വാഴകളൊക്കെ വെട്ടി വെടിപ്പാക്കിയ തൊടി കണ്ട് സഹിക്കാൻ വയ്യാതെ വെട്ട് ക ത്തിയുമായി പുറത്തോട്ടിറങ്ങിയ……

Story written by Adam John

ആയിടക്കമ്മാവൻ കൃഷി തുടങ്ങിയാരുന്നു. വല്യമ്മച്ചിടെ വകയായി അഞ്ചെട്ട് കോഴികളും അതീന്ന് കിട്ടുന്ന മൊട്ടകളുവുണ്ടേലും മൂത്ത മകനെന്ന നിലക്ക് കുടുംബത്തിന് വേണ്ടി എന്തേലുവോക്കെ ചെയ്യണ്ടായോ. അങ്ങനൊരു ആലോചനക്കൊടുവിലാണ് കൃഷിയിലോട്ട് ഇറങ്ങാവെന്ന് തീരുമാനിച്ചേ. അതാവുമ്പൊ പ്രകൃതിയൊടിണങ്ങി ജീവിക്കേം ചെയ്യാം. ആവശ്യത്തിലധികം മാനസികോല്ലാസം കിട്ടുവേം ചെയ്യും.

അതേപ്പറ്റി അറിയാനായി ഒന്ന് രണ്ട് കൃഷി ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യേം കൂടി ആയപ്പോ അമ്മാവന് എന്തെന്നില്ലാത്തൊരു കോൺഫിഡൻസ് കൈവന്നു. എങ്ങിനെലുവോക്കെ കൃഷി ചെയ്താ മതീന്നായി.

പെർഫെക്ഷൻ ആന്നല്ലോ അമ്മാവന്റെ മെയിൻ. അതോണ്ട് തന്നെ കൃഷി തുടങ്ങുന്നേന് മുന്നേ തന്നെ ഒരു സേഫ്റ്റി ഷൂസ് വാങ്ങിക്കാനും തീരുമാനവായി. പ്രകൃതിയിലോട്ട് ഇറങ്ങുവല്ലേ. സ്വഭാവികമായും അവിടുള്ള മറ്റ്‌ ജീവികൾക്ക് ഇഷ്ടപ്പെടണവെന്നില്ലാലോ.

മൊട്ട വിറ്റ് കിട്ടുന്ന കാശൊക്കെ വല്യമ്മച്ചി ഓട്സിന്റെ പാത്രത്തിൽ നിക്ഷേപിക്കാരുന്നു പതിവ്. ഷൂ വാങ്ങിക്കാൻ വല്യപ്പച്ചന്റെ പോക്കറ്റിൽ കിടന്ന കാശ് തികയാതെ വന്നപ്പോ അതീന്നും കൂടി എടുക്കേണ്ടി വന്നതിന് വല്യമ്മച്ചിടെ കയ്യീന്ന് വഴക്ക് കേൾക്കേണ്ടി വന്നേലും കാര്യവറിഞ്ഞപ്പോ വല്യമ്മച്ചി കൂടുതലൊന്നും പറഞീല.

പിറ്റേന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് വേഷവൊക്കെ മാറി അമ്മാവൻ നേരെ തൊടിയിലോട്ടിറങ്ങി. ബ്രേക്ക് ഫാസ്റ്റ് കനത്തിലായിക്കോട്ടെന്ന് വല്യമ്മച്ചിയോട് ആദ്യവേ ചട്ടം കെട്ടിയാരുന്നു.

മേലനങ്ങിയുള്ള പണിയല്ലായോ. പൊരിഞ്ഞ യുദ്ധവാരിക്കും. അമ്മാവനെ പോലെ തന്നെ ആർക്കും ഉപകാരവില്ലാതെ വളർന്ന് വലുതായിക്കൊണ്ടിരിക്കുന്ന അഞ്ചെട്ട് വാഴകളുണ്ടാരുന്നു തൊടിയിൽ. അതാരുന്നു അമ്മാവന്റെ ആദ്യത്തെ ലക്ഷ്യം.

കത്തിക്ക് നല്ല മൂർച്ച ഉണ്ടാരുന്നോണ്ട് എളുപ്പം പണി തീർക്കാൻ പറ്റി..വാഴ മണ്ണിലെ വളങ്ങൾ വലിച്ചെടുത്ത് മറ്റ്‌ കൃഷികളെ നശിപ്പിക്കുവെന്ന് ഏതോ കൃഷി ഗ്രൂപ്പിൽ വായിച്ചിട്ടുണ്ടാരുന്നത്രെ. അന്നേരവേ നോട്ടമിട്ടതാണെന്നാ അമ്മാവന്റെ ഭാഷ്യം. മാത്രവല്ല ഇടക്കിടെ അമ്മാവനെ കാണുമ്പൊ വല്യപ്പച്ചൻ വാഴയുടെ നേർക്ക് ഒരു നോട്ടവുണ്ട്. എന്നാത്തിനാവോ. അന്നേ അമ്മാവൻ മനസ്സിൽ ഉറപ്പിച്ചതാരുന്നു എന്നേലും അവറ്റകൾക്കിട്ട് പണി കൊടുക്കണവെന്ന്.

ബ്രേക്ക് ഫാസ്റ്റ് റെഡി ആയെന്ന് പറയാൻ വന്ന വല്യമ്മച്ചി വെട്ടിയിട്ട വാഴത്തണ്ട് കിടക്കുന്ന കിടപ്പ് കണ്ട് സിനിമയിലെ കൂട്ട് നിലവിളിക്കാൻ തുനിഞ്ഞതാരുന്നു. അമ്മാവനപ്പോ തന്നെ വല്യമ്മച്ചിയുടെ വാപൊത്തി കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തപ്പോ അങ്ങേരുടെ കയ്യിലുണ്ടാരുന്ന മണ്ണ് ഇച്ചിരി വല്യമ്മച്ചിയുടെ വായിലോട്ട് പോയാരുന്നേലും അതോടെ നിലവിളി മോഡ് മാറ്റി ആ മുഖത്തൊരു പുഞ്ചിരി വന്ന്.

മോൻ നന്നാവുന്ന ലക്ഷണവുണ്ടെന്ന് ഓർത്താവും. എന്നാലും വല്ലപ്പഴും പുട്ട് ചുടുമ്പോഴും മീൻ വറ്റിക്കുമ്പഴും വാഴയിലക്കെന്നാ ചെയ്യുവെന്നാരുന്നു വല്യമ്മച്ചിയുടെ പരിഭവം. തൊടി നിറയെ കൃഷി ചെയ്ത് കിട്ടുന്ന വരുമാനം ഉണ്ടേൽ നമുക്കെത്ര വാഴയില വേണേലും മാർക്കറ്റീന്ന് വാങ്ങിക്കാലോന്ന് പറഞ്ഞപ്പോ വല്യമ്മച്ചി കൂടുതലൊന്നും പറഞീലാ. ഇനിയെന്തേലും കഴിച്ചേച് ബാക്കി പണി ചെയ്താൽ മതീന്നും പറഞ്ഞോണ്ട് അകത്തോട്ട് പോയി.

കപ്പയായിരുന്നു അമ്മാവന്റെ ആദ്യ പരീക്ഷണം. അതാവുമ്പൊ മോളിലോട്ട് വല്യ ഭാരവൊന്നും ഉണ്ടാവത്തില്ലാലോ. എളുപ്പം പണി തീരുവേം ചെയ്യുവെന്നാരുന്നു അങ്ങേരുടെ തിയറി. എന്നാ ബുദ്ധിയാന്നെ. എവിടേക്കോ പോയ വല്യപ്പച്ചൻ മടങ്ങി എത്തിയപ്പഴേക്കും നേരം ഉച്ചയാരുന്നു. വാഴകളൊക്കെ വെട്ടി വെടിപ്പാക്കിയ തൊടി കണ്ട് സഹിക്കാൻ വയ്യാതെ വെട്ട് കത്തിയുമായി പുറത്തോട്ടിറങ്ങിയ വല്യപ്പച്ചനെ ഒരു കണക്കിന് വല്യമ്മച്ചി തടഞ്ഞതോണ്ട് മാത്രം ഒരു കർഷക ശ്രീയുടെ ജീവൻ പൊടിക്ക് രക്ഷപ്പെട്ടു.

എന്നും കിഴക്ക് വെട്ടം കീറുന്നേന് മുന്നേ തന്നെ ആത്മാർത്ഥതയോടെ തൊടിയിലേക്കിറങ്ങുന്ന അമ്മാവനെ കണ്ടപ്പോ വാഴ പോയാലെന്താ ഈ ഒരു വാഴയേലും നന്നായല്ലോ എന്നാശ്വസിച്ചോണ്ട് നെടുവീർപ്പിടും വല്യപ്പച്ചൻ.

ഒരു ദിവസം പതിവ് പോലെ ചാരു കസേരയിലിരുന്നോണ്ട് പാത്രം വായിക്കുവാരുന്ന വല്യപ്പച്ചൻ പുറത്തൂന്ന് വല്യമ്മച്ചിയുടെ നിലവിളി കേട്ടപ്പോ അങ്ങോട്ട് ചെന്നതാരുന്നു. നോക്കുമ്പോ കണ്ട കാഴ്ച കോഴികളൊക്കെ ചത്ത് കിടക്കുവാ. നനഞ്ഞിടം മാന്തുന്നൊരു സ്വഭാവവുണ്ടല്ലോ കോഴികൾക്ക്. കപ്പ പെരുച്ചാഴി തിന്ന് നശിപ്പിക്കാതിരിക്കാൻ അമ്മാവൻ കപ്പയുടെ മൂട്ടിൽ വിഷം വെച്ചാരുന്നു. പതിവ് പോലെ മാന്താൻ ചെന്ന കോഴികൾ അറിയാതെ വിഷവും അകത്താക്കി കാണും. എന്തിന്റെ കേടാരുന്നു. ചുമ്മാ കിട്ടുന്ന അരിയും നെല്ലുവോക്കെ തിന്ന് നടന്നാൽ പോരായോ.

കോഴികൾ പോയ വിഷമത്തിൽ ഇരിക്കുവാരുന്ന വല്യമ്മച്ചിയുടെ അരികിലോട്ട് ചെന്ന് തലക്ക് കയ്യും കൊടുത്തോണ്ട് ഇരിക്കുന്ന അമ്മാവനെ കണ്ടപ്പോ വല്യമ്മച്ചിക്കും ഭയങ്കര സങ്കടവായി. കോഴികൾ പോയ സങ്കടത്തിൽ പാവത്തിനെ എന്തൊക്കെയോ പറഞ്ഞാരുന്നല്ലോ. വല്യമ്മച്ചി എഴുന്നേറ്റ് അമ്മാവന്റെ അടുത്തൊട്ട് ചെന്നിരുന്നു. പോട്ടെ ചെറുക്കാ കോഴികളെ ഇനീം വാങ്ങിക്കാലോ. ന്റെ കൊച്ച് വിഷമിക്കണ്ടെന്ന് പറഞ്ഞപ്പോ അമ്മാവൻ പറയാ അതല്ലമ്മച്ചിയെ. കപ്പയുടെ മൂട്ടിലൊട്ടിട്ട വിഷം മുഴുവനും ആ പന്നക്കോഴികൾ തിന്ന് തീർത്തില്ലായോ. ഇനിയെന്നാ ചെയുവെന്നാലോചിക്കുവാന്ന്.

ഒരു ദിവസം പതിവ് പോലെ സേഫ്റ്റി ഷൂ കാലിലോട്ട് വലിച്ചു കേറ്റുന്നതിനിടെ അതിനകത്ത് കയറിക്കൂടിയ പാമ്പോ പഴുതാരയോ എങ്ങാണ്ട് അമ്മാവനെ കാലിലൊട്ടൊന്ന് ചും ബിച്ചാരുന്നു. അതിന്റെ ഞെട്ടലിലാവും അമ്മച്ചിയെന്നും വിളിച്ചോണ്ട് കാലേൽ ഉണ്ടാരുന്ന ഷൂ കുടഞ്ഞെറിഞ്ഞോണ്ട് അങ്ങേരോരോറ്റ വീഴ്ചയാരുന്നു. ശബ്ദം കേട്ടോടിവന്ന വല്യമ്മച്ചി വീണ് കിടക്കുന്ന അമ്മാവനെ കണ്ടതും വാവിട്ട് കരയാൻ തുടങ്ങി. പശുവിനെ മേയാൻ വിട്ടോണ്ട് തൊടിയിൽ ഇരിപ്പാരുന്ന വല്യപ്പച്ചൻ കരച്ചില് കേട്ടോടി വന്ന പാടെ കാലേൽ നോക്കി..കുഴപ്പവൊന്നും ഇല്ലെന്ന് കണ്ടാവും ചുറ്റിനും നോക്കി കടിച്ചതെന്നതാന്ന് തിരയാൻ തുടങ്ങി. അത് കണ്ടപ്പോ വല്യമ്മച്ചിക്ക് സന്തോഷവായി. എന്നാ പറഞ്ഞാലും അപ്പന് മോനോട് സ്നേഹവുണ്ടെന്നറിയുമ്പോ ഏതമ്മക്കും സന്തോഷാവത്തില്ലേ.

അതിനി എങ്ങോട്ടേലും പോയ്ക്കാണത്തില്ലായോ.

നിങ്ങളിങ്ങനെ തിരഞ്ഞിട്ടെന്നാ കാര്യവാ..ഉള്ളിലെ സന്തോഷം പുറത്ത് കാണിക്കാതെ വല്യമ്മച്ചിയങ്ങനെ ചോദിച്ചപ്പോ വല്യപ്പച്ചൻ പറയുവാ. കടിച്ചത് എന്നതാന്നേലും ഒരു പാവം മിണ്ടാപ്രാണിയല്ലായോ. ഇവനെ കടിച്ചേച്ച് അതിനെന്നതേലും പറ്റിയോന്നോർത്താ തിരയുന്നെന്ന്. എന്താന്നെലും അന്നത്തോടെ അമ്മാവന്റെ കൃഷിയുടെ കാര്യത്തിൽ തീരുമാനവായി.

Leave a Reply

Your email address will not be published. Required fields are marked *