എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
രണ്ടു ദിവസായി വയറിന് വല്ലാത്ത സ്തംഭനം.
ഏമ്പക്കമാണെങ്കിൽ അയൽവീട്ടുകാരുടെ ഉറക്കം കെടുത്തുന്ന നിലയിലേക്കെത്തി.
കോവിന്ദൻ വൈദ്യനെ കാണാമെന്ന് കരുതി വീട്ടീന്ന് പുറപ്പെട്ടപ്പോഴാണ് എതിരെ ലോട്ടറി വാസ്വേട്ടൻ വരുന്നത്.
“നിങ്ങ എങ്ങോട്ടാ പിള്ളേച്ചാ?”
പുള്ളി ലോഹ്യം ചോദിച്ചു.
“വയറിനൊരു സ്തംഭനം വാസ്വേട്ടാ. വൈദ്യരെ കാണണം.”
വയർ തടവി കൊണ്ട് പറഞ്ഞു.
അകമ്പടി ആയി രണ്ടു ഏമ്പക്കവും വിട്ടു കാണിച്ചു.
“വയർ സ്തംഭിച്ചതിന് എന്തിനാ പിള്ളേച്ചാ വൈദ്യർ. സോഡയിൽ ഉപ്പിട്ട് കുടിച്ചാൽ പോരെ.ഒള്ള അരിഷ്ടോം കഷായോം മേടിച്ചു കാശ് കളയണോ?”
എന്തു കാര്യത്തിലും തന്റെതായ അഭിപ്രായമുള്ള വാസ്വേട്ടൻ മൊഴിഞ്ഞു.
അത് ഐഡിയ.
എന്തോ ഓർമയിൽ വന്നില്ല.
അല്ലെങ്കിലും പഴയ പോലെ അല്ല.
കുരുട്ടു വിദ്യകൾ ഒന്നും മനസ്സിലേക്ക് വരുന്നില്ല.
ലജ്ജ തോന്നി.
മണ്ടൻ.
മനസ്സിൽ സ്വയം പരിഹസിച്ചു കൊണ്ട് ഒന്നാലോചിച്ചു നോക്കി.
വലിയ ഒരു കുപ്പി സോഡാ വാങ്ങി വീട്ടിൽ കൊണ്ട് ചെന്നു വച്ചാൽ സ്തംഭനം മാറുന്നത് വരെ കുടിക്കാം
എന്നാ അത് തന്നെ അടുത്ത മാർഗം എന്ന ചിന്തയോടെ അടുത്ത് കണ്ട ബേക്കറിയിലേക്ക് കയറി.
“ഏക് സോഡ, ബിഗ്.”
ഇളിച്ചു കാണിച്ച ഹിന്ദിക്കാരൻ ചെക്കനോട്
അറിയാവുന്ന ഹിന്ദിയും ഇഗ്ലീഷും ഇടകലർത്തി പറഞ്ഞു.
അവൻ ഫ്രിഡ്ജിൽ നിന്നും രണ്ടു ലിറ്ററിന്റെ സോഡാ ഒരെണ്ണം എടുത്തു കൊണ്ടുവന്നിട്ട്ശ ബ്ദം താഴ്ത്തി പച്ച മലയാളത്തിൽ ചോദിക്കാ “പിള്ളേച്ചാ ഏതാ ബ്രാൻഡ്. ഷെയർ ഇടാൻ താത്പര്യമുണ്ടോന്ന്”
എന്താല്ലേ.വന്നു വന്ന് മാന്യൻമാർക്ക് ഒരു സോഡാ പോലും കുടിക്കാൻ പറ്റാതായി!