച്ചു ജോലി ഉണ്ടെന്ന് പറഞ്ഞാരുന്നു “

അവർ കാറിൽ കയറാൻ പോകുമ്പോൾ അവൻ പറഞ്ഞു

“നീ എങ്ങനെ വരും?”

“ഞാൻ നടന്നു വന്നോളാം “

അവൻ പറഞ്ഞു

കാർ അകന്ന് പോയപ്പോ അവൻ അവൾക്ക് അരികിൽ ചെന്നു

അവർ ഒതുങ്ങി മാറി ഒരിടത് ഇരുന്നു

“അപ്പ പറഞ്ഞു പരീക്ഷ കഴിഞ്ഞു സ്കൂളിൽ വരാൻ. ഇച്ച പറഞ്ഞാരുന്നോ?”

അവനു അതിശയം തോന്നി

“ഞാൻ പറഞ്ഞില്ലല്ലോ “

“ഞാൻ വിചാരിച്ചു ഇച്ച പറഞ്ഞുന്ന..”

“ഇല്ലടി “

“ഉം “

അവൻ ചുറ്റും നോക്കി

ആരുമില്ല

പോക്കെറ്റിൽ നിന്ന് ഒരു സാധനം എടുത്തു കൊടുത്തു

“ഇതെന്താ?”

“നോക്ക് “

അവൾ അത് തുറന്നു നോക്കി

അവളുടെ ഉടുപ്പിന്റെ നിറമുള്ള ഒരു സ്കാർഫ്

മനോഹരം ആയ ഒന്ന്

“ശോ ഈ നിറം തന്നെ എവിടെ നിന്ന്?”

“കുറച്ചു വാങ്ങി. പക്ഷെ എല്ലാം പോക്കെറ്റിൽ വെച്ചു വരാൻ കഴിയില്ലല്ലോ “

അവൾ സ്നേഹത്തോടെ അവനെ നോക്കിയിരുന്നു

“ഇതൊക്ക വാങ്ങുന്നത് ഒറ്റയ്ക്കാണോ?,

“പിന്നെ അല്ലാതെ? തോട്ടത്തിലെയും സ്കൂളിലെയും കാര്യത്തിന് ചിലപ്പോൾ ടൗണിൽ പോകും. അപ്പൊ നിന്നെ ഓർക്കും. ഓരോന്നും വാങ്ങിച്ചു വെയ്ക്കും.. കുറെയൊക്കെ കല്യാണത്തിന് ശേഷം തരാനുള്ളതാ “

സാറയ്ക്ക്. അത് മനസിലായില്ല

“അതെന്താ?”

അവൻ ഒരു കള്ളച്ചിരി ചിരിച്ചു

“അപ്പൊ അറിഞ്ഞ മതി “

അവൾ ചുണ്ട് കൂർപ്പിച്ചു

നഖം കയ്യിൽ അമർത്തി

“പറ “

“ദേ പെണ്ണെ നെഞ്ചിൽ വരഞ്ഞത് ചുവന്നു കിടക്കുന്നുണ്ട് കേട്ടോ “

“നോക്കട്ട് “അവൾ കൈ നീട്ടി

“പോടീ “

അവൻ ആ കൈയിൽ പിടിച്ചു

“എന്താ എന്റെയല്ലേ അത്?”

അവൾ കണ്ണുകൾ ആ കണ്ണുകളിൽ കോർത്തു

ചാർലിക്ക് ശബ്ദം കിട്ടിയില്ല

“എന്റെയല്ലേ ഇച്ചന്റെ എല്ലാം?” അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു

ചാർലി അവളെ തന്നെ നോക്കിയിരുന്നു
“പറ “

“നിന്റെ മാത്രം “

അവൻ മന്ത്രിച്ചു

തുടരും…….

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *