Story written by Divya Kashyap
കോരിച്ചൊരിയുന്ന ഒരു മഴ ദിവസമാണ് ആ പയ്യൻ ഓഫീസിനു മുന്നിലത്തെ തടുക്കിൽ കാൽ അമർത്തി തേച്ചുകൊണ്ട് മുടിയിൽ പറ്റി പിടിച്ചിരുന്ന മഴത്തുള്ളികൾ തട്ടിത്തെറിപ്പിച്ചു എൻറെ മുന്നിൽ വന്നു നിന്നത്…
സിസ്റ്റത്തിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന എൻ്റെ ശ്രദ്ധ തിരിക്കാൻ എന്നവണ്ണം അവനൊന്ന് മുരടനക്കി…
അവനിലേക്ക് മിഴികൾ ഉയർത്തിയ എന്നോട് ഓഫീസറുടെ റൂം ചൂണ്ടിക്കാട്ടി
“സർ ഇല്ലെ..?” എന്നവൻ ചോദിച്ചു…
“സർ ഒരു അർജൻ്റ് മീറ്റിങ്ങിൽ ആണ്.. ഒരു മണിക്കൂറിനു ശേഷമേ വരു..” ഞാൻ മറുപടി നൽകി..
“വെയിറ്റ് ചെയ്താൽ കാണാൻ പറ്റുമോ മാഡം.. ഞാൻ വെയിറ്റ് ചെയ്യട്ടെ.. അത്യാവശ്യമായിരുന്നു..”
അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി…
“എന്തിനായിരുന്നു..”??
“ഒരു EWS സർട്ടിഫിക്കറ്റ്…” (economically weaker section…മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റ് )
“ഡോക്യുമെന്റ്സ് എല്ലാം കയ്യിലുണ്ടോ..”? ഞാൻ അവനോട് തിരക്കി..
“ഉണ്ട്.. എല്ലാമുണ്ട്..”
“എന്നാൽ വെയിറ്റ് ചെയ്തോ.. സാർ വരും..”ഞാനവന് ഉറപ്പു നൽകി..
ഞാൻ ഇരുന്നു കഴിഞ്ഞുള്ള ഒരു വുഡൻ ബാരിയറും കഴിഞ്ഞുള്ള സന്ദർശകർക്കുള്ള ഇരിപ്പിടത്തിൽ പോയി അവനിരുന്നു… അവനെ കാണാൻ കഴിയില്ലെങ്കിലും അവൻ ഫാനിന്റെ സ്വിച്ച് ഇടുന്നതും എന്തൊക്കെയോ സാധനങ്ങൾ അവൻ കൊണ്ടു വന്ന കവറിൽ നിന്നു എടുക്കുന്ന ശബ്ദവും ഒക്കെ എനിക്ക് ഇപ്പുറത്തിരുന്നു കേൾക്കാമായിരുന്നു…
പിന്നീട് ഞാൻ എൻറെ ജോലികളിലേക്കു മുഴുകി..
അപ്പോഴാണ് മറ്റൊരു കിളി ശബ്ദം എന്റെ മുന്നിൽ വന്നത്…
“സാർ ഇല്ലേ ചേച്ചി…”??
“സാർ വരും… പക്ഷേ വൈകും..”ഞാൻ വീണ്ടും മറുപടി പറഞ്ഞു..
“വെയിറ്റ് ചെയ്യട്ടെ ചേച്ചി.. കാണാൻ പറ്റുമല്ലോ അല്ലേ…”? പുറത്ത് കഠിനമായി പെയ്യുന്ന മഴയിലേക്ക് നോക്കിക്കൊണ്ട് ദേഹത്തെ വെള്ളത്തുള്ളികൾ കയ്യിൽ ഇരുന്ന കർച്ചീഫ് കൊണ്ട് ഒപ്പി മാറ്റികൊണ്ട് ആ പെൺകുട്ടി എന്നോട് ചോദിച്ചു…
“ചെയ്തോ…സർ വരും…”ഞാൻ വീണ്ടും പറഞ്ഞു
“അല്ല… എന്തിനായിരുന്നു…”?? പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് ഞാൻ അവളോട് ചോദിച്ചു..
“ഒരു EWS…”
“ഓകെ.. അവിടെക്ക് ഇരുന്നോ…”ഞാൻ കുറച്ചു നേരത്തെ മറ്റെ പയ്യൻ ഇരുന്ന സ്ഥലത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അവളോട് പറഞ്ഞു…
നുണക്കുഴി വിരിയുന്ന ഒരു നനുത്ത പുഞ്ചിരി എനിക്ക് സമ്മാനിച് കൊണ്ട് അവളും പോയി അവിടേക്ക് ഇരുന്നു…
പുറത്ത് അലച്ചു കുiത്തി പെയ്യുന്ന മഴയാണ്… എങ്കിൽ പോലും എല്ലാവരും ഫാനൊക്കെ ഇട്ടിട്ടുണ്ട്… മഴയുടെയും ഫാനിന്റെ കാറ്റിന്റെയും കുളിരിൽ.. പുറത്തു നിന്ന് ജനാലയിൽ കൂടി വീശി അടിക്കുന്ന തെക്കൻ കാറ്റിൻ്റെ തണുപ്പിൽ തണുത്ത് കിടുങ്ങി തണുപ്പടിച്ച് വീണ്ടും ഞാൻ സിസ്റ്റത്തിലേക്ക് നോക്കി ബാക്കി പണികൾ ചെയ്യാൻ തുടങ്ങി…
അപ്പോഴാണ് വൂഡൻ ബാരിയറിന് അപ്പുറം നിന്നോരു ശബ്ദം ഞാൻ കേട്ടത്…
“എന്തിന് വന്നതാ…”??
“EWS…”
“ചേട്ടനോ..”??
“ഞാനും EWS…”
“എന്തിൻറെ അഡ്മിഷനാ..”??
“MBA കഴിഞ്ഞ്..മറ്റൊരു കോഴ്സ്..”
“ഇയാൾക്കോ…”
“പ്ലസ് ടൂ കഴിഞ്ഞ്..ഡിഗ്രി…”
“മ്മ്…”
“മ്മ്…”
“എവിടെയാ..”??
“ബാംഗ്ലൂർ…”
“ഞാനും ബാംഗ്ലൂർ…”
“വീട്…”??
” …………. “
“ഇയാളുടെയൊ…”??
” ..………… “
“പേരെന്താ…”?
“പവിത്ര…”
“ചേട്ടൻ്റെയോ..”?
“അരുൺ..”
എൻറെ ചുണ്ടിന്റെ കോണിൽ ആ സംസാരം കേട്ട് ഒരു പുഞ്ചിരി വിടർന്നു… എത്ര പെട്ടെന്നാണ് രണ്ടുപേർ തമ്മിൽ കൂട്ടാകുന്നത്…
ഇടയ്ക്ക് പോക്ക് വരവ് രജിസ്റ്റർ എടുക്കാനായി എഴുന്നേറ്റ ഞാൻ വുഡൻ ബാരിയറിനും അപ്പുറത്തേക്ക് ഒന്ന് എത്തി നോക്കി..
ആ രണ്ടുപേരും പുറത്തെ മഴയിലേക്ക് നോക്കി എന്തോ ആലോചിച്ചിരിപ്പുണ്ട്…
എന്തായിരിക്കും അവർ ആലോചിക്കുന്നത് ഞാൻ വെറുതെ ഒന്ന് ചിന്തിച്ചു നോക്കി….
ഒരുപക്ഷേ അവർ ഇരുവരും ഇപ്പോൾ അങ്ങ് ബാംഗ്ലൂരിൽ എത്തിയിട്ടുണ്ടാവും… ഇവർ ഇനി ബാംഗ്ലൂരിൽ ചെന്നാൽ പരസ്പരം കാണുമായിരിക്കുമോ..? അല്ലെങ്കിൽ ഇനി ചിലപ്പോൾ ഒരേ കോളേജിൽ ആയിരിക്കുമോ ഇവർ പഠിക്കാൻ പോകുന്നത്..? എന്തൊക്കെയോ ചിന്തകൾ എൻറെ മനസ്സിലേക്ക് കടന്നു വന്നു…
ഇതിനിടയിൽ ഓഫീസിലേക്ക് പലരും വരികയും പോകുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു… ഇടയ്ക്ക് എപ്പോഴൊക്കെയോ അപ്പുറത്ത് നിന്ന് സംസാരവും ചിരിയും ഒക്കെ കേൾക്കാനും പറ്റുന്നുണ്ടായിരുന്നു… അവർ രണ്ടുപേരും ചങ്ക്സ് ആയെന്നു തോന്നുന്നു…
പിന്നെ കൂടുതലൊന്നും ശ്രദ്ധിക്കാതെ ഞാനെൻറെ ജോലിയിൽ മുഴുകി..
കുറച്ചുനേരം കഴിഞ്ഞപ്പോൾ സാർ എത്തി.. സാർ എത്തിയത് കണ്ട് രണ്ടുപേരും കൂടി എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് സാറിൻറെ റൂമിലേക്ക് കയറി…
പുറത്ത് അപ്പോഴും മഴ തകർക്കുകയായിരുന്നു..
ഇവിടുന്ന് ഞാൻ റിപ്പോർട്ട് ആക്കി തരാം.. ഇതുമായി തഹസിൽദാരുടെ അടുത്ത് ചെല്ലണം.. തഹസിൽദാർ ആണ് സർട്ടിഫിക്കറ്റ് തരേണ്ടത് എന്നുള്ള നിർദ്ദേശങ്ങൾ ഒക്കെ നൽകി ഞങ്ങളുടെ ഓഫീസർ റിപ്പോർട്ട് തയ്യാറാക്കി അവരുടെ കയ്യിൽ കൊടുത്തു..
അതുമായി സാറിൻറെ റൂമിൽ നിന്ന് ഇറങ്ങുമ്പോഴും ഇരുവരും എന്നെ നോക്കി ഒന്ന് ചിരിക്കാൻ മറന്നില്ല…
“നേരെ കയ്യോടെ താലൂക്ക് ഓഫീസിലേക്ക് വിട്ടോ രണ്ടും…”സാർ റൂമിൽ ഇരുന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…
സാറിനെ നോക്കി ഒന്ന് തല കുലുക്കി ചിരിച്ച ശേഷം എന്നെയും നോക്കി അവർ ഇരുവരും ഒന്ന് ചിരിച്ചു…. അവർ പുറത്തേക്കിറങ്ങിയപ്പോൾ എനിക്ക് എന്തോ ഒരു ആകാംക്ഷ… അവരു പോകുന്നത് കാണാൻ..
ഞാൻ എൻറെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് എൻറെ തൊട്ടിപ്പുറത്തുള്ള വുഡൻ ബാരിയറിന് മേലെ കൂടി ഒന്ന് തല പൊന്തിച്ച് നോക്കി…
ഓഫീസിന്റെ വരാന്തയിൽ നിന്നും മഴയിലേക്ക് ഇറങ്ങാൻ അവരിരുവരും തയ്യാറെടുക്കുന്നു… അവളുടെ കയ്യിൽ മാത്രമേ കൂടയുള്ളൂ… അവളത് തുറന്നു പിടിച്ചു കയറിക്കോ എന്ന് അർത്ഥത്തിൽ അവനെ നോക്കുന്നു… പുറത്തേക്ക് ഇറങ്ങിയ അവൻ അവളുടെ കയ്യിൽ നിന്ന് കുട വാങ്ങി ഉയർത്തി പിടിക്കുന്നു.. അവളെയും ഒപ്പം നടത്തി റോഡിലേക്ക് എത്തുന്നു… തൊട്ടുമുന്നിലുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഇരുവരും ഒരു ഓട്ടോയിൽ കയറുന്നു…
താലൂക്ക് ഓഫീസിലേക്ക് ആകും…. ഞാനോർത്തു…..
എത്ര പെട്ടെന്നാണ് രണ്ടുപേർ സൗഹൃദത്തിൽ ആയത്… ഇനിയിപ്പോൾ ഒരുപക്ഷേ ഇതൊരു പ്രണയത്തിലേക്കും വഴിമാറിയേക്കാം… ഇനിയിത് രണ്ടുമല്ലെങ്കിൽ കൂടിയും അവരുടെ ജീവിതത്തിൽ എന്നും ഒരു നല്ല മഴയോർമ്മയായി ഇത് നില നിന്നേക്കാം….
മഴ തോർന്നാലും അവരുടെ ഓർമ്മകൾ തോരാതിരിക്കട്ടെ…
എൻറെ നഷ്ട പ്രണയത്തിലെ പഴയൊരു മഴയൊർമ്മയുമായി ഞാൻ എൻറെ ഇരിപ്പിടത്തിലേക്കു ചാഞ്ഞു….
♡♡♡♡♡♡♡♡♡♡♡