അവർ ഫോട്ടോയിൽ നിന്ന് കണ്ണുകൾ ഉയർത്തി തന്നെ നോക്കിയപ്പോൾ ആ വെറുപ്പിന്റെ തീവ്ര ഭാവം തന്റെ നേർക്കായത് അയാളറിഞ്ഞു……

നീർകുമിളകൾ

എഴുത്ത് :- ലൈന മാർട്ടിൻ

മൊബൈൽ അലാറം അടിച്ചത് ഓഫ്‌ ചെയ്തു കൊണ്ട് തല വഴി പുതച്ചു വിവേക് വീണ്ടും കിടന്നു.

വെള്ളിയാഴ്ച ആയത് കൊണ്ട് ഡ്യൂട്ടി ഇല്ല.. പക്ഷെ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പിന്നെ ഉറക്കം വന്നില്ല.. പ്രിയയോട് ചാറ്റ് ചെയ്തും വീഡിയോ കാൾ ചെയ്തുമൊക്കെ സമയം പോയതറിഞ്ഞില്ല രാത്രി വളരെ വൈകി ആണ് കിടന്നത്.. എന്നിട്ടും ഉറക്കം എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു…

പ്രിയ! അവളൊരു മനോഹര ചിത്രം പോലെ ഓർമകളിൽ പെയ്തു നിന്നു.. കിടക്കയിൽ എഴുന്നേറ്റിരുന്നു കൊണ്ട് മൊബൈൽ എടുത്തു ഇന്നലെ രാത്രിയിൽ പ്രിയയുമായി സംസാരിച്ച ചാറ്റ് എടുത്തു നോക്കി.. എത്ര മനോഹരമായാണ് അവൾ സംസാരിക്കുന്നത്.. വീഡിയോ കാളിൽ വന്നു തന്റെ മനസറിഞ്ഞുള്ള ചേഷ്ടകൾ… തന്റെ ഭാര്യ ആയിട്ട് പോലും ദേവിക്ക് ഒരിക്കലും തന്നോട് ഇങ്ങനെ സംസാരിക്കാൻ ഉള്ള കഴിവില്ല..അവൾക്ക് എല്ലാറ്റിനും സമയം നോക്കണം.. വിളിച്ചാലോ കുട്ടികളുടെ കാര്യവും, വീടിന്റെ ലോണും, അമ്മയുടെ കുഴമ്പും അല്ലാതെ മറ്റൊന്നും പറയാനില്ലവൾക്ക്.. ഒരിക്കലും തന്റെ മനസറിഞ്ഞു പെരുമാറിയിട്ടില്ലവൾ.. ഇഷ്ടങ്ങൾ അങ്ങോട്ട് പറഞ്ഞാലും നൂറ് ഒഴിവുകഴിവ് പറയാനുണ്ടാകും… മനസ് മടുത്തു പോയിരുന്നു….

മെസ്സെഞ്ചറിൽ വന്നൊരു മെസ്സേജ് ആയിരുന്നു പ്രിയയിലേക്കുള്ള തുടക്കം.. ഫേക്ക് ആണെന്ന് വിചാരിച്ചു ആദ്യം ഒഴിവാക്കിയെങ്കിലും വീണ്ടും അവൾ രാവിലെയും വൈകിട്ടും മുറ തെറ്റാതെ അയച്ചു കൊണ്ടിരുന്ന ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ് മെസ്സേജ്കൾ, ഒരിക്കൽ അതിന് മറുപടി നൽകി നോക്കവേ ആണ് വീണ്ടും അവളുടെ സൗഹൃദം സന്ദേശങ്ങളായി ഇൻബോക്സിൽ എത്തിയത്.. ഫേക്ക് അല്ലെന്ന് ഉറപ്പിക്കാൻ ഒരു വോയിസ്‌ ചോദിച്ചതും മടിയൊന്നുമില്ലാതെ അവൾ അയച്ച വോയിസ്‌ സന്ദേശം പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഫോൺ വിളികളുടെ തുടക്കമായി മാറി.. ഇന്ന് മറ്റാരേക്കാളും തന്നെ മനസിലാക്കാനും തന്റെ ഇഷ്ടങ്ങൾക്കൊപ്പം പെരുമാറാനും അവൾക്ക് കഴിയുന്നുണ്ട്… ഓരോ ദിവസം കഴിയുമ്പോഴും താൻ അവളിലേക്ക് കൂടുതൽ അടുക്കുന്നതും ദേവിയിൽ നിന്ന് അകലുന്നതും വിവേക് അറിയുന്നുണ്ടായിരുന്നു..

പ്രിയക്ക് രോഗിയായ അമ്മ മാത്രമേ ഉള്ളു.. വീടുകളിൽ ട്യൂഷൻ എടുത്തും, മാർക്കറ്റിംഗ് ജോലി ചെയ്തു മൊക്കെയാണ് അവൾ കുടുംബം നോക്കുന്നത്.. അവളുടെ സങ്കടങ്ങളും പ്രാരാബ്ധങ്ങളും അവൾ പറഞ്ഞറിഞ്ഞ നാള് മുതൽ അവളുടെ ആവശ്യങ്ങൾ നടത്തി കൊടുക്കാറുണ്ട്.. ഇനി മുതൽ മാർക്കറ്റിംഗ് ജോലിക്ക് പോകണ്ടന്ന് പറഞ്ഞിട്ടുണ്ട്.. തന്റെ തുച്ഛമായ ശമ്പളത്തിൽ നിന്ന് അവൾക്ക് കൂടി പൈസ എത്തിക്കുന്നത് കൊണ്ട് വീട്ടിൽ പല കാര്യങ്ങളും മുടക്കത്തിലാണ്.. വീടിന്റെ ലോൺ കുടിശിക കുറെ ആയിന്നു ദേവി വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു .. അവൾക്ക് അതല്ലാതെ വേറെ എന്തുണ്ട് പറയാൻ.!പുച്ഛത്തോടെ ഒന്ന് സ്വയം ചിരിച്ചു കൊണ്ട് വിവേക് വീണ്ടും പ്രിയയുടെ മെസേജ്ലേക്ക് ശ്രദ്ധ തിരിച്ചു..

പ്രിയയുടെ മോർണിംഗ് മെസ്സേജ് വന്നു കിടപ്പുണ്ട്.. കൂടെ ഒരു ആവശ്യവും … “അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനുള്ള ഡേറ്റ് നാളെയാണ്..പൈസ എത്തിക്കാൻ മറക്കല്ലേ വിവി…”

അവൾക്ക് താൻ അവളുടെ വിവി ആണ്.. തന്റെ ഏതാഗ്രഹവും നടത്തി തന്നു തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന പ്രിയ…അവളുടെ അമ്മ തന്റെയും കൂടി ഉത്തരവാദിത്വം ആണല്ലോ എന്നോർത്ത് കൊണ്ട് വിവേക് കൂട്ടുകാരെ വിളിച്ചു കടം ചോദിച്ചു പൈസ അറേഞ്ച് ചെയ്തു… തുടരെ ഫോൺ അടിക്കുന്നത് കേട്ടാണ് ഡ്യൂട്ടിക്കിടയിൽ വിവേക് ഫോൺ എടുക്കുന്നത്.. നാട്ടിൽ നിന്ന് ദേവി ആണ്..

“ഡ്യൂട്ടി ആണെന്ന് അറിയാം ഏട്ടാ.. അത്യാവശ്യം ആയത് കൊണ്ടാണ്….”

“എന്ത് അത്യാവശ്യം ആയാലും ഡ്യൂട്ടി സമയത്തു വിളിക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്? അവളോട്‌ കയർത്തു കൊണ്ടയാൾ ഫോൺ കട്ട്‌ ആക്കി…

എന്തോ ദേവിയുടെ കാൾ കാണുമ്പോ കത്തുന്ന വെയിലിന്റെ മടുപ്പും പ്രിയയുടെ കാൾ കാണുമ്പോ പുതു മഴ നനയുന്ന സുഖവും ആണെന്ന് അയാൾ ഓർത്തു.. ഇപ്പോൾ വിളിച്ചത് പ്രിയ ആയിരുന്നെങ്കിൽ എന്ത് ഡ്യൂട്ടി ആണേലും താൻ അവളോട്‌ സംസാരിച്ചേനെ.. അവളുടെ സംസാരത്തിനു അങ്ങനെ ഒരു മാസ്മരികതയുണ്ട്.. നാളുകൾ കടന്നു പോയി..

പ്രിയയുടെ ചോരുന്ന വീട് പൊളിച്ച് വേറെ വീട് വയ്ക്കാൻ ഉള്ള പൈസ അയച്ചു കൊടുക്കുന്നത് കാരണം വീട്ടിലേക്ക് പൈസ അയച്ചിട്ടു മാസങ്ങൾ ആയി.. അത് കൊണ്ട് തന്നെ വിളിക്കാറുമില്ല.. ഇങ്ങോട്ടു വിളിച്ചാലൊട്ട് എടുക്കാറുമില്ല.. പതിയെ ദേവിയും മക്കളും മറവിയിലേക്ക് ആഴ്ന്ന് പോയി.. തന്റെ ഭാര്യ എങ്ങനെ ആകണമെന്ന് താൻ ആഗ്രഹിച്ചോ അങ്ങനെ ഒരു ഭാര്യയെ പ്രിയയിൽ അറിഞ്ഞു കൊണ്ട് അയാൾ അവളുടെ സ്നേഹ വലയത്തിൽ പ്രവാസം തള്ളി നീക്കി..

നാട്ടിലേക്ക് തിരിക്കും മുൻപ് അവളെ മാത്രം വിളിച്ചു പറഞ്ഞു.. എയർപോർട്ടിൽ അവളുണ്ടാകണമെന്ന് തന്റെ ആഗ്രഹം ആയിരുന്നു..അത് കേട്ടതും അവൾക്കും സന്തോഷം ആയി .. എയർ പോർട്ട്‌ന് പുറത്തിറങ്ങിയ അയാളുടെ കണ്ണുകൾ അവളെ തിരഞ്ഞു.. ഒരു മന്ദഹാസത്തോടെ തന്നിലേക്ക് ഓടിയണയുന്ന അവളെ കണ്ണുകളാൽ തിരഞ്ഞു അവൻ പുറത്തേക്കിറങ്ങി…പക്ഷെ എത്ര തേടിയിട്ടും പ്രിയയെ അവിടെ കണ്ടില്ല..ഫോൺ എടുത്തു വാട്സ്ആപ്പ്ൽ പലവട്ടം വിളിച്ചിട്ടും അവളുടെ ഫോണിൽ കിട്ടിയില്ല.. അടുത്തു നിന്ന ഒരാളുടെ ഫോൺ മേടിച്ചു നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ കവറേജ് ഏരിയക്ക്‌ പുറത്ത് ആണെന്ന് അറിയിപ്പ്.. എയർ പോർട്ടിൽ നിന്നൊരു സിം എടുത്തു ആക്റ്റീവ് ആകുന്ന സമയം വരെ അവൾക്ക് എന്ത് സംഭവിച്ചു എന്നറിയാതെ ഓരോ നിമിഷവും മനസ് വിങ്ങി..
അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയി കാണുമോ?

അവൾക്ക് എന്ത് പറ്റിയെന്നറിയാതെ നിമിഷങ്ങൾ മണിക്കൂറുകളാക്കി വിവേക് തള്ളി നീക്കി.. സിം ആക്റ്റീവ് ആയി തുടരെ വിളിച്ചിട്ടും ഫോണിൽ അവളെ കിട്ടുകയോ ഓൺലൈൻ അവൾ വരികയോ ചെയ്യാതെ വന്നപ്പോൾ അവൾ തന്ന അഡ്രെസ്സ് ൽ അന്വേഷിച്ചു ചെല്ലാൻ അയാൾ തീരുമാനിച്ചു.. ഒരു ഹോട്ടലിൽ മുറിയെടുത്ത് ഫ്രഷ് ആയി അവൾക്കായി മേടിച്ച സമ്മാനങ്ങളുമായി വിവേക് തിരിച്ചു.. പ്രിയയുടെ നാട്ടിലേക്ക്.. ഒരു നാട്ടിൻപുറം.. അവൾ പറഞ്ഞു കേട്ട വയലുകളും..തോടുകളും കണ്ടു വണ്ടിയിലിരിക്കവേ ആദ്യ കൂടി കാഴ്ചയുടെ നിമിഷങ്ങൾ ഓർത്തുള്ള ആഹ്ലാദ തിമിർപ്പിൽ ആയിരുന്നു അയാളുടെ മനസ്.. ചോദിച്ചും,പറഞ്ഞും അവസാനം ആ വീടിന് മുന്നിൽ എത്തി വണ്ടി നിന്നു.. പതിയെ പ്രിയക്കുള്ള സമ്മാന പൊതികളുമായ് വണ്ടിയിൽ നിന്നിറങ്ങിയ വിവേകിനെ കാത്തിരുന്നത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു പഴയ ഓടിട്ട വീടായിരുന്നു.. വീടിന്റെ മുറ്റത്തേക്ക് നടന്നു എത്തിയപ്പോഴാണ് മുറ്റം നിറയെ കൂടി കിടക്കുന്ന കളകളും, ചപ്പ് ചവറുകളും അയാൾ കാണുന്നത്.. ആ മുറ്റത്തു നിന്ന ക്ഷണനേരം കൊണ്ട് തന്നെ അവിടെ ആള് താമസം ഇല്ലെന്ന് അയാൾക്ക് മനസിലായി..

പതിയെ പിന്തിരിഞ്ഞു നടക്കവേ അടുത്ത വീടിന്റെ വേലിക്കപ്പുറത്ത് നിന്ന് എത്തി നോക്കുന്ന ഒരു സ്ത്രീയെ കണ്ടു വിവേക് അങ്ങോട്ട് നടന്നു ചെന്നു.

“ചേച്ചി.. ആ വീട്ടിലേ ആൾക്കാർ എവിടെ? പ്രിയയും അമ്മയും? അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ മറ്റോ ആണോ”?

“പ്രിയയോ?” ഒരു നിമിഷം ചിന്തിച്ചു നിന്നു കൊണ്ട് അവർ തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത് അയാൾ ശ്രദ്ധിച്ചു .. ആ വീടിന്റെ ഉടമസ്ഥൻ ദുബായ്ലാ.. വീട് ഞങ്ങളെ ആണ് ഏല്പിച്ചിരിക്കുന്നെ.. ഞാനാണ് ഇടക്ക് പോയ്‌ അടിച്ചു വാരുന്നേ.. ആ സാറിന് പക്ഷെ പ്രിയ എന്നൊരു മോളില്ല. രണ്ട് ആൺകുട്ടികൾ ആണ്.. ” നിങ്ങൾക്ക് വീട് തെറ്റി എന്ന് തോന്നുന്നു ” അവർ പറഞ്ഞത് കേട്ട്വി വേക് വീണ്ടും ആ വീട്ടിലേക്ക് നോക്കി.. ഇല്ല തെറ്റിയിട്ടില്ല.. പ്രിയ അയച്ചു തന്ന ഫോട്ടോയിലെ ഉമ്മറവും, തുളസി തറയും ഒക്കെ അത് പോലുണ്ട്..!!

അയാൾ പെട്ടെന്ന് ഫോൺ എടുത്തു പ്രിയയുടെ ഫോട്ടോ ആ സ്ത്രീയെ കാണിച്ചു..
“ചേച്ചി ദേ ഇതാണ് പ്രിയ..”

ഫോട്ടോയിലേക്ക് നോക്കിയ അവരുടെ മുഖ ഭാവം മാറി വെറുപ്പ് നിറയുന്നത് അയാൾ ആശ്ചര്യത്തോടെ നോക്കി നിന്നു.. അവർ ഫോട്ടോയിൽ നിന്ന് കണ്ണുകൾ ഉയർത്തി തന്നെ നോക്കിയപ്പോൾ ആ വെറുപ്പിന്റെ തീവ്ര ഭാവം തന്റെ നേർക്കായത് അയാളറിഞ്ഞു ..

“ചേച്ചിക്ക് അറിയോ പ്രിയയെ”?

“ഇവളെ അറിയാത്തോരാര ഈ നാട്ടിൽ”? ഇവളുടെ പേര് പ്രിയ എന്നൊന്നുമല്ല ദേവയാനി എന്നാണ്.. കുറെ നാൾ ഈ വീട്ടിൽ വാടകക്ക് താമസിച്ചിട്ടുണ്ട്, നിങ്ങളെ പോലുള്ള സാറന്മാരുടെ വരവ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൂടിയപ്പോ ഈ നാട്ടുകാർ ഓടിച്ചു വിട്ടതാ “

“ഇപ്പോൾ പട്ടണത്തിൽ എങ്ങാണ്ടോ ആണ്.. കഴിഞ്ഞ ആഴ്ചയും അതിന് മുന്നത്തെ മാസവും ഒക്കെ ഇവളെ അന്വേഷിച്ചു ഓരോരുത്തന്മാർ വന്നു.. അവരൊക്കെ വേറെ വേറെ പേരുകൾ ആണ് ചോദിച്ചേ.. അവരുടെ ഒക്കെ കുറെ പൈസ തട്ടിച്ചൂന്ന് പറഞ്ഞറിഞ്ഞു.. നിങ്ങടെ എത്ര പോയ്‌?”…

പരിഹാസ ഭാവത്തിൽ ചിരിച്ചു കൊണ്ട് തന്നെ നോക്കി അത് ചോദിക്കുമ്പോ അവർക്കറിയില്ലല്ലോ ഒരായുസിലേ സ്വപ്നങ്ങളും സമ്പാദ്യവുമെല്ലാം അവൾ ഒരുവളിൽ വിശ്വാസം അർപ്പിച്ച് സമർപ്പിച്ച ഒരുവന്റെ മുന്നിലാണ് അവർ നിൽക്കുന്നത് എന്ന്..

“ആ വൃത്തികെട്ടവൾ ഈ നാട്ടിൽ നിന്ന് പോയപ്പോഴെങ്കിലും സമാധാനം ആയി ജീവിക്കാമെന്നു വിചാരിച്ചപ്പോ ഓരോരുത്തന്മാർ വണ്ടിയും പിടിച്ച് വരുന്ന്.. ഇവനൊക്കെ കൂടും കുടുംബവുമില്ലേ..”

തന്റെ കൈയിൽ നിന്നൂർന്നു വീണ സമ്മാന പൊതികളും പെറുക്കിയടുത്തു ഇടറുന്ന ചുവടുകൾ വലിച്ചു നീട്ടി വണ്ടിക്കരുകിലേക്ക് നടക്കുമ്പോൾ പുറകിൽ ആ സ്ത്രീ പറയുന്നത് കാതുകളിൽ വന്നലച്ചു.. തിരികെ ഹോട്ടലിലേക്കുള്ള വഴിയിൽ പലവട്ടം പ്രിയയുടെ..അല്ലാ.. ദേവയാനിയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും ആ നമ്പർ പരിധിക്ക് പുറത്ത് തന്നെ ആയിരുന്നു.. ഇനി ഒരിക്കലും ആ നമ്പറിൽ ബെൽ മുഴങ്ങില്ലെന്നും പുതിയ ഇരയെ തേടി മറ്റൊരു പേരിൽ അവൾ അവതരിച്ചിട്ടുണ്ടാകു മെന്നുമുള്ള തിരിച്ചറിവിൽ വിവേക് തരിച്ചിരുന്നു..

ഹോട്ടലിൽ എത്തി ഡ്രസ്സ്‌ അടങ്ങുന്ന ബാഗുമായി വീട്ടിലേക്ക്‌ തിരിച്ചു.. വീട്ടു മുറ്റത്തു വണ്ടി നിർത്തി ഇറങ്ങുമ്പോഴാണ് അമ്മക്കും,ദേവിക്കും,മക്കൾക്കുമായി താൻ ഒന്നും മേടിച്ചില്ല എന്നയാൾ ഓർത്തത്‌.. മനസിൽ പ്രിയ മാത്രം ആയിരുന്നു.. അവളുടെ ഇഷ്ടങ്ങൾ, സന്തോഷം,അതല്ലാതെ മറ്റൊന്നും കഴിഞ്ഞ ഒരു വർഷം ആയി തന്റെ ചിന്തകളിൽ ഇല്ലായിരുന്നു..

ഇടറുന്ന ചുവടുകളോടെ വീടിന്റെ മുറ്റത്തേക്ക്‌ നടന്നു അടുക്കുമ്പോഴാണ് മുറ്റത്തു കൂടി നിൽക്കുന്ന ചെറിയൊരു ആൾക്കൂട്ടം അയാൾ കാണുന്നത്.. അമ്മക്കെ ന്തെങ്കിലും?! ഒരു നിമിഷം കൊണ്ട് ഒരുപാട് അശുഭ ചിന്തകൾ അയാളുടെ മനസിലൂടെ കടന്നു പോയി..

“ഏട്ടാ”….! അമ്മേ ഏട്ടൻ വന്നു…”

ആൾക്കാരുടെ ഇടയിലൂടെ വേഗത്തിൽ ഉമ്മറത്തേക്ക് കയറുന്ന വിവേകിനെ കണ്ട് ദേവി കരഞ്ഞു കൊണ്ടു ഓടി വന്ന് അയാളുടെ നെഞ്ചിൽ അഭയം പ്രാപിച്ചു..

“നമ്മുടെ വീട് പോയി ഏട്ടാ”.. ഏട്ടന്റെ അധ്വാനം, നമ്മുടെ സ്വപ്നം… എല്ലാം.. ആശ്വാസ നിശ്വാസങ്ങൾക്കൊപ്പം പ്രാവിന്റെ കുറുകൽ പോലെ അയാളുടെ നെഞ്ചിൽ കിടന്നു കൊണ്ടവൾ പറഞ്ഞു.. വീട് ജപ്തി ചെയ്യാൻ നോട്ടീസ് പതിക്കാൻ ബാങ്കിൽ നിന്ന് വന്നവർ ആണ് അവിടെ നിൽക്കുന്നതെന്ന് അയാൾ മനസിലാക്കി… ചുറ്റും ആ കാഴ്ച്ച കണ്ട് ആസ്വദിക്കുന്ന നാട്ടുകാരും..

കണ്ണുകൾ നിറഞ്ഞു തന്നെ നോക്കി നിൽക്കുന്ന അമ്മയെ കണ്ട് ഹൃദയം പിടഞ്ഞു.. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു നിൽക്കുന്ന മക്കളെ ഒരു നിമിഷം നോക്കി നിൽക്കെ കുറ്റബോധം കൊണ്ട് തല താഴ്ന്നു പോകുന്നത് വിവേക് അറിഞ്ഞു…

“നീ മക്കളെയും അമ്മയെയും കൂട്ടി അകത്തേക്ക് ചെല്ല്.. ഞാൻ വരാം “

ദേവിയെ നെഞ്ചിൽ നിന്നടർത്തി മാറ്റി കൊണ്ട് അയാൾ ബാങ്കിലെ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് ചെന്നു.. എത്രയൊക്കെ അപേക്ഷിച്ചു പറഞ്ഞിട്ടും മാസങ്ങളായി തവണ മുടങ്ങിയതിനാൽ ഇനിയെന്തെങ്കിലും വിട്ട് വീഴ്ച ഉണ്ടാകാൻ സാധ്യത ഇല്ലെന്നും എന്തായാലും നാളെ ബാങ്കിൽ വന്നു മാനേജരെ കാണാൻ അയാളോട് പറഞ്ഞിട്ട് അവർ തിരിച്ചു പോയ്‌.. കാഴ്ച കാണാൻ കൂടി നിന്നവരും ഓരോരുത്തരായി പിരിഞ്ഞു പോയ്‌…

രാത്രിയിൽ ഒന്നിച്ചിരുന്നു അത്താഴം കഴിക്കുമ്പോഴോ..മുറിയിൽ ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴോ ഒരിക്കൽ പോലും ഇത്രയും മാസങ്ങൾ പൈസ അയക്കാത്തതു എന്തെന്നോ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് എന്ത് കൊണ്ടെന്നോ ദേവി ചോദിച്ചില്ല എന്നയാൾ ഓർത്തു.. ഈ വീട്ടിലെ കാര്യങ്ങൾ, മക്കളുടെ ആവശ്യങ്ങൾ, അമ്മയുടെ കാര്യം ഒക്കെ മറന്നു ഒരു പെണ്ണിന്റെ കപട സ്നേഹത്തിനു പിറകെ പോയ തന്നോട് അയാൾക്ക് അടക്കാനാകാതെ വെറുപ്പ് നുരയിട്ടു.. ആ വെറുപ്പിന്റെ ആഴത്തിൽ മുങ്ങി നിവർന്നു കൊണ്ടയാൾ ദേവിയുടെ മുൻപിൽ എല്ലാം ഏറ്റ് പറഞ്ഞു…

ഒരു വാക്ക് പോലും ഉച്ഛരിക്കാനാകാതെ നിറഞ്ഞ കണ്ണുകളോടെ തന്റെ ഭർത്താവിനെ നോക്കി അവൾ ഇരുന്നു… തന്റെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ സങ്കൽപ്പിച്ചു തനിക്ക് തരേണ്ട സ്നേഹവും കരുതലും പങ്കിട്ടു കൊടുത്തത്‌ വിശ്വസിക്കാൻ കഴിയാതെ അവൾ പകച്ചു പോയിരുന്നു…

“ദേവി…?.നീയെന്താ ഒന്നും മിണ്ടാത്തത്? നിനക്കെന്നോട് ക്ഷമിക്കാൻ കഴിയില്ലേ?”

“ഞാൻ എന്ത് ക്ഷമിക്കണം? എന്നെ മറന്നു മറ്റൊരു സ്ത്രീയിൽ അഭയം തിരഞ്ഞതോ?.നമ്മുടെ മക്കളെ മറന്നു മറ്റൊരുവളെ സംരക്ഷിച്ചതോ.. ഈ വീടിനെ കടക്കെണിയിലാക്കിയതോ.. എന്താണ് ഞാൻ ക്ഷമിക്കേണ്ടത് ?.അവൾ നിങ്ങൾ ആഗ്രഹിച്ചത് പോലെ ഒരു സ്ത്രീ ആയിരുന്നുവെങ്കിൽ ഇന്ന് എന്നോട് ക്ഷമ ചോദിക്കാൻ നിങ്ങൾ ഇവിടെ എന്റെ അടുത്ത് ഉണ്ടാകുമായിരുന്നോ?.എന്തിന്? നിങ്ങൾ നാട്ടിലെത്തി എന്ന് പോലും ഞാൻ അറിയില്ലായിരുന്നല്ലോ…”

ഉത്തരം പറയാനാകാതെ വിവേക് തല കുനിച്ചിരിക്കെ അവൾ തുടർന്നു… “എന്തിന് വേണ്ടി ആയിരുന്നു എന്ന് ഞാൻ ചോദിക്കുന്നില്ല…അതിനുള്ള ഉത്തരം നിങ്ങൾ ആദ്യമേ പറഞ്ഞു കഴിഞ്ഞു എന്റെ കഴിവുകേട് “!

“പക്ഷെ ഏട്ടാ.. അതെന്റെ കഴിവുകേടായിരുന്നില്ല.ഈ കുടുംബം യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളിലും അകപ്പെടാതെ.. ഏട്ടന്റെ അമ്മക്ക് ഒരു കുറവും വരാതെ..എന്റെ ഭർത്താവിനെ കടക്കെണിയിലാക്കാതെ.. മക്കളെ വിദ്യാ സമ്പന്നരാക്കി നില നിർത്തി കൊണ്ട് പോകാനുള്ള എന്റെ ശ്രമം ആയിരുന്നു.. അതിനായ് ഞാൻ നഷ്ടപെടുത്തിയത് എന്റെ സ്വപ്നങ്ങൾ ആയിരുന്നു.. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ആയിരുന്നു..”.”അതെ ഏട്ടാ”..!!

“എനിക്കുമുണ്ടായിരുന്നു സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഒക്കെ… അതൊക്കെ നിറവേറ്റാൻ ഞാനും ഇതു പോലെ വീടും മക്കളെയും മറന്നു ഇറങ്ങി തിരിച്ചാൽ എന്താകുംന്നു ആലോചിച്ചിട്ടുണ്ടോ?”

“ഒരു കരിയില അനങ്ങിയാൽ പേടിക്കുന്നവൾ” എന്ന് താൻ പരിഹസിച്ചിരുന്ന ദേവിയുടെ ഉറച്ച ശബ്ദത്തിനു മുൻപിൽ മറുപടി ഇല്ലാതെ അയാൾ പകച്ചിരുന്നു..

അയാളുടെ നിസ്സഹായത നിറഞ്ഞ മുഖത്തേക്ക് നോക്കി നിൽക്കെ കൂടുതൽ വേദനിപ്പിക്കാൻ കഴിയാതെ അവൾ നിന്നു.. പതിയെ ആത്മ നിയന്ത്രണം നേടി കൊണ്ടവൾ അയാളുടെ തോളിൽ കൈ വച്ചു…

“പോയതൊക്കെ പോട്ടേ.. ഇനിയും എല്ലാം ഉണ്ടാകും.. ഞാൻ കൂടെയുണ്ട്.. ഇനിയെങ്കിലും നമ്മുടെ ഈ ലോകം മറന്നു പോകരുത് ” മരുഭൂമിയിൽ പുതു മഴ പെയ്ത പോലെ അന്ന് ആദ്യമായി അയാൾക്ക് ദേവിയുടെ സ്വരം തോന്നി..

അന്ന് രാത്രി അവളുടെ കൈകളിൽ മുഖം അമർത്തി അയാൾ ശാന്തമായി ഉറങ്ങുന്നത് നോക്കി അവൾ ഉറക്കം വരാതെ കിടന്നു.. അപ്പോൾ പുറത്തെവിടെയോ പാതിരാ കോഴി കൂവുന്നുണ്ടായിരുന്നു…….!

Related Posts

Leave a Reply

Your email address will not be published. Required fields are marked *