മൂന്നായി വീതിച്ചതിൽ വീടുൾപ്പെടെയുള്ള സ്വത്തിന് മറ്റ് സ്വത്തുക്കളെ ക്കാൾ ഇരട്ടി മതിപ്പുണ്ടായിരുന്നു ,അത് കൊണ്ടാണ് തന്നെ നോക്കുന്നവർക്ക് ആ സ്വത്ത് നല്കാൻ മാധവി തീരുമാനിച്ചത്…..

Story written by Saji Thaiparambu

താനിനി അധികനാൾ ജീവിച്ചിരിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് മാധവി തൻ്റെ സ്വത്തുക്കൾ ഭാഗം വയ്ക്കാൻ തീരുമാനിച്ചത്

വിവരമറിഞ്ഞ് വിദേശത്തുള്ള മകളും മകനും, നാട്ടിൽ മറ്റൊരിടത്ത് താമസിക്കുന്ന വിധവയായ അവരുടെ മൂത്ത മരുമകളും തറവാട്ടിലെത്തി.

വിൽപ്പത്രം തയ്യാറാക്കുന്നതിന് മുമ്പ് സ്വത്തുക്കൾ വീതം വയ്ക്കുന്നതിനെ ക്കുറിച്ച് അവർ മക്കളോടും മരുമകളോടും വിശദീകരിച്ചു

ടൗണിലുള്ള തീയറ്ററും ഷോപ്പിങ്ങ് കോംപ്ളക്സും ഒരാൾക്കും , പെട്രോൽ പമ്പും ടൂവീലർ ഷോറൂമും രണ്ടാമത്തെയാൾക്കും സൂപ്പർ മാർക്കറ്റും ഈ ബംഗ്ളാവും ഇത് നില്ക്കുന്ന ഒന്നരയേക്കർ പുരയിടവും, എന്നെ മരണം വരെ കൂടെ നിന്ന് പരിചരിക്കുന്നയാൾക്കും , നല്കാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്, ഇനി നിങ്ങൾ തമ്മിൽ ആലോചിച്ച് എന്ത് വേണമെന്ന് തീരുമാനിക്കുക

മൂന്നായി വീതിച്ചതിൽ വീടുൾപ്പെടെയുള്ള സ്വത്തിന് മറ്റ് സ്വത്തുക്കളെ ക്കാൾ ഇരട്ടി മതിപ്പുണ്ടായിരുന്നു ,അത് കൊണ്ടാണ് തന്നെ നോക്കുന്നവർക്ക് ആ സ്വത്ത് നല്കാൻ മാധവി തീരുമാനിച്ചത്

അതാവുമ്പോൾ മക്കളും മരുമകളും തന്നെ ശുശ്രൂഷിക്കാൻ മത്സരിക്കുമെന്ന് അവർ പ്രതീക്ഷിച്ചു

പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു

എല്ലാ സ്വത്തുക്കളും കൂടി എനിക്കെന്തിനാണമ്മേ ദുബായിലെ ഫ്ളാറ്റും മറ്റ് ബിസിനസ്സുമൊക്കെയുള്ളപ്പോൾ അമ്മയുടെ സ്വത്തിൻ്റെ ആവശ്യമൊന്നും എനിക്കില്ല പിന്നെ നിർബന്ധമാണെങ്കിൽ ആ തീയറ്ററും, ഷോപ്പിങ്ങ് കോംപ്ലക്സും എനിക്ക് തന്നേയ്ക്ക് വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ഫ്രീയായി സിനിമ കാണാല്ലോ

മകൾ തമാശ രീതിയിൽ പറഞ്ഞവസാനിച്ച്, തന്നെ ഒഴിവാക്കിയപ്പോൾ, മാധവിക്ക് പിന്നീടുള്ള ഏക പ്രതീക്ഷ മകനിലായിരുന്നു

നീയെന്ത് പറയുന്നു സന്ദീപേ ,,,?

എൻ്റമ്മേ,, ഞങ്ങളുടെ കൂട്ടത്തിൽ ഏടത്തിയ്ക്കല്ലേ ,സ്വന്തമായി തൊഴിലോ വരുമാനമോ ഒന്നുമില്ലാത്തത്, അത് കൊണ്ട് ഏട്ടത്തിക്ക് തറവാടും മറ്റും എഴുതി കൊടുക്കുന്നതിന് എനിക്ക് സമ്മതമാണ് ,ഞാൻ പെട്രോൾ പമ്പും, ടൂവീലർ ഷോറൂമും കൊണ്ട് തൃപ്തിപ്പെട്ട് കൊള്ളാം

മകനും തന്നെ കൈയ്യൊഴിഞ്ഞെന്നറിഞ്ഞപ്പോൾ മാധവിയുടെ നെഞ്ച് പിടഞ്ഞു.

അടുത്ത ഊഴം മരുമകളുടേതായിരുന്നു’ പക്ഷേ, തൻ്റെ മകൻ മരിക്കുന്നതിന് മുമ്പും അതിന് പിമ്പും താനവളെ ഒരു പാട് ദ്രോഹിച്ചി ട്ടുണ്ടെന്ന കുറ്റബോധത്താൽ അവളുടെ മുഖത്ത് നോക്കാൻ പോലും കഴിയാതെ മാധവി തല കുമ്പിട്ടിരുന്നു .

ഇനി അഭിപ്രായം പറയേണ്ടത് ഞാനല്ലേ അമ്മേ ,എങ്കിൽ പറയാം, ഭർത്താവും മക്കളുമൊന്നുമില്ലാത്ത എനിക്കെന്തിനാണമ്മേ സ്വത്തുക്കൾ? പിന്നെ സന്ദീപ് പറഞ്ഞത് പോലെ, എനിക്ക് വരുമാനമില്ലെന്ന് പറയാൻ കഴിയില്ല ,ദൈവം സഹായിച്ച് എനിക്ക് കേക്കുണ്ടാക്കുന്ന ചെറിയൊരു യൂണിറ്റുണ്ട്, ബുദ്ധിമുട്ടില്ലാതെ ജീവിക്കാനുള്ള വക അതിൽ നിന്നും കിട്ടുന്നുമുണ്ട്, ഞാനിത് പറഞ്ഞത്, അമ്മയെ ഞാൻ നോക്കില്ലെന്ന് പറയാനല്ല കെട്ടോ? ,ഇനിയുള്ള കാലം അമ്മയെ ഞാൻ നോക്കി ക്കൊള്ളാം, പകരം എനിക്ക് ഒരു സ്വത്തും വേണ്ട, പക്ഷേ, എനിക്കൊരു അപേക്ഷയുണ്ട്, ഞാനുൾപ്പെടെയുള്ള ആർക്കും അമ്മയുടെ സ്വത്തുക്കളോട് താല്പര്യമില്ലാത്തതിനാൽ, മുഴുവൻ വസ്തുവകകളും ഏതെങ്കിലും അനാഥാലയങ്ങൾക്ക് എഴുതി കൊടുക്കണമെന്നാണ് എൻ്റെ അഭിപ്രായം ,അത് മാനിക്കുന്നെങ്കിൽ, ഒട്ടും വൈകണ്ടാ, അമ്മ റെഡിയായിക്കോളു, നമുക്ക് എൻ്റെ വീട്ടിലേയ്ക്ക് പോകാം, അവിടെ യാകുമ്പോൾ, എൻ്റെ ചെറിയ ബിസിനസ്സും നടക്കും ,അമ്മയെ എനിക്ക് പരിചരിക്കാനും കഴിയും,,

മരുമകളുടെ അഭിപ്രായം കേട്ട് മാധവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

എന്നാലിനി എൻ്റെ മക്കൾ രണ്ട് പേരും വിദേശത്തേയ്ക്ക് മടങ്ങിപ്പൊയ്ക്കോളു,
എൻ്റെ എല്ലാ സ്വത്തുക്കളും അനാഥാലയങ്ങൾക്കുള്ളതാണ് , മാത്രമല്ല ഞാനെൻ്റെ മരുമകളോടൊപ്പം ,അല്ല, മകളോടൊപ്പം പോകുവാനും തീരുമാനിച്ചു,,

അമ്മയുടെ തീരുമാനമറിഞ്ഞ മക്കൾ, മറ്റൊന്നും പറയാൻ കഴിയാതെ, ഇളിഭ്യരായി നിന്നപ്പോൾ, സ്വന്തം അമ്മയെ അവഗണിച്ച മക്കളോട്, പ്രതികാരം ചെയ്യാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലായിരുന്നു മരുമകൾ ഉഷ.

Leave a Reply

Your email address will not be published. Required fields are marked *