എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
സ്കൂളിൽ സയൻസ് പഠിപ്പിക്കുന്ന ജോർജ്ജ് മാഷ് ഭൂമിയിലേറ്റവും കൂടുതൽ മഴപെയ്യുന്നത് എവിടെയാണെന്ന് ചോദിച്ചപ്പോൾ ഞാനതിന് ചാടിയെഴുന്നേറ്റ് തലയെന്നുത്തരം പറഞ്ഞു.
ക്ലാസ്സിലെ പിള്ളേരെല്ലാമൊന്നടങ്കം ചിരിച്ചു. അതെന്താടാ രമേശാ നീയങ്ങനെ പറഞ്ഞതെന്ന് തുറിച്ച കണ്ണുകളുമായി മാഷടുത്ത് വന്ന് ചോദിച്ചപ്പോൾ എനിക്കുത്തരം മുട്ടി. ഭയം കേറി കാൽമുട്ടുകൾ രണ്ടെണ്ണം ഡെസ്ക്കിനടിയിൽ നിന്ന് കിടുകിടാന്ന് കൂട്ടിമുട്ടുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
വിഡ്ഢിത്തം പറയാൻ വേണ്ടി മാത്രമെഴുന്നെള്ളുന്ന ജീവിയേതാണെന്ന് ചോദിച്ചാൽ ഞാൻ നിന്റെ പേര് പറയുമെന്ന് മാഷ് പറഞ്ഞപ്പോൾ, പിള്ളേരെല്ലാം ആർത്താർത്ത് പിന്നേയും ചിരിച്ചു.
ഹോ…ഭാഗ്യം.. ! തല്ല് കിട്ടിയില്ല…! എനിക്കിതൊക്കെ സാധാരണമാണ്. സ്കൂളിലെന്നെ പഠിപ്പിക്കാൻ വന്ന സകല ടീച്ചർമ്മാരുടേയും കയ്യിൽ നിന്ന്, ഇങ്ങനെ മണ്ടത്തരങ്ങൾ വിളമ്പി കൊട്ട് കൊണ്ട ഒരേയൊരു വിദ്യാർത്ഥി ഞാനായിരിക്കും. പിള്ളേരൊക്കെ വെകിളിയെന്ന് വിളിക്കുന്ന പത്ത് ബീയിലെ രമേശൻ പി.
ഭൂമിയിലേറ്റവും കൂടുതൽ മഴപെയ്യുന്നത് തലയിലാണ് എന്നത് ഞാനെന്തുകൊണ്ട് പറഞ്ഞൂവെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.!
അങ്ങനെ പത്താം തര പൊതുപരീക്ഷ കഴിഞ്ഞു.. എല്ലാം ചോദ്യങ്ങൾക്കും ഞാൻ ഉത്തരമെഴുതിയിട്ടും ഫലം വന്നപ്പോൾ ചിക്കൻഫോക്സ് വന്ന് പരീഷ എഴുതാതിരുന്ന മുനീറും ഞാനും തോറ്റ് തൊപ്പിയിട്ടു.
അതോടെ പഠിത്തം നിർത്തി ഞാനമ്മയെ സഹായിക്കാൻ തുടങ്ങി. സഹായമെന്ന് പറഞ്ഞാൽ ഭക്ഷണമൊക്കെയുണ്ടാക്കി ഇളയതുങ്ങളെ ഒരുക്കി സ്കൂളിൽ വിടണം. പിന്നെ പ്രധാനപ്പെട്ട ജോലിയെന്നാൽ അച്ഛൻ വന്ന് തിരഞ്ഞാലും കാണാൻ പാടില്ലാത്ത വിധം അമ്മ ചേർത്ത് വെക്കുന്ന പണം സൂക്ഷിച്ച് വെക്കണം.
നാളുകൾക്കുള്ളിൽ കൂപ്പിൽ പണിക്ക് പോയ അമ്മയുടെ കാലിലൊന്ന് മരം വീണൊടിഞ്ഞപ്പോൾ ഞാനെന്റെ ജീവിതത്തിന്റെയടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. ക്രിക്കറ്റ് കളിക്കാരനെ പോലെ പൊതിഞ്ഞ കാലുമായി അമ്മയിരുന്നപ്പോൾ പകരക്കാരാനായി ഞാൻ കൂപ്പിലേക്കെത്തി.
രാപ്പകൽ കഷ്ട്ടപ്പെട്ടപ്പോൾ തന്നെ നിരാശകളുടെ കണ്ണീർക്കുഴിയിൽ നിന്ന് അമ്മയും സഹോദരങ്ങളുമെന്നും പുഞ്ചിരിക്കുന്ന മാനത്തേക്കുയർന്നുവന്നു.
വർഷമാറായപ്പോൾ കൂനിയിരുന്ന വീട് പുതുക്കി പണിയുകയും എനിക്ക് താഴെയുള്ള പെങ്ങളുടെ വിവാഹം നടത്തുകയും ചെയ്തു. മറ്റൊരു മഹാഭാഗ്യമെന്തെന്നാൽ അച്ഛൻ വീട്ടിലേക്ക് വരാറേയില്ല. വേറെ കെട്ടിയെന്നൊക്കെയാണ് കേൾക്കുന്നത്.. ഹാ… എന്തെങ്കിലു മൊക്കെയാകട്ടെ…!
അമ്മയ്ക്ക് മറ്റ് പ്രശ്‌നകളൊന്നുമില്ല.. പൂർണ്ണയാരോഗ്യവതി. അതുമാത്രമല്ല പെങ്ങള് വർഷമൊന്ന് കഴിഞ്ഞപ്പോൾ തന്നെ കാട്ടരുവിയിൽ വീണ വെയിലിന്റെ തെളിച്ചത്തോടെയൊരു കുഞ്ഞിനെ പെറുകയും ചെയ്തു. പറയാനുണ്ടോ… അമ്മയുടെ സന്തോഷം…!
വർഷങ്ങൾ കഴിഞ്ഞു. വളരെ സന്തോഷത്തോടെ ജീവിതമാസ്വാദിച്ച് കൊണ്ടിരുന്ന അമ്മയൊരു നാളുറക്കത്തിലെപ്പോഴോ സുഖമായി മരണപ്പെട്ടു…! പെങ്ങൾ മൂന്നാമത്തെ കുഞ്ഞിനെ ചുമന്ന് കെട്ടിയോന്റെ വീട്ടിലാണ്.. ഇളയവൻ പഠിപ്പൊക്കെ കഴിഞ്ഞ് ജോലി കിട്ടി വിമാനത്തിലെങ്ങോട്ടോ പോയി..
ചുറ്റും പൊതിഞ്ഞ് നിന്നവരെല്ലാം ഒരുനാൾ അപ്രത്യെക്ഷപ്പെട്ടുവെന്ന യാഥാർഥ്യം മനസ്സിലാക്കി പെരുമാറാൻ പത്തിൽ തോറ്റയെന്റെ മരമണ്ടൻ ബുദ്ധിക്ക് കഴിഞ്ഞതേയില്ല. സ്ഥിരത നഷ്ട്ടപ്പെട്ടയൊരു കiള്ളുകുടിയനെ പോലെയെന്റെ മനസ്സെന്നും ആടിക്കുഴഞ്ഞ് എവിടെയെങ്കിലും നിരന്തരമായി വീണുകൊണ്ടേയിരുന്നു..!
അങ്ങനെയൊരു നാൾ കൂപ്പിൽ നിന്ന് മാസക്കൂലിയും വാങ്ങി വീട്ടിൽ വന്നപ്പോൾ ആകെയൊരു ശൂന്യത. അന്നത്തിനും മറ്റടിസ്ഥാന കാര്യങ്ങൾക്കുമുള്ള വക തേടി വിയർത്ത് മുഷിഞ്ഞ് കേറിവരുമ്പോൾ കൂട്ടിൽ കാത്തിരിക്കാനാരുമില്ലാത്ത അവസ്ഥയെനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..!
വിശപ്പിനപ്പുറമൊരു കാരണം ജീവിക്കാനായി കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ ഞാൻ തീർത്തും മരവിച്ചുപോയി.. ബോധം ശരീരത്തെയപ്പാടെ മറന്നെന്ന പ്രതീതി. ഒരു എരിതീയിൽ നിന്ന് പാറിക്കലർന്ന പുകപോലെ ഞാനന്തരീക്ഷത്തിൽ കലർന്ന് കാണാതായത് പോലെ…! എനിക്കന്നെയെത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ സാധിക്കാത്തത് പോലെ…!
എന്റെ കണ്ണുകൾ താനേ നിറഞ്ഞ് താഴേക്ക് ചോർന്ന് പോയിട്ടുമെന്റെ വികാര തലമുഴുവനൊരു വിഷാദ പെരുമഴയിൽ പെട്ടതുപോലെ നനഞ്ഞുകുതിർന്നു.
എനിക്കപ്പോഴോർമ്മ വന്നത് പണ്ടെത്തെ ജോർജ്ജ് മാഷെയാണ്.. മുന്നിലാ ചിത്രം വ്യക്തമായി തെളിയുന്നു. പാഠം മറക്കാത്തയൊരു കുട്ടിയെപ്പോലെ വീണ്ടും ഞാനാ പത്ത് ബീയിലെ പിറകിലെ ബെഞ്ചിലിരുന്ന് മാഷിന്റെയാ ചോദ്യം കേൾക്കുകയാണ്…
‘ഭൂമിയിലേറ്റവും കൂടുതൽ മഴപെയ്യുന്നെതെവിടെയാണ്..?’
കേട്ടയുടനെ ഞാൻ ചാടിയെഴുന്നേറ്റ് ധൃതിയിൽ കണ്ണുകൾ തുടച്ചുകൊണ്ട് തലയെന്നുത്തരം പറഞ്ഞു.
എന്തോ….! ഇത്തവണ ക്ലാസ്സിലെ പിള്ളേരൊന്നും ചിരിച്ചില്ല. തുറിച്ച കണ്ണുകളുമായി അതെന്താടാ നീയങ്ങനെ പറഞ്ഞത് രമേശായെന്ന് ചോദിച്ച് ജോർജ്ജ് മാഷും അടുത്തേക്ക് വന്നില്ല……!!!