മണിക്കൂറുകൾക്ക് മുമ്പ് വരെ…ഇത് ആളും ആരവവും നിറഞ്ഞൊരു വീടായിരുന്നു .. സന്തോഷം നിറഞ്ഞ ശബ്ദകോലാഹലങ്ങൾ നിറഞ്ഞു നിന്ന അന്തരീക്ഷം.. ഇപ്പോൾ ആകെ ശോകമൂകമായ പോലെ……

_lowlight _upscale

എഴുത്ത്:-ബിജി ശിവാനന്ദ്

ഏട്ടൻ… അടഞ്ഞുകിടന്ന പൂമുഖ വാതിൽ തുറന്ന് വിനയൻ അകത്തേക്ക് കയറി..വാരിവലിച്ചിട്ടിരിക്കുന്ന അകത്തളങ്ങൾ..

തറയിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന മുല്ലപ്പൂക്കൾ ആളുകൾ ചവിട്ടിയ രച്ചു വാടി കിടക്കുന്നു..

വീടിനുള്ളിൽ നിറഞ്ഞുനിന്ന ശൂന്യത അവനെ വല്ലാതെ പിടിച്ചുലച്ചു..

മണിക്കൂറുകൾക്ക് മുമ്പ് വരെ…ഇത് ആളും ആരവവും നിറഞ്ഞൊരു വീടായിരുന്നു .. സന്തോഷം നിറഞ്ഞ ശബ്ദകോലാഹലങ്ങൾ നിറഞ്ഞു നിന്ന അന്തരീക്ഷം.. ഇപ്പോൾ ആകെ ശോകമൂകമായ പോലെ..

കിളിയൊഴിഞ്ഞൊരു കൂട് പോലെ ശൂന്യമായ ആ വീട്ടിലേക്ക് പ്രവേശിക്കാൻ അവൻെറ മനസ്സ് ഒന്ന് മടിച്ചു…

തൻറെ പ്രിയപ്പെട്ട കുഞ്ഞനുജത്തിയുടെ കല്യാണമായിരുന്നു ഇന്ന്…

അച്ഛൻ മരിക്കുമ്പോൾ..തന്നെ ഏൽപ്പിച്ചു പോയ മൂന്നു .. പെൺകുട്ടികൾ.. തനിക്കൊരിക്കലും അവർ സഹോദരിമാർ ആയിരുന്നില്ല മക്കൾ തന്നെയായിരുന്നു…

അവൻ മെല്ലെ അവളുടെ മുറിയിലേക്ക് നടന്നു…

ശൂന്യമായ ആ മുറി കണ്ടു അവൻെറ നെഞ്ച് പൊട്ടി… എത്രയോ രാത്രികൾ തൻറെ ഉറക്കം കളഞ്ഞു കാവൽ നിന്നിരുന്ന മുറിയാണിത്..

തൻറെ മക്കൾക്ക് വേണ്ടി കാവൽ നിൽക്കുന്ന ഒരു അച്ഛൻറെ നെഞ്ചിടിപ്പോടെ.. ഈ മുറിക്ക് ചുറ്റും ഉറക്കമില്ലാതെ നടന്നിട്ടുണ്ട്…

രാത്രിയിൽ അറിയാതെ ഒന്ന് മയങ്ങിപോയാൽ.. ഒരുചെറിയ ശബ്ദം മതി ഞെട്ടി ഉണരാൻ…ഉണർന്നാൽ പിന്നെ ഒരു ഓട്ടമാണ് ഈ മുറിയുടെ മുന്നിലേയ്ക്കു.. ചാരിയിട്ടിരിക്കുന്ന കതകു തുറന്നു അവർ സുരക്ഷിതരാണെന്നു കണ്ടാൽ മാത്രമേ നെഞ്ചിലെ പിടച്ചിൽ നിലയ്ക്കൂ..ഒരു അച്ഛൻറെ ഉള്ളറിയാൻ അച്ഛനാകേണ്ടി വന്നില്ല..

ഓർക്കുന്തോറും നെഞ്ചിൽ ഭാരം കൂടി വരും പോലെ.അവൻ നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ട് സ്വന്തം മുറിയിലേക്ക് പോയി… വാതിൽ ചാരി മെല്ലെ കിടക്കയിലേയ്ക്ക് ചാഞ്ഞു…

എത്രയോ വർഷത്തെ ഉറക്കമാണ് തന്നെ കാത്തിരിക്കുന്നത്…

“ഇനിയെങ്കിലും നിനക്കൊന്നും ഉറങ്ങാമല്ലോ വിനയ “എന്ന കൂട്ടുകാരുടെ കളിയാക്കലുകൾക്ക് ഒരു പുഞ്ചിരി മാത്രമാണ് പകരം നൽകുക

സത്യമാണ്..ഇനി എനിക്ക് ഉറങ്ങാം സമാധാനമായി.. മെല്ലെ അടഞ്ഞ കണ്ണുകൾക്കു മുന്നിൽ ..തൻറെ മൂന്ന് കുഞ്ഞു അനിയത്തിമാർ സുമംഗലിമാരായി നിൽക്കുന്ന ചിത്രം തെളിഞ്ഞു നിന്നു..

തന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കപ്പെട്ടു എന്ന് സംതൃപ്തി..ആ നിമിഷം അവന്റെ ചുണ്ടിൽ നിറഞ്ഞിരുന്നു..

പതിനാല് കൊല്ലങ്ങൾക്കു മുമ്പ്.. ആശുപത്രിയിൽ ഐ. സി. യൂ.വിന് മുൻപിൽ..ഉയർന്ന നെഞ്ചിടിപ്പോടെ അമ്മയെയും ചേർത്ത് പിടിച്ചു നിൽക്കുമ്പോൾ അറിഞ്ഞില്ല.. അകത്ത് തന്റെ അച്ഛൻ ജീവനുവേണ്ടിയുള്ള അവസാനം പോരാട്ടത്തിലാണെന്ന്..

ഏറെനേരത്തെകാത്തിരിപ്പിനൊടുവിൽ തങ്ങൾക്ക് മുൻപിൽ തുറക്കപ്പെട്ട ഐ. സി. യൂ വിന്റെ വാതിൽ കടന്നെത്തിയ ഡോക്ടറുടെ മുഖം കണ്ടപ്പോഴേ.എല്ലാ പ്രതീക്ഷയും അസ്തമിച്ചു

പേടിപ്പെടുത്തുന്ന വാക്കുകൾ കേൾക്കാനുള്ള ശക്തി ഇല്ലാതെ.വിറയ്ക്കുന്ന ശരീരത്തോടെ അമ്മയെ ഒന്നുകൂടി തന്നിലേക്ക് ചേർത്തമർത്തി..

“ആം.. സോറി..ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട് ഇനി ഈശ്വരന്റെ കനിവിനായി പ്രാർത്ഥിക്കാം..”

“അവിടെയും പ്രതീക്ഷ നൽകുന്നില്ല .. “.. അല്പം കഴിഞ്ഞ് വാർഡിലേക്ക് മാറ്റും… വെറുതെ ഐസിയുവിൽ കിടത്തണ്ടല്ലോ.. ഇനിയുള്ള സമയം അയാൾക്കു നിങ്ങളുടെ സാമീപ്യമാണ് ആവശ്യം..

കാതുകളിൽ ഇരുമ്പ് ഉരുക്കി ഒഴിക്കുന്ന പോലെ ആ വാക്കുകൾ സകല നാഡികളെയും ചുട്ടുനീറ്റുമ്പോൾ .. ഉള്ളിൽ ആന്തൽ പോലെ തെളിഞ്ഞത്… മൂന്നു മുഖങ്ങളായിരുന്നു

അച്ഛൻറെ വരവും കാത്തിരിക്കുന്ന മൂന്ന് സഹോദരിമാർ..

ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുമ്പോൾ അച്ഛൻ തന്റെ മടിയിൽ കിടന്ന് പറഞ്ഞ വാക്കുകൾ ഓർത്തു.,

“നമുക്ക് എത്രയും വേഗം തിരിച്ചു വരണം.. എൻറെ മോൻ പേടിക്കേണ്ട..അച്ഛന് ഒന്നുമില്ലെടാ ചെറിയൊരു നെഞ്ച് വേദന അത്രയേയുള്ളൂ…കൂടുതൽ ദിവസം അച്ഛൻ ഹോസ്പിറ്റലിൽ കിടന്നാൽ എന്റെ മക്കൾ പട്ടിണിയായി പോകും.. അങ്ങനെയൊന്നും വേഗം അച്ഛൻ നിങ്ങളെ വിട്ടു പോകില്ല.എന്റെ മക്കളെ തനിച്ചാക്കി ഞാൻ എങ്ങനെ പോകാനാ “

ഇതു വരെ എന്റെ മക്കൾ എനിക്ക് കുഞ്ഞുങ്ങൾ ആയിരുന്നു. അവർക്ക് കല്യാണപ്രായമായന്നു എല്ലാവരും പറയുമ്പോൾ ഞാൻ അതിനു ചെവികൊടുത്തിരുന്നില്ല.പക്ഷെ ഇപ്പോൾ മനസ്സ് പറയുന്നു.. ചെയ്യാനുള്ള തൊക്കെ എത്രയും വേഗം ചെയ്തു തീർക്കണമെന്നു.. ആതിര മോളുടെ കല്യാണം നമുക്ക്..എത്രയും വേഗം നടത്തണം അതെല്ലാം ഉറപ്പിച്ചു വച്ചിരിക്കുകയാണ്.. അതുകൊണ്ട് ആ ടെൻഷൻ ഇല്ല..

അങ്ങനെ പടിപടിയായി ഓരോ കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് ആശുപത്രിവാസം.. നമ്മുടെ സമയം കളയും..പറ്റിയാൽ ഇന്ന് തന്നെ നമുക്കു തിരിച്ചു പോകണം..

അച്ഛൻ ഒന്ന് സമാധാനിക്കു.ആദ്യം നമുക്ക് ഹോസ്പിറ്റലിൽ എത്താം.. തിരിച്ചു വന്നിട്ട് ബാക്കിയൊക്കെ തീരുമാനിക്കാം..

പക്ഷേ അന്ന് കേട്ടതാണ് അച്ഛന്റെ സ്വരം പിന്നെ അബോധാവസ്ഥയിലായി.. വിനയൻ കണ്ണുകൾ അമർത്തി തുടച്ചു..നെഞ്ചിൽ വല്ലാത്ത ഭാരം നിറയുന്ന പോലെ..ഒന്നു പൊട്ടി കരയണമെന്നു തോന്നി. തൻറെ നെഞ്ചിൽ അമർന്നിരിക്കുകയാണ് അമ്മയുടെ മുഖം..

അമ്മയെ ഒന്നുകൂടി തന്നിലേക്കു ചേർത്ത് മുറുക്കി..ഇടയ്ക്കിടെ അമ്മയുടെ ദേഹം വിറകൊള്ളുന്ന പോലെ. തന്റെ നെഞ്ചിലൂടെ കണ്ണുനീർ.. ഒഴുകി യിറങ്ങുന്നത് അവൻ അറിഞ്ഞു..കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മ അച്ഛനൊപ്പം ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു..

കരളിന് ഇൻഫെക്ഷൻ ബാധിച്ചു.. ഫാമിലി ഡോക്ടറും, അതിലുപരി ഏറ്റവും അടുത്ത കൂട്ടുകാരനുമായ ഡോക്ടറുടെ ട്രീറ്റ്മെന്റിൽ ആയിരുന്നു.. ഇടയ്ക്കിടെ അബോധാവസ്ഥയിൽ ആകുന്ന അച്ഛൻ ആവിശ്യപ്പെടുന്ന ആഹാരം എല്ലാം. ഡോക്ടറുടെ അനുവാദത്തോടെ അമ്മ ആ ഹോസ്പിറ്റലിലെ ഒറ്റ മുറി അടുക്കളയാക്കി തയ്യാറാക്കി കൊടുത്തിരുന്നു..അച്ഛന്റെ നിഴൽ തന്നെ ആയിരുന്നു അമ്മ..

ഒരു പക്ഷേ രക്ഷപെടില്ലെന്നു മനസിലാക്കി ആകും. ആ ഡോക്ടർ അച്ഛനെ മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചത്.. ഇവിടെ വന്നിട്ട് ഇപ്പോൾ രണ്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.?പ്രതീക്ഷനൽകുന്ന ഒരു വാക്കു പോലും ഡോക്ടേഴ്‌സ് പറഞ്ഞില്ല.. വിനയന് ആകെ പുകയുന്ന പോലെ തോന്നി..

അല്പം കഴിഞ്ഞ് അച്ഛനെയും വഹിച്ചു കൊണ്ടുള്ള സ്ട്രക്ചർ ഐസിയുവിൽ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.. വാർഡിൽ ഒരു ബെഡ് ഒഴിവുണ്ട് അവിടേക്ക് മാറ്റുകയാണ്.. റൂം ഒഴിയുമ്പോൾ അങ്ങോട്ട് മാറ്റാം .. ഒരു നേഴ്സ് പറഞ്ഞു അമ്മയെയും ചേർത്ത് പിടിച്ച് സ്ട്രക്ച്ചറിനു പിന്നാലെ ജീവനറ്റ പോലെ നടന്നു..

ബെഡിലേക്ക് അച്ഛനെ എടുത്തു കിടത്താൻ അവനും സഹായിച്ചു.. അവർ പോയി കഴിഞ്ഞപ്പോൾ അമ്മയ്ക്കൊപ്പം അച്ഛനരുകിലായി ഇരുന്നു..

ആജാനുബാഹുവായ ഒരു മനുഷ്യൻ നിമിഷനേരംകൊണ്ട്.. തീർത്തും അവശനും ദുർബലനും ആയിത്തീർന്നിരിക്കുന്നു..

ഇങ്ങനെ ഒരു രൂപം ഒരിക്കലും അച്ഛനിൽ കണ്ടിട്ടില്ല.. തല ഉയർത്തി പിടിച്ചു നെഞ്ചുവിരിച്ചു നിൽക്കുന്ന അച്ഛന്റെ രൂപം മനസ്സിലേക്ക് തെളിഞ്ഞുവന്നു… മെല്ലെ കരമുയർത്തി ദുർബലമായ ആ കൈയിൽ തൊട്ടു..അത് അറിഞ്ഞിട്ടെന്ന പോലെ.ആ കൃഷ്ണമണികൾ ഒന്നനങ്ങിയോ..?. വിനയൻ ആ വിരലുകളിൽ ഒന്നു കൂടി സ്പർശിച്ചു.. വീണ്ടും ആ മിഴികൾ ഒന്ന് പിടിച്ചു..

ഏറെ നേരത്തെ ശ്രമഫലമായി അച്ഛൻ മെല്ലെ മിഴികൾ തുറക്കുന്നത് സന്തോഷത്തോടെ അവൻ നോക്കി ഇരുന്നു.. അച്ഛൻ മിഴികൾ ചുറ്റും പായിച്ചു കൊണ്ട് ചോദിച്ചു

“നമ്മൾ ഇത് എവിടെയാ മോനെ.”.

” ഇത് ഹോസ്പിറ്റലിലാണ് അച്ഛാ…അച്ഛൻ മറന്നുപോയോ നമ്മൾ ഇങ്ങോട്ട് വന്നത്..”

“ഞാൻ മറന്നു.. ഞാൻ നല്ല ഉറക്കമായിരുന്നു അല്ലെ.. ഉറക്കത്തിൽ ഞാൻ മരിച്ചു പോയ എന്റെ അച്ഛനെയും അമ്മയെയും ഏട്ടനെയും ഒക്കെ കണ്ടു..അവരൊക്കെ എന്നെ വിളിക്കുവാ കൂടെ ചെല്ലാൻ.. അച്ഛന്റെ സമയമായെടാ മക്കളെ..എന്നെ അവർ കൊണ്ട് പോകും..”

“അച്ഛൻ എങ്ങനെ പോകുമെടാ എന്റെ മക്കളെ എങ്ങും എത്തിക്കാതെ… എന്റെ മക്കളെ അനാഥ മാക്കി ഞാൻ എങ്ങനെ പോകും..”

വിനയന് നെഞ്ച്പൊട്ടി പോകും പോലെ തോന്നി.. അമ്മ സാരിതുമ്പ് വായിൽ തിരുകികരച്ചിലടക്കാൻ പാട്പെടുന്നതു കണ്ടു..

“മതി അച്ഛാ… എന്തിനാ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്.. അതിനിപ്പോ ഇവിടെ എന്താ സംഭവിച്ചു.. വെറുതെ ഓരോന്നും പറഞ്ഞു അമ്മയെ കൂടി കരയിക്കണോ”..കണ്ണീർ അടക്കി വിനയൻ ചോദിച്ചു..

“ഇവള് പൊട്ടി അല്ലെ മോനെ.. എന്റെ ഇരുപത്തിയൊന്നു വയസ്സ് മുതൽ എന്റെ എല്ലാ സുഖത്തിലും ദുഖത്തിലും നിഴൽ പോലെ നടക്കുന്നവൾ.. ഈ പൊട്ടിക്കു വീടിനപ്പുറം ഒരു ലോകം അറിയോ”…

“ഈ പൊട്ടീടെ കൈയിൽ എന്റെ മൂന്ന് പെൺമക്കളെ ഏല്പിച്ചു ഞാൻ എങ്ങനെ പോകും.. നോക്കിക്കോണെടാ മോനെ അവരെ.. അവരെ തനിച്ചാക്കി നീ എങ്ങും പോകല്ലെടാ. അവർക്കു വേറെ ആരും ഇല്ലാ ..എനിക്ക് മറ്റു രണ്ട് പേരിലും പ്രതീക്ഷയില്ലാ..”

“ഇല്ലച്ഛാ ഞാൻ അവരെ വിട്ട് എവിടെയും പോകില്ല..”

“എങ്കിൽ മോൻ അച്ഛന് വാക്ക് താ.. അവർക്കു മൂന്നുപേർക്കും ഒരു ജീവിതം ഉണ്ടായിട്ടേ നീ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയെയുള്ളൂ എന്ന്.”

“വാക്ക്… എന്റെ ജീവിതം ഈ നിമിഷം മുതൽ അവർക്കുവേണ്ടി മാത്രമാകും..”

പെട്ടെന്ന് അച്ഛന്റെ കണ്ണുകൾ തുറിച്ചു വന്നു.. കൃഷ്ണമണികൾ മുകളിലേയ്ക്കു മറയും പോലെ അമ്മയുടെ കരച്ചിൽ നിലവിളി പോലെയായി. അടുത്ത ബെഡിലെ രോഗികളുടെ കൂടെയുള്ളവർ കരച്ചിൽ കേട്ട് ഓടികൂടി.. അവർക്കിടയിൽ എം. ബി ബി. എസ് സ്റ്റുഡന്റസ് ആയ ഡോക്ടേർസും ഉണ്ടായിരുന്നു.

അവർ മറ്റുള്ളവരെ അകറ്റി അച്ഛന് ചുറ്റും നിരന്നു. ഏതാനം നിമിഷങ്ങളുടെ നെഞ്ചിടിപ്പിനൊടുവിൽ. ഒരു ഡോക്ടർ പറഞ്ഞു.. ഇപ്പോൾ കുഴപ്പമില്ല. ബട്ട്‌ പ്രതീക്ഷ വേണ്ടാ..ബോഡി മെഡിസിനോട് പ്രതികരിക്കുന്നില്ല.ഏതു സമയത്തും അത് സംഭവിക്കാം..

അമ്മ തളർച്ചയോടെ മയങ്ങികിടന്ന അച്ഛനരികിലിരുന്നു..

ഇനിയും തളർന്നു നിന്നാൽ പറ്റില്ല.. തനിക്ക്‌ ചെയ്തു തീർക്കുവാൻ ഒരുപാട് ബാക്കിയാണ്. വിനയൻ കൈയിൽ കിടന്ന് വാച്ചിലേക്ക് നോക്കി സമയം.. വെളുപ്പിന് നാലുമണി ആയിരിക്കുന്നു.. രണ്ടു പകലും രാത്രിയും പിന്നിട്ടിരിക്കുന്നു.. ഈ ഹോസ്പിറ്റലിൽ വന്നിട്ട്.

വിശപ്പോ ദാഹമോമറന്നുപോയിരിക്കുന്നു.. ജീവിതത്തിൽ ഇന്നേവരെ ഇത്രയും ദുർഘടമായ അവസ്ഥയിലൂടെ കടന്നു പോയിട്ടില്ല.അച്ഛൻ ഒന്നും അറിയിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരു നെടുവീർപ്പോടെ അമ്മയെ നോക്കി.അപ്പോഴാണ് ഒന്നും കഴിക്കാതെ ഇരിക്കുന്ന അമ്മയെ കുറിച്ച് ചിന്തിച്ചത്..

“അമ്മേ ഞാൻ ഒരു ചായ വാങ്ങി വരാം..”മറുപടിക്കു കാത്തുനിൽക്കാതെ പുറത്തേക്കിറങ്ങി.. ഇനി എന്തും നേരിട്ടേ പറ്റൂ..

വേണ്ടപ്പെട്ടവരെ ഫോണിൽ കൂടിയെങ്കിലും വിവരമറിയിക്കണം.. എന്ന് മനസ്സിലോർത്തു കൊണ്ട് ഫോൺ ചെയ്യുവാനായി പുറത്തെ ടെലിഫോൺ ബൂത്തിലേക്ക് പോയി.. സമയം നാലുമണി ആയതെ ഉള്ളെങ്കിലും മിക്ക കടകളും തുറന്നിരിപ്പുണ്ട്..

വീടിനടുത്തുള്ള സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു..അപ്പോൾ പ്രത്യേകം പറഞ്ഞിരുന്നു എൻറെ കുട്ടികൾ ഇപ്പോൾ ഈ വിവരം അറിയരുതെന്ന്… ജീവനോടെ യാത്രയാക്കിയ അച്ഛന്റെ വരവും കാത്തിരിക്കുന്ന കുട്ടികളുടെ മുന്നിലേക്ക് എങ്ങനെ അച്ഛന്റെ ചലനമില്ലാത്ത ശരീരം കൊണ്ടുപോകും

ആ അവസ്ഥ ആലോചിച്ചപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി .. ചുറ്റും അന്ധകാരം മാത്രം…തൻറെ മുന്നിൽ പ്രതീക്ഷയുടെ ഒരു കുഞ്ഞു വെളിച്ചം പോലും ഇല്ലെന്ന് നിരാശയോടെ ഓർത്തു… തളർന്നു വീണു പോകുമോ എന്ന് തോന്നി.. ബോധം മറയുന്നപോലെ..ശരീരം ഭാരമില്ലാത്ത ഒരു തൂവൽ പോലെ താഴേയ്ക്കു പറന്നു വീഴും പോലെ..

കണ്ണു തുറന്നപ്പോൾ അടുത്തുള്ള ഒരു കടയുടെ വരാന്തയിൽ ആരുടെ ഒക്കെയോ മടിയിൽ കിടക്കുകയായിരുന്നു… അൽപസമയം വേണ്ടി വന്നു സ്ഥലകാല ബോധം ഉണ്ടാകാൻ..ആരോ വെച്ചുനീട്ടിയ വെള്ളക്കുപ്പി വാങ്ങി ആർത്തിയോടെ കുടിച്ചു ..

“എന്താ..എന്താ.. ഉണ്ടായേ ഇന്നലെ ഒന്നും കഴിച്ചില്ലേ.. കൂടിനിന്നവരിൽ ആരോ ചോദിച്ചു “

അവൻ മെല്ലെ ഒന്നു തലയാട്ടി കഴിച്ചെന്നോ കഴിച്ചില്ലെന്നോ അർത്ഥത്തിൽ..

“ആരാ..ആശുപത്രിയിൽ.”.

“അച്ഛൻ…”

“രക്ഷയില്ല അല്ലേ.. അതാണ് ഈ തളർച്ച..”

“സാരമില്ലെടോ ഇതൊക്കെയാണ് വിധി.. ഉടയതമ്പുരാൻ വിളിക്കുമ്പോൾ നമുക്ക് മടങ്ങി ചെല്ലാതെ ഇരിക്കാൻ പറ്റുമോ..”

“എത്രകാലമായി ഞാൻ കാണുന്നതാണ് ഈ ആശുപത്രി പടിക്കൽ.. പ്രിയപ്പെട്ടവരുടെ വേദനയും കരച്ചിലും അലമുറയും എല്ലാം.. കണ്ടു കണ്ടു.. മനസ്സ് ഇപ്പോൾ മരവിച്ച പോലെയാണ്..”

” ഇന്നാ ഈ ചായ കുടിച്ചിട്ട് വേഗം ഹോസ്പിറ്റലിലേക്ക് ചെല്ല്..”

ചായ വാങ്ങി കുടിച്ച് ഒഴിഞ്ഞ ഗ്ലാസ്‌ അയാൾക്ക് നേരെ നീട്ടി..അപ്പോഴാണ് അമ്മയുടെ കാര്യം ഓർത്തത്.. പാവം എന്റെ അമ്മ വീടിനപ്പുറം ഒരു ലോകം കണ്ടിട്ടില്ല.. തന്നെ കാണാതെ വിഷമിച്ചു കാണും..

“ചേട്ടാ ഒരു ചായ കുടി തരുമോ ഗ്ലാസ് ഞാൻ പിന്നെ ഇറങ്ങി വരുമ്പോൾ തരാം.. എന്റെ അമ്മയ്ക്ക് കൊടുക്കാനാണ്..”

അയാൾ നൽകിയ ചായയുമായി കയറി ചെല്ലുമ്പോൾ അച്ഛന്റെ ബെഡിനു ചുറ്റും ഒരാൾക്കൂട്ടം..ഒപ്പം അമ്മയുടെ കരച്ചിലും.. ചായ ഗ്ലാസ്‌ നിലത്തു വീണു ചിതറി.. അവിടെയ്ക്കു പാഞ്ഞു ചെന്നു

മരണ വെപ്രാളം കൊണ്ട് കിടക്കയിൽ നിന്നും ഉയർന്നു പൊങ്ങിയ അച്ഛൻ ഇരു കരങ്ങൾ കൊണ്ട് അമ്മയെ മുറുക്കി പിടിക്കുവാണ്. അച്ഛന്റെ ഭാരം താങ്ങാൻ കഴിയാതെ അമ്മ കരഞ്ഞു കൊണ്ട് മോനെ വിനയാ…. എന്ന് വിളിക്കുന്നുണ്ട്.. കുറച്ചു കൂടി താമസിച്ചാൽ തനിക്ക് അമ്മയെ കൂടി നഷ്ടമാകുമെന്ന് കണ്ടു..

വിനയൻ വേഗം അച്ഛന്റെ കൈയിൽ നിന്നും കുറച്ചു ബലം പ്രയോഗിച്ച് അമ്മയെ മോചിപ്പിച്ചു.. ആരൊക്കെയോ അമ്മയെ പിന്നിലേയ്ക്കു വലിച്ചു മാറ്റുന്നത് അറിഞ്ഞു..

ഒരിക്കൽ കൂടി അച്ഛന്റെ ശരീരം കട്ടിലിൽ നിന്നും ഉയർന്നു പൊങ്ങി ഒപ്പം അവന്റെ മേലുള്ള അച്ഛന്റെ പിടിയും മുറുകി…

“മോനെ…. എന്റെ മക്കൾ…. എന്റെ മക്കൾ… ഒപ്പം ആ കണ്ണുകൾ ദയനീയമായി വിനയനെ ഒന്ന് നോക്കി.. പെട്ടെന്ന് ആ ശരീരം വലിഞ്ഞു മുറുകും പോലെ കണ്ണുകൾ പുറത്തേക്കു തള്ളി വന്നു.ശരീരം ഒന്നു പിടച്ചു. അവന് അച്ഛന്റെ ഭാരം താങ്ങാൻ വയ്യാതായി. മോനെ.. എന്നൊരു വിളിയോടെ ആ പിടച്ചിൽ നിന്നു.. അപ്പോഴും ആ കൈകൾ വിനയനെ ചുറ്റി പിടിച്ചിരുന്നു.

“കഴിഞ്ഞു.”.. പിന്നിൽ നിന്ന് ആരോ പറഞ്ഞു.. ഒപ്പം അമ്മയുടെ അലമുറയും.. ആരൊക്കെയോ ചേർന്ന് അവന്റെ മേലുള്ള അച്ഛന്റെ പിടി വിടുവിച്ചു.. വിനയനിൽ ആകെ ഒരു മരവിപ്പ് പടർന്നു.. ഡോക്ടർ വന്നു മരണം സ്ഥിതീകരിച്ചു.. അപ്പോൾ സമയം വെളുപ്പിന് അഞ്ച് കഴിഞ്ഞു…

പിന്നെ എല്ലാം യന്ത്രികമായിരുന്നു.. ആശുപത്രിയിലെ നടപടി ക്രമങ്ങൾക്കു ശേഷം വിട്ട് കിട്ടിയ അച്ഛന്റെ ജീവനില്ലാത്ത ശരീരവുമായി. അമ്മയെ ചേർത്ത് പിടിച്ചു കൂട്ടുകാർക്കൊപ്പം ആംബുലൻസിൽ ഇരിക്കുമ്പോൾ ഇനി എങ്ങനെ എന്റെ കുട്ടികളെ നേരിടും എന്നായിരുന്നു..അവന്റെ ചിന്ത

മുറ്റത്തു വന്നു നിന്ന ആംബുലൻസ് തുറക്കും മുന്നേകേട്ടു അകത്തെ നിലവിളി.വാടി തളർന്ന അമ്മയെ ആരൊക്കെയോ ചേർന്ന് അകത്തേയ്ക്കു കൊണ്ട് പോയി.. അകത്തളത്തിൽ കിടത്തിയ അച്ഛന്റെ അരികിലേയ്ക്കു ആരൊക്കെയോ അവനെയും കൊണ്ട് പോയി..

ആ നിമിഷം അച്ഛാ എന്ന നിലവിളിയോടെ അകത്തെ മുറിയിൽ നിന്നും പാഞ്ഞു വരുന്ന ശബ്ദം അവന്റെ സകല നാടികളെയും തളർത്തി.. ഇത്രയും നേരം തന്റെ കാതുകളിൽ കേൾക്കരുതെന്നു കൊതിച്ച ആ ശബ്ദം..

ഈശ്വരാ എന്നൊരു നിലവിളി വിനയന്റെ തൊണ്ടയിൽ കുരുങ്ങി…അവൻ കണ്ണുകൾ മുറുക്കി അടച്ചു..ആ നിമിഷം ഏട്ടാ എന്നൊരു നിലവിളിയോടെ അവനെ ചുറ്റിപ്പിടിക്കുന്ന ആറു കരങ്ങൾ. ഇരു കൈകൊണ്ടും അവരെ അവന്റെ നെഞ്ചിലേയ്ക്കു ചേർത്ത് മുറുക്കി സകല നിയന്ത്രണവും വിട്ടു പൊട്ടികരഞ്ഞു

വിനയന് ബോധം മറയുംപോലെതാഴേക്കു വീഴാൻ തുടങ്ങിയ എന്നെ ആരൊക്കെയോ താങ്ങി പിടിക്കുന്നതു അവൻ അറിയുന്നുണ്ടായിരുന്നു ..

കണ്ണുതുറന്നത് ഹോസ്പിറ്റൽ കിടക്കയിൽ ആയിരുന്നു.. തൊട്ടടുത്ത കിടക്കയിൽ അമ്മയും രണ്ടാമത്തെ സഹോദരിയും കിടക്കുന്നുണ്ട്. കൈയിൽ ഘടിപ്പിച്ച ഡ്രിപ് ബോട്ടിലുമായി ..

വീണ്ടും വീട്ടിലെത്തിയപ്പോഴേക്കും അച്ഛന് വേണ്ടിയുള്ള ചിത ഒരുങ്ങിക്കഴിഞ്ഞിരുന്നു..

മറ്റു രണ്ടു സഹോദരങ്ങൾക്കൊപ്പം നിന്ന് അച്ഛന്റെ കർമ്മം ചെയ്യുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

അച്ഛന്റെ ശരീരത്തെ അഗ്നി ഏറ്റുവാങ്ങിയപ്പോൾ .

അവന്റെ മനസ്സിൽ മറ്റൊരു അഗ്നികുണ്ഡം എരിയുകയായിരുന്നു.

ഇനി അച്ഛൻ ഇല്ലല്ലോ എന്നോർത്തപ്പോൾ നെഞ്ചു തകരുന്ന പോലെ തോന്നി.. അടുത്ത ബന്ധുക്കൾ ഒഴികെ എല്ലാവരും പിരിഞ്ഞു പോയി കഴിഞ്ഞിരുന്നു.

അകത്തളത്തിലെവിടെയോ തളർന്നു കിടക്കുന്നുണ്ട് അമ്മയും അച്ഛന്റെ ജീവനായ പെൺമക്കളും..

സന്ധ്യകളിൽ മക്കൾക്കായി പലഹാരപൊതിയുമായി എത്തി. അത് പങ്കിട്ടു കഴിച്ചും കഴിപ്പിച്ചും അവർക്കൊപ്പം കളി ചിരികളും ടീവി കാണാലുമായി ശബ്ദകോലാഹലം നിറഞ്ഞ നിമിഷങ്ങൾ ഇനി അന്യമാണ്..

ഇനി താൻ ആകണം അവർക്ക് എല്ലാം.. അച്ഛനില്ലാത്ത ഒരു കുറവും ഇനി അവർ അറിയാൻ പാടില്ല.. അച്ഛന് വാക്ക് കൊടുത്തതാണ് ആ ഉറപ്പ് അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..

മുന്നോട്ടുള്ള ജീവിതം എങ്ങനെയാകും. ആലോച്ചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല. അച്ഛൻ മരിച്ചു പതിനാറു ദിവസങ്ങൾ കഴിഞ്ഞു. അവശേഷിച്ച
ബന്ധുക്കളും വിട പറഞ്ഞു. പോകും മുന്നേ പരിഹാസ ശരങ്ങൾ കൊണ്ട് നോവിക്കുവാൻ ആയിരുന്നു എല്ലാവർക്കും തിടുക്കം

“വിനയാ ഇനി എങ്ങനെ ജീവിക്കും. നിന്റെ പഠിപ്പു മുന്നോട്ട് പോകണ്ടേ. ഈ പെണ്ണ്കുട്ടികളെ എന്താ ചെയ്യാനാ നിന്റെ തീരുമാനം. നിനക്കു എങ്ങനെ
അവരെ സംരക്ഷിക്കുവാന് കഴിയും. മൂന്നുപേരും ഒരു പോലെ വളർന്നു നിൽകുവാ. അവരെ വിവാഹം കഴിപ്പിച്ചു വിടണ്ടേ.പിന്നെ മറ്റു ചിലവുകളും.. ഇതെല്ലാം നീ എങ്ങനെ താങ്ങും.”

“മൂന്നു പേരേയും കാണാൻ തെറ്റില്ലാലോ ഏതെങ്കിലും ഷോപ്പിൽ സെയിൽസ് ഗേൾസ്ആ യോ മറ്റോ പറഞ്ഞു വിട്. അവരുടെ ജീവിതം അങ്ങനെ അങ്ങ് പൊയ്ക്കോളും. അച്ഛൻ രാജകുമാരിമാരായി വളർത്തിയെന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാലോ. വിശക്കുമ്പോൾ എന്തെങ്കിലും വയറ്റിൽ ചെല്ലണ്ടെ”.

“മതി നിർത്തു” അവർക്കു നേരെ ഒരു ആക്രോഷം ആയിരുന്നു വിനയൻ..

“എന്റെ അച്ഛൻ അവരെ എന്നെ ഏല്പിച്ചിട്ടാ പോയെ. അവർക്ക് ഞാൻ ഉണ്ട്. അച്ഛൻ അവരെ എങ്ങനെ നോക്കിയോ അത് പോലെ തന്നെ ഞാൻ നോക്കും എന്റെ കുട്ടികളെ. എനിക്ക് പറ്റാതാകുന്ന കാലത്ത് ആലോചിക്കാം. നിങ്ങൾ പറഞ്ഞ ഈ കാര്യം.”

“അല്ല വിനയാ ഞങ്ങൾ നിന്റെ നല്ലത്തിന് വേണ്ടി അല്ലെ പറഞ്ഞു…ഈ ചെറിയ പ്രായത്തിൽ നീ.. ഇത്രയും കഷ്ടപെടേണ്ടി വരുമല്ലോ എന്നോർത്തു പറഞ്ഞതാ…”

മതി മനസ്സിലായി.. നിങ്ങളാരും പേടിക്കണ്ട. ഞാനോ എന്റെ കുട്ടികളോ ഒരിക്കലും ഒരു സഹായം അഭ്യർത്ഥിച്ചു നിങ്ങളുടെ അടുക്കൽ വരില്ല. അത് പോരെ… ഇനി ഒന്നും പറയാൻ ഇല്ലാത്തതു പോലെ അവർ പടിയിറങ്ങി പോയപ്പോൾ

അവിടെ നിന്ന് ഉയർത്തെഴുന്നേൾക്കു കയായിരുന്നു അവൻ.എന്റെ കുട്ടികൾക്ക് ഇനി താൻ മാത്രമേ ഉള്ളു എന്ന തിരിച്ചറിവോടെ.

അച്ഛന്റെ കൺസ്ട്രക്ഷൻ വർക്ക് ഏറ്റെടുത്തു മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചു എങ്കിലും. അച്ഛന്റെ കൂടെ നിന്നവരുടെ ച തിയും. പെട്ടെന്ന് തങ്ങൾക്കു മാത്രം പണക്കാർ ആകാനുള്ള ഏട്ടത്തിയമ്മയുടെ ദുരാഗ്രഹവും അതിനെ തുടക്കത്തിലേ തടയിട്ടു.

പിന്നെ ആകെ അറിയുന്നത് ഡ്രൈവിംഗ് മാത്രം.പഠിപ്പ് മതിയാക്കി ഒരു സ്കൂൾ വാനിൽ ഡ്രൈവറായി കേറി.അങ്ങനെ ഇരുപത്തിരണ്ടു വയസ്സിൽ കുടുംബഭാരം തലയിലേറ്റി.

അന്ന് മുതൽ തന്റെ ജീവിതത്തിൽ ആഘോഷങ്ങളും, ഉത്സവങ്ങളും ഉപേക്ഷിച്ചു. അമ്മ വീട്ടിൽ ഇല്ലാത്ത ദിവസങ്ങളിൽ. അവധി എടുത്തു സഹോദരി മാർക്ക് കാവലിരുന്നു.

പിന്നെ ലക്ഷ്യം മൂത്തവളായ ആതിരയുടെ കല്യാണം നടത്തണം എന്നതായിരുന്നു.. പരിഹസിച്ചു പോയവരുടെ മുന്നിൽ ജീവിച്ചു കാണിക്കാൻ. അച്ഛൻ പറഞ്ഞത് സ്ത്രീധന തുക കിട്ടിലെന്നു കരുതി ഉറപ്പിച്ച വിവാഹത്തിൽ നിന്നും അവർ പിന്മാറിയപ്പോൾ പിന്നെ വാശിയായി..

അച്ഛൻ മരിച്ചു ഏഴുമാസം പൂർത്തിയാക്കും മുന്നേ അമ്മ കരുതി വെച്ച കുറച്ചു പൊന്നും. വീടിന്റെ ആധാരവും പണയം വെച്ച് അതിലും നല്ലൊരു കുടുംബത്തിലേയ്ക്കു ആതിരയെ വിവാഹം കഴിപ്പിച്ചു വിട്ടു..

ആ വിവാഹത്തോടെ തനിക്കൊരു കൂടപ്പിറപ്പിനെ കൂടി കിട്ടുകയായിരുന്നു.. ആദ്യവിവാഹം മുടങ്ങിയ വിഷമം അതോടെ മാറി കിട്ടി..

പക്ഷേ പിന്നീട് കാത്തിരുന്നത് കഷ്ടപ്പാടിന്റെ നാളുകൾ ആയിരുന്നു. കിട്ടുന്ന ഓരോ രൂപയും ഒരു ഗ്ലാസ്‌ വെള്ളത്തിനു പോലും ഉപയോഗിക്കാതെ സൂക്ഷിച്ചു വെച്ചിട്ടും. ഒന്നിനും തികയുന്നുണ്ടായിരുന്നില്ല.

വിശന്നു തളർന്നു കൈ കഴുകി ആഹാരം കഴിക്കാൻ വന്നിരിക്കുമ്പോൾ.ഇന്ന് വെച്ചുണ്ടാകാൻ ഒന്നും ഇല്ലായിരുന്നു മോനെ എന്ന അമ്മയുടെ പതറിയ വാക്ക്കേട്ട് തലകുമ്പിട്ട് എഴുന്നേറ്റ് പോകുമ്പോഴും വിശന്നു തളർന്ന കുട്ടികളുടെ മുഖമായിരുന്നു മുന്നിൽ

ആധാരം പണയം വെച്ചെടുത്ത കാശിന്റെ പകുതി യിലേറെ അടച്ചു കഴിഞ്ഞിട്ടും. ബാക്കി പകുതി അവന്റെ ഉറക്കം കളഞ്ഞു. പലിശ മുടങ്ങിയപ്പോൾ. പലിശക്കാരൻ വീട്ടിൽ കേറി വരുന്നത് പതിവായി. ചിലപ്പോൾ അയാളോട് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാതെ കഴിക്കുന്ന ആഹാരത്തിനു മുന്നിൽ നിന്നുപോലും എഴുന്നേറ്റ് പോയി ഒരു ക ള്ളനെ പോലെ ഒളിച്ചു നിൽക്കേണ്ടി വന്നിട്ടുണ്ട്.

തന്റെ മകൻ ഒരു കള്ളനെ പോലെ ഒളിച്ചും പാത്തും കഴിയുന്ന കണ്ടു മനസ്സ് നൊന്തു അമ്മ ഒരു തീരുമാനത്തിൽ എത്തിച്ച്. ആ വീടും സ്ഥലവും വിൽക്കാൻ.

അങ്ങനെ ഇരുപത്തി അയ്യായിരം രൂപയുടെ കടബാധ്യത തീർക്കാൻ
വേണ്ടി. കിട്ടിയ വിലയ്ക്ക് അച്ഛനെ അടക്കിയ മണ്ണിൽ നിന്നും പടിയിറങ്ങി. അച്ഛനോട് യാത്ര പറയുമ്പോൾ. അച്ഛന്റെ കുഴിമാടത്തിലെ ഒരു പിടിമണ്ണ് നിറമിഴിയോടെ വാരികൊണ്ട് നെഞ്ചുപൊട്ടി ഇറങ്ങി വരുന്ന അമ്മയെ
കണ്ടില്ലെന്ന മട്ടിൽ മുഖം തിരിച്ചു.

അല്ലെങ്കിലും എന്നോ ഹൃദയം മുറിഞ്ഞു പോയവന് ഇനി ഏതു മുറിവ് നോവുണർത്താണ്.എത്രയും പെട്ടെന്ന് കുട്ടികളെയും കൊണ്ട്. പരിചയക്കാർ ഇല്ലാത്ത ഒരു സ്ഥലത്തേയ്ക്ക് പോകാനായിരുന്നു തിടുക്കം.

ഏതവസ്ഥയിലും താങ്ങായി നിൽക്കുന്ന കുറച്ചു സൗഹൃദങ്ങളുടെ സഹായത്തോടെ. പോയതിലും നല്ലൊരു വീട് വാങ്ങി. അവിടെ വെച്ച് രണ്ടാമത്തെ സഹോദരിയുടെ വിവാഹവും ഭംഗിയായി നടത്തി.ഇപ്പോൾ ഇതാ മൂന്നാമത്തെ ആളും പടി ഇറങ്ങി പോയിരിക്കുന്നു.

അച്ഛന് കൊടുത്ത വാക്ക് ഇന്ന് പൂർത്തിയായിരിക്കുന്നു. ഈ ഒരു ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലെ മുള്ളുകളേറ്റു. ഹൃദയം എത്രയോ പിടഞ്ഞിരിക്കുന്നു. ജീവിതത്തിനും, മരണത്തിനും ഇടയിലൂടെ എത്ര തവണ കടന്നുപോയിരിക്കുന്നു.

ആത്മഹ ത്യ ചെയ്യാൻ തോന്നിയ നിമിഷങ്ങൾ..വിനയന്റെ കണ്ണിൽ നിന്നും കണ്ണുനീർ കൺകോണിലൂടെ ഒഴുകിയിറങ്ങി.. ഇടയ്ക്കെപ്പോഴോ അവന്റെ മിഴികളെ ഉറക്കം കവർന്നെടുത്തു.

“ഏട്ടാ എന്തൊരു ഉറക്കമാണിത് … ഇനിയും എഴുന്നേൽക്കാറായില്ലേ”.. ആതിര വിനയനെ തട്ടിയുണർത്തി..

സമയം ഒരുപാട് ആയോ മോളെ..

“പിന്നെ സമയം രാവിലെ പത്ത് കഴിഞ്ഞു.. നാളെയല്ലേ അനു മോളുടെ മറുവീട് കാണാൻ പോകേണ്ടത് അതിനു വേണ്ടതെല്ലാം ഒരുക്കണ്ടേ”

“ക്ഷണിക്കേണ്ടവരെയെല്ലാം ഞങ്ങൾ ക്ഷണിച്ചു കഴിഞ്ഞു ഇനി കൊണ്ടു പോകാനുള്ള സാധനങ്ങൾ എന്താണെന്നു വെച്ചാൽ വാങ്ങണം”

വിനയൻ മെല്ല കിടക്കവിട്ട് എഴുന്നേറ്റു..

“അനുമോൾ വിളിച്ചോ മോളെ..”

“വിളിച്ചു ഏട്ടാ അവൾ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും വിളിച്ചു.ഏട്ടൻ നല്ല ഉറക്കം ആയതുകൊണ്ട് ഞങ്ങൾ ഉണർത്തി ഇല്ല.”

“അവൾക്ക് വേണ്ടത് എന്താണെന്നുവെച്ചാൽ ചോദിച്ചു വാങ്ങി കൊണ്ടു പോകാം അതല്ലേ നല്ലത്”..വിനയൻ ചോദിച്ചു

” അതെ…അതൊക്കെ ഏട്ടന്റെ ഇഷ്ടം പോലെ ചെയ്യാം”

അടുത്ത ദിവസം രാവിലെ ക്ഷണിച്ച ബന്ധുക്കളുമായി വിനയൻ അനുമോളുടെ വീട്ടിലേക്ക് യാത്രയായി..

സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞ സന്തോഷവതിയായി നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.. അടുത്ത കൂടിയ ആൾ എങ്ങനെ ആകും എന്നുള്ള ഒരു വിഷമം ഉണ്ടായിരുന്നു..

പക്ഷേ ആളുടെ സഹകരണം കണ്ടപ്പോഴേ മനസ്സിലായി ബാക്കി രണ്ടു സഹോദരി ഭർത്താക്കൻ മാരെ പോലെ തന്നെ തനിക്ക് വീണ്ടും ഒരു കൂടപ്പിറപ്പിനെ കിട്ടിയിരിക്കുന്നു എന്ന്. അടുത്ത ദിവസം രണ്ടു പേരെയും വിരുന്നിന് ക്ഷണിച്ചിട്ടാണ് വിനയനും കൂട്ടരും അവിടെനിന്നും യാത്രയായത്..

പിറ്റേദിവസം അനുമോളുടെ വരവും കാത്ത് ആ വീട് ഉണർന്നു ..

ഉച്ചയായപ്പോഴേക്കും അനുമോൾ എത്തിച്ചേർന്നു പിന്നെ അവിടെ.. ഒരു ഉത്സവം തന്നെയായിരുന്നു.. വൈകുന്നേരം ആതിരയുടെ ഭർത്താവ് അജിത്ത് വിനയന്റെ അടുത്ത് വന്ന് പറഞ്ഞു..

“അളിയാ നമുക്ക് നാളെ ഒരു സ്ഥലം വരെ പോകണം.. എല്ലാവരും ഒന്നിച്ചു കൂടിയത് അല്ലേ നമുക്കൊരു യാത്ര പോയി വരാം.. എന്നും ഓർമയിൽ സൂക്ഷിച്ചു വെക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ ആകുമല്ലോ “.

“അതിനു ഞാൻ വരണോ അളിയാ നിങ്ങളെല്ലാവരും കൂടി പോയിട്ട് വരുന്നതല്ലേ നല്ലത്..”

” അതെന്ത് പറച്ചിലാ അളിയാ ഇത്.അളിയൻ ഇല്ലാതെ ഞങ്ങൾക്ക് എന്താഘോഷം”..

“അല്ലാ..എവിടേക്കാണ് പോകുന്നത് അത് പറഞ്ഞില്ലല്ലോ”..വിനയൻ ചോദിച്ചു.

“അതൊക്കെ സർപ്രൈസ് ആണ് അവിടെയെത്തുമ്പോൾ അളിയൻ അറിഞ്ഞാൽ മതി.”.

അങ്ങനെ അടുത്ത ദിവസം രാവിലെ എല്ലാവരും പോകാൻ തയ്യാറായി..

വിനയൻ തയ്യാറാകാൻ കയറിയപ്പോഴാണ് അനുമോൾ ഒരു ടെക്സ്റ്റൈൽസ് പാക്കറ്റുമായി അവന്റെ റൂമിലേക്ക് ചെന്നത്..

“ഏട്ടാ ഏട്ടൻ ഇന്ന് ഇതു ധരിച്ചു വന്നാൽ മതി”.

” ഇതെന്താ മോളെ”

” ഇതൊരു പുതിയ മുണ്ടും ഷർട്ട് ആണ്..”

വിനയൻ പാക്കറ്റ് വാങ്ങി അഴിച്ചു നോക്കി..

” ഇതെന്താ ഞാൻ വല്ല കല്യാണത്തിനും പോന്നോ.. വെള്ള മുണ്ടും ഷർട്ടും ഇട്ടു”

” അതിന് ഇത് വെള്ള അല്ലല്ലോ ക്രീം കളർ അല്ലേ.. അതെന്താ ഇതിട്ടാൽ. ഏട്ടന് ഇത് നന്നായിട്ട് ചേരും.ഇന്ന് ഇതിട്ട് വന്നാൽ മതി “അവൾ കൊച്ചു കുട്ടികളെ പോലെ കൊഞ്ചി..

“ശരി എന്റെ മോളുടെ ഇഷ്ടമല്ലേ ഏട്ടൻ ഇത് ഇട്ടു തന്നെ വരാം” വിനയൻ പറഞ്ഞു..

എല്ലാവരും ഒരുങ്ങി ഇറങ്ങി..മൂന്ന് കാറുകളിലായി അവർ യാത്ര തിരിച്ചു. എത്തിച്ചേർന്നത് ഒരു അമ്പലത്തിൽ ആയിരുന്നു..അവിടെ അതാ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ നിൽക്കുന്നു..

” അല്ല നിങ്ങളൊക്കെ എന്താ ഇവിടെ എല്ലാവരും കൂടി ഒരുമിച്ച് ആണോ ഈ ട്രിപ്പ് പ്ലാൻ ചെയ്തത്..”ഇത് വളരെ സർപ്രൈസ് ആയിരിക്കുന്നല്ലോ..

” ഇതൊക്കെ നിന്റെ പെങ്ങമ്മാരുടെ പ്ലാൻ ആണ്. ഞങ്ങളെ വിളിച്ചു ഞങ്ങൾ വന്നു. ബാക്കി ഒന്നും ഞങ്ങൾക്കറിയില്ലാ.ഇനി അവർ എന്തൊക്കെ സർപ്രൈസ്സ് ആണ് കാത്തു വെച്ചിട്ടുള്ളത് എന്ന്” അവർ പുഞ്ചിരിയോടെ പറഞ്ഞു..”

ആ നിമിഷം ശ്രീകോവിലിൽ നിന്നും തിരുമേനി ഇറങ്ങിവന്നു..

“എവിടെ പറഞ്ഞ ആളുകൾ എത്തിയോ”..

“എത്തി തിരുമേനി “.. അജിത്ത് പറഞ്ഞു.

“എങ്കിൽ വേഗം ആയിക്കോട്ടെ നട അടക്കാൻ സമയമാകുന്നു”

“ആതിരേ നീ അത് പൂജിക്കാൻ കൊടുക്ക് “അജിത്ത് അവളോട്‌ ആവശ്യപ്പെട്ടു.

വിനയൻ എന്താണെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ അവനടുത്തേക്ക്..
അനുമോൾക്കൊപ്പം നവവധുവിനെ പോലെ അണിയിച്ചൊരുക്കിയ ഒരു പെൺകുട്ടി നടന്നു വന്നു..

“ശ്രീലക്ഷ്മി”..വിനയന്റെ നാവുകൾ അറിയാതെ ആ പേര് ഉച്ചരിച്ചു.. അവൻ അമ്പരന്ന് ചുറ്റും നിന്ന് സഹോദരിമാരെ നോക്കി..

” നോക്കണ്ട സത്യം തന്നെ”..ആര്യ പറഞ്ഞു ” ഒരിക്കൽ ഞങ്ങൾക്കുവേണ്ടി ഏട്ടൻ സ്വന്തം ഇഷ്ടത്തെ ഉപേക്ഷിച്ചു..”” ഇന്ന് ഞങ്ങൾക്കെല്ലാം ജീവിതമായി ഇനി ഏട്ടന് ഒരു ജീവിതം വേണ്ടേ.. ശ്രീലക്ഷ്മിയെ മറന്നൊരു ജീവിതം ഏട്ടനില്ല എന്ന് ഞങ്ങൾക്കറിയാം..അവളും ഇന്നും ഏട്ടനെ പ്രണയിക്കുന്നു..

അതുകൊണ്ടാണ് ഞങ്ങൾ ചെന്നു പറഞ്ഞപ്പോൾ അവളുടേതായ എല്ലാം ഉപേക്ഷിച്ചു ഏട്ടന് വേണ്ടി ഞങ്ങൾക്കൊപ്പം ഇറങ്ങി വന്നത്.

നിങ്ങളുടെ രണ്ടു പേരുടെയും ഈ സ്നേഹത്തിനും വലിയ മനസ്സിനും പകരം നൽക്കാൻ ഞങ്ങളുടെ കൈയിൽ വേറെ ഒന്നുമില്ലാ ഏട്ടാ..ഞങ്ങൾക്ക് തന്ന ഈ ജീവിതത്തിനു പകരം ഏട്ടന് ഞങ്ങൾ തരുന്ന സമ്മാനമാണിത്..”

അതു പറയുമ്പോഴേക്കും ആര്യ കരഞ്ഞു പോയിരുന്നു.

വിനയന്റെ കണ്ണുകൾ നിറഞ്ഞു അവൻ ശ്രീലക്ഷ്മി നോക്കി.. ഒരിക്കൽ ഹൃദയം തകർന്ന വേദനയോടെ താൻ അകറ്റി നിർത്തിയതാണ് അവളെ..തന്റെ പ്രാരാബ്ദത്തിന്റെയും, ദുരിതത്തിന്റെയും ഇടയിൽ അവളും കൂടി വന്നു നരകിക്കണ്ട എന്ന് കരുതി.അന്ന് വിടപറയുമ്പോൾ ഒരു വാക്ക് അവൾക്കു നൽകിയിരുന്നു..

“എന്റെ ലക്ഷ്യം നിറവേറ്റി കഴിഞ്ഞാൽ ഞാൻ വരും കാത്തിരിക്കാൻ പറ്റുമെങ്കിൽ നീകാത്തിരിക്കുക.ഇല്ലെങ്കിൽ നല്ലൊരു ജീവിതം നോക്കുക..”

അന്ന് അവളുടെ ഹൃദയം തകർന്ന കണ്ണീർ അവഗണിച്ചു. ഹൃദയം കല്ലാക്കി മുന്നോട്ട്ന ടക്കുമ്പോൾ ഉറപ്പിച്ചിരുന്നു. ഇനി ഒരു പെണ്ണും ഈ ജീവിതത്തിൽ ഉണ്ടാകില്ലാ എന്ന്..

പിന്നെ എപ്പോഴോ ഹൃദയത്തിന്റെ ആഴത്തിൽ ഒളിപ്പിച്ചുവെച്ച ഒരു മഹാവേദനയായിരുന്നു ശ്രീലക്ഷ്മി..

അന്ന് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ പറഞ്ഞിരുന്നു നീ ചെയ്യുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്.. സ്വന്തം സഹോദരിമാർക്ക് വേണ്ടി ഇങ്ങനെ ജീവിതം ഉഴിഞ്ഞുവെച്ചാൽ. അവർ ഒരു വഴിക്ക് പോകും പിന്നെ നീ മാത്രം എന്നും ഒറ്റപ്പെടും എന്ന്. പക്ഷേ അന്നൊന്നും അതു ഉൾകൊള്ളാൻ തയ്യാറായിരുന്നില്ലാ..

മുഹൂർത്തം കഴിയാറായി രണ്ടുപേരും ഇങ്ങോട്ട് വന്ന് നിൽക്ക്.. തിരുമേനിയുടെ വാക്ക് കേട്ട്. വിനയൻ ചിന്തയിൽ നിന്നും ഉണർന്നു ശ്രീലക്ഷ്മിയെ നോക്കി.ആ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.വിനയൻ മൗനമായി മിഴികൾ കൊണ്ട് അവളോട് ക്ഷമയാചിച്ചു..

അജിത്ത് വിനയന്റെ കൈയിൽ പിടിച്ചു ശ്രീക്കോവിലിന്റെ നടയ്ക്ക് നേരെ നിർത്തി. ആതിര മുന്നോട്ടുവന്ന ശ്രീലക്ഷ്മിയെ പിടിച്ച് വിനയൻ അരികിലായി നിർത്തി..

തിരുമേനി പൂജിച്ചു കൊടുത്ത താലി വിനയൻ ശ്രീലക്ഷ്മിയുടെ കഴുത്തിൽ ചാർത്തി.. ആതിര നീട്ടിയ സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് എടുത്ത് അവൻ ശ്രീലക്ഷ്മിയുടെ സീമന്തരേഖയിൽ തൊടുവിച്ചു.. ഇരുവരും പരസ്പരം മാല ചാർത്തി…

“ഇനി ഇരുവരും കൈകൾ കൂപ്പി നല്ലൊരു ജീവിതത്തിനായി പ്രാർത്ഥിച്ചു കൊള്ളു..”തിരുമേനി പറഞ്ഞു..

വിനയൻ കൈകൾ കൂപ്പി മനമുരുകി പ്രാർത്ഥിച്ചു ഈശ്വരാ എന്റെ ഈ കുടുംബത്തെയും ഞങ്ങളുടെ ഈ സ്നേഹത്തെ എന്നും ഇതുപോലെ തന്നെ നിലനിർത്തണമേ..

വിവാഹം കഴിഞ്ഞു ചെറിയ രീതിയിൽ ഒരുക്കിയ സദ്യയും കഴിച്ച് എല്ലാവരും പുറപ്പെടാൻ ഒരുങ്ങി..

“.”ടാ.. വിനയാ..”നീ ഭാഗ്യം ചെയ്തവനാടാ ഇത്രയും സ്നേഹമുള്ള കൂടപ്പിറപ്പുകളെ കിട്ടിയതിനു.അന്ന് ഞാൻ നിന്നെ കുറ്റം പറഞ്ഞു കൂടപ്പിറപ്പു കൾക്ക് വേണ്ടി സ്വന്തംജീവിതം ഇല്ലാണ്ടാകരു തെന്നുപറഞ്ഞു.”

“പക്ഷേ ഇപ്പോൾമനസ്സിലായെടാ..മനസ്സ് നിറഞ്ഞു സ്നേഹം കൊടുത്താൽ. അതു ഇരട്ടിയായി തിരിച്ചു കിട്ടുമെന്ന്..നീ ആണ് ശരി ..എന്തായാലും രണ്ടു പേർക്കും ഞങ്ങളുടെ വക വിവാഹ ആശംസകൾ”

വിനയൻ മനസ്സ് നിറഞ്ഞ ഒരു ചിരിയിൽ എല്ലാം ഒതുക്കി.

അവരോട് യാത്ര പറഞ്ഞു എല്ലാവരും വീട്ടിലേയ്ക്ക് തിരിച്ചു. ശ്രീലക്ഷ്മിയുടെ കൈയിൽ കൊളുത്തിയ നിലവിളക്ക് കൊടുത്ത്.അവളെ അകത്തേക്ക് ആനയിക്കുമ്പോൾ ആ അമ്മ മനം നിറഞ്ഞു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു..

“ഈശ്വരാ എന്റെ കുഞ്ഞുങ്ങളെ കൈവിടല്ലേ എന്ന്.”അവരുടെ കണ്ണുകൾ ചുവരിൽ മാല ചാർത്തിവെച്ച ഫോട്ടോയുടെ നേർക്കു നീണ്ടു..ആ ചുണ്ടിൽ ഒരു ചിരി വിടർന്നോ..? തന്റെ ആഗ്രഹ സാഫല്യത്തിന്റെ ഒരു നിറ പുഞ്ചിരി..

ആ നിമിഷം ആ കിളിക്കൂട് വീണ്ടും ഉണരുകയായിരുന്നു.. തങ്ങളുടെ കൂട്ടിലേയ്ക്കണഞ്ഞ. പുതിയ കുഞ്ഞിക്കിളിക്കു സ്വാഗതമേകികൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *