എപ്പോഴും അനിയനെ മാത്രം നെഞ്ചോട്‌ ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു…….

Story written by Sumi

എപ്പോഴും അനിയനെ മാത്രം നെഞ്ചോട്‌ ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു. കൂട്ടിനാരുമില്ലതെ…… ആ മൺകുടിലിനുള്ളിലെ മറ്റൊരു കുഞ്ഞുമുറിയിൽ നിലത്ത് വിരിച്ച കീറപ്പായയിൽ ഉറങ്ങാൻ കഴിയാതെ….. ഭയാനകമായ ഇരുട്ടിലേയ്ക്ക് നോക്കി പേടിച്ചരണ്ട മനസ്സുമായി കിടക്കുന്ന ആ പത്തുവയസ്സു കാരിയുടെ നൊമ്പരം കാണാൻ ആരുമുണ്ടായിരുന്നില്ല. കണ്ണുകൾ ഇറുകെയടച്ചു കിടക്കുമ്പോഴും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടയ്ക്കാൻ ആരുമില്ലാതെ ….. ഇരുട്ടിന്റെ കറുത്തമറയിലേയ്ക്ക് വീണ് അതൊഴുകിപ്പോയതും ആരുമറിഞ്ഞില്ല.

പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. ചിമ്മിനി വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ ഇരുന്ന് പഠിക്കുമ്പോഴും…. അറിയാതെ കയ്യോ കാലോ തട്ടി പുസ്തകത്തിലേയ്ക്ക് മറിയുന്ന വിളക്കിൽ നിന്നും ഒളിച്ചിറങ്ങിയ മണ്ണണ്ണയുടെ ഗന്ധവും പേറി….. സ്കൂളിലേയ്ക്ക് ചെല്ലുമ്പോൾ അധ്യാപകരുടെ കയ്യിൽ നിന്നും കിട്ടുന്ന തല്ലും അവളുടെ കുഞ്ഞുഹൃദയത്തെ ഒരുപാട് മുറിവേൽപ്പിച്ചിരുന്നു. ഒന്നും മിണ്ടാതെ നിശബ്ദയായി നിൽക്കുന്ന അവളിലേയ്ക്ക് ദേഷ്യത്തോടെ നോക്കുന്ന അധ്യാപകർക്ക് അറിയില്ലല്ലോ…. അമ്മയുടെ സ്നേഹത്തോടെയുള്ള തലോടലും ലാളനയും കൊതിക്കുന്ന ആ കുഞ്ഞുപെൺകുട്ടിയുടെ മനസ്സിലെ ഒറ്റപ്പെടലിന്റെ വേദന……

വൈകുംന്നേരം സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് വന്നു കഴിഞ്ഞാൽ ചെയ്യേണ്ടുന്ന ജോലികളുടെ ഒരു നീണ്ടനിരതന്നെയുണ്ടാകും അവളുടെ മുന്നിൽ. മുറ്റം തൂക്കലും……. പാത്രം കഴുകലും….. അരിയാട്ടലും ഒക്കെയായി. തന്നേക്കാൾ നീളവും ഭാരവുമുള്ള കുഴവി പിടിച്ചുരുട്ടി ആട്ടുകല്ലിൽ അരിയാട്ടി തീരുമ്പോഴേയ്ക്കും നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ടാകും. മാവിൽ വെള്ളം കൂടിപ്പോയെന്നോ അല്ലെങ്കിൽ ശരിക്കും അരഞ്ഞിട്ടില്ലെന്നോ പറഞ്ഞ് ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളി മുന്നിലെത്തുന്ന അമ്മയുടെ രൗദ്ര ഭാവത്തിനുമുന്നിൽ പേടിച്ചരണ്ട പേടമാൻ കുഞ്ഞിനെപ്പോലെ നിൽക്കുന്ന ആരതിയുടെ കവിളുകൾ രണ്ടും പിച്ചിക്കീറി എടുക്കുമ്പോൾ ആ സ്ത്രീയക്ക് കിട്ടുന്ന മനസുഖം എന്താണെന്ന് മാത്രം അവൾക്കറിയില്ല. അപ്പോഴും മകനെ കൊഞ്ചിച്ചുകൊണ്ട് ചോറും കറികളും കുഴച്ചുരുട്ടി വായിലേയ്ക്ക് വച്ചു കൊടുക്കുന്നുണ്ടാകും അവർ. പാതിരാത്രിയിൽ മ ദ്യപിച്ചു ല ക്കുകെട്ട് വരുന്ന അച്ഛന് മകളുടെ വിഷമങ്ങൾ കാണാനുള്ള കണ്ണുണ്ടായിരുന്നില്ല.

ഒരിക്കൽ ജോലി ചെയ്യുന്നതിനിടയിൽ കാലിൽ തുളച്ചുകയറിയ ഇരുമ്പാണി വലിച്ചൂരിയെടുത്തു കളയുമ്പോൾ പിന്നീട്‌ അതൊരു വലിയ വേദനയായി തന്റെ മനസ്സിനെ മുറിവേല്പ്പിക്കും എന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകില്ല. മൂന്നുന്നാലു ദിവസത്തിനു ശേഷം ആണി തറച്ച വേദന സഹിക്കാൻ കഴിയാതെ അമ്മയ്ക്ക് മുന്നിൽ കരഞ്ഞുകൊണ്ട് അവൾ എത്തി. വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തിലുള്ള ചെറിയൊരു ഹെൽത്ത്‌ സെന്ററിലേയ്ക്ക് ആ പെൺകുട്ടിയെ ഒറ്റയ്ക്ക് പറഞ്ഞുവിടുമ്പോൾ ആ അമ്മയുടെ മനസ്സിൽ ഒട്ടും വിഷമം തോന്നാതിരുന്നതും ഒരത്ഭുതം തന്നെ. ചെരുപ്പില്ലാതെ….. വേദനകൊണ്ട് പുളയുന്ന കാലുമായി അവൾ നടന്നു….. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ…… കാലിന്റെ വേദന മറന്ന്……. വഴിയിൽ കണ്ട പൂക്കളോടും ചെടികളോടും പൂമ്പാറ്റകളോടും സംസാരിച്ചുകൊണ്ട് ആ പെൺകുട്ടി നടന്നതും….. ഒരുപക്ഷെ ഒറ്റപ്പെടലിന്റെ വേദന മറക്കാനാകും.

ഹോസ്പിറ്റലിൽ എന്തുമ്പോൾ കൂടെയാരും വന്നിട്ടില്ലേ എന്ന ഡോക്ടറുടെ ചോദ്യത്തിന് മുന്നിൽ ” ഇല്ല” ….. എന്ന് നിറകണ്ണുകളോടെ പറഞ്ഞു അവൾ. അതുകേട്ടപ്പോൾ സഹതാപത്തോടെ നോക്കിയ ഡോക്ടറുടെ മുഖം അവളുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ നീർത്തുള്ളികളെ താഴേയ്ക്ക് വീഴാൻ സഹായിച്ചു. ആണികൊണ്ട ഭാഗം പഴുത്ത് വീങ്ങിയെന്നും കീറേണ്ടി വരുമെന്നും പറഞ്ഞ ഡോക്ടറുടെ മുഖത്തേയ്ക്ക് ഭയത്തോടെ ആ പെൺകുട്ടി നോക്കി. കുറച്ചു സമയം വെയിറ്റ് ചെയ്യാൻ പറഞ്ഞ് അവളെ പുറത്തേയ്ക്ക് പറഞ്ഞുവിട്ട ശേഷം ഡോക്ടർ അടുത്ത രോഗിയെ വിളിച്ചു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ അവളെ നഴ്സിംഗ് റൂമിലേയ്ക്ക് വിളിച്ചു. കീറാനുള്ള കത്തിയും കൂടും കണ്ടപ്പോഴേ ആരതിയുടെ തല ചുറ്റുന്നപോലെ തോന്നി. കൂടെയാരുമില്ലാതെ ഒറ്റയ്ക്ക് ആ പെൺകുട്ടിയെ പറഞ്ഞുവിടാൻ മനസ്സുകാണിച്ച ആ അമ്മയുടെ സ്നേഹത്തെ വാനോളം പുകഴ്ത്തി ചില സ്ത്രീകൾ പിറുപിറുക്കുന്നത് ആ വേദനയ്ക്കിടയിലും അവൾ കേട്ടു. പിന്നെ അവളുടെ സഹായത്തിനായി അമ്മമാരും ചേച്ചിമാരും ഒക്കെയായി ഒരുപാട് സ്ത്രീകൾ അവൾക്ക് ചുറ്റും നിന്നു. അതിൽ ആരതിയുടെ വീടിനു തൊട്ടടുത്തുള്ള ഒരമ്മ അവളെ അവരുടെ നെഞ്ചോട്‌ ചേർത്ത് കിടത്തി….. നെറുകയിൽ തലോടി….. ഒരമ്മയുടെ സാമീപ്യവും സ്നേഹവും അറിഞ്ഞ ആ അപൂർവ്വ നിമിഷത്തിൽ ഡോക്ടറുടെ ക ത്തി മുറിവിലേയ്ക്ക് തുളച്ചുകയറിയ വേദന അവൾ അറിഞ്ഞില്ല. എല്ലാം കഴിഞ്ഞു മുറിവ് വച്ചുകെട്ടി ഡോക്ടർ റൂമിലേയ്ക്ക് മാറിയപ്പോൾ…… അടുത്ത കടയിൽ നിന്നും നാരങ്ങ വെള്ളവും വാങ്ങി മറ്റൊരമ്മ അവളുടെ അടുത്തേയ്ക്ക് എത്തി. അത് വാങ്ങിക്കുടിച്ച്…… കുറേ നേരം കൂടി വിശ്രമിച്ചശേഷം കഴിക്കാനുള്ള മരുന്നും വാങ്ങി ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ തന്നെ സഹായിച്ച എല്ലാവരെയും നന്ദിയോടെ അവൾ നോക്കി. നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോൾ ശരിക്കും ഒറ്റപ്പെടലിന്റെ തീവ്രമായ നൊമ്പരം അവളുടെ മനസ്സിനെ കാർന്നുതിന്നുന്നുണ്ടായിരുന്നു.

വീട്ടിലെത്തുമ്പോൾ ഒരു കൂസലുമില്ലാതെ തന്നെ നോക്കി നിൽക്കുന്ന അമ്മയെന്ന സ്ത്രീയുടെ മുഖം കണ്ടപ്പോൾ അവൾക്ക് ദേഷ്യം തോന്നി. അവർ ചോദിച്ചതി നൊന്നും മറുപടി പറയാതെ അവൾ അകത്തേയ്ക്ക് കയറി. ഒരു ജലദോഷം വന്നാലപ്പോലും സഹിക്കാൻ കഴിയാതെ സ്വന്തം മകനെ നെഞ്ചോട്‌ ചേർത്ത് കാറ്പിടിച്ച് കുറച്ചകലെ ടൗണിലുള്ള ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകുന്ന അമ്മയുടെ മുഖമായിരുന്നു അപ്പോൾ അവളുടെ മനസ്സിൽ. ആ സ്ത്രീ തന്നെ പ്രസവിച്ചത് തന്നെയാണോ എന്ന ചിന്ത അന്നാദ്യമായി ആരതിയുടെ മനസ്സിൽ തോന്നി. പിന്നീടങ്ങോട്ടും അവൾ തനിച്ചുതന്നെയായിരുന്നു. തുടർന്നുള്ള ജീവിതത്തിൽ ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാതെ എല്ലാത്തിനോടും വെറുപ്പും ദേഷ്യവുമായി പലയിടങ്ങളിലും അവൾ ഒറ്റയ്ക്ക് നിൽക്കാൻ തുടങ്ങി. പഠനവും പിന്നൊരു ജോലിയുമെന്ന ആരതിയുടെ സ്വപ്നം പകുതിവഴിയിൽ തകർത്തുകൊണ്ട് ജോലിയും കൂലിയുമില്ലാതെ കറങ്ങി നടക്കുന്ന ഒരു വൃ ത്തികെട്ടവന് മകളെ കൈപിടിച്ച് കൊടുക്കാൻ മുന്നിൽ നിന്നതും ആ അമ്മ തന്നെയായിരുന്നു. എല്ലാവരും അമ്മയെന്ന സ്ഥാനത്തെ ബഹുമാനത്തോടെ നോക്കുമ്പോൾ…… സ്നേഹിക്കുമ്പോൾ….. ആരതിയ്ക്ക് മാത്രം അതൊരു ഭയപ്പെടുത്തുന്ന വാക്കായി മനസ്സിൽ നിറഞ്ഞു നിന്നു.

ഇന്ന് ആരതിയും ഒരമ്മയാണ്…..

….. ഒരു പെൺകുട്ടിയുടെയും…… പിന്നെ ഒരാൺകുട്ടിയുടെയും……. പക്ഷെ ഒരു വ്യത്യാസം മാത്രം…. തന്റെ അമ്മയെപ്പോലെ നൊന്തുപ്രസവിച്ച മക്കളിൽ ആണ് ….. പെണ്ണ് എന്ന വ്യത്യാസം കാട്ടാതെ…… രണ്ടു മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന,…… രണ്ടുപേരുടെയും ആഗ്രഹങ്ങൾ ഒരുപോലെ സാധിച്ചുകൊടുക്കുന്ന ഒരമ്മ…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *