മിന്ത്രയിൽ കണ്ട മനോഹരമായ ചുരിദാറിന്റെ പരസ്യത്തിൽ കണ്ണോടിച്ചു കൊണ്ട് ലളിതാംബിക കണവൻ ഭക്തവത്സലനെ നോക്കി…….

_upscale

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ

“ഈ ചുരിദാർ എങ്ങനെയുണ്ട്?”

മിന്ത്രയിൽ കണ്ട മനോഹരമായ ചുരിദാറിന്റെ പരസ്യത്തിൽ കണ്ണോടിച്ചു കൊണ്ട് ലളിതാംബിക കണവൻ ഭക്തവത്സലനെ നോക്കി.

“ആ പെങ്കൊച്ച് ആ ചുരിദാർ ഇട്ടിരിക്കുന്നത് കാണാൻ നല്ല രസം. നീ ധരിച്ചാൽ പാടത്ത് കണ്ണ് തട്ടാതിരിക്കാൻ വച്ച കോലം മാതിരിയിരിക്കും “

ചുരിദാർ ഇട്ടിരിക്കുന്ന സുന്ദരിയായ പെൺകൊടിയെ നോക്കി ചെറു ചിരിയോടെ അയാൾ മറുവാക്കു ചൊല്ലി.

മനസ്സിൽ അപ്പോൾ എ ടി എം ലെ ബാലൻസ് ആയിരുന്നു.

“എന്തു പറഞ്ഞാലും ഒരു വളിച്ച തമാശ”

ലളിതാംബിക ചാടിത്തുള്ളി അടുക്കളയിലേക്കോടി.

അടുക്കളയിൽ പാത്രങ്ങൾ താഴെ വീഴുന്നതിന്റെ ശബ്ദം അവിടെയെങ്ങും മാറ്റൊലി കൊണ്ടു.

എന്തായാലും പ്രാതലിന്റെ കാര്യം തീരുമാനമായി.

ഉച്ചക്കൊരു കല്യാണമുണ്ട്. പ്രാതൽ കുളമായെങ്കിലും ഉച്ചയ്ക്കെങ്കിലും ശാപ്പാട് കിട്ടുമെന്ന് പ്രതീക്ഷയോടെ ഭക്തവത്സലം പത്രവായനയിൽ ഏർപ്പെട്ടു .

വിശക്കുന്ന വയറുമായി

കല്യാണത്തിന് പോകാൻ ഒരുങ്ങുന്നതിനിടയിലാണ് ഡ്രസിങ് റൂമിൽ നിന്നൊരു വിളി.

“ചേട്ടാ ഈ സാരിയൊന്നു വലിച്ചു തരുമോ”

ചുരിദാർ ആണ് ഇടുന്നതെന്ന് നേരത്തെ തീരുമാനമായതാണ്.പുതിയ ഒരെണ്ണം വാങ്ങി നൽകുകയും ചെയ്തിരുന്നു.പിന്നെന്താണാവോ സാരിയിലേക്കൊരു മനം മാറ്റം.

എന്തായാലും പിണക്കമില്ലല്ലോ.ഭാഗ്യം

കുത്തിയിരുന്ന് സാരി വലിച്ചു കാലൊപ്പം വച്ചു.

പുറത്തേക്കിറങ്ങുമ്പോൾ ഇളിച്ച മോന്തയോടെ മകൾ ആനന്ദഭൈരവി

“അച്ഛൻ എന്തറിഞ്ഞിട്ടാ സാരി പിടിച്ചേ”

“അതെന്താ”

രാവിലെ കളിയാക്കിയതിന് അച്ഛനെ കൊണ്ട് കാല്‌ പിടിപ്പിക്കുമെന്ന് ‘അമ്മ പറഞ്ഞിരുന്നു. അതാ ഇപ്പോൾ നടന്നത്.

ഹെന്റമ്മച്ചിയെ പെൺബുദ്ധി അപാരം😄

Leave a Reply

Your email address will not be published. Required fields are marked *