സമന്വയം
എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി
അയാളെ കാണാൻ മോഹൻലാലിനെപ്പോലെയില്ലേ..?
സിജു വ൪ഗീസ് ബസ്സിന്റെ ഡ്രൈവർ സുബിനോട് ചോദിച്ചു.
അതേ.. ഞാനും കണ്ടപ്പോൾ വിചാരിച്ചു. ആ തോൾ ചരിഞ്ഞ നടത്തവും, ചിരിയും ലാസ്യഭംഗി തുളുമ്പുന്ന വിരലുകളും..
സഹായി ധ൪മ്മൻ പറഞ്ഞു:
ആ ശബ്ദം കേട്ടപ്പോൾ ഞാനും വിചാരിച്ചു ലാലേട്ടന്റെ ബന്ധു ആണോന്ന്..
ഇവ൪ മൂന്നുപേരും ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവ൪മാരാണ്. ഒരാഴ്ചത്തേക്കോ പത്ത് ദിവസത്തേക്കോ ഒക്കെ വിവിധ സ്ഥലങ്ങളിലേക്ക് സ്റ്റാ൪ ടൂ൪സ് ആന്റ് ട്രാവൽസിന്റെ അതിഥികൾ ടൂ൪ പോകുമ്പോൾ ഇവ൪ മൂവരും ഒന്നിച്ചായിരിക്കും ഒരു ബസ്സിൽ. ഓരോരുത്തരും മാറിമാറി ഓടിക്കും. സിജു നല്ല കുക്കാണ്. പാചകം ചെയ്യേണ്ട സാമഗ്രികളൊക്കെ ബസ്സിൽ കരുതിയിട്ടുണ്ടാകും. യാത്രക്കാ൪ക്ക് ഫുഡ് പോയ്സണോ മറ്റ് അസൌകര്യങ്ങളോ വരാതെ അവ൪ ശ്രദ്ധിക്കും. എളുപ്പം ഉണ്ടാക്കാവുന്ന വിഭവങ്ങൾ പെട്ടെന്ന് ഉണ്ടാക്കിക്കൊടുക്കും രാവിലെയും രാത്രിയും. ഉച്ചയ്ക്ക് മാത്രമാണ് പുറത്തുനിന്നും ഭക്ഷണം. അതും സ്ഥിരമായി പോകുന്നതുകൊണ്ട് നല്ല വൃത്തിയുള്ള, പരിചയമുള്ള ഹോട്ടലുകളിൽനിന്ന് മാത്രം.
അങ്ങനെ ബദരിനാഥിലേക്കുള്ള യാത്രയിൽ, വഴിയോരത്ത് വിശ്രമിക്കാനായി കുറച്ചുനേരം നി൪ത്തിയപ്പോൾ പുതുതായി വന്ന രണ്ടുപേരെക്കുറിച്ചുള്ള ച൪ച്ചയിലായിരുന്നു അവ൪. ശബരീനാഥും ഗൌരിമേനോനുമായിരുന്നു അവ൪.
എടാ.. ആ ഓപ്പോസിററ് സീറ്റിലിരിക്കുന്ന അവരെ ശ്രദ്ധിച്ചോ..??ലക്ഷ്മി ഗോപാലസ്വാമിയെപ്പോലെ ഇല്ലേ..?
ഒരു ഡാൻസറാണെന്ന് തോന്നുന്നു..
ഏയ്.. അവരൊരു ഡോക്ടറാ.. വയസ്സായ അമ്മ മാത്രമേയുള്ളൂ വീട്ടിൽ. സഹായത്തിന് ആരെയോ നിർത്തി പോന്നിരിക്കുകയാ..
നിനക്കെങ്ങനെ അറിയാം..?
വീടിനുമുന്നിൽനിന്ന് ബസ്സിൽ കയറാൻനേരം റോഡ് സൈഡിൽനിന്ന് ആരോ പരിചയക്കാ൪ ചോദിച്ചതിന് ഉത്തരം പറയുന്നത് കേട്ടിരുന്നു. ഡോക്ടർ വീട്ടിൽ ക്ലിനിക്ക് നടത്തുന്നുണ്ട്. ബോ൪ഡ് കണ്ടാരുന്നു..
പക്ഷേ ഇവ൪ രണ്ടുപേരും തമ്മിൽ എന്തോ ചുറ്റിക്കളിയുണ്ട്..
സിജു പറഞ്ഞു.
അതെന്താ അങ്ങനെ പറഞ്ഞത്..?
അതൊക്കെയുണ്ട്.. നിങ്ങൾ അവരെ ശ്രദ്ധിച്ചോ..
അധികം താമസിയാതെ അവർ വീണ്ടും പുറപ്പെട്ടു. യാത്രയിൽ ഉടനീളം ശബരീനാഥ് തന്റെ ഫോണിൽ ആയിരുന്നു. ധ൪മ്മൻ നോക്കുമ്പോൾ ഗൗരിയും ഫോണിലാണ്. അവന്റെ മനസ്സിൽ അവർ തമ്മിൽ ചാറ്റ് ചെയ്യുന്നതായും അവർ മുൻ പരിചയക്കാരായിരുന്നതായും ചില ചിന്തകൾ ഉദിച്ചു. സിനിമയിൽ കാണുന്നതുപോലെ അവർ തമ്മിലുള്ള പ്രണയരംഗങ്ങൾ അവൻ ഭാവനയിൽ കണ്ടു.
അതേസമയം ശബരിയും ഇടക്ക് തന്റെ ജീവിതത്തെക്കുറിച്ച്, തന്റെ മക്കളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. രണ്ടു വയസ്സിന് വ്യത്യാസമുള്ള രണ്ട് പെൺമക്കൾ.. അവർ നന്നായി പഠിച്ച് ജോലി നേടി, വിവാഹം കഴിഞ്ഞു. റിട്ടയർമെൻറിനുശേഷം പുസ്തകങ്ങളും കൂട്ടുകാരുമായി കഴിയുന്നതി നിടയ്ക്കാണ് ഒരു യാത്ര പോയാലെന്തെന്ന് അയാൾക്ക് തോന്നിയത്. ഇടക്ക് തനിച്ച് താമസിക്കുകയും ഇടക്കൊക്കെ കുട്ടികൾ വന്നാൽ വീട് ഉണരുന്നതും അവർ അയാൾക്കുചുറ്റും ശലഭങ്ങളെപ്പോലെ പറന്നുനടക്കുന്നതും കുസൃതി കാണിക്കുന്നതും അയാൾ ഒരു മന്ദഹാസത്തോടെ ഓർത്തിരുന്നു.
ബസ്സിൽ ഇരിക്കുന്ന മറ്റുള്ളവരുടെയും അവസ്ഥ ഏതാണ്ട് ഇതുപോലെ ആയിരുന്നു. സ്വന്തം ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളും അവരുടെ ഓർമ്മകളിൽ കയറിയിറങ്ങിപ്പോയി.
അതിമനോഹരമായ ആ ഓ൪മ്മകളുടെ രംഗങ്ങൾ അവരുടെ യാത്രയെ വർണ്ണാഭമാക്കി.
സന്ധ്യ കഴിഞ്ഞപ്പോഴാണ് അവർ ഒരു ഹോട്ടലിൽ മുറിയെടുത്തത്. നേരത്തെ ബുക്ക് ചെയ്തിരുന്നതുകൊണ്ട് എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിയിരുന്നു.
പുറത്ത് ഒഴിഞ്ഞൊരു സ്ഥലത്തുവെച്ച് സിജുവും ധർമ്മനും സുബിനും പാചകം തുടങ്ങിക്കഴിഞ്ഞു. എല്ലാവരും കുളിച്ചെത്തി വട്ടത്തിലിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി. ഓരോരുത്തരും തങ്ങളെ പരസ്പരം പരിചയപ്പെടുത്തുകയും സ്വന്തം അനുഭവങ്ങൾ ചെറുതായി പങ്കുവെക്കുകയും ഒക്കെ ചെയ്തു. അപ്പോഴൊക്കെയും ശബരിയോ ഗൗരിയോ പരസ്പരം സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല.
നീ പറഞ്ഞതൊക്കെ വെറുതെയാ… അവർ തമ്മിൽ അങ്ങനെ ഒന്നുമില്ല.. അവർക്ക് പരസ്പരം അറിയുക പോലുമില്ല..
സുബിൻ ശബ്ദം താഴ്ത്തി സിജുവിന്റെ ചെവിയിൽ പറഞ്ഞു.
നമുക്ക് നാളെ കണ്ടുപിടിക്കാം.. ഇന്ന് വൈകിയില്ലേ.. പോയി ഉറങ്ങാൻ നോക്കാം..
സിജു എഴുന്നേറ്റു.
അടുത്ത പ്രഭാതത്തിൽ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വയസ്സായ ഒരു സ്ത്രീക്ക് കുറച്ച് ശ്വാസംമുട്ട് അനുഭവപ്പെട്ടു. ഭാരതിച്ചേച്ചി കുറച്ചേറെ ദൂരെ നിന്നാണ് യാത്രക്കായി ആ സിറ്റിയിലെത്തിയതുതന്നെ. ധർമ്മനാണ് പോയി ഗൗരിയെ, റൂമിൽനിന്നും മുട്ടിവിളിച്ചത്. അവർ പെട്ടെന്നുതന്നെ ആ ചേച്ചിയെ പോയി നോക്കുകയും മരുന്നു കൊടുക്കുകയും ചെയ്തു. അതോടുകൂടി അവർക്ക് നേരിയ ആശ്വാസം ലഭിച്ചു. യാത്ര തുടരണമോ എന്ന് അവർക്കൊരു സംശയമുള്ളതുപോലെ തോന്നി. പക്ഷേ വലിയ ആഗ്രഹത്തോടെ വന്നതാണ്… തിരിച്ചു പോവാനും മനസ്സില്ല. ഇതുവരെ ശ്വാസംമുട്ടലിന്റെ അസുഖമൊന്നും അവർക്ക് ഉണ്ടായിരുന്നതുമല്ല.
ശബരി അവരുടെ കെയർടേക്കർ ആയി. ശബരി പറഞ്ഞു:
അവർക്ക് എന്ത് പ്രശ്നം വന്നാലും ഞാൻ ശ്രദ്ധിച്ചു കൊള്ളാം.. ആരും പേടിക്കേണ്ട..
ഈ സംഭവത്തോടെയാണ് സിജുവും സുബിനും ധർമ്മനും ശബരിയുമായി അടുക്കുന്നത്. ശബരിയുടെ കളിയും ചിരിയും പാട്ടും യാത്രക്കാരിൽ ഉത്സാഹം നിറച്ചു. അങ്ങനെ യാത്ര തുടർന്നു.
പലസ്ഥലങ്ങൾ കണ്ടും വാഹനം നിർത്തി വിശ്രമിച്ചും അവരുടെ യാത്ര മുന്നോട്ട് പോയി. രണ്ടാമത്തെ ദിവസവും ഒരു ഹോട്ടലിൽ എത്തി വിശ്രമിക്കുമ്പോഴാണ് എല്ലാവരും തമ്മിൽ കൂടുതൽ അടുക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങിയത്.
ധർമ്മൻ ഗൗരിയോട് എവിടെയാണ് പഠിച്ചത് എന്നും മറ്റും ചോദിച്ചു. സിജു ഇതേ സമയം സൂത്രത്തിൽ ശബരിയോടും ഇതേ ചോദ്യങ്ങളൊക്കെ ചോദിക്കുന്നു ണ്ടായിരുന്നു. അവർ തമ്മിൽ കോളേജിൽ വെച്ചേ വല്ല പരിചയവു മുണ്ടായിരുന്നോ എന്നൊരു സംശയത്തിന് ഉത്തരം തേടുകയായിരുന്നു അവർ.
പക്ഷേ സംശയിക്കത്തക്ക യാതൊന്നുംതന്നെ അവർക്ക് അവരിൽനിന്നും ഉത്തരമായി ലഭിച്ചില്ല. തത്കാലം ചോദ്യങ്ങളൊക്കെ മതിയാക്കി എല്ലാവരും ഉറങ്ങാനായി എഴുന്നേറ്റു.
മൂന്നാം ദിവസം യാത്ര ഒന്നുകൂടെ ഉഷാറായി. എല്ലാവരും യാത്രയുടെ രസം ആസ്വദിച്ചുതുടങ്ങി. ബസ്സിൽ ഏതുസമയവും പാട്ടും ഡാൻസും മേളവും തന്നെ. പ്രായമുള്ളവരും ഇല്ലാത്തവരും എന്നൊന്നുമില്ല.. എല്ലാവർക്കും ചെറുപ്പം. എല്ലാവരും ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും ഒരുപോലെ ആസ്വദിക്കുകയും ചുവടുവെക്കുകയും ചെയ്തു. പരസ്പരം കളിയാക്കുകയും കൗണ്ടർ പറയുകയും ചെയ്യുന്നതിനും ആരും കുറവ് വരുത്തിയില്ല. മൊത്തം ഒരു ആഹ്ലാദത്തിന്റെ വേലിയേറ്റം.
അന്ന് യാത്ര അവസാനിച്ചതും എല്ലാവരും ഇത്തിരി ക്ഷീണത്തിൽ ആയിരുന്നു. കാരണം പകൽ മുഴുവൻ അത്രയും കളിച്ച് ചിരിച്ചു രസിച്ച് ചുവട് വെച്ച് ആഘോഷമാക്കിയിരുന്നു. വൈകുന്നേരം ഹോട്ടലിൽ എത്തിയാൽ എല്ലാവരും സ്വന്തം വീടുകളിലേക്ക് വിളിച്ച് എവിടെയാണ് ഇപ്പോഴുള്ളത് എന്നും പകൽ നടന്ന സംഭവങ്ങളും മറ്റും ചെറുതായി വിവരിക്കുമായിരുന്നു. ക്ഷീണം കാരണം എല്ലാവരും കുളിച്ചുവന്ന് ഭക്ഷണം കഴിച്ച് ഉറങ്ങിയതൊക്കെ പെട്ടെന്നായിരുന്നു.
അടുത്ത ദിവസം എല്ലാവരും പുറപ്പെട്ടപ്പോഴേക്കും പലരുടെ വീട്ടിൽനിന്നും ഫോൺ വരാൻ തുടങ്ങി. എന്താണ് ഇന്നലെ വിളിക്കാതിരുന്നത് എന്നൊക്കെ ചോദ്യങ്ങൾ… രാത്രി ട്രൈ ചെയ്തിട്ട് കിട്ടാത്തവരുടെ പരിഭവങ്ങൾ.. ചിലരുടെ പരാതികൾ.. ചിലരുടെ ശാസനകൾ.. തിരിച്ച് അങ്ങോട്ടുള്ള കയർക്കലുകൾ… ശബരീനാഥ് എല്ലാവരുടെയും അടുത്തുചെന്ന് ഓരോരുത്തരുടെയും സുഖവിവരം അന്വേഷിക്കുകയും ശബ്ദമുയർത്തി സംസാരിക്കുന്നവരെ ആശ്വസിപ്പിക്കുകയും യാത്ര തുടങ്ങാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അയാൾ ഉള്ളത് സിജുവിനും സുബിനും വലിയ ഉപകാരമായി തോന്നി.
യാത്രകൾ പിന്നെയും തുടർന്നു. ഒരു ദിവസം സുബിൻ സിജുവിനോടും ധർമ്മനോടുമായി പറഞ്ഞു:
ഇന്ന് നമ്മുടെ കൂട്ടത്തിൽ രണ്ടുപേരെ കാണാതാകും…
ഒരേ സമയം സിജുവും ധർമ്മനും ഞെട്ടി.
നീ എന്തായീ പറയുന്നത്..? അങ്ങനെയായാൽ നമ്മുടെ യാത്ര എങ്ങനെ മുന്നോട്ടുപോകും..?
ഇല്ല.. അവരെക്കൂടാതെ നാം മുന്നോട്ട് പോകുന്നില്ല…
പിന്നെ..?
അവർ തിരിച്ചുവരുന്നതുവരെ നാം ഇവിടെ സ്ഥലങ്ങളൊക്കെ കണ്ട് വെയ്റ്റ് ചെയ്യുന്നു.
ആരെയാണ് കാണാതെയാകുന്നത്..? നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം..?
അതൊക്കെ നിങ്ങൾ കണ്ടോളൂ..
സുബിൻ ഒരു കള്ളച്ചിരി ചിരിച്ച് വണ്ടിയിൽ കയറി ബസ് സ്റ്റാർട്ട് ചെയ്തു. സിജുവും ധർമ്മനും പരസ്പരം നോക്കിക്കൊണ്ട് ബസ്സിലേക്ക് കയറി. ഉച്ചയൂണിനുശേഷം ഒരുപാട് സ്ഥലങ്ങൾ കാണാനുള്ള ഒരിടത്ത് വണ്ടി നിർത്തി. ഏകദേശം നാല് മണിക്കൂറിനുശേഷം കൃത്യമായി എല്ലാവരും വണ്ടിക്കുള്ളിലേക്ക് തിരിച്ചെത്തണമെന്ന് അവർ നിർദ്ദേശം കൊടുത്തു. ആളുകളൊക്കെ ചുറ്റിലും ഇറങ്ങി ഒരോ സ്ഥലങ്ങൾ കാണാൻ പോയിത്തുടങ്ങി.
സിജുവും സുബിനും ധർമ്മനും ബസ്സിൽത്തന്നെ ഇരുന്നതേയുള്ളൂ. അവർ പല വിശേഷങ്ങളും പറഞ്ഞ് അങ്ങനെ നേരം പോയി. നാലുമണിക്കൂറിനുശേഷം ഓരോരുത്തരായി തിരിച്ചെത്തിതിതുടങ്ങി. ശബരീനാഥും ഗൗരിയും മാത്രം വന്നതില്ല.
ധർമ്മൻ പുതിയൊരു സങ്കൽപ്പലോകത്തിൽ ശബരിനാഥിനെയും ഗൗരിയെയും പ്രണയബദ്ധരായി പാട്ടും പാടി നടക്കുന്നതായി സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽനിന്ന് ഉണർന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു. ധർമ്മനും കാര്യങ്ങൾ പന്തിയല്ല എന്ന് മനസ്സിലായി.
സമയം കടന്നുപോകവേ എല്ലാവരും പരിഭ്രാന്തരായിത്തുടങ്ങി. സുബിനും സിജുവും ഇടയ്ക്കിടെ ശബരിനാഥിനെയും ഗൗരിയെയും ഫോണിൽ വിളിച്ചുനോക്കുന്നുണ്ട്. അവരുടെ ഫോൺ റിങ്ങ് ചെയ്യുന്നുമുണ്ട്. പക്ഷേ ആരും എടുക്കുന്നില്ല. എന്താണ് വേണ്ടത് എന്ന് എല്ലാവർക്കും ശങ്കയായി. സിജു സുബിനോട് ചോദിച്ചു:
നിനക്ക് ഇവരെ ഇന്ന് കാണാതാകും എന്ന് എങ്ങനെ അറിയാം..?
സുബിൻ പറഞ്ഞു:
ഇവിടെയല്ലേ നമ്മുടെ മിക്ക യാത്രകളിലും ലവേ൪സിന് വൈകിയെത്താവുന്ന ഇടങ്ങൾ ഉള്ളൂ.. ഈ ഒരു സ്ഥലത്ത് മാത്രമേ അങ്ങനെയുള്ളവർക്ക് ചുറ്റിനടക്കാൻ ഇഷ്ടംപോലെ അവസരങ്ങൾ ഉള്ളൂ.. മറ്റുള്ളയിടത്തെല്ലാം നമ്മളെല്ലാവരും ഒന്നിച്ചാണല്ലോ എല്ലാ സ്ഥലങ്ങളും കാണുന്നത്.. അതുകൊണ്ട് പറഞ്ഞതാണ്.
ഇനിയിപ്പോൾ എന്താ ചെയ്യുക…? എവിടെപ്പോയി എന്ന് കരുതിയാണ് അന്വേഷിച്ചിറങ്ങുക..
എപ്പോഴും കോമഡി പറഞ്ഞു ചിരിച്ചുകൊണ്ടിരിക്കുന്ന ധർമ്മനും പരിഭ്രമിച്ചു തുടങ്ങി.
ഏതാണ്ട് ഇതേ സമയത്ത് ശബരീനാഥും ഗൗരിയും ഒരു കുട്ടിയെ താങ്ങിപ്പിടിച്ച് റോഡിലൂടെ ഓടിവന്ന് ഒരു ഓട്ടോയിൽ കയറ്റുന്നത് കണ്ടു. എല്ലാവരും ബസ്സിൽ നിന്നിറങ്ങി ഓട്ടോയുടെ ചുറ്റും കൂടി. അപ്പോഴേക്കും ആളുകൾ കൂടി. ആ കുട്ടി വഴുതിവീണ് ബോധം പോയതാണ്.. ഗൗരി അവർക്ക് അത്യാവശ്യം വേണ്ട ഫസ്റ്റ് എയ്ഡ് ഒക്കെ കൊടുത്തിട്ടുണ്ട്. കുട്ടിയുടെ കൂട്ടത്തിലുള്ള ബന്ധുക്കളായ രണ്ടുമൂന്നുപേർ ഓട്ടോയിൽ കയറി. അവർ അടുത്തുള്ള ഹോസ്പിറ്റൽ എവിടെയാണെന്ന് ചോദിച്ച് അങ്ങോട്ടേക്ക് വിട്ടു. ശബരീനാഥും ഗൗരിയും സമാധാനത്തോടെ നടന്നുവന്ന് ബസ്സിൽ കയറി. തങ്ങളുടെ അവിടവിടെ ചോiരപുരണ്ടിരുന്ന വസ്ത്രങ്ങളൊക്കെ മാറി, ദീർഘമായി നിശ്വസിച്ചുകൊണ്ട് നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു. എല്ലാവരുടെയും ടെൻഷൻ ഒക്കെ കുറഞ്ഞു. യാത്ര തുടർന്നു.
സിജു സുബിനെ കളിയാക്കിക്കൊണ്ട് രഹസ്യമായി ഒരു ചിരി ചിരിച്ചു. അവൻ വിചാരിച്ചതുപോലെ ഒന്നുമായിരുന്നില്ല കാര്യങ്ങൾ എന്നറിഞ്ഞതും ധർമ്മനും ചെറിയൊരു പരിഹാസം സുബിന്റെ നേർക്ക് തോന്നി. പക്ഷേ സുബിൻ തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നു.
അല്ലെടാ അവർ തമ്മിൽ എന്തോ ഉണ്ട്.. അല്ലെങ്കിൽ കുട്ടി വഴുതിവീഴുന്ന സ്ഥലത്ത് അവർ രണ്ടുപേരും മാത്രമെന്തേ അത് കാണാനിടയായത്..?
സംശയങ്ങളും ആശങ്കകളും നിഴൽവീഴ്ത്തിയ മുഖങ്ങളുമായി യാത്ര പിന്നെയും നീണ്ടു. അങ്ങനെ ബദരീനാഥും മറ്റു പുണ്യ സ്ഥലങ്ങളും എല്ലാം കണ്ട് സായൂജ്യം നേടി സംതൃപ്തരായി അവർ തങ്ങളുടെ മടക്കയാത്ര ആരംഭിച്ചു. യാത്രയിൽ ഓരോരുത്തരായി തിരിച്ചു വീട്ടിലെത്തിയാലുള്ള ഓരോ രംഗങ്ങൾ ഓർത്ത് അസ്വസ്ഥരായി. ചിലർ വളരെ റിലാക്സ്ഡ് ആയി ആശ്വാസത്തോടെയാണ് യാത്ര ചെയ്യുന്നത്. പക്ഷേ മറ്റു ചിലർക്ക് അടുത്ത യാത്രയെക്കുറിച്ചുള്ള പ്ലാനിങ് ആണ്.
ശബരിനാഥും ഗൗരിയും തീർത്തും മൌനമായി ഇരിക്കുകയായിരുന്നു. ആ സമയത്താണ് ധർമ്മൻ ചോദിച്ചത്:
നമ്മുടെ അടുത്ത യാത്ര അടുത്തമാസം രാമേശ്വരത്തേക്കാണ്… നിങ്ങളിൽ എത്രപേർ വരുന്നുണ്ട്..? വേണ്ടവർക്ക് ഇപ്പോഴേ ബുക്ക് ചെയ്തു തുടങ്ങാം.
ഒരേസമയം ശബരീനാഥും ഗൗരിയും പരസ്പരം നോക്കി. അവർക്ക് അടുത്ത യാത്രകൂടി പോയാൽ കൊള്ളാമെന്ന് അവരുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ രണ്ടുപേരും ഒന്നും തന്നെ സംസാരിച്ചില്ല. അവർ രണ്ടുപേരും മൊബൈൽ എടുക്കുന്നതും ചാറ്റ് ചെയ്യുന്നതും സുബിനും സിജുവും ധർമ്മനും കാണുന്നുണ്ടായിരുന്നു. ചാറ്റ് ചെയ്തു കഴിഞ്ഞ് മൊബൈൽ ഒരേസമയം ബാഗിലിട്ട് രണ്ടുപേരും മുഖമയർത്തി നോക്കിയത് ഇവരുടെ മൂന്നുപേരുടെ മുഖത്തേക്ക് ആയിരുന്നു.
എന്തേ? നിങ്ങൾ പോരുന്നുണ്ടോ നമ്മുടെ കൂടെ അടുത്തമാസം..?
രണ്ടുപേരോടുമായി സുബിൻ ചോദിച്ചു.
ആലോചിച്ചിട്ട് പറയാം..
ശബരിനാഥ് പെട്ടെന്ന് ഉത്തരം പറഞ്ഞ് പുറത്തേക്ക് നോക്കിയിരുന്നു. ഗൌരി ഒന്നുംതന്നെ സംസാരിച്ചില്ല.
അതോടെ ആ രംഗത്തിന് അവസാനമായി. ഇനി ഒരു ദിവസംകൂടി കഴിഞ്ഞാൽ നാട്ടിലെത്തും. എല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോകും.
അന്നുരാത്രി ഹോട്ടലിനുമുന്നിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ സുബിൻ പറഞ്ഞു:
നിങ്ങൾക്ക് ആർക്കെങ്കിലും രസകരമായ സ്വന്തം അനുഭവങ്ങളോ കഥയോ എല്ലാവർക്കുമായി പങ്കുവെക്കണമെങ്കിൽ ഇന്ന് ആവാം…
അതെ, ഇന്ന് വൈകിയേ നമ്മൾ ഉറങ്ങുന്നുള്ളൂ… നാളെകൂടി കഴിഞ്ഞാൽ നമ്മളിൽ പലരും പിന്നീട് പരസ്പരം കണ്ടെന്നുകൂടി വരില്ല… അതല്ല സ്ഥിരമായി നമ്മളുടെകൂടെ യാത്രയ്ക്ക് പോകാൻ ഇഷ്ടമുള്ളവരാണെങ്കിൽ ഇത് നമുക്ക് ഇനിയും തുടരാം…
കുറെപ്പേർ അതിനെക്കുറിച്ച് സംസാരവും ചർച്ചകളുമായി താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു. അപ്പോഴും ശബരിനാഥും ഗൗരിയും അകലങ്ങളിലേക്ക് നോക്കി നിശ്ശബ്ദരായി ഇരുന്നതേയുള്ളൂ. സുബിൻ ചോദിച്ചു:
ശബരിയേട്ടാ, നിങ്ങൾക്ക് ഫാമിലിയായി വന്നുകൂടെ..? ആരൊക്കെയുണ്ട് വീട്ടിൽ..?
എനിക്ക് വീട്ടിൽ ആരുമില്ല… മക്കൾ രണ്ടുപേരും വിവാഹം കഴിഞ്ഞ് അവരുടെ ഭർത്താവിന്റെ കൂടെ ബാംഗ്ലൂരിലാണ് താമസം. അവിടെയാണ് അവ൪ക്ക് ജോലിയും.
ശബരീനാഥ് ഒരുതരം നിസ്സംഗതയോടെ പറഞ്ഞു. സിജു പെട്ടെന്നുതന്നെ ചോദിച്ചു:
അപ്പോൾ സാറിന്റെ ഭാര്യ..?
അവൾ അവളുടെ അമ്മയെ നോക്കാനായി എന്നോട് പിണങ്ങിപ്പിരിഞ്ഞ് അവരുടെ വീട്ടിലാണ്..
അതെന്താ സാറിന്റെ ഭാര്യയുടെ അമ്മയെ നിങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് നോക്കിക്കൂടെ..?
അതാണ് കാര്യം… അത് അവർക്ക് രണ്ടുപേർക്കും സമ്മതമല്ല…
എന്നാൽപ്പിന്നെ സാറിന് അവരോടൊപ്പം പോയി താമസിച്ചുകൂടെ..?
അത് എനിക്കും സമ്മതമല്ല..
ശബരീനാഥന്റെ ഒരു പ്രത്യേകത രീതിയിലുള്ള സംസാരം കാരണം എല്ലാവരും പൊട്ടിച്ചിരിച്ചു. ഗൌരിമാത്രം അപ്പോഴും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. സിജു ഗൗരിയോട് ചോദിച്ചു:
മേഡത്തിന്റെ വീട്ടിൽ ആരൊക്കെയുണ്ട്..? അടുത്ത പ്രാവശ്യം നമ്മുടെ കൂടെ രാമേശ്വരത്തേക്ക് കൂടുന്നോ..?
എന്റെ വീട്ടിൽ അമ്മ മാത്രമാണ് ഉള്ളത്. അമ്മക്ക് ഞാൻ എവിടെയും പോകുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല.. ഞാൻ എപ്പോഴും അമ്മയുടെ കൂടെത്തന്നെ വേണം..
ഇപ്രാവശ്യം ഞാൻ നിർബന്ധിച്ച് സമ്മതം ചോദിച്ചു വന്നതാണ്…
അവർ ശബ്ദം താഴ്ത്തി പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ടില്ല..? ധർമ്മൻ ചോദിച്ചു.
കഴിഞ്ഞിരുന്നു… പക്ഷേ…
അവ൪ പകുതിക്കുവെച്ച് നി൪ത്തി.
ഗൌരിയുടെ സങ്കടം നിറഞ്ഞ മുഖം കണ്ടപ്പോൾ ആർക്കും ഒന്നുംതന്നെ ചോദിക്കാൻ തോന്നിയില്ല. എല്ലാവരും ഉറങ്ങാനായി പിരിഞ്ഞു.
രാവിലെ പെട്ടെന്നുതന്നെ യാത്ര പുനരാരംഭിച്ചു. അന്നത്തെ ദിവസം അധികം രസങ്ങളോ ചിരിയോ സംസാരമോ ഒന്നും ഉണ്ടായില്ല. ഇത്രയും ദിവസത്തെ തുടർച്ചയായ യാത്രകാരണം എല്ലാവരും കടുത്ത ക്ഷീണത്തിലുമായിരുന്നു.
നാട്ടിലെത്തി. ഓരോരുത്തരെയായി അവരുടെ വീടുകളിലേക്ക് പോകേണ്ട ബസ് സ്റ്റോപ്പിൽ ഇറക്കുകയും വീട്ടിനുമുന്നിൽ ഇറക്കുകയുമൊക്കെ ചെയ്തു. ആളുകൾ കുറഞ്ഞു കുറഞ്ഞു വന്നു. ബസ്സിൽ പത്തുപതിനഞ്ചുപേർ മാത്രമായി.
അടുത്തത് ഗൗരിയുടെ വീടായിരുന്നു. അവർ അവിടെ ഇറങ്ങുമ്പോഴേക്കും വീട്ടിൽ അമ്മയ്ക്ക് കാവൽ ഏൽപ്പിച്ചിരുന്ന ഹോംനേഴ്സ് വന്ന് ഗൗരിയുടെ ബാഗ് ഒക്കെ വാങ്ങുന്നുണ്ടായിരുന്നു. അമ്മ സിറ്റൗട്ടിൽ ഇറങ്ങിവന്ന് ഗൗരിയോട് എന്തോ ചോദിച്ചു. ബസ്സിലിരുന്ന ശബരിനാഥ് വായിച്ചുകൊണ്ടിരുന്ന പേപ്പർകൊണ്ട് മുഖം മറച്ചു ഇരിക്കുന്നത് സുബിൻ ശ്രദ്ധിച്ചു.
സാർ എന്താണ് അവരെ കണ്ടപ്പോൾ പേപ്പർ കൊണ്ട് മുഖം മറച്ചത്..?
സ്റ്റെപ്പിൽനിന്നും താഴേക്ക് ഇറങ്ങിക്കൊണ്ട് ഗൗരി ചിരിച്ചുകൊണ്ട് ശബരിയോട് പോട്ടെ എന്ന് ചോദിച്ചു.
ഈ സമയത്താണ് ഗൗരിയുടെ അമ്മ സിറ്റൗട്ടിൽനിന്ന് വിളിച്ചു ചോദിച്ചത്:
അതാരാണ്..? ശബരി ആണോടാ..?
പേപ്പർകൊണ്ട് മുഖം മറച്ചുപിടിച്ചതുപോലെ തുടർന്നുകൊണ്ട് ശബരി സുബിനെ നോക്കി അസ്വസ്ഥതയോടെ പറഞ്ഞു:
ആ തള്ള കാണുന്നതിനുമുമ്പ് വണ്ടി വേഗം വിട്ടേ…
സുബിൻ പെട്ടെന്നുതന്നെ വണ്ടി മുന്നോട്ട് എടുത്തു. ശബരിയുടെ കുസൃതി നിറഞ്ഞ കളികണ്ട് സിജു ചിരിച്ചുകൊണ്ട് ചോദിച്ചു:
എന്തേ സ൪..?
അവരും ഞാനും തമ്മിൽ അത്ര രസത്തിൽ അല്ല…
സാറിന് അവരെ അറിയുമോ…?
പിന്നേ… അതല്ലേ എന്റെ അമ്മായിയമ്മ..