എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ
ഭാര്യ ആയിരുന്നവളെ അപ്രതീക്ഷിതമായി കാണുകയും സംസാരിക്കുകയും ചെയ്ത നാളിന്റെ രാത്രിയിലാണ് നെഞ്ച് വേദന വന്നത്. എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിപ്പെട്ടില്ലെങ്കിൽ തട്ടിപ്പോകുമെന്ന് തോന്നിയപ്പോൾ വേദനിക്കുന്ന ഹൃദയവും പിടിച്ച് ഞാൻ കതക് തുറന്നു. അയലത്തെ അശോകന്റെ വീടിന്റെ കാളിംഗ് ബെല്ല് മൂന്ന് വട്ടം അമർത്തുമ്പോഴേക്കും കണ്ണിൽ ഇരുട്ട് കയറി കമിഴ്ന്ന് വീഴുകയായിരുന്നു…
‘പേടിക്കാനൊന്നുമില്ല ഗോവിന്ദേട്ടാ… ഇന്ന് തന്നെ പോകാം…’
ആശുപത്രി കിടക്കയിൽ നിന്ന് ബോധം തെളിഞ്ഞപ്പോൾ അശോകൻ പറഞ്ഞതാണ്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. എളുപ്പത്തിൽ സാധിക്കാത്ത വിധം തളർച്ച അനുഭവപ്പെടുന്നുണ്ട്. പൊട്ടി പോകാൻ പോയ നെഞ്ചും പിടിച്ച് അശോകന്റെ കതകിൽ മുട്ടിയത് ഓർത്തപ്പോൾ ആ പ്രയാസം ഞാൻ മറന്നു.
‘എന്റെ മോനെയൊന്ന് അറിയിക്ക് അശോകാ…’
തറയിലേക്ക് കാലുകൾ ഇട്ട് കിടക്കയിൽ ഇരുന്ന് കൊണ്ടാണ് ഞാനത് പറഞ്ഞത്. കുടുംബ സമേതം മകൻ പുറപ്പെട്ടിട്ടുണ്ടെന്ന് അവൻ പറഞ്ഞു. എനിക്ക് ആശ്വാസമായി. കൊച്ചുമോനെ കാണുമ്പോൾ തന്നെ ഞാൻ ശരിയായിക്കോളും. ജീവിതത്തിന്റെ ആകെത്തുക അവനിൽ ആണെന്ന് പലപ്പോഴും തോന്നാറുണ്ട്.
‘അമ്മ പൊയ്ക്കോട്ടെ അച്ഛാ…’
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ മകൻ പറഞ്ഞതാണ്. അന്ന്, അവന് പ്രായം ഇരുപതൊക്കെ ആകുന്നതേയുള്ളൂ. ഇനിയെങ്കിലും തനിക്കൊന്ന് ജീവിക്കണമെന്ന് പറഞ്ഞ് ഭാര്യ പോകുമ്പോൾ, അതായത്, അവന്റെ അമ്മ പോകുമ്പോഴായിരുന്നു ആ പ്രസ്താവന.
അവൾ പോകട്ടേയെന്ന് ഞാനും കരുതി. ഇത്രയും ലാളിത്യത്തോടെയും ബന്ധങ്ങൾക്ക് വേർപെടാമെന്ന് മനസ്സിലായ ചിത്രമാണത്. അതിപ്പോഴും ജീവിതത്തിന്റെ നെറ്റിയിലൊരു ആന്ദോളകമായി തൂങ്ങുകയും, ഓർമ്മകളുടെ നാഴികമണി അടിക്കുകയും ചെയ്യുന്നുണ്ട്.
‘മോന്റെ കാര്യമല്ലാതെ മറ്റൊരു ചിന്തയും നിങ്ങൾക്കില്ല. ഈ വീട്ടിനുള്ളിലെ ജീവിതം മതിയായി. വൈകാതെ ഞാൻ പോകും… അന്നേ നിങ്ങള് പഠിക്കൂ…’
ഇങ്ങനെയൊക്കെ പലപ്പോഴും ഭാര്യ സൂചിപ്പിച്ചിട്ടുണ്ട്. വെറുതേ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ, അവൾക്ക് ശരിക്കും സഹികെട്ടിരുന്നു.
സിനിമകൾ കാണാൻ, ദൂരയാത്രകൾക്ക് പോകാൻ, മഴ നനയാൻ, അങ്ങനെ സാധിച്ച് കൊടുക്കാൻ പറ്റുമായിരുന്ന അവളുടെ നിരവധി ആഗ്രഹങ്ങളെ നിസ്സാരമായി ഞാൻ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഒരുനാൾ, പാതിരാത്രിയിൽ വിളിച്ചുണർത്തി മുറ്റത്തിരിക്കാമെന്ന് അവൾ പറഞ്ഞപ്പോൾ നിനക്ക് പ്രാന്താണെന്നാണ് ഞാൻ കളിയാക്കിയത്. അതിനുള്ള പ്രായമൊക്കെ കഴിഞ്ഞില്ലേയെന്ന തോന്നൽ തന്നെയായിരിക്കണം അപ്പോഴൊക്കെ എന്നെ പിന്തിരിപ്പിച്ചത്. പറഞ്ഞിട്ടെന്ത് കാര്യം! മോനും ഭാര്യയും മാത്രമെന്ന ലോകത്തിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല.
ഡിസ്റ്റാർജായി. ഞാൻ ആശുപത്രി വിട്ടു. രാത്രിയാകുമ്പോഴേക്കും മകനും മരുമോളും കൊച്ചുമോനും വന്നു. അവർ വന്നതിന് ശേഷമാണ് അതുവരെ താങ്ങായി നിന്ന അശോകൻ പോയത്. മക്കളെയൊക്ക കണ്ടപ്പോൾ തന്നെ പാതി വല്ലായ്മകൾ മറഞ്ഞു.
രണ്ട് കാരണങ്ങളിൽ ഭാര്യയും, മകനും വിട്ട് പോയ കാലം തൊട്ട് മൗനം പുതച്ച ആ വീട്ടിൽ പിന്നീടുള്ള നാളുകളിൽ ഉയർന്നത് ബന്ധങ്ങളുടെ ആരവമായിരുന്നു …
ഈ സന്തോഷത്തിന്റെ മുഖങ്ങളും ശബ്ദങ്ങളും എപ്പോഴും അടുത്തുണ്ടായിരുന്നുവെങ്കിലെന്ന് വെറുതേ ആശിച്ച് പോകുകയാണ്. അത് മനസിലാക്കിയിട്ടാണോയെന്ന് അറിയില്ല. എന്റെ ആഗ്രഹത്തിന്റെ വിപരീതദിശയിൽ നാളെ തന്നെ ഞങ്ങൾക്ക് പോകണമെന്ന് പറയാൻ വേണ്ടി ആഴ്ച്ചയൊന്ന് കഴിഞ്ഞപ്പോൾ മകൻ എന്റെ അടുത്തേക്ക് വന്നത്. അവന്റെ പിറകിലായി കൊച്ചുമോനും ഉണ്ടായിരുന്നു. കൂടെ വരുന്നതിനെക്കുറിച്ച് ഒന്നുകൂടി അച്ഛൻ ആലോചിക്കൂവെന്നും പറഞ്ഞാണ് മോൻ മുറിയിൽ നിന്ന് പോയത്.
‘അപ്പൂപ്പനെന്തിനാ ഒറ്റക്ക് ഇവിടെ ജീവിക്കുന്നേ…. നമ്മടെ കൂടെ വന്നൂടെ….’
മകൻ പോയതിന് പിന്നാലെ കൊച്ചുമോൻ പറഞ്ഞതാണ്. കേട്ടപ്പോൾ ചിരിച്ച് പോയി. വിവാഹം കഴിഞ്ഞതിന് ശേഷമാണ് മകൻ നഗരത്തിലേക്ക് മാറിയത്. അന്ന് തൊട്ടേ കൂടെ ചേരാൻ അവൻ വിളിക്കുന്നുമുണ്ട്. എന്തുകൊണ്ടോ എനിക്കതിന് സാധിച്ചില്ല. ആയ കാലത്ത് വിയർപ്പൊഴുക്കി ഉണ്ടാക്കിയ വീട് വിട്ടൊരു വിശ്രമകാലത്തെക്കുറിച്ച് അന്നൊന്നും ചിന്തിക്കാനേ പറ്റിയിരുന്നില്ല. പക്ഷെ, ഇപ്പോൾ…! വേദനിക്കുന്ന ഹൃദയവുമായി ഇനിയും അശോകന്റെ കതകിൽ മുട്ടേണ്ട സാഹചര്യമുണ്ടായാൽ…!
‘ഞാനും നിങ്ങളുടെ കൂടെ വരുന്നുണ്ടെന്ന് അച്ഛനോട് പറ മോനെ…’
അതുകേട്ടപ്പോൾ കൊച്ചുമോൻ സന്തോഷത്തോടെ മുറിയിൽ നിന്ന് ഓടിപ്പോയി. തുടർന്ന് ജീവിക്കാൻ പ്രിയപ്പെട്ടവരും കൂടെ വേണമെന്നുള്ള ദുർബലർക്ക് അവരോടൊപ്പം നടക്കുകയെന്നതേ ചെയ്യാനുള്ളൂ. കുടുബ ജീവിതമെന്നാൽ ആരെയും തടഞ്ഞ് നിർത്താനോ, പിടിച്ച് വെക്കാനോ ഉള്ളതല്ലായെന്നത് പരിപൂർണ്ണമായി എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു.
ഓരോ നാളും കഴിഞ്ഞ് കൂടാനുള്ള വക കണ്ടെത്തുന്ന മനുഷ്യരേക്കാളും, വിശ്രമജീവിതം ഭദ്രമാക്കാൻ പായുന്നവരാണ് കൂടുതൽ. അങ്ങനെ പാഞ്ഞ് വിയർത്ത് ഓരോന്നും ചേർത്ത് വെക്കുമ്പോഴേക്കും പങ്കിടാൻ ഉണ്ടാകുമെന്ന് കരുതിയവർ പല വഴികളിലായി തിരിഞ്ഞ് പോയിട്ടുണ്ടാകും.
അത് ആരുടേയും കുറ്റമൊന്നുമല്ല. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തോന്നിത്തുടങ്ങിയാൽ പിന്നെ തടസ്സങ്ങളൊന്നും മനുഷ്യർക്ക് വിഷയമേയല്ല. ഒഴിഞ്ഞ് മാറി കൊടുക്കാതിരിക്കുമ്പോഴാണ് പലർക്കും പലരേയും തള്ളിയിട്ട് പോകേണ്ടി വരുന്നത്. ആ കാര്യത്തിൽ എനിക്ക് എന്നോട് തന്നെ ബഹുമാനമുണ്ട്.
‘ഇങ്ങനെയൊരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചതേയില്ല. സുഖമെന്ന് കരുതുന്നു…’
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. തേങ്ങ വിറ്റ് കിട്ടിയ പണം ബാങ്കില് അടക്കാൻ പോയപ്പോഴാണ് അവളെ ഞാനന്ന് കണ്ടത്. പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആദ്യ നോട്ടത്തിൽ തന്നെ രണ്ട് പേർക്കും പരസ്പരം മനസ്സിലായി. കൂടെയുള്ള ആളോട് പഴയ ഭർത്താവാണെന്ന് പരിചയപ്പെടുത്തുക കൂടി ചെയ്തപ്പോൾ എനിക്കങ്ങ് വല്ലാണ്ടായി. നോക്കുമ്പോൾ ശരിയാണ്. എന്റേതെന്ന പോലെ അവളുടെ തല നരച്ചിട്ടില്ല. ചർമ്മം ചുളിഞ്ഞിട്ടുമില്ല.
അങ്ങനെയൊരു പഴഞ്ചനായതിന്റെ വല്ലായ്മയും കൊണ്ട് വന്നത് കൊണ്ടായിരിക്കണം ആ രാത്രിയിൽ നെഞ്ച് കനം പിടിച്ചതും. വേദനിപ്പിച്ച് ബോധം കെടുത്തിയതും…
ആസ്വദിക്കാനുള്ളതാണ് ലോകമെന്നത് ആയുസ്സിന്റെ നാൾവഴികളിൽ ഒരിക്കൽ പോലും തോന്നിയിട്ടില്ല. തോന്നുമ്പോഴേക്കും തലയിൽ നര വീണിരിക്കുന്നു. സാരമില്ല. ജീവിക്കാൻ മറന്നുവെന്ന് തോന്നുമ്പോൾ മാറുടഞ്ഞ് മരിക്കേണ്ട കാര്യമൊന്നുമില്ല. കാണാത്തതും കൊള്ളാത്ത തുമായ അനവധി മുഹൂർത്തങ്ങൾ ഇനിയും ഈ ഭൂമിയിൽ ഉണ്ടെന്ന സത്യത്തിൽ വിശ്വസിക്കുക. ഉണർവ്വുകൾക്കെല്ലാം പൂർണ്ണമായും വഴങ്ങുക. നാളുകളുടെ ആയുസ്സ് മാത്രമുള്ള ശലഭങ്ങൾ പാറുന്ന മാനവും മനുഷ്യരുടെ മണ്ണിൽ ഉണ്ടെന്നത് മറക്കാതിരിക്കുക…!!