എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അയാളുടെ കൈയ്യിൽ പല നിറങ്ങളിലുള്ള കനത്ത നൂലുകളുണ്ട്. അതെങ്ങെനെ ചുരുട്ടി കുരുക്കിയാലും നിമിഷ നേരത്തിനുള്ളിൽ അയാളത് നിവർത്തും. നിവർത്തുകയെന്ന് മാത്രമല്ല. ആ ചുരുൾ കെട്ട് മേലേക്ക് എറിഞ്ഞ് വായുവിൽ വല നെയ്യുകയും ചെയ്യും. ലോകത്തിന്റെ എല്ലാ നിറങ്ങളും ഇറ്റു വീഴുന്നയൊരു വർണ്ണവല!
വളരേ ചെറിയ നേരത്തിനുള്ളിൽ നടന്ന ആ കാഴ്ച്ച കണ്ട് കൂടി നിന്നവരെല്ലാം മിഴിച്ചു നിന്നു. പുറത്തേക്ക് തള്ളിയ കണ്ണുകളുമായി അന്ന് ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഗോകർണ്ണത്തിൽ നിന്ന് ഷിമോഗായിലേക്കുള്ള യാത്രയിലായിരുന്നു. ഒരു പരസ്യ ചിത്രം പകർത്താനുള്ള പോക്കായത് കൊണ്ട് ക്യാമറ അസിസ്റ്റന്റും കൂടെ ഉണ്ടായിരുന്നു. നടു നിവർത്താനും പുകയ്ക്കാനുമായി കാറിൽ നിന്ന് ഇറങ്ങുമ്പോഴാണ് ഒരു കൂട്ടം ആൾക്കാരെ ഞങ്ങൾ കാണുന്നത്. ഒരു ഉൽസവം ഒഴിഞ്ഞ പ്രതീതിയുണ്ടായിരുന്നു സമീപത്തിന്. എന്താണെന്ന് അറിയാനുള്ള ആകാംഷയോടെ തലയിട്ടപ്പോഴാണ് ഈ അത്ഭുതം കാണുന്നത്.
ഒട്ടേറെ മായാജാലങ്ങൾ ടീവിയിലും സ്റ്റേജിലുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ആദ്യമായിട്ടാണ് തെരുവിൽ നിന്നൊരു കൺകെട്ട് കാണുന്നത്. ഇത്രേയും കഴിവുള്ള അയാളെ ലോകത്തെ അറിയിക്കണമെന്ന് എനിക്ക് തോന്നി. സഹായിയോട് പറഞ്ഞപ്പോൾ ഒരു മില്ല്യൺ ആൾക്കാരെങ്കിലും കാണുമെന്ന് അവൻ അഭിപ്രായപ്പെട്ടു. വൈകാതെ ഞങ്ങൾ ക്ഷമയോടെ സജ്ജമാകുകയായിരുന്നു.
ജാലവിദ്യകൾ അവസാനിപ്പിച്ച് ധരിച്ചിരുന്ന വട്ടത്തിലുള്ള തൊപ്പിയൂരി ആ മായാവി തന്റെ മുന്നിൽ അമ്പരന്ന് നിൽക്കുന്ന കൂട്ടത്തിന്റെ കണ്ണുകളിലേക്ക് നീട്ടി. ആൾക്കാർ ഒഴിഞ്ഞ് പോകുമ്പോഴേക്കും തൊപ്പിയിൽ പണം നിറഞ്ഞിരുന്നു.
തന്റെ സാമഗ്രഹികളെല്ലാം എടുത്ത് അയാൾ അവിടെ നിന്ന് പുറപ്പെടാൻ തുടങ്ങുമ്പോഴാണ് ഞങ്ങൾ അടുത്തേക്ക് ചെല്ലുന്നത്. ആയിരം രൂപ കൈയ്യിൽ പിടിപ്പിച്ചിട്ട് നിങ്ങൾ ആരാണെന്ന് ഞാൻ ആരാഞ്ഞു.
‘നന്ന് ഹസ്രു സിദ്ധൂരറാണ. ഒന്തു മാന്ത്രിക..’
എന്നും പറഞ്ഞ് അയാൾ ചിരിച്ചു. പേര് മാത്രം അറിഞ്ഞാൽ പോരായെന്നും, നിങ്ങളുടെ ജീവിതം അറിയാൻ താൽപര്യമുണ്ടെന്നും കന്നഡയിൽ പറയാൻ ഞാൻ ഏറെ ബുദ്ധിമുട്ടി. അപ്പോഴും അയാൾ ചിരിച്ചു. പകർത്തിക്കോട്ടെയെന്ന് ചോദിച്ചപ്പോൾ എതിരൊന്നും പറഞ്ഞില്ല.
അടുത്തതായി വരുന്ന വാഹനത്തിൽ കൈനീട്ടി പോകാനുള്ള ഒരുക്കമാണെന്ന് തോന്നിയപ്പോൾ ഞങ്ങളോടൊപ്പം വന്നോളൂവെന്ന് ഞാൻ പറഞ്ഞു. നിങ്ങൾ എന്തിനാണ് വെറുതേ ബുദ്ധിമുട്ടുന്നുവെന്നായിരുന്നു സിദ്ധൂരയുടെ മറുപടി. സാരമില്ലെന്ന് പറഞ്ഞ് ഞങ്ങൾ അയാളെ പിടിച്ച് കാറിൽ ഇരുത്തി. അപ്പോഴും സഹായിയത് പകർത്തുന്നുണ്ടായിരുന്നു.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ സിദ്ധൂരയോട് പലതും ചോദിച്ചു. ക്യാമറയിലേക്ക് നോക്കാതെ അയാൾ മറുപടി പറഞ്ഞു. പറഞ്ഞത് കന്നഡയിലും മുറി ഇംഗ്ലീഷിലുമൊക്കെ ആയിരുന്നിട്ടും എനിക്കത് വ്യക്തമായിട്ട് മനസ്സിലാകുന്നുണ്ടായിരുന്നു.
പണ്ട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ടയൊരു കുഞ്ഞ് സർക്കാർ മന്ദിരത്തിൽ നിന്ന് വളർന്നുവന്ന സാഹചര്യം കേട്ടപ്പോൾ എന്റെ ഉള്ള് കലങ്ങി. ഒരുകാലത്ത് തീരേ പരിഗണയില്ലെന്ന് കണ്ടപ്പോൾ രക്ഷപെട്ട് തെരുവിൽ കൂടിയ എത്രയോ കൗമാരക്കാരിൽ ഒരാൾ മാത്രമായിരുന്നു സിദ്ധൂരറാണ.
എപ്പോഴോ ഒരു ഭാഗ്യം പോലെ ആ പതിനാറുകാരനൊരു തെരുവ് മാന്ത്രികനെ കണ്ടു. അദ്ദേഹത്തിന്റെ വഴിയിലാണ് ലോകത്തിലെ ഏറ്റവും സന്തോഷമെന്ന് തോന്നിയപ്പോൾ കൂടെ കൂടുകയായിരുന്നു പോലും. എന്നിട്ടും, ആ മനുഷ്യനോട് ഞങ്ങളോടൊപ്പം വന്നാൽ കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതമുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. ഇതിലും മെച്ചപ്പെട്ടയൊരു ലോകം താൻ ആഗ്രഹിക്കുന്നില്ലെ ന്നായിരുന്നു അയാളുടെ മറുപടി. ഒരാൾക്ക് ഇങ്ങനേയും ജീവിതത്തോട് പാകപ്പെടാൻ പറ്റുമെന്ന് സിദ്ധൂരയെന്നോട് പറയാതെ പറയുകയായിരുന്നു.
വൈകാരികമായി ഒരു മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന വേദനകളെ കുറിച്ച് എനിക്കൊരു ബോധമുണ്ട്. നഷ്ട്ടപ്പെടാൻ യാതൊന്നുമില്ലാത്ത തന്നെയിനി ഭൂമിയെന്ത് കാട്ടി പേടിപ്പിക്കാനാണെന്ന ബോധം തന്നെയായിരിക്കണം അവരുടെ ജീവിതത്തിന്റെ ആത്മവിശ്വാസവും. ആ ശ്വാസത്തിൽ ഇഷ്ടപ്പെട്ടതെല്ലാം വാരിപ്പിടിച്ച് ഇങ്ങനെ ജീവിക്കാനാണ് അയാളുടെ ഇഷ്ട്ടം.
മറ്റൊരാളുടെ ഇഷ്ട്ടങ്ങൾ നിർണ്ണയിക്കാൻ മനുഷ്യർക്ക് യാതൊരു അവകാശവുമില്ല. യാതനകൾ ഏറെ ഉണ്ടെങ്കിലും വീഴാതെ കൊണ്ടു നടക്കുന്നതെല്ലാം സ്വപ്നങ്ങളാണെന്നാണ് സിദ്ധൂരയുടെ തോന്നൽ. അല്ലെങ്കിലും, ആര് കണ്ടാലും അമ്പരന്ന് പോകുന്നയൊരു സ്വപ്നാടനം തന്നെയല്ലേ അയാളുടെ ജീവിതം!
ചെറിയ ചില കാരണങ്ങളിൽ ജീവിതം മടുത്തെന്ന് തോന്നുന്ന എന്നെ ഞാൻ ആ നേരം വെറുതേ ഓർത്തുപോയി. മരിക്കാൻ പേടിയില്ലാത്തത് കൊണ്ട് ഏത് സാഹചര്യത്തിലും ജീവിക്കാൻ വല്ലാത്ത ധൈര്യമാണെന്ന് സിദ്ധൂര പറഞ്ഞത് എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടേയിരുന്നു. ആ പ്രസ്താവന നടത്തണ മെങ്കിൽ ഒരു മനുഷ്യൻ എന്തൊക്കെ നേരിട്ടിട്ടുണ്ടാകുമെന്ന് ഓർത്തപ്പോൾ ആകെയൊരു അസ്വസ്ഥത.
സിദ്ധൂരറാണയെ സംബന്ധിച്ചിടത്തോളം അയാൾ ഈ ലോകത്തിൽ ഇല്ല. അയാളിലാണ് ഈ ലോകം. താൻ കണ്ണടക്കുമ്പോൾ കർട്ടൺ വീഴുന്ന ജീവിതം കൊണ്ട് താൻ അങ്ങനെയാണ് മനസിലാക്കിയിരിക്കുന്നതെന്ന് സിദ്ധൂര പറഞ്ഞു. താൻ ഉണരുമ്പോൾ ലോകവും ഉണരുന്നു. തന്നോടൊപ്പം സഞ്ചരിക്കുന്നു. ഉറങ്ങുമ്പോൾ കണ്ടതും കൊണ്ടതുമെല്ലാം തന്നിൽ മയങ്ങുന്നു. താൻ ഇല്ലെങ്കിൽ ലോകമില്ല. താനില്ലാത്ത ലോകം തന്റേതുമല്ല.
പ്രായം അമ്പതിലേക്ക് പോകുന്ന അയാളുടെ തനിയേയുള്ള ജീവിതം വളരേ വിചിത്രമാണെന്ന് എനിക്ക് തോന്നി. ഇനിയുള്ള കാലമെങ്കിലും ആരെങ്കിലും കൂട്ടിന് വേണ്ടേയെന്ന് ചോദിച്ചപ്പോൾ, തന്നെ വേണ്ടവർക്കൊക്കെ താൻ ഉണ്ടെന്നായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്. അപ്പോഴേക്കും സിദ്ധൂരയ്ക്ക് ഇറങ്ങാനുള്ള ഇടം എത്തിയിരുന്നു. ആ നേരവും എന്റെ സഹായി പകർത്തുന്നത് നിർത്തിയിരുന്നില്ല.
തന്റെ സാധനങ്ങളുമായി പുറത്തിറങ്ങിയപ്പോൾ ഞങ്ങൾക്ക് വേണ്ടി വായുവിൽ വല നെയ്യുന്നത് ഒന്നുകൂടി കാണിക്കുമോയെന്ന് ഞാൻ സിദ്ധൂരയോട് ചോദിച്ചു. അയാൾ ക്യാമറയിലേക്ക് നോക്കി ചിരിച്ചു. ആ ചിരിയോടെ ഒന്നും മിണ്ടാതെ അവിടെ നിന്ന് നടന്നും തുടങ്ങി. സാരമില്ലെന്ന ധാരണയിൽ ക്യാമറയും ഓഫാക്കി ഞങ്ങൾ വാഹനത്തിലേക്ക് നടന്നു. കയറാൻ തുടങ്ങിയപ്പോഴാണ് സിദ്ധൂര തിരിഞ്ഞ് നിന്നത് ശ്രദ്ധിച്ചത്.
തന്റെ സാമഗ്രഹികളെല്ലാം താഴെ വെച്ച് അയാൾ ഞങ്ങളോട് ചിരിച്ചു. ശേഷം പന്തുപോലെ ആ പല നിറങ്ങളുള്ള കനമുള്ള നൂല് കൈയ്യിൽ വെച്ചുരുട്ടി. എന്റെ സഹായിക്ക് ക്യാമറ ഓൺ ചെയ്യാനുള്ള സാവകാശം പോലും ഉണ്ടായിരുന്നില്ല. നിമിഷ നേരങ്ങൾക്കുള്ളിൽ ആ ചുരുൾക്കെട്ട് മേലേക്ക് എറിഞ്ഞ് വായുവിൽ സിദ്ധൂര വല നെയ്തു. ലോകത്തിന്റെ എല്ലാ നിറങ്ങളും ഇറ്റു വീഴുന്നയൊരു വർണ്ണവല!
അതിൽ കുരുങ്ങി നിന്ന എന്റെ കുതിർന്ന കണ്ണുകളിൽ പുഞ്ചിരി വിരിയുമ്പോഴേക്കും ആ മാന്ത്രികൻ ഒരു പൊട്ടോളം അകന്നിരുന്നു…!!!