ഭാര്യയുടെ പിറന്നാൾ
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
പെയ്തുതോർന്ന രാത്രി മഴയുടെ തണുപ്പിൽ കമ്പിളിപുതപ്പിന്നുള്ളിൽ ഗാഢനിദ്രയിലായിരുന്ന ഞാൻ ഭാര്യയുടെ സ്നേഹാദ്രമായ മൊഴികൾ കേട്ടാണ് മിഴികൾ തുറന്നത്.
രാവിലെ തന്നെ കുളിച്ചു ചന്ദനക്കുറിയൊക്കെ തൊട്ട് മനോഹരമായ പുഞ്ചിരിയോടെ മുന്നിൽ ഒരുകപ്പ് ആവിപറക്കുന്ന കാപ്പിയുമായി വാമഭാഗം.
ഇന്നിതെന്തു പറ്റി ?
സാധാരണ ഒരു കാപ്പി കിട്ടണമെങ്കിൽ ‘അരവിന്ദന്റെ അതിഥികളിലെ’ ‘വിജയരാഘവനെ’പോലെ പത്തു പ്രാവശ്യമെങ്കിലും തൊള്ളതുറക്കണം.
കിട്ടിയാൽതന്നെ ഈ പ്രപഞ്ചത്തിലുള്ള സകല ജീവജാലങ്ങളോടുമുള്ള അതൃപ്തി എന്നോട് തീർക്കുന്ന വിധത്തിൽ മുന്നിൽ കൊണ്ടുവന്ന് ഒറ്റവയ്പായിരിക്കും.
ഇനി ഞാൻ കാണുന്നത് സ്വപ്നമാണോ. ഒരു കൈ കൊണ്ട് തുടയിൽ പിച്ചിനോക്കി. വേദനയുണ്ട്.
അപ്പോൾ സ്വപ്നമല്ല.
എന്തായാലും കാപ്പി വാങ്ങി നന്ദി സൂചകമായി ഒരു ഇളിയും പാസ്സാക്കി മെല്ലെ വായിലേക്കൊഴിച്ചു. പല്ലു തേക്കാത്തതിനാൽ കാപ്പികൊണ്ടു തന്നെ വായൊന്ന് കുലുക്കുഴിഞ്ഞു ഇറക്കി.
ഭൈമി എന്നിട്ടും മുറിവിട്ടു പോകാൻ ഒരുക്കമല്ല.
ചേട്ടാ ഇഡ്ഡലിക്ക് സാമ്പാർ വേണോ ചട്ണി മതിയോ.
ഞാൻ പിന്നെയും ഫ്ലാറ്റായി.
വയ്ക്കുന്നത് വേണമെങ്കിൽ തിന്നാമതി എന്ന് ഇന്നലെ വരെ വ്യംഗ്യമായി പറഞ്ഞിരുന്നവൾ ഇന്നെന്റെ ഇഷ്ടത്തിനായി കാത്തുനിൽക്കുന്നു.
നിന്നിഷ്ടം എന്നിഷ്ടം എന്നു പറഞ്ഞ് അവളെ ഒഴിവാക്കി വീണ്ടും പുതപ്പിനടിയിലേക്കു ചരിഞ്ഞു.
മീൻകാരൻ അബ്ദുവിന്റെ കൂവൽ കേട്ടാണ് ഉറക്കത്തിന്റെ രണ്ടാം ഘട്ടത്തിൽ നിന്നും മോചിതനായത്.
കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനിടയിൽ പ്രിയതമയുടെ സംസാരം പുറത്തുകേട്ടു.ഇന്ന് മീൻ വേണ്ട അബ്ദുക്ക. പിറന്നാളാ.
അപ്പൊ അതാണ്കാര്യം.ഇന്നവളുടെ പിറന്നാളാണ്.
രാവിലത്തെ സ്നേഹപ്രകടനവും മറ്റും പിറന്നാളിനെ പറ്റി ഞാൻ ഓർക്കുന്നുണ്ടോ എന്നറിയാനായിരുന്നു.
എന്തായാലും പണി പാളി.
പിറന്നാളിനെ പറ്റി ഞാൻ ഓർത്തിട്ടില്ല. ഒന്നാമത്തെ തെറ്റ്.
പ്രെസെന്റഷനുകൾ ഒന്നും വാങ്ങിച്ചിട്ടില്ല. രണ്ടാമത്തെ തെറ്റ്.
ഇനി മിണ്ടാതിരിക്കുന്നതാണ് ഭംഗി. വൈകിട്ട് വരുമ്പോൾ സർപ്രൈസ് ആയി എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാം.
ഇഡ്ഡലിക്കും സാമ്പാറിനുമൊപ്പം രണ്ട് ഉഴുന്നുവട കൂടികൂട്ടിയുള്ള വിശദമായ പ്രാതലിന് ശേഷം പ്രത്യേകിച്ചു ചോദ്യോത്തരങ്ങൾ ഒന്നുമില്ലാതെ തന്നെ വീട്ടിൽ നിന്നിറങ്ങി.
ഉച്ചയ്ക്ക് കഴിക്കാനായി വിഭവസമൃദ്ധമായ സദ്യ തന്നെ തന്നയിച്ചിരുന്നു.
എന്തുസമ്മാനമാണ് വാങ്ങിച്ചുകൊടുക്കുക.
എന്റെ കഥകളുടെ പ്രഥമ വായനക്കാരിയും, നിരൂപകയും,സർവോപരി ഏകമകന്റെ അമ്മയുമായ നാരീരത്നത്തെ ഏതു രീതിയിലാണ് സന്തോഷിപ്പിക്ക.
സമ്മാനം ഒട്ടും കുറയാൻ പാടില്ല.
ആലോചന അവലോകനമായി മാറിയപ്പോൾ മനസ്സിൽ പൂത്തിരി കത്തി.
ബർത്ത്ഡേയ്ക്ക് ‘കേക്കിനോളം’ വലിയ സമ്മാനമില്ലല്ലോ.കൂടെ ഒരു ചുരിദാർ കൂടിയാവാം. ഓഫീസിനിനടുത്തുള്ള ജൗളിക്കടയിൽ നിന്നും തരക്കേടില്ലാത്ത ചുരിദാർ വാങ്ങി.
വൈകിട്ട് വരുന്ന വഴി പ്രശസ്തമായ ബേക്കറിയിൽ കയറി അവിടെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും നല്ലതെന്ന് തോന്നിയ കേക്കൊരെണ്ണം വാങ്ങി.
ഹാപ്പി ബർത്ത് ഡേ ….. എന്ന് പേരുമെഴുതി
വീട്ടിൽ ചെന്നപാടെ പൊതിയെടുത്ത് പ്രിയതമയുടെ കയ്യിലേല്പിച്ച് ഒരു ‘ഹാപ്പി ബർത്ഡേ’ ആശംസിച്ചു
“നിങ്ങളെന്തിനാ മനുഷ്യാ എനിക്ക് ഹാപ്പി ബർത്ഡേ പറയുന്നത് “
“ഇന്ന് നിന്റെ പിറന്നാളാണെന്ന കാര്യം ഞാൻ മറന്നുപോയെന്നു കരുതിയോ”
‘എന്റെ പിറന്നാളോ.അത് കഴിഞ്ഞിട്ട് മാസം ആറായി. ഇന്ന് നിങ്ങളുടെ പിറന്നാളാ മനുഷ്യാ.ഞാൻ ഇന്നലേം കൂടി പറഞ്ഞതല്ലേ. ഇങ്ങേരെകൊണ്ട് ഞാൻ തോറ്റല്ലോ ഭഗവതീ”
അവൾ ഒരു പരിഹാസച്ചിരിയോടെ പൊതിയഴിക്കാൻ തുടങ്ങി.
സ്വന്തം പിറന്നാളിന് ഭാര്യക്ക് ചുരിദാറു വാങ്ങി കൊടുത്ത മണ്ടത്തരമോർത്ത് ഇളിഭ്യനായി ഞാൻ സോഫയിലക്കിരുന്നു.
ശുഭം