പ്രഥമമായ അന്വേഷണത്തിൽ എത്തേണ്ട സ്ഥാപനത്തിൽ ആ ചെറുപ്പക്കാരൻ എത്തിയിട്ടില്ല. മരിച്ചോ ജീവിച്ചോയെന്ന് പോലും അറിയില്ല. സംസ്ഥാന പോലീസുകാർക്ക് കല്ല്യാണിയമ്മയുടെ മോന്റെ പൊടിപോലും കണ്ടെത്താൻ ആയില്ല….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ബസ്സിൽ നിന്ന് ഇറങ്ങിയ ആൾക്കാരിൽ നിന്നുമൊരു സ്ത്രീ എന്റെ ബേക്കറിയിലേക്ക് വന്നു. പ്രായമൊരു നാൽപ്പത് താണ്ടില്ല. മുറുക്കാൻ ചവക്കുന്നതു കൊണ്ട് എനിക്ക് വായ തുറക്കാൻ പറ്റിയില്ല. എന്തായെന്ന ഭാവത്തിൽ നെറ്റി മേലോട്ട് നിവർത്തുമ്പോഴേക്കും അവളുടെ ചുണ്ടുകൾ അനങ്ങിയിരുന്നു.

‘ഇവിടെവിടെയോ ഒരു അനാഥാലയമില്ലേ… അങ്ങോട്ടേക്ക് പോകാനാ…’

ഞാൻ കടയിൽ നിന്ന് പുറത്തേക്കിറങ്ങി മൂലയിലേക്ക് ആഞ്ഞു തുപ്പി. അതിന്റെ അടുത്ത് നിന്നു വട്ടം ചുറ്റുന്നുണ്ടായിരുന്ന കല്ല്യാണിയമ്മ നിനക്കെന്താണ്ട്ര കണ്ണില്ലേയെന്ന് എന്നോട് ചോദിച്ചു. കാറ്റിൽ പറന്ന ഏതാനും മുറുക്കാൻ തുള്ളികൾ കല്ല്യാണിയമ്മയുടെ കൈയ്യിൽ തെറിച്ചെന്ന് തോന്നുന്നു.

‘ആ.. നിങ്ങക്കെന്താ അറിയണ്ടേ.. അനാഥാലയമല്ലേ… ദേ.. ഈടുന്ന് നേരെ പോയി വലത്. പിന്നെയിടത്.’

കടയിലേക്ക് വന്ന സ്ത്രീ ഞാൻ ചൂണ്ടിയ ദിക്കിലേക്ക് നോക്കി. നടക്കേണ്ട ദൂരമേയുള്ളൂവെന്ന് അവൾ ചോദിക്കും മുമ്പേ ഓട്ടോ പിടിക്കുന്നതായിരിക്കും നല്ലതെന്ന് ഞാൻ പറയുകയായിരുന്നു. ബസ്റ്റോപ്പിന്റെ എതിർവശത്തായി നിർത്തിയിട്ടിരിക്കുന്ന മൂന്നു നാല് ഓട്ടോകളുടെ അടുത്തേക്ക് അവൾ നടന്നു.

‘മിട്ടായി വല്ലതും വാങ്ങണമെങ്കിൽ ഈടുന്ന് വാങ്ങിക്കോട്ടോ.. ആട വേറെ കടയൊന്നുല്ല…’

അതുകേട്ടപ്പോൾ പറഞ്ഞത് നന്നായെന്നും പറഞ്ഞ് തിരിച്ചു നടക്കുകയായിരുന്നു ആ സ്ത്രീ. ആവിശ്യത്തിന് മിട്ടായികൾ പൊതിഞ്ഞു കൊടുക്കുമ്പോൾ പിറന്നാളാണോയെന്ന് ഞാൻ ചോദിച്ചു.

‘അല്ലല്ലോ… എന്താ അങ്ങനെ ചോദിച്ചേ..?’

സാധാരണ പിറന്നാളുകാരാണ് അനാഥാലയം അന്വേഷിച്ച് വരാറുള്ള തെന്നായിരുന്നു എന്റെ മറുപടി. കടയിലെ ഏറ്റവും വില കുറഞ്ഞ മിട്ടായികളുമായി ഞാനും എന്റെ പിറന്നാളിന് പോകാറുണ്ടെന്ന് എനിക്ക് പറയാൻ തോന്നിയില്ല. കാശ് തരുമ്പോൾ താൻ ഒരാളെ ദത്തെടുക്കാൻ വന്നതാണെന്ന് ആ സ്ത്രീ പറഞ്ഞു.

‘ചാക്ക് കൊണ്ടുവന്നിട്ടുണ്ടോ…?’

അതുവരെ ഉയരാതിരുന്ന ശശാങ്കന്റെ ശബ്ദമായിരുന്നുവത്. എന്റെ ചുമരിനോട് ചേർന്നുള്ള തന്റെ ബാർബർ ഷോപ്പിൽ നിന്നൊരു തമാശയെന്നോണമാണ് അവൻ പറഞ്ഞത്. അത് ആ സ്ത്രീക്ക് ഇഷ്ടപ്പെട്ടില്ല.

‘ചാക്കോ!’

അവൾ നെറ്റി ചുളിച്ചു. അതിന് അതിന്റേതായ നിയമ നടപടികൾ ഉണ്ടെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ശശാങ്കൻ അപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വരുകയായിരുന്നു. വിവരങ്ങൾ അറിയാനും കൂടി ആയിരിക്കില്ലേ അനിയാ വന്നതെന്ന് പറഞ്ഞ് അവൾ ഓട്ടോ നിർത്തിയിരിക്കുന്ന ഇടത്തേക്ക് നടന്നു.

‘ജാഡ കണ്ട ആ സാധനത്തിന്റെ…’

ആ സ്ത്രീയെ നോക്കികൊണ്ട് ശശാങ്കൻ എന്നോട് പറഞ്ഞു. എനിക്കത് ഇഷ്ട്ടപ്പെട്ടില്ല.

‘ബന്ധമെല്ലാം ബന്ധം… എന്റെ കടയിലേക്ക് കയറി വരുന്നവരോട് ഒരുമാതിരിയുള്ള നിന്റെ സംസാരം നിർത്തിക്കൊള്ളണം ശശാങ്കാ…’

എന്നും പറഞ്ഞ് നേരത്തെ തുപ്പിയ മൂലയിലേക്ക് ഒരു സ്റ്റീൽ ഗ്ലാസ്‌ വെള്ളവുമായി ഞാൻ നടന്നു. അപ്പോഴാണ് ശശാങ്കൻ എനിക്കത് കാണിച്ചു തന്നത്. സ്റ്റോപ്പിൽ നിർത്തിയ ബസ്സിന്റെ കണ്ടക്റ്ററോട് കല്ല്യാണിയമ്മ തട്ടിക്കയറുന്നു. ഇതിന് അടങ്ങിയൊതുങ്ങി വീട്ടിൽ ഇരുന്നാൽ പോരെയെന്നും പറഞ്ഞ് അവൻ ചിരിക്കുന്നുണ്ടായിരുന്നു. കല്യാണിയമ്മയുടെ വട്ട് മൂക്കുന്നുണ്ടോയെന്ന് ഞാനും സംശയിച്ചു.

മൂന്നു കൊല്ലമായി സദാസമയം കല്ല്യാണിയമ്മ ഈ ബസ്റ്റോപ്പിന്റെ അടുത്തുണ്ടാകും. തൊട്ടടുത്താണ് വീട്. അതുകൊണ്ട് ബസ്സ് നിർത്തുമ്പോഴെല്ലാം കല്ല്യാണിയമ്മ ഓടിവരും. എന്നിട്ട് തന്റെ മകനുണ്ടോയെന്ന് എത്തി നോക്കും. ഇല്ലെന്ന് പറഞ്ഞാലും കയറി നോക്കണം. ഇതുവഴി പോകുന്ന ബസ്സ് യാത്രക്കാർക്ക് കല്ല്യാണിയമ്മ ഇന്നൊരു ശീലമാണ്.

ആകെയുള്ള മോനായിരുന്നു. ഒരുനാൾ ജോലി കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് അന്യസംസ്ഥാനത്തിലേക്ക് പോയ പോക്കാണ്. അടുത്ത വരവിന് അവന് കെട്ടാനൊരു പെണ്ണിനേയും കണ്ടെത്തി കല്ല്യാണിയമ്മ കാത്തിരുന്നു. പിന്നെയൊരു വിവരവുമില്ല.

പ്രഥമമായ അന്വേഷണത്തിൽ എത്തേണ്ട സ്ഥാപനത്തിൽ ആ ചെറുപ്പക്കാരൻ എത്തിയിട്ടില്ല. മരിച്ചോ ജീവിച്ചോയെന്ന് പോലും അറിയില്ല. സംസ്ഥാന പോലീസുകാർക്ക് കല്ല്യാണിയമ്മയുടെ മോന്റെ പൊടിപോലും കണ്ടെത്താൻ ആയില്ല.

അതൊരു ദയനീയമായ അവസ്ഥയാണ്. വേണ്ടപ്പെട്ടവരെ പെട്ടെന്നൊരു നാൾ തൊട്ട് കാണാതിരിക്കുകയെന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഒരു സുപ്രഭാതത്തിൽ സ്കൂളിൽ പോയ എന്റെ മക്കളെ കാണാതിരുന്നാൽ..! ഓഹ്! ഓർക്കാനേ വയ്യ!

പഞ്ചായത്ത് മെമ്പർ കല്ല്യാണിയമ്മയേയും കൂട്ടി ഭ്രാന്തിന്റെ ഡോക്റ്ററെ കാണാൻ പോയ കഥ നാട്ടിൽ പാട്ടാണ്. തിക്കിലും തിരക്കിലും പെടാത്ത ഇവിടുത്തെ അനാഥാലത്തിൽ താമസിക്കാനും കല്ല്യാണിയമ്മയ്ക്ക് അവസരമുണ്ടായിരുന്നു. ആരേയും കൂസാക്കാത്തയൊരു പ്രത്യേക സ്വഭാവമാണ് കല്ല്യാണിയമ്മയുടേത്.

രണ്ടു മണിക്കൂർ കഴിഞ്ഞു കാണും. മിട്ടായിയും വാങ്ങി അനാഥാലയത്തിൽ പോയ സ്ത്രീ തിരിച്ചു വന്നു. ഓട്ടോ ഇറങ്ങിയപ്പോൾ ഇങ്ങോട്ടൊന്ന് നോക്കിയെന്നല്ലാതെ പ്രതീക്ഷിച്ചയൊരു ചിരിയെനിക്ക് ലഭിച്ചില്ല.

അവൾ ബസ്സ് സ്റ്റോപ്പിൽ നിൽക്കുകയാണ്. തൊട്ടടുത്ത് കല്ല്യാണിയമ്മയും ഉണ്ടായിരുന്നു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ചിരിക്കുന്നുണ്ട്. അതിനും മാത്രം എന്താണാവോ അവർ തമ്മിൽ സംസാരിച്ചത്..!

വൈകാതെ അവരുടെ മുന്നിലൊരു ബസ്സ് വന്നു നിന്നു. ആ സ്ത്രീയോടൊപ്പം കല്ല്യാണിയമ്മയും അകത്തേക്ക് കയറി. ബസ്സ് ചലിക്കുന്നതു വരെ നോക്കി നിന്നിട്ടും കല്ല്യാണിയമ്മ ഇറങ്ങി വരുന്നത് എനിക്ക് കാണാനായില്ല.

ആ സ്ത്രീ പറഞ്ഞത് ശരിയായിരുന്നു. താൻ ദത്തെടുക്കാൻ വന്നതാണെന്ന് തന്നെയാണ് അവൾ പറഞ്ഞത്! അപ്പോഴും കണ്മുന്നിൽ കണ്ടതൊന്നും ഉൾക്കൊള്ളാനാകാതെ ഒരുപിടി മിച്ചറെടുത്ത് വായിലേക്കിടാനേ എനിക്ക് തോന്നിയുള്ളൂ….!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *