എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
“രാവിലെ ഒരുങ്ങിക്കെട്ടി പോകുന്നതൊക്കെ കൊള്ളാം.വാലന്റൈൻസ് ഡേ ആണെന്നും പറഞ്ഞു ആരുടെയെങ്കിലും കയ്യീന്ന് പൂവ് മേടിച്ചൂന്നോ, ആരുടെയെങ്കിലും കൂടെ സെൽഫി എടുത്തൂന്നോ ഞാനെങ്ങാൻ അറിഞ്ഞാ പിന്നെ പായും തലയിണയും പുറത്തായിരിക്കുമെ.”
ഫെബ്രുവരി 14ന് രാവിലെ ഇദ്യോഗത്തിന് പുറപ്പെടാനായി അണിഞ്ഞൊരുങ്ങിക്കൊണ്ട് നിൽക്കുമ്പോഴാണ് വസുമതിയുടെ ശബ്ദം അടുക്കളയിൽ നിന്നും ഇടിവെട്ട് പോലെ മുഴുങ്ങിയത്.
“എന്റെ വസു നിനക്കെന്നെ ഇപ്പോഴും വിശ്വാസമായിട്ടില്ലേ. ഞാൻ അത്തരക്കാരൻ അല്ല. പിന്നെ ഈ കഥകൾ ഒക്കെ എഴുതുന്നത് മൂലം കുറെ ആരാധികമാർ ഉണ്ടെന്നത് ശരിയാ. പക്ഷേ അവരെ ആരെയും ഞാൻ നേരിട്ട് കണ്ടിട്ട് പോലുമില്ല. പിന്നെങ്ങനെയാ റോസാ പൂ തരുന്നതും സെൽഫി എടുക്കുന്നതും “
“നിങ്ങളെ എനിക്കറിഞ്ഞൂടെ. കഴിഞ്ഞ കൊല്ലം ഉണ്ടാക്കിയ പൊല്ലാപ്പൊന്നും ഞാൻ മറന്നിട്ടില്ല. സൂക്ഷിച്ചാൽ നിങ്ങക്ക് നല്ലത് “
എന്തായാലും മനസ്സ് ചiത്തു.
ഇന്നിനി ആരോടും മിണ്ടാതെ ഉരിയാടാതെ ഒതുങ്ങിക്കൂടിയിരിക്കുന്നതാണ് നല്ലത്.
വസുമതി തയ്യാറാക്കിത്തന്ന പൊക്കാളി ചോറും,അച്ചിങ്ങ മെഴുക്കു പുരട്ടിയും, മത്തങ്ങ സാമ്പാറും, തൈരും,മുളക് വറുത്തതും നിറച്ച അടുക്കു പാത്രവുമായി വണ്ടിയിൽ കയറി പോകുമ്പോൾ അരുതാത്തതൊന്നും സംഭവിക്കല്ലേ ഭഗവതി എന്ന ചിന്തയായിരുന്നു മനസിൽ.
*************
സുകുമാരൻനായരെക്കൊണ്ട് റിവ്യൂ എഴുതിച്ചാൽ പുസ്തകത്തിന് വച്ചടി വച്ചടി കയറ്റമാ.
ലേഡീസ് ക്ലബ്ബിലെ ജിമ്മിൽ നിന്നും വർക്ക് ഔട്ടും കഴിഞ്ഞിറങ്ങു മ്പോഴാണ് സ്വർണലതയോട് സുഹൃത്ത്അ ന്നമ്മ ആ രഹസ്യം പറഞ്ഞത്.
“ആര് ആ കോമാളി കഥകൾ എഴുതുന്ന നായരോ?”
അവൾ അത്ഭുതത്തോടെ ചോദിച്ചു.
തന്റെ പുതിയ പുസ്തകമായ നിബിഢ വനത്തിലെ നിലാവിന് വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നില്ല എന്ന പരാതി അന്നമ്മയോട് പങ്കു വയ്ക്കുകയായിരുന്നു സ്വർണലത
“ആള് കോമാളിയാണെങ്കിലും എഴുത്തിന് രാശിയുണ്ട്. ഇന്നാള് വെറും പത്തു കോപ്പി മാത്രം ചിലവായിരുന്ന ഉടുമ്പന്നൂര് ഉണ്ണിത്താന്റെ പുസ്തകം പുള്ളി റിവ്യൂ എഴുതിയതിൽ പിന്നെ അയ്യായിരം കോപ്യാ ചെലവായത്. പോരാത്തതിന് ഓൻ എന്റെ ക്ലാസ്സ്‌മേറ്റാ .”
“എന്നാ പിന്നെ അങ്ങിനെ ഒന്നു പരീക്ഷിക്കാം.പുള്ളി എന്റെ മുഖപുസ്ത സുഹൃത്താ.എന്തായാലും ഞാൻ ഇന്ന് ആലുവക്ക് പോകുന്നുണ്ട്. അതു വഴി പുള്ളിയെ കാണാം.ചേച്ചിയൊന്നു പുള്ളിക്കാരനോട് ഞാൻ വരൂന്ന് പറഞ്ഞേരെ.”
“അതു ഞാൻ ഏറ്റു”
അന്നമ്മയുടെ വാക്കുകൾ കേട്ട് സ്വർണലത സന്തോഷത്തോടെ മടങ്ങി.
*************
“സാറിനെ കാണാൻ രണ്ടു സ്ത്രീകൾ വന്നിരിക്കുന്നു.”
ജോലിത്തിരക്കിൽ മുഴുകിയിരിക്കുമ്പോഴാണ് പ്യൂൺ ഗോവിന്ദേട്ടൻ വന്നു പറഞ്ഞത്.
ആരായിരിക്കും കുരിശുകൾ എന്ന ചിന്തയോടെ ഗസ്റ്റ് റൂമിൽ ചെന്നപ്പോൾ ദേ നിൽക്കുന്നു രണ്ട് അപ്സരസുകൾ.
ആരാണാവോ ഇന്ന് തന്നെ ഈ പുതിയ കുരിശുകൾ എന്ന ഭാവത്തോടെ നായര് വന്നവരെ നോക്കി.
“ഞാൻ സ്വർണം , സ്വർണലത . ഇതെന്റെ സുഹൃത്ത് ചിൻമയി. നായര് സാറിനെ കൊണ്ട് പുസ്തകത്തിന്റെ റിവ്യൂ എഴുതിക്കാൻ വന്നതാണ്. അന്നമ്മ ചേച്ചി പറഞ്ഞിട്ട്.”
അപ്പോഴാണ് നായര് രാവിലെ അന്നമ്മ വിളിച്ചത് ഓർത്തത്.
“പുസ്തകം തന്നേക്ക് കുഞ്ഞേ. ഞാൻ വായിച്ചിട്ട് എഴുതാം “എന്നു പറഞ്ഞു സമദൂരം നിലനിർത്തി സ്വർണ ലതയിൽ നിന്നും പുസ്തകം വാങ്ങാൻ ശ്രമിച്ചു .
“സർ എന്തു പണിയാ കാണിക്കുന്നത്. ഒരു പുസ്തകം ഏറ്റു വാങ്ങുന്നത് ഇങ്ങനെയാണോ.പോരാത്തതിന് ഇന്ന് വാലന്റൈൻസ് ഡേയും. സ്വർണം പുസ്തകത്തോടൊപ്പം ഈ റോസാ പൂവും കൂടി സാറിന് കൊടുത്തേ.”
അവിടെ ചാഞ്ഞും ചരിഞ്ഞും നിന്നിരുന്ന ചിന്മയി ഫ്ലവർ വേസിൽ നിന്നും ഒരു റോസാ പൂവെടുത്ത് സ്വർണ ലതക്ക് നീട്ടി.
അവരത് സന്തോഷത്തോടെ കൈപറ്റി പുസ്തകത്തോടൊപ്പം നായർക്കു നീട്ടി.
തക്ക സമയത്ത് തന്നെ ചിന്മയി തന്റെ മൊബൈലിൽ വൃത്തിയായി ചിത്രങ്ങൾ പകർത്തി.ഒപ്പം മൂന്നു പേരും കൂടിയുള്ള ഏതാനും സെൽഫികളും.
എന്തായാലും കിട്ടിയ ചാൻസിന് തന്റെ മുഖം പ്രസന്നമാക്കി വയ്ക്കാൻ നായരും മറന്നില്ല.
പുസ്തകവും കൈപറ്റി, കാന്റീനിൽ നിന്നും സ്വർണത്തിനും, ചിൻമയിക്കും ചായയും വാങ്ങി കൊടുത്ത് തന്റെ സീറ്റിൽ വന്നിരിക്കുമ്പോഴേക്കും മണിക്കൂർ ഒന്നു കഴിഞ്ഞു.
പതിവ് പോലെ മുഖ പുസ്തകം തുറന്നു നോക്കിയ നായര് ഇടിവെട്ടേറ്റതു പോലെ ഇരുന്നു പോയി.
താൻ പുസ്തകവും റോസാപ്പൂവും കൈപ്പറ്റുന്ന ഫോട്ടോയും, സെൽഫികളും സ്വർണലത തന്നെ ടാഗ് ചെയ്ത് പോസ്റ്റിയിരിക്കുന്നു.
ഒപ്പം ഒരു കാപ്‌ഷനും!
‘പ്രണയദിനത്തിൽ നായർക്കൊരു സ്നേഹോപഹാരം’
അതിനടിയിൽ വസുമതിയുടെ ആംഗ്രി ഇമോജി കണ്ട് നായർ തളർച്ചയോടെ ഫോൺ വച്ചു.
വാൽക്കഷ്ണം : എല്ലാവർക്കും വാലന്റൈൻ ദിന ആശംസകൾ ❤️