പ്രൊഫൈൽ പിക്ച്ചർ
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
നാൽക്കവല. പ്രദീപ്, വാച്ചിലേക്കു നോക്കി. പത്തേമുക്കാലായിരിക്കുന്നു. സ്റ്റാൻഡിൽ വരിയിട്ട ഓട്ടോകളിലേക്കു മിഴികൾ നീണ്ടു ചെന്നു. ഏഴ് ഓട്ടോകൾ കൂടി മുന്നിലുണ്ട്. രാവിലെ ഒമ്പതുമണിക്ക് സ്റ്റാൻഡിൽ എത്തിയതാണ്. ഇന്ന്, ഒരു മണിക്കൂറോളം വൈകിയാണെത്തിയത്. വണ്ടിയുടെ ചില അറ്റകുറ്റങ്ങൾ തീർക്കാൻ വർക്ക്ഷോപ്പിൽ പോയതാണ്. അതിനായി ചെലവിട്ട രണ്ടായിരം രൂപയുടെ ബില്ലു മാത്രമാണ്, ഇപ്പോൾ കീശയിലുള്ളത്.
ഇന്ന്, ആരും മൊബൈൽ ഫോണിലും ഓട്ടം വിളിച്ചില്ല. അങ്ങാടിയിൽ നല്ല തിരക്കുണ്ട്. സ്ത്രീപുരുഷ ഭേദമില്ലാതെ, തലമുറ വ്യതിയാനമില്ലാതെ ജനങ്ങൾ വിവിധയിനം ഇരുചക്രവാഹനങ്ങളിൽ തലങ്ങും വിലങ്ങും പോയ്ക്കൊണ്ടിരുന്നു.
പൊതുഗതാഗത സൗകര്യങ്ങൾ നിലച്ച കൊറോണക്കാലത്തെ അതിജീവിക്കാൻ ജനങ്ങൾ കൂടുതൽ ഇരുചക്രവാഹനങ്ങൾ വാങ്ങിക്കൂട്ടിയതിൻ്റെ പാർശ്വഫലം, ഇന്ന് ഓട്ടോറിക്ഷക്കാർ അനുഭവിക്കുന്നുമുണ്ട്. പ്രദീപിൻ്റെ ഫോണിലെ വാട്സ്ആപ്പ് മെസെഞ്ചർ ശബ്ദിച്ചു. ഫോൺ തുറന്നു..ഭാര്യയുടെ സന്ദേശമാണ്.
“പ്രദീപേട്ടാ, നാളെ പതിനഞ്ചാം തിയതിയാണ്. ബജാജിൻ്റെ ലോൺ ഡേറ്റ്. ഏട്ടൻ മറന്നിട്ടുണ്ടാവില്ലാന്നറിയാം. രണ്ടായിരത്തഞ്ഞൂറു വേണം. രാവിലെ പറയാൻ മറന്നു”
അയാൾ, ഫോണിലെ കോൺടാക്റ്റുകളിലെ പ്രൊഫൈൽ ചിത്രങ്ങളിലേക്കു നോക്കിയിരുന്നു. അന്നേരത്താണ്, തൊട്ടുമുൻപിലെയും പുറകിലെയും ഓട്ടോസാരഥികൾ അവൻ്റെയരികിലേക്കു വന്നത്.
“എന്തൂട്ടാ പ്രദീപേ, മൊബൈലിൽ തിരയണത്? അനുജൻ അയച്ച പൈസ നോക്കുകയാണോ? ഇന്നാള്, നിൻ്റെ അനിയൻ്റെ അമ്മായിയമ്മയെ അവരുടെ വീട്ടിൽ ഞാനാണു കൊണ്ടുവിട്ടത്. പഴയ ചെറുവീടൊക്കെ മാറീല്ലോ..നല്ലൊരു കോൺക്രീറ്റ് വീട്. അനിയൻ്റെ അളിയനു പുത്തൻ ബൈക്കൊക്കെയായല്ലൊ.
അനുജൻ, കാനഡയിൽ എഞ്ചിനീയറാണെങ്കിലും അന്നു ചെറിയ വീട്ടിൽ നിന്നും ബന്ധം സ്ഥാപിച്ചതു നന്നായി. ആ പെൺകുട്ടിക്കും ഇല്ലായ്മയുടെ വിഷയങ്ങളറിയാമല്ലൊ. ചേട്ടനെ അവനു മറക്കാൻ കഴിയോ; നിൻ്റെ അദ്ധ്വാനമല്ലെ അവനെ വലിയ നിലയിലെത്തിച്ചത്. അവരു കല്യാണം കഴിഞ്ഞുപോയിട്ട് ഇതുവരെ നാട്ടിൽ വന്നില്ലല്ലോ. അച്ഛനും, പിന്നാലെ അമ്മയും മരിച്ചപ്പോളും അവരെത്തിയില്ല. അവൻ്റെ അമ്മായിയമ്മ ഇതിനിടേലു നാലു തവണ കാനഡയിൽ പോയെന്നു പറഞ്ഞു. നിനക്കും പോയിക്കൂടെ?
രക്ഷപ്പെടാലൊ. ഒരു ഓട്ടോ കുറഞ്ഞാൽ, അത് ഞങ്ങൾക്കും ആശ്വാസമാകും”
പ്രദീപ്, പുഞ്ചിരിച്ചു. അയാൾ ഒരിക്കൽ കൂടി വാട്സ്ആപ്പ് മെസേഞ്ചർ തുറന്നു.
അനുജൻ്റെ പ്രൊഫൈൽ പിക്ച്ചർ മാറ്റിയിരിക്കുന്നു. അവൻ്റെ പുതിയ കാറിനു മുന്നിലായി, അവനും ഭാര്യ ശ്രീദേവിയും നാലുവയസ്സുകാരി മകളും നിൽക്കുന്ന ചിത്രം. മോളുടെ പുഞ്ചിരിക്കും, വിടർകണ്ണുകൾക്കും തറവാടിൻ്റെ ഛായയുടെ പ്രതിഫലനം. പ്രദീപ്, അനുജൻ അവസാനമയച്ച മെസേജിലേക്കു മിഴികൾ നിരക്കി. ആ ലഘു സന്ദേശത്തിനു അഞ്ചുവർഷത്തോളം പഴക്കമുണ്ടായിരുന്നു.
“ശ്രീദേവി, പ്രസവിച്ചു. പെൺകുഞ്ഞാണ്. ദേവികയെന്നാണു പേരു കൊടുത്തിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു”
‘പാവപ്പെട്ട ഇടത്തിൽ നിന്നും കഴിച്ചതിൻ്റെ പുണ്യം’
മനസ്സിൽ പിറുപിറുത്ത്, അവൻ ഫോൺ പോക്കറ്റിലിട്ടു. അന്നേരം, കൂട്ടുകാരുടെ ചർച്ച മുറുകുകയായിരുന്നു. കാനഡയിലേക്കുള്ള പോക്കും, അവിടത്തെ സുഖലോലുപതയുമായിരുന്നു വിഷയം. മൊബൈൽ ഫോണിൽ ആരെങ്കിലും ഒരോട്ടം വിളിച്ചിരുന്നുവെങ്കിലെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. ബജാജിൻ്റെ ലോൺ തുക എങ്ങനെ സംഘടിപ്പിക്കുവാനാകും? ആ ചോദ്യം ബാക്കിയാകുന്നു.
സമയം നീങ്ങിക്കൊണ്ടിരുന്നു. വരിയിൽ ആദ്യമെത്താൻ അയാൾ ഓട്ടോ നിരക്കിക്കൊണ്ടിരുന്നു. അപ്പോഴും ചർച്ചകൾ തുടരുന്നുണ്ടായിരുന്നു.
കാനഡയെ ക്കുറിച്ചുള്ള ചർച്ചകൾ.