എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
ഇന്ന് കുഞ്ഞിയുടെ വിവാഹമായിരുന്നു.
തങ്ങളുടെ – തന്റെയും നന്ദേട്ടന്റെയും- പതിനഞ്ചാം വിവാഹ വാർഷികവും.
വിവാഹത്തിരക്കെല്ലാം കഴിഞ്ഞ് അതിഥികൾ പോയി കഴിഞ്ഞപ്പോഴേക്കും രാവേറെയായി.
ആളും ആരവവുമൊഴിഞ്ഞു വീട് നിശബ്ദതയിലേക്ക് കൂപ്പു കുത്തി.
ഷവറിൽ നിന്ന് ചിതറിയ തണുത്ത വെള്ളത്തിൽ ക്ഷീണമെല്ലാം അലിയിച്ചു കളഞ്ഞു മാളവിക മുകൾ നിലയിലേക്ക് ചെന്നു.
ടെറസിലെ ഓപ്പൺ സ്പേസിൽ ഇട്ട കസേരയിൽ ചാരിക്കിടന്ന് നക്ഷത്രങ്ങൾ നിറഞ്ഞ മാനം നോക്കി സിഗരറ്റ് പുകക്കുന്ന നന്ദേട്ടൻ.
വളരെ അപൂർവമായേ നന്ദേട്ടൻ വലിക്കാറുള്ളു. അത്രക്ക് ടെൻഷൻ വരുമ്പോൾ മാത്രം.
ഇന്ന് ആള് കുഞ്ഞി പോയതിന്റെ വിഷമത്തിലാണ്.
മാറിക്കിടന്ന കസേര നന്ദന് സമീപത്തേക്ക് വലിച്ചിട്ട് മാളവിക ഇരുന്നു.
“മോള് പോയതിന്റെ വിഷമത്തിലാണെന്ന് തോന്നുന്നു.അവളുടെ നന്മക്ക് വേണ്ടിയല്ലേ. കിരണും കുടുംബവുമാണെങ്കിൽ നമുക്ക് പരിചയമുള്ളവരും “
അവൾ അയാളുടെ കൈ എടുത്ത് തന്റെ കൈകളിൽ ചേർത്തു.
മാളൂ അവൾ പോയ വിഷമത്തിൽ ആയിരുന്നില്ല ഞാൻ.പഴയതോരോന്നും ഓർമ്മിക്കുകയായിരുന്നു. അയാൾ മെല്ലെ അവളുടെ കൈകളിൽ തഴുകി.
☆☆☆☆☆☆☆☆☆
കടൽക്കരയിലെ ഒരു സായാഹ്നത്തിൽ ഒത്തു ചേർന്നതായിരുന്നു തങ്ങൾ.
-നന്ദനും മാളവികയും-
കുറച്ചു മാറി തന്നെത്തേടി വരുന്ന കടൽത്തിരകൾക്കൊപ്പം തുള്ളി മറിയുന്ന കുഞ്ഞി.
തീർത്തും അപ്രതീക്ഷിതമായിരുന്നു നന്ദനുമായുള്ള ഈ സമാഗമം.
ഓർക്കാപ്പുറത്ത് വീണു കിട്ടിയ ഒഴിവു ദിനത്തിന്റെ മുഷിച്ചിൽ ഒഴിവാക്കാൻ കടൽക്കരയിലേക്കിറങ്ങിയതായിരുന്നു താൻ. ഹോസ്റ്റലിലെ മറ്റുള്ളവരെല്ലാം വീട്ടിൽ പോയിരിക്കുകയായിരുന്നു
കടല വിറ്റു നടക്കുന്ന പയ്യനിൽ നിന്നും ഒരു പാക്കറ്റ് നിലക്കടലയും വാങ്ങി അല്പം ഒഴിഞ്ഞ ഇടം തേടി നടക്കുകയായിരുന്നു താൻ.
അന്നേരമാണ് നന്ദനെയും കുഞ്ഞിയേയും കാണുന്നത്.
കോളേജിൽ പുതിയതായി വന്ന ലെക്ചറർ ആണ് നന്ദൻ.
മറ്റു സ്റ്റാഫുകളോട് വളരെ അപൂർവമായി മാത്രം സംസാരിക്കുന്ന ഒരിക്കൽ പോലും മുഖത്തു ചിരി വിടരാത്ത ഒരാൾ.പക്ഷേ കുറഞ്ഞ സമയം കൊണ്ട് നല്ല അദ്ധ്യാപകൻ എന്ന പേര് കോളേജിൽ നേടിയെടുത്തിരുന്നു.
“സാർ ഇവിടെ വരാറുണ്ടോ?”
കണ്ട സ്ഥിതിക്ക് ഒന്നും ചോദിക്കാതിരിക്കുന്നത് ശരിയല്ലല്ലോ എന്ന ചിന്തയിലാണ് ചോദിച്ചത്.
“ഇടയ്ക്കൊക്കെ.മോള് നിർബന്ധം പിടിക്കുമ്പോൾ. മിസ്സ് ഒറ്റയ്‌ക്കെയുള്ളോ?”
ഹാർദ്ദവമായ പുഞ്ചിരിയോടെയുള്ള മറുപടി.
“എല്ലാവരും വീട്ടിൽ പോയി. ഒറ്റക്കിരുന്നു ബോറടിച്ചപ്പോൾ ഇറങ്ങിയതാ”
“മിസ്സെന്താ വീട്ടിൽ പോകാതിരുന്നത്.വീട് അകലെയാണോ?”
“വീടുള്ളവർക്കല്ലേ സാർ പോകാൻ കഴിയു” അറിയാതെ നാവിൽ നിന്നുതിർന്ന വാക്കുകൾ.
“അപ്പോൾ മാളവിക?”
“ഞാൻ അനാഥയാണ്. ഒരു ഓർഫനേജിന്റെ സന്തതി”
ഒരു നിമിഷം ആ മിഴികളിൽ വിഷാദം പടരുന്നതറിഞ്ഞു.
“സാറിന്റെ വൈഫ്.”
പെട്ടെന്ന് ആ മുഖമൊന്നിരുണ്ടു.
മുഖ ഭാവം മാറിയത് കണ്ട് താനാകെ പരിഭ്രമിച്ചു. കൂടുതലൊന്നും സംസാരിക്കാതെ അവിടെ നിന്നും പോരാൻ തുനിഞ്ഞതാണ്.
“മാളവിക ഇരിക്കൂ “
മൃദുവായ വാക്കുകൾ.
“ഞാനും ഒരനാഥനാണ്.കിഴക്കൻ മലയിലെ ഉരുൾ പൊട്ടലിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവൻ. ആരുടെയൊക്കെയോ കാരുണ്യത്താൽ പഠിച്ചു ജോലി നേടിയവൻ.
‘വീണ’
പത്തുവർഷങ്ങൾക്കു മുൻപാണ് അവളെനിക്ക് കൂട്ടായി വന്നത്.
രണ്ടു വർഷത്തിന് ശേഷം കുഞ്ഞിയും.
എന്തിനാണ് വീണ എന്നെ ഉപേക്ഷിച്ചു പോയത് എന്നെനിക്കറിയില്ല.
എന്റെ പകലുകൾ അവൾക്കുള്ളതായിരുന്നു.
എന്റെ രാവുകൾ അവൾക്കുള്ളതായിരുന്നു.
എന്റെ സ്വപ്നങ്ങളിൽ അവൾ മാത്രമായിരുന്നു.
എന്റെ അധ്വാനങ്ങൾ അവൾക്കു വേണ്ടിയായിരുന്നു.
എന്റെ സമ്പാദ്യങ്ങൾ അവൾക്കായിരുന്നു.
എന്റെ ജീവിതത്തിൽ ഞാൻ അവളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു.
എന്നിട്ടും ഒരു ദിവസം അവൾ തേടി വന്ന പഴയ കാമുകനോപ്പം ഇറങ്ങിപ്പോയി.
കുഞ്ഞിയെ എനിക്കായി നൽകിയിട്ട്.
ഇനി മറ്റൊരാളെ ആ സ്ഥാനത്ത് കാണാൻ വയ്യ.
ഞാനും എന്റെ കുഞ്ഞിയും. ഞങ്ങളുടെ ജീവിതം ഇങ്ങനെ കഴിഞ്ഞു പോകുന്നു. എനിക്കവളും അവൾക്ക് ഞാനും മാത്രം.”
നന്ദന്റെ വാക്കുകളിൽ നഷ്ടബോധത്തിന്റെ വിങ്ങലുണ്ടായിരുന്നു
“സോറി സാർ. ഞാൻ അറിയാതെ ചോദിച്ചതാണ് “
“നോ മാറ്റർ. ഇതൊക്കെ ഇവിടെ ആരോടെങ്കിലും ഒന്ന് പറയണം എന്നുണ്ടായിരുന്നു. അല്ലെങ്കിൽ ചിലപ്പോൾ ഭ്രാന്ത് പിടിക്കും. ചോദിക്കുന്നവ രോടൊക്കെ കുഞ്ഞിയുടെ അമ്മ മരിച്ചു പോയി എന്നാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ തന്റെ മുന്നിൽ അറിയാതെ മനസ്സ് തുറന്നു എന്നു മാത്രം”
ഒരു നെടുവീർപ്പോടെ അയാൾ മകളുടെ കയ്യും പിടിച്ച് നടന്നകലുന്നത് നിർന്നിമേഷയായി നോക്കി നിന്നു.
☆☆☆☆☆☆☆☆☆
“താൻ ഈ ലോകത്തൊന്നുമല്ലേ “
നന്ദന്റെ ചോദ്യമാണ് മാളവികയെ ചിന്തകളിൽ നിന്നുണർത്തിയത്.
“ഞാനും പഴയത് എന്തൊക്കെയോ അലോചിച്ചു നന്ദേട്ടാ”
“ലാഭ നഷ്ടങ്ങളുടെ ആകെത്തുകയാടോ ജീവിതം. ഇവിടെ സ്ഥായിയായി നേട്ടവുമില്ല കോട്ടവുമില്ല. ഒന്നോർക്കുമ്പോൾ വീണയെന്ന നഷ്ടമാണ് നീയെന്ന നേട്ടത്തെ എനിക്ക് സമ്മാനിച്ചത്. അതിൽ ഞാൻ സന്തുഷ്ടനാണ്. ജീവനുള്ള കാലം വരെ”
അയാൾ മെല്ലെ അവളെ തന്നോട് ചേർത്തു.മേഘപാളികൾക്കിടയിലൂടെ
ശശിബിബം അവരെ ഒളികണ്ണിട്ടു നോക്കി
മംഗളം